top of page

തുളസിത്തറ

Feb 4, 2023

2 min read

ഫാ. ഷാജി CMI
image of thulsi

ആകാശത്തുനിന്നും ഭൂമിയില്‍ പതിച്ച ഒരു നക്ഷത്രക്കുഞ്ഞിനെപ്പോലെ സന്ധ്യയാകുമ്പോള്‍ തുളസിത്തറയില്‍ ചെരാതുകള്‍ തെളിയുന്നു. അതുകൊണ്ടാണ് വീട്ടുമുറ്റത്തെ തുളസിത്തറകള്‍ നമുക്ക് അത്രമേല്‍ പ്രയിപ്പെട്ടതാകുന്നത്. ഓരോരുത്തര്‍ക്കും  ഓരോ തുളസിത്തറകള്‍ ഉണ്ടാകണം. അനുതാപംകൊണ്ട് ചങ്കുലയുമ്പോള്‍ കൈകൂപ്പിനിന്ന് ജപങ്ങള്‍ ഉരുവിടാനൊരിടം. അനുദിന ജീവിതത്തിലെ കൂട്ടലും  കുറയ്ക്കലും, ഗുണിക്കലും ഹരിക്കലും അല്പം മാറ്റിവെച്ച് മിഴിപൂട്ടി നില്‍ക്കാനൊരിടം. അത് അടച്ചിട്ട ഒരു മുറിയാകാം, വഴിയരികിലെ ഒരു കപ്പേളയാകാം, ശ്രീകോവിലാകാം, ഒരു വൃക്ഷച്ചുവടുമാകാം.

എന്തിനാണ് അത്തരമൊരിടം എന്നൊരു ചോദ്യമുയര്‍ന്നേക്കാം. ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനുമാണെങ്കില്‍ ദൈവം എല്ലായിടത്തും ഉണ്ടല്ലോ എന്നു വാദിക്കാം. അതേ, ദൈവം എല്ലായിടത്തും ഉണ്ട്. അവന്‍ എല്ലായിടത്തും ഒരേപോലെയാണ്. പക്ഷേ, ഞാന്‍ എല്ലായിടത്തും ഒരേപോലെയല്ല. അതുകൊണ്ടാണ് ഓരോരുത്തര്‍ക്കും ഓരോ തുളസിത്തറകള്‍ വേണമെന്നു പറയുന്നത്.

ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ മനുഷ്യര്‍ക്ക് അവരവരുടെ തുളസിത്തറകള്‍ കെട്ടാന്‍ നിമിത്തമായേക്കും. നദീതീരത്തുനിന്ന വാല്മീകി രണ്ടു ക്രൗഞ്ചപക്ഷികള്‍ പാടിപ്രേമിക്കുന്നതു കണ്ടു. സുന്ദരമായ ആ ദൃശ്യം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു വേടന്‍റെ അമ്പേറ്റ് ആണ്‍കിളി ചത്തുവീണു. പെണ്‍കിളി ദാരുണമായി വിലാപമുയര്‍ത്തി. കോപത്തില്‍ മുനി വേടനെ ശപിച്ചു. ആ പക്ഷിയുടെ വിലാപം ഹൃദയത്തില്‍ വഹിച്ച അദ്ദേഹം തമസാനദിയില്‍ മുങ്ങിനിവര്‍ന്നു വസതിയില്‍ ചെന്നിട്ടും അതു വേട്ടയാടി. ആ വിലാപത്തിന്‍റെ തുടര്‍ച്ചപോലെ അദ്ദേഹത്തില്‍നിന്നും ഒരു മഹാകാവ്യമൊഴുകി: രാമായണം. കരുണയുടെയും ആര്‍ദ്രതയുടെയും കഥയിലെ കഥാപാത്രങ്ങള്‍ ദൈവികമാനങ്ങള്‍ സ്വീകരിച്ചു.

സമ്പന്നന്‍റെ വീട്ടില്‍ ഒരാള്‍ വിരുന്നിനു വന്നു. ധാരാളം ആടുമാടുകളുള്ള സമ്പന്നന്‍ അയല്‍പക്കത്തെ ദരിദ്രനായ മനുഷ്യന്‍റെ ഏക ആടിനെ പിടിച്ചുകൊന്നു സദ്യകൊടുത്തു. രാജാവ് തന്‍റെ നാട്ടില്‍ നടന്ന ഈ അനീതിയുടെ കഥ കേട്ടിട്ടു പറഞ്ഞു; 'ആ നിഷാദനെ കൊല്ലണം.' ദാവീദുരാജാവിന്‍റെ നീതിബോധം കണ്ട് പ്രവാചകന്‍ തിരിച്ചടിച്ചു: 'ആ മനുഷ്യന്‍ നീ തന്നെ.'

അപരന്‍റെ ദുഃഖത്തില്‍ സ്വന്തം ഹൃദയം തേങ്ങുന്നവനാണ് യഥാര്‍ത്ഥ ആരാധകന്‍. അയല്‍ക്കാരന്‍റെ ദുഃഖം തന്‍റേതാക്കി പ്രതികരിക്കുമ്പോള്‍ അത് ആരാധനയാകുന്നു. അയല്‍ക്കാരന്‍റെ സഹനത്തിനു സാധൂകരണം കണ്ടെത്തുന്ന മനസ്സില്‍ ആരാധനയില്ല, അധാര്‍മ്മികതയേ ഉള്ളൂ. തല പോയവന്‍റെ കാര്യമോര്‍ത്ത് സ്വന്തം തല മറക്കുന്നവനില്‍നിന്നു മാത്രമേ ആരാധനയുടെ കുന്തിരിക്കപ്പുക ഉയരൂ.

നിങ്ങള്‍ ഈ ദൈവാലയം തകര്‍ക്കുക, ഈ തുളസിത്തറകള്‍ തരിപ്പണമാക്കുക. ദുശ്ശാസനന്‍ പാഞ്ചാലിയെ ദുര്യോധനന്‍റെ രാജസദസ്സിലേക്ക് വലിച്ചിഴച്ചു വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവള്‍ വിലപിച്ചു: "എന്നെ വലിച്ചിഴയ്ക്കുമ്പോള്‍, കണ്ടുനില്‍ക്കുന്നവര്‍  ആരും തടയുന്നില്ലല്ലോ. ആരും ഒന്നും പറയുന്നില്ലല്ലോ... ഭാരതീയരുടെ ധര്‍മ്മവും ക്ഷാത്രവുമെല്ലാം പൊയ്പ്പോയോ? മഹാധാര്‍മ്മികനായ ഭീഷ്മര്‍ക്കും ദ്രോണര്‍ക്കും മഹാത്മാവായ വിദുരര്‍ക്കും ഒന്നും പറയാനില്ലേ?" നിശ്ശബ്ദമായ സദസ്സില്‍ നടന്നതത്രയും ശരിവയ്ക്കപ്പെട്ടു.

പീലാത്തോസ് യേശുവിനെ ജനങ്ങളുടെയും നേതാക്കളുടെയും മുമ്പില്‍ നിര്‍ത്തിയിട്ടു പറഞ്ഞു: "അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല." പക്ഷേ, അവര്‍ വിളിച്ചുപറഞ്ഞു: "അവനെ ക്രൂശിക്കുക." പീലാത്തോസ് കൈകഴുകി. യേശു കുറ്റക്കാരനായി. അവനെ ക്രൂശിക്കാന്‍ വിട്ടുകൊടുത്തു. ബാക്കിയെല്ലാവരും നാവടക്കി ഒളിച്ചു.

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിയാന്‍ കൊണ്ടുവന്ന ആള്‍ക്കൂട്ടത്തിന്‍റെ ശരിയുടെ ലോകത്തില്‍ മുഴുകിയ 'പാപമില്ലാത്തവര്‍ കല്ലെറിയട്ടെ' എന്ന ശബ്ദം ആള്‍ക്കൂട്ടത്തിന്‍റെ തുളസിത്തറകള്‍ തരിപ്പണമാക്കാന്‍ ശക്തമായിരുന്നു.

'നിങ്ങളെ ബലികൊടുക്കുന്നവര്‍ ദൈവത്തിന് തുളസിത്തറ പണിയുമെന്ന്' ഊറ്റം കൊള്ളുന്ന കാലമാണിത്. ഓരോരുത്തരും അവരവര്‍ക്കാവശ്യമുള്ള ബലിപീഠങ്ങളും തുളസിത്തറകളും പണിയുന്നു. കാലം നമ്മോട് ആവശ്യപ്പെടുന്ന ആരാധന അപരന്‍റെ ദുഃഖത്തില്‍ ഹൃദയം തേങ്ങുന്ന ആരാധനയാണ്. 


Featured Posts

Recent Posts

bottom of page