top of page
ഒന്ന്
അഭയാര്‍ത്ഥികള്‍ (refugee) പുറന്തള്ളപ്പെട്ടവരാണ്. സ്വന്തം രാജ്യത്തുനിന്ന് വിവിധകാരണങ്ങളാല്‍ പറിച്ചെറിയപ്പെടുന്നവരാണവര്‍. യുദ്ധം, കലാപം, പ്രകൃതിദുരന്തങ്ങള്‍ എന്നിങ്ങനെ പലായനങ്ങള്‍ക്ക് ഭിന്നകാരണങ്ങളാണുള്ളത്. അതിജീവനത്തിനുവേണ്ടിയുള്ള യാത്രയാണ് അഭയാര്‍ത്ഥിയുടേത്. സ്വന്തം വേരുകള്‍ മുറിച്ചുകളഞ്ഞ് നിസ്സഹായത പേറുന്ന മനസ്സുമായി കാലത്തിന്‍റെ പെരുവഴിയിലേക്ക് പുറന്തള്ളപ്പെടുന്നവന്‍റെ യാതനകള്‍ക്ക് അന്തമില്ല. പ്രാണരക്ഷാര്‍ത്ഥം ഓരോ അഭയാര്‍ത്ഥിയും അന്യനാടുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ലോകചരിത്രം ഇത്തരം പലായനങ്ങളുടെ നിരവധി സന്ദര്‍ഭങ്ങള്‍ നിറഞ്ഞതാണ്. ലോകയുദ്ധങ്ങളും കലാപങ്ങളും പാരിസ്ഥിതികദുരന്തങ്ങളും മനുഷ്യസമൂഹത്തെ കടപുഴക്കിയെറിഞ്ഞ് അഭയാര്‍ത്ഥിത്തെരുവിലെത്തിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹമാണ് സിറിയയില്‍നിന്ന് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സൊമാലിയ, അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, പലസ്തീന്‍, ഇറാക്ക് - അഭയാര്‍ത്ഥികള്‍ പുറപ്പെട്ട നാടുകള്‍ നിരവധിയാണ്. ഭാരതത്തിന്‍റെ സ്വാതന്ത്ര്യവും വിഭജനവും അഭയാര്‍ത്ഥികളുടെ നീണ്ടനിരയെ സൃഷ്ടിച്ചു. ബംഗാള്‍ വിഭജനം മറ്റൊരു ദുരന്തചിത്രം വരച്ചിട്ടു. ഭോപ്പാലും ചെര്‍ണോബിലുമെല്ലാം മറ്റൊരു തരത്തിലാണ് അഭയാര്‍ത്ഥികളെ സൃഷ്ടിച്ചത്. കാലത്തിന്‍റെ മുറിവുകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നു. അതിലൂടെ ചോരയും കണ്ണീരും പ്രവഹിച്ചുകൊണ്ടിരിക്കുന്നു.
“Maps on our backs,
Long way from home”
എന്ന് ഓരോ അഭയാര്‍ത്ഥിയും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു.
മനുഷ്യകര്‍മ്മങ്ങള്‍ മൂലം ചിതറിത്തെറിക്കുന്ന ജനതതി അഭയാര്‍ത്ഥികളായി പെരുകിവളരുന്നു. സാങ്കേതികപുരോഗതി ആയുധങ്ങള്‍ വാരിക്കൂട്ടാനുള്ള വഴിയാക്കിമാറ്റുന്നവര്‍ ഹിംസയുടെ വഴിതന്നെ സ്വീകരിക്കുകയാണ്. മതം, രാഷ്ട്രീയം, സംസ്ക്കാരം, ഭാഷ എല്ലാം മനുഷ്യനെ വിഭജിക്കുന്നതിനുള്ള കാരണങ്ങളാകുന്നു. ചോരച്ചാലുകള്‍ കടന്നുവരുന്ന മനുഷ്യമുഖങ്ങളില്‍ തിങ്ങിവളരുന്ന വികാരവിചാരങ്ങള്‍ മനുഷ്യസമൂഹത്തിന് കാണാതിരിക്കാനാവില്ല.
രണ്ട്
കടല്‍ത്തീരത്ത് ഉറങ്ങുന്നതുപോലെ കമഴ്ന്നുകിടക്കുന്ന മൂന്നുവയസ്സുകാരന്‍റെ ചിത്രം മനസ്സിനെ കാര്‍ന്നുതിന്നുന്നു. എന്തുകൊണ്ടാണ് ആ കുട്ടി അങ്ങനെ കിടക്കേണ്ടിവന്നത്? ആരാണ് അതിനു കാരണക്കാര്‍? ഇത്തരം ദാരുണചിത്രങ്ങള്‍ നാം ഏറെ കണ്ടവരാണ്. ആ കുഞ്ഞിന്‍റെ നിശബ്ദത ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. അവന് അമ്മയും അച്ഛനും സഹോദരനുമുണ്ടായിരുന്നു. ജീവന്‍ രക്ഷിക്കാനായി പലായനംചെയ്ത അവര്‍ ജലസമാധിക്കു വിധിക്കപ്പെട്ടു. അച്ഛന്‍ മാത്രം അവശേഷിച്ച ആ പലായനം നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ഐലന്‍ കുര്‍ദി എന്ന കുട്ടിയുടെ ഓമനത്തമുള്ള മുഖം അനേകം കുഞ്ഞുങ്ങളുടെ സ്മരണകളാണ് ഉണര്‍ത്തുന്നത്. വേട്ടയാടപ്പെടുന്നവന്‍റെ ദൈന്യത ചരിത്രത്തില്‍ രേഖപ്പെടുത്തുന്നില്ല. നെടുവീര്‍പ്പുകളുടെ കൂമ്പാരങ്ങള്‍ക്കു മുന്നില്‍നിന്ന് ഇപ്പോഴും ആയുധത്തിനു വിലപേശുകയാണ് ലോകരാഷ്ട്രങ്ങള്‍. കണ്ണീരിന്‍റെ ഉറവ വറ്റിപ്പോയ ജനസമൂഹങ്ങള്‍ നിര്‍വികാരതയുടെ തുറിച്ചുനോട്ടം നമുക്കു സമ്മാനിക്കുന്നു. അതില്‍ ശാപത്തിന്‍റെ തീപ്പൊരികളുണ്ട്.
"വേട്ടയാടപ്പെടുന്നവനോടൊപ്പം നില്‍ക്കുക
ഇത് ഭീതിയുടെ നാളുകളാണ്,
ആശങ്കകളുടെയും"
എന്നെഴുതിയ ജിം കോട്ടര്‍ അടയാളപ്പെടുത്തിയത് കാലത്തിന്‍റെ മിടിപ്പുകളാണ്. വേട്ടയാടപ്പെടുന്നവന്‍റെ പക്ഷത്തുനില്‍ക്കുകയാണ് നമ്മുടെ കടമ. വേട്ടക്കാരന്‍റെ നേരെ പ്രതിഷേധത്തിന്‍റെ, ശാപത്തിന്‍റെ വാക്കുകള്‍ ഉച്ചരിക്കാന്‍ നമുക്കു കഴിയണം. ഈ ഭീതിയുടെ, ആശങ്കകളുടെ നാളുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലോകമനസ്സാക്ഷിയുടെ ശ്രദ്ധ ആവശ്യമാണ്.
"എന്തിന് ഒരു തലമുറയെ മുഴുവന്‍
വെട്ടിവെളുപ്പിച്ചു
യുദ്ധങ്ങളുടെ അനന്തമായ ആവര്‍ത്തനം?
ഭീകരമായ ആഹുതികള്‍ എന്തിനുവേണ്ടി?
എന്തിന്? എന്തിന്?"
എന്ന് പലായനത്തിന്‍റെ വഴിയില്‍ വീണുപോകുന്ന ഓരോ മനുഷ്യനും മാനുഷ്യകത്തോട് ഉറക്കെച്ചോദിക്കുന്നു. ഈ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാമുയര്‍ത്തിയ കോട്ടകൊത്തളങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ല എന്നു തിരിച്ചറിയുക.
പലായനത്തിന്‍റെ ചരിത്രം വാക്കുകളില്‍ ആവാഹിച്ച പലസ്തീനിന്‍റെ മഹാകവിയാണ് മഹ്മൂദ് ദര്‍വിഷ്. അധിനിവേശത്തിന്‍റെ ബുള്‍ഡോസറുകള്‍ ഏറെ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചത് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മരണത്തിന്‍റെ നിഴല്‍ പിന്തുടരുന്ന തെരുവീഥികളില്‍നിന്നുകൊണ്ടാണ് അദ്ദേഹം കാതലായ സത്യത്തിന്‍റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞത്. ദര്‍വിഷ് ഇങ്ങനെ കുറിക്കുന്നു: "തകര്‍ന്നുവീണ തെരുവുകളും നിലവിളികളും ചിന്നിച്ചിതറിയ മാംസക്കഷണങ്ങളും കണ്ണീരുവീണ് കുതിര്‍ന്ന കണ്ണും നിങ്ങള്‍ക്ക് അറപ്പുണ്ടാക്കിയേക്കും. എന്നാല്‍ ഞാനീ മണ്ണിനെ അമര്‍ത്തിചുംബിക്കുന്നു. ഇതിനുതാഴെ എന്‍റെ വേരുകള്‍ ചതഞ്ഞുകിടപ്പുണ്ട്. അതിലിപ്പോഴും രക്തമൊഴുകുന്നുണ്ട്. അതെനിയ്ക്ക് നാളേയ്ക്കുവേണ്ടി കരുതിവയ്ക്കേണ്ടതുണ്ട്. എല്ലാം കരിഞ്ഞമരുമ്പോഴും എന്തൊക്കെയോ ബാക്കിയാകുന്നുണ്ട്". സ്വന്തം വേരുകള്‍ പറിച്ചെറിഞ്ഞ്, പിന്നിലേക്കുനോക്കി പലായനം ചെയ്യുന്നവരുടെ മാനസ്സികനില ദര്‍വീഷിന്‍റെ വാക്കുകളില്‍നിന്ന് നമുക്കറിയാം. “Excite is strongly compelling to think about but terrible to experience. It is the unbearable rift forced between a human being and a native place, between the self and its true home; its essential sadness can never be surmounted” എന്ന് എഡ്വേര്‍ഡ് സെയ്ദ് എഴുതുന്നത് ദര്‍വീഷിന്‍റെ വാക്കുകളോടു ചേര്‍ത്തുവായിക്കാവുന്നതാണ്. സ്വന്തം തട്ടകത്തില്‍നിന്ന് ആട്ടിയകറ്റപ്പെടുന്നവന്‍റെ സന്ത്രാസം അകന്നുനിന്നു കാണുന്നവന് അറിയാനാവില്ല. വിപ്രവാസത്തിന്‍റെ അനന്തദിനങ്ങള്‍ മുന്നില്‍ക്കണ്ട് പകച്ചുനില്‍ക്കുന്നവനു മുന്‍പില്‍ പ്രത്യാശയുടെ വിളക്കുമരങ്ങളില്ല. ഒടുങ്ങാത്ത തമസ്സിന്‍റെ തുരങ്കത്തിലൂടെയുള്ള വേപഥുവാര്‍ന്ന യാത്രയായി ജീവിതം മാറിമറിയുമ്പോള്‍ എവിടെയാണ് സന്തോഷത്തിന്‍റെ തീരം എന്നറിയില്ല. ആകാശത്തിനുകീഴില്‍ തനിക്കുള്ള താവളം കണ്ടെത്തുക ഏറ്റവും വലിയ സമസ്യയായിത്തീരുമ്പോള്‍ എവിടെയാണ് സാന്ത്വനം! താന്‍ നടന്നുവന്ന ചോരപ്പാടുള്ള വഴിത്താരകള്‍ നടുക്കുന്ന ഓര്‍മ്മയായി മനസ്സില്‍ പെയ്തിറങ്ങുമ്പോള്‍ ജീവിതം മരുഭൂമിയിലൂടെയുള്ള തപിക്കുന്ന യാത്രയായി മാറുന്നു.
തന്‍റെ ജീവിതത്തിനുമേല്‍ അവകാശമില്ലാത്തവനാണ് അഭയാര്‍ത്ഥി. മറഞ്ഞിരിക്കുന്ന ആരോ തന്നെ നിരന്തരം നിയന്ത്രിക്കുന്നു. 'ഇനിമേല്‍ തനിക്കു തന്‍റെ സമയത്തിന്‍റെയോ, ശരീരത്തിന്‍റെയോ, ജീവന്‍റെയോ ഒന്നുംമേല്‍ അവകാശമില്ല. താന്‍ തന്‍റേതല്ലാതായിത്തീര്‍ന്നിരിക്കുന്നു'. അപമാനവീകരണത്തിന്‍റെ മൂര്‍ത്തരൂപമാണ് അഭയാര്‍ത്ഥി എന്നു വരുന്നു. 'അഭയാര്‍ത്ഥികള്‍' എന്ന നോവലില്‍ ആനന്ദ് അഭയാര്‍ത്ഥിപ്രവാഹത്തിന്‍റെ ചരിത്രം വിവരിക്കുന്നുണ്ട്. ഏതുകാലത്തും പ്രസക്തമായ നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്‍റേത്. ചരിത്രത്തിന്‍റെ ഒരു വശം അഭയാര്‍ത്ഥിപ്രവാഹത്തിന്‍റേതുകൂടിയാണ് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ആനന്ദ് അവതരിപ്പിക്കുന്ന സ്ഥലകാലങ്ങള്‍ ഇന്നിലേക്കും പടരുന്നതുതന്നെയാണ്: "നിത്യമായ, ശാന്തമായ, ഗംഗയുടേതുപോലുള്ള ഈ അഭയാര്‍ത്ഥിപ്രവാഹത്തോട് ഇന്ന്, കിഴക്കുനിന്ന് അതിരുകളും ബണ്ടുകളും തകര്‍ത്ത് മലവെള്ളംപോലെ കുതിച്ചുവരുന്ന വേറൊരു പ്രവാഹം ഇവിടെവച്ചു മേളിക്കുന്നു. ആയിരക്കണക്കിന് അസ്ഥികൂടങ്ങളെ, അളിയുന്ന പൈതങ്ങളെ, തകര്‍ന്ന വൃദ്ധരെ, പുകയുയരുന്ന വീടുകളെ പിന്നിലുപേക്ഷിച്ച് പായുന്ന മനുഷ്യര്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിപ്രവാഹത്തിന് രൂപം നല്‍കിയിരിക്കുന്നു. അതില്‍ എല്ലാ യുക്തികളും മുങ്ങിപ്പോകുന്നു. എല്ലാ തത്ത്വങ്ങളും സംസ്കാരവും ചരിത്രവും. യാതനയുടെയും രോഗത്തിന്‍റെയും മരണത്തിന്‍റെയും എതിര്‍പ്പില്ലാത്ത ശാസനത്തില്‍ മനുഷ്യത്വത്തിനു മീതെ, നോക്കെത്താത്തിടത്തോളം പരന്നുകിടക്കുന്ന വെള്ളപ്പൊക്കത്തിന്‍റേതുപോലെ വിചിത്രമായൊരു ശാന്തത പടരുന്നു." ഈ ശാന്തത ഭയപ്പെടുത്തുന്നതാണ് എന്ന സത്യം ആരും തിരിച്ചറിയുന്നില്ല. അനന്തകാലം നീണ്ടുനില്‍ക്കുന്ന അഭയാര്‍ത്ഥിപ്രവാഹത്തിനു കാരണക്കാരാകുന്നവരെക്കുറിച്ച് ആനന്ദ് അന്വേഷിക്കുന്നുണ്ട്. "ജീവിതത്തിന്‍റെ ഏതു ദിശയിലാണ്, സംഘര്‍ഷത്തിന്‍റെ ഏതളവിലാണ്, ബോധത്തിന്‍റെ ഏത് തിരിവിലാണ് സാധാരണമനുഷ്യര്‍ അഭയാര്‍ത്ഥിയായി മാറുന്നത്? ജനിച്ചുവീണ വീടും നാടും വിട്ട്, വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ച്, ഭൂതകാലത്തെ പിന്നില്‍വിട്ട്, അറിയപ്പെടാത്ത ദിക്കുകളിലേക്കും ശൂന്യമായ ഭാവിയിലേക്കും ഇറങ്ങിത്തിരിക്കുന്നത്" എന്ന ചോദ്യം ഏതുകാലത്തും പ്രസക്തമാണ്. ഇപ്രകാരം ഇറങ്ങിത്തിരിക്കുന്നവന്‍റെ വിധി എന്തായിരിക്കും എന്നോര്‍ത്താല്‍ നാം നടുങ്ങിപ്പോകും. "എന്നിട്ടും എവിടെയും എപ്പോഴും ഇറങ്ങിത്തിരിച്ചുകൊണ്ടേയിരുന്ന ഈ മനുഷ്യരുടെ ഇളകുന്ന അടിത്തറയിന്മേലാകുന്നു നൂറ്റാണ്ടുകളോളം ഇളകാതെ വാണ സംസ്കാരങ്ങള്‍ പടുത്തുയര്‍ത്തപ്പെട്ടത്. ആ സംസ്കാരങ്ങള്‍ക്കൊന്നും വേരുകളില്ലായിരുന്നു. അവയ്ക്കൊന്നും അടിത്തറയില്ലായിരുന്നു. അവ പൊന്തിക്കിടക്കുന്ന സംസ്ക്കാരങ്ങളായിരുന്നു" എന്നെഴുതുമ്പോള്‍ ആനന്ദ് കാലങ്ങളിലൂടെ ഒഴുകി നീങ്ങുന്ന അഭയാര്‍ത്ഥികളുടെ ജീവിതസത്തയില്‍ സ്പര്‍ശിക്കുകയാണ്. മുഖ്യധാരാ ചരിത്രത്തിനു സമാന്തരമായി അഭയാര്‍ത്ഥികളുടെ മറ്റൊരു ചരിത്രംകൂടി മുന്നേറുന്നുണ്ട്. മനുഷ്യകൃതമായ അഭയാര്‍ത്ഥിപ്രവാഹങ്ങളും അങ്ങനെയല്ലാത്തവയുമുണ്ടെങ്കിലും മനുഷ്യകര്‍മ്മങ്ങളുടെ ഫലമായുണ്ടായ അഭയാര്‍ത്ഥികളുടെ ചരിത്രം നാം സൂക്ഷ്മമായി പഠിക്കേണ്ടതുതന്നെയാണ്. നിലയ്ക്കാത്ത നിലവിളികളും നെടുവീര്‍പ്പുകളും വിരഹങ്ങളും സമ്മാനിക്കുന്ന ചരിത്രത്തിന്‍റെ നിലവിളി അപ്പോള്‍ ശ്രവണേന്ദ്രിയത്തെ പൊള്ളിച്ചുകൊണ്ട് ഉണര്‍ന്നുവരുന്നു.
മൂന്ന്
'അഭയാര്‍ത്ഥിയായ അമ്മയും കുട്ടിയും' (Refugee Mother and Child) എന്ന ചിന്നു അല്ലബെയുടെ കവിത അഭയാര്‍ത്ഥിത്വം എന്ന അനുഭവത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്നു. സ്വന്തം കുഞ്ഞിനെ കൈയിലേന്തി അഭയസ്ഥാനമന്വേഷിക്കുന്ന അമ്മയുടെ ചിത്രം നമുക്കു മുന്നില്‍ എന്നും വന്നുനിരക്കുന്നതാണ്. കവി എഴുതുന്നു:
“No Madonna and child could touch
that picture of a mother’s tenderness
for a son she soon would have to forget."
ഈ അമ്മ മനുഷ്യയാതനയുടെ മൂര്‍ത്തരൂപമാണ് ആവിഷ്കരിക്കുന്നത്. അഭയാര്‍ത്ഥിക്യാമ്പുകളുടെ അവസ്ഥയും കവിതയില്‍ കടന്നുവരുന്നുണ്ട്.
“The air was heavy with odours
of diarrhea of unwashed children
with washed-out ribs and dried-up
bottoms struggling in laboured”
ഈ സാഹചര്യത്തില്‍ തന്‍റെ കുഞ്ഞിനെ നിലനിര്‍ത്താന്‍ ആ അമ്മ യത്നിക്കുന്നു. തനിക്കു ച ുറ്റുമുള്ള അമ്മമാരും കുഞ്ഞുങ്ങളും പുതിയ അനുഭവങ്ങളാണ്. ഈ അമ്മ പലായനം ചെയ്യുന്ന അമ്മമാരുടെ പ്രതിനിധിയാണ്. തന്‍റെ കുഞ്ഞിനെ മാറോടണച്ച് ഓടിക്കൊണ്ടിരിക്കുന്ന അമ്മമാരില്‍ ഒരാള്‍. ഇത് ഇന്നലെയുടെയും ഇന്നിന്‍റെയും നാളെയുടെയും ചിത്രമായി മാറുന്നു.
'ഞങ്ങള്‍ അഭയാര്‍ത്ഥികള്‍' എന്ന കവിതയില്‍ 'ബെഞ്ചമിന്‍ സെഫാനിയ' തന്‍റെ അനുഭവത്തെ സൂക്ഷ്മമായി ആവിഷ്ക്കരിക്കുന്നു. സ്വാനുഭവത്തിന്‍റെ തീച്ചൂളയില്‍നിന്നാണ് ഓരോ വാക്കും നെടുവീര്‍പ്പും വാര്‍ന്നുവീഴുന്നത്. 'തീച്ചൂളയുടെ മുഹൂര്‍ത്തങ്ങള്‍' ഓര്‍മ്മിപ്പിക്കുന്നതാണ് ഓരോ അഭയാര്‍ത്ഥിയുടെ ജീവിതവും. സെഫാനിയയുടെ വാക്കുകള്‍
“I come from an ancient place
All my family were born there
And I would like to go there
But I really want to live”
പിന്നില്‍ ഉപേക്ഷിച്ചുപോന്ന സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാനാഗ്രഹിക്കുമ്പോഴും ജീവിച്ചിരിക്കാനുള്ള ആഗ്രഹത്തിന് ഉയര്‍ന്ന പരിഗണനയുണ്ട്. സ്വന്തം ജീവനേക്കാള്‍ വലുതല്ലല്ലോ പിറന്നനാട്. ഇത് ഓരോ അഭയാര്‍ത്ഥിയും നേരിടുന്ന യാഥാര്‍ത്ഥ്യമാണ്.
“I am told I have no country now
I am told I am a lie
I am told that modern history books
May forget my name”
സ്വന്തമായി ഒരു രാജ്യമില്ലാത്ത, സ്വയം ഒരു നുണയായി മാറിയ, ആധുനികചരിത്രഗ്രന്ഥങ്ങള്‍ മറന്നുപോയ പേരുള്ളവന്‍റെ രോദനമാണിവിടെ നാം കേള്‍ക്കുന്നത്. കടപുഴക്കി കടന്നുപോയ ഒരു കൊടുങ്കാറ്റിന്‍റെ ഓര്‍മ്മ ആവഹിക്കുന്ന ഈ വാക്കുകള്‍ ചരിത്രത്തെ നിശിതമായി അപനിര്‍മ്മിക്കുന്നു.
ലീബാ എമെഷ് തന്‍റെ അഭയാര്‍ത്ഥിത്വത്തെ ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്:
“I feel petrified.
I am like a picnic with no food
I feel scared
I am like a head with no hair
I feel shocked
I am like a pencil in
the wrong pot
I feel frightened
I am like a person in the wrong world”
തന്‍റേതല്ലാത്ത ലോകത്തിലേക്ക് വലിച്ചെറിയപ്പെട്ടവന് സ്വത്വനാശം സംഭവിക്കുന്നു. അസ്തിത്വത്തെ കാര്‍ന്നുതിന്നുന്ന അനുഭവത്തിന്‍റെ തിരമാലകള്‍ ഈ വാക്കുകളില്‍ കൊടുങ്കാറ്റായി പടരുന്നത് നാമിവിടെ കാണുന്നു. ഇത് ദുരന്തത്തില്‍ അകപ്പെട്ടവന്‍റെ വിറയാര്‍ന്ന ജീവിതവും വാക്കുകളുമാണ്. കീനാന്‍ എന്ന സൊമാലിയന്‍ അഭയാര്‍ത്ഥിയുടെ ഈ വാക്കുകള്‍കൂടി ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുക:
“I am a drifter, without a thing to call my own
War and hunger the causes I leave my home
I seek asylum, a burden to my destination
Neglected, I feel like an AIDS patient”
എയ്ഡ്സ് രോഗിയെപ്പോലെ ആട്ടിയോടിക്കപ്പെടുന്നവന്‍ ഏകാകിയും തിരസ്കൃതനുമാകുന്നു. അവന്‍ പറുദീസ നഷ്ടപ്പെട്ടവനാണ്. അതിനി തിരിച്ചുകിട്ടുമെന്ന പ്രത്യാശയും അവനില്ല.
അഭയാര്‍ത്ഥികള്‍ക്ക് ഒരേ മുഖമാണ്. അവരുടെ കണ്ണുകളിലെ സന്ദേശം ഒന്നുതന്നെ. "എവിടെനിന്നെല്ലാമോ പുറപ്പെട്ട് എങ്ങനെയൊക്കെയോ വളഞ്ഞുപിരിഞ്ഞ് എന്നാല്‍, അവസാനം ഒരേ സാഗരത്തിലേക്കു മാത്രം വഴി കണ്ടെത്തുന്ന നദികളെപ്പോലെ ഏകാന്തമായി എന്നാല്‍, ഏകതാനമായി ഒരേ ബിന്ദുവിലേക്കു നീങ്ങുന്ന ജീവികളെന്നു തോന്നാറുണ്ട് അവര്‍. മുഖങ്ങള്‍ പലതായാലും എല്ലാ മുഖങ്ങളെയും ഒന്നാക്കുന്ന ഒന്ന് അവരില്‍ കാണാന്‍ കഴിയുമായിരുന്നു. ശൂന്യവും ഏകാന്തവുമായ ആ കണ്ണുകളില്‍ കണ്ട അവയുടെയെല്ലാം ആഴത്തില്‍ ഒഴുകുന്ന ഒഴുക്ക് ഒന്നാണെന്ന ഭാവത്തില്‍നിന്ന്" എന്ന് ആനന്ദ് അഭയാര്‍ത്ഥിയുടെ ചിത്രത്തെ മനസ്സിലാക്കുന്നു. അഭയാര്‍ത്ഥിയുടെ കണ്ണിലെ അഗ്നി ലോകമനസ്സാക്ഷിയെ നിരന്തരം വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആര്‍ക്കാണു സാധിക്കുക?
Featured Posts
bottom of page