top of page

നാട്യവ്യഥയോടെ

May 1, 2011

3 min read

Image : A girl writing a letter

എത്രനാളായി ഒറ്റയ്ക്ക് ഈ മുറിയില്‍ കഴിയാന്‍ തുടങ്ങിയിട്ട്. ഏതെങ്കിലും അപ്പോയ്മെന്‍റ് വരുമ്പോള്‍ റിസപ്ഷനിസ്റ്റ് തല നീട്ടും, മുറിയുടെ താക്കോലിനായി. വന്നവന്‍ നേരെ അകത്തേക്ക് വച്ചുപിടിക്കും. പിന്നെ ഈ പരിസരത്തേക്ക് എത്തിനോക്കില്ല. അത്രയ്ക്കും എന്‍റര്‍റ്റെയ്ന്‍മെന്‍റ്സ് അല്ലേ അകത്ത് ഒരുക്കിയിരിക്കുന്നത്.

ഒരുമിച്ച് കടാപ്പുറത്ത് കളിച്ചു വളര്‍ന്നവനൊക്കെ അകത്തുണ്ട്. അവന്മാരൊക്കെ വലിയ ബിസിയിലാണ്. ഇമെയില്‍ അയയ്ക്കലും വായിക്കലും കഴിഞ്ഞിട്ട് സംസാരിക്കാനും സൗഹൃദം പുതുക്കാനും എവിടെ സമയം? ഭൂമിയിലാണെങ്കില്‍ ഇത്തിരിവക സ്വന്തമായിട്ടുണ്ടെന്ന് വന്‍പുള്ളവര്‍ക്കൊക്കെ ലാപ്ടോപ്പും മെയില്‍ ഐഡിയും ഉണ്ട്. ഇതൊന്നും ഇല്ലാത്ത വിവരംകെട്ട ധനവാന്മാരെയും വിവരമുള്ള ദരിദ്രവാസികളെയും ഹെല്‍പ്പുചെയ്യാന്‍ മുട്ടിനുമട്ടിനു ഇമെയില്‍ കഫേകളുമുണ്ട്.

ഗുരുവേ, ഇന്നാണ് നീ ഞങ്ങളെ വേലചെയ്യാന്‍ വിട്ടതെങ്കില്‍ തീര്‍ച്ചയായും പറയുമായിരുന്നു, നിങ്ങളുടെ കയ്യില്‍ ലാപ്ടോപ്പോ, പെന്‍ട്രൈവോ, എറ്റിഎം കാര്‍ഡോ ഒന്നും കരുതരുതെന്ന്. ഇന്ന് 'വേലയ്ക്ക്' പോകുന്നവരുടെ സെറ്റപ്പൊക്കെ മാറിപ്പോയി ഗുരുവേ...

യൗവനം ചെലവിട്ട കടപ്പുറവും കുന്നിന്‍ചെരുവുകളും ഒരിക്കല്‍ക്കൂടി കാണാന്‍ ഒരാശ. ഇപ്പോഴാണെങ്കില്‍ ഇവിടിത്തിരി തിരക്കുകുറവുണ്ട്. നാളെ ദുഃഖവെള്ളിയല്ലേ. അല്ലെങ്കിലും ഇവിടുന്ന് പേരുവിളിച്ചാലും ഇങ്ങ് എത്തിച്ചേരാന്‍ താമസമാണ്. പോക്കുവരവുകളൊക്കെ നടത്തി ബോഡി ആറടിക്കുള്ളിലാക്കാന്‍ എത്രപേരുടെ സൗകര്യം നോക്കിയാലാണ്!! മരപ്പിക്കല്‍ യന്ത്രം കണ്ടുപിടിക്കുംവരെ ഇങ്ങനെയൊരു ശുദ്ധീകരണസ്ഥലം ഭൂമിയിലില്ലായിരുന്നു. ഇതിന്‍റെ പേരില്‍ പലരും ഇവിടെത്താന്‍ താമസിക്കുന്നു. അവരുടെ ഒഴിവില്‍ മറ്റുപലരും ഇവിടെ കയറിപ്പറ്റുന്നു. പിന്നെ ഒഴിപ്പിക്കലും മുന്‍കാലപ്രാബല്യത്തോടെ ആനുകൂല്യങ്ങള്‍ നല്‍കലുമൊക്കെ വിഷയമാകുന്നു. രണ്ടും രണ്ടായിട്ട് കൊണ്ടുവരുന്ന സംവിധാനം മാറ്റി ഉടലോടെ എടുക്കുന്ന രീതി ഉണ്ടാകണം.

"ഞാന്‍ നാളെ അവധിയാണ്. ഒരു യാത്ര പോകുന്നു. ആരെങ്കിലും വന്നാല്‍ തത്ക്കാലം റിസപ്ഷനില്‍ അഡ്ജസ്റ്റു ചെയ്യുക. കാര്യങ്ങളൊക്കെ വേണ്ടവിധം അന്വേഷിച്ചേക്കണം, മുകളിലോട്ട് ഒരു പരാതി പോകാന്‍ ഇടയാക്കരുത്." റിസപ്ഷനെ കാര്യങ്ങളൊക്കെ ചുമതലപ്പെടുത്തി കടപ്പുറത്തേക്കു വച്ചുപിടിച്ചു.

പഴയ വഞ്ചി അവിടെയുണ്ടോയെന്നു നോക്കി. കണ്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഏതെങ്കിലും ചില്ലുകൂട്ടില്‍ പൂട്ടിവച്ചിരിക്കുകയായിരിക്കും. തിരുശേഷിപ്പ് പ്രേമികളുടെ മുതല്‍ക്കൂട്ടായി കാണും അത്. മീന്‍ ചുട്ടെടുത്ത അടുപ്പും അവിടെയില്ല. സുനാമിയും കത്രീനായുമൊക്കെ തട്ടിക്കളിച്ചു പൊട്ടിച്ചുകാണും അതൊക്കെ. എന്നിട്ടും ഇവിടുത്തെ കാറ്റടിച്ചപ്പോള്‍ പഴയകാല ഓര്‍മ്മകളും നിന്‍റെ സാമീപ്യവുമുണ്ടാകുന്നു ഗുരുവേ...

അപ്പം വര്‍ദ്ധിപ്പിച്ച മലഞ്ചെരുവുകളില്‍കൂടി അല്പസമയം നടന്നു. എന്തോ ഒരു പന്തികേടു മണക്കുന്നുണ്ടല്ലോ ഗുരുവേ ഇവിടെ. എല്ലാ മലയുടെയും നിറുകയില്‍ ഓരോ ഭീമന്‍ മരക്കുരിശ്! മലയടിവാരത്തുനിന്ന് മുകളിലേക്ക് ചൂണ്ടുപലകകള്‍ പോലെ കുറേ കുരിശുകള്‍ വേറെയും. ഏതാണ് ഒറിജിനല്‍ ഗാഗുല്‍ത്താ?

മലയാണോ കുരിശും വേണം കുരിശിന്‍റെ വഴിയും വേണം. രണ്ടിനും മാധ്യമങ്ങളില്‍ സ്ഥാനവും വേണം. പലരും തന്‍റെ പ്രതാപകാലത്തിന്‍റെ സ്മാരകങ്ങള്‍ ഉയര്‍ത്തുന്നത് ഇത്തരം മലയടിവാരങ്ങളില്‍ നിന്ന് മലമുകളിലേക്കാണ്. കേരളം ഒരു 'മല'നാട് ആയില്ലായിരുന്നുവെങ്കില്‍ ഇവിടെ പലരും ഉഷ്ണിച്ചേനെ!!!

ഉച്ചഭാഷിണി മുഴങ്ങുന്നുണ്ട്. വീഡിയോ ലൈറ്റുകള്‍ പ്രകാശിക്കുന്നുണ്ട്. 'പീലാത്തോസിന്‍റെ അന്യായ വിധി'യെ പഴിച്ചുകൊണ്ട് വിലാപവുമുയരുന്നുണ്ട്. പാദമെത്ര കല്ലും മുള്ളും താണ്ടിയാലെന്താ, ഇവരുടെ ഹൃദയം പഴയതുതന്നെയല്ലേ ഗുരുവേ; കല്ലും മുള്ളും നിറഞ്ഞത്. ക്യാമറാക്കണ്ണുകള്‍ 'ക്രിസ്തു'വിന്‍റെ ചുവടുകള്‍ ഒപ്പിയെടുക്കുന്നു... മലമുകളില്‍ എത്തുന്ന ക്രിസ്തുവിനെ അഭിനന്ദിക്കാനും അനുഗ്രഹമൊഴിയേകാനുമായി 'വേണ്ടപ്പെട്ടവര്‍' മോസ്റ്റ് മോഡേണ്‍ കാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

എന്‍റെ ഗുരുവേ, പഴയ കാല്‍വരിയാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ പേടിയാകുന്നു. എത്ര ഭീകരമായിരുന്നു അത്. അന്ന് ഒരു കുരിശും അതു താങ്ങിസഹായിക്കാന്‍ ഒരു ശീമോനുമേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഈ ഞാന്‍പോലും വെറും ഭീരുവല്ലായിരുന്നോ? കേവലമൊരു ദാസിപ്പെണ്ണിന്‍റെ മുമ്പില്‍പ്പോലും ഞാന്‍ ഗുരുവിനെ തള്ളിപ്പറഞ്ഞില്ലേ. ഒന്നും മനപ്പൂര്‍വ്വമായിരുന്നില്ല ഗുരുവേ. എങ്കിലും തിരുത്തപ്പെടാനൊരവസരത്തിനായി അവിടുന്ന് 'തിരിഞ്ഞുനോക്കി'യല്ലോ.. കണ്ണീരിന്‍റെ വില തിരിച്ചറിഞ്ഞത് അതിനുശേഷമാണ്, ബലഹീനതയിലെ ബലവും.

തിരുത്താനും തിരുത്തപ്പെടാനും തയ്യാറായ എത്രയോ പേര്‍ നിനക്കുചുറ്റും ഉണ്ടായിരുന്നു. തിരുത്തലുകള്‍ ആവശ്യമില്ലാത്ത ഒരുവനെയെങ്കിലും ആ ചുറ്റുവട്ടത്ത് കണ്ടതായി ഓര്‍ക്കുന്നില്ല. തിരുത്താനൊന്നുമില്ലാത്തവനെ ആരും ശ്രദ്ധിക്കുന്നതേയില്ല. വഴിതെറ്റിപ്പോയ ഒരാടിനെ തേടി തൊണ്ണൂറ്റി ഒന്‍പതിനെയും വഴിയിലുപേക്ഷിച്ചു പോയ ഇടയന് ഇന്നിവിടെ പ്രസക്തിയില്ല. വഴിതെറ്റിയ 99 നെയും തേടി നേരെചൊവ്വെ നടന്ന ഒന്നിനെ എവിടെയെങ്കിലും സൂക്ഷിക്കാനേല്പ്പിച്ചിട്ട് ഇറങ്ങിത്തിരിക്കേണ്ട അവസ്ഥയാണ് ഇന്നത്തെ ഇടയന്മാരുടേത്. വഴിതെറ്റാത്ത ഒന്നിനെ പരീക്ഷിച്ചറിയാന്‍ അരയും തലയും മുറുക്കി വോളണ്ടിയേഴ്സ് നിരതന്നെയുണ്ടെന്നുള്ളത് മറക്കാതിരിക്കുക. അന്ന് ചുങ്കക്കാരനാണ് തിരുത്തപ്പെട്ടതെങ്കില്‍ ഇന്ന് തിരുത്തപ്പെടുന്നത് ചുങ്കം കൊടുക്കുന്നവരാണ്, ചുങ്കത്തിന്‍റെ വിഹിതം നിശ്ചയിക്കുന്നതില്‍. പരസ്പരമുള്ള സ്നേഹം അക്ഷരങ്ങള്‍ക്കപ്പുറം ഇവിടെ വളരുന്നില്ല ഗുരുവേ. മനസ്സുകളെല്ലാം മുരടിച്ചുണങ്ങിയിരിക്കുന്നു.

നോമ്പിന്‍റെ തീക്ഷ്ണത അളന്നെടുക്കുന്നത് കാഴ്ചയായി എത്തുന്ന 'സഹായനിധി കവറി'ന്‍റെ ഉള്ളകം എണ്ണിത്തിട്ടപ്പെടുത്തിയാണ്. എന്തിനേറെ ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്‍റെ തിരുശരീരം എത്രമാത്രം ആത്മാര്‍ത്ഥമായി ആദരിച്ചു എന്നു വെളിപ്പെടാന്‍ കാണിക്കയുടെ കണക്കെടുപ്പ് നടത്തണം. "സാത്താനേ..." ഗുരു, അങ്ങ് എന്നെ വിളിച്ചുവോ? ഇല്ല. തോന്നലാണ്. ഗുരുവിന് എന്‍റെ ചിന്തകള്‍ മനസ്സിലാകുമല്ലോ.

ഗുരുവേ, അങ്ങ് ഇന്ന് സഹിച്ച പീഡകള്‍, കാല്‍വരിയിലെ മരക്കുരിശില്‍ കിടന്ന് സഹിച്ചതിലും എത്രയോ അധികമായിരുന്നുവെന്ന് എനിക്ക് ഊഹിക്കാനാകും. സമൂഹത്തിന്‍റെ മുന്നില്‍ തന്‍റെ ക്രൈസ്തവികതയുടെ ആത്മാര്‍ത്ഥത തെളിയിച്ചുകാണിക്കാന്‍ മരക്കുരിശും തോളിലേറ്റി, വിയര്‍ത്തുകുളിച്ച് 'മായാത്ത മുദ്ര' പതിപ്പിക്കണമെയെന്ന് വിലപിച്ച് ഒടുവില്‍ നിന്‍റെ കാല്പ്പാദങ്ങളില്‍ ആഞ്ഞുമുത്തി, കയ്പുനീരും നക്കിത്തുടച്ച് മുറ്റത്തേക്കിറങ്ങുന്നവന് ദുഃഖവെള്ളിയിലെ വിയര്‍പ്പിലൂടെ തങ്ങളുടെ മാലിന്യമെല്ലാം ഒഴുക്കി കളഞ്ഞെന്നാണ് ഭാവം. ഗുരുവേ, പഴയ ചാട്ടവാര്‍ എടുക്കട്ടെയോ?

അന്ന് തിരിച്ചറിവില്ലാത്തവര്‍ ആര്‍പ്പുവിളിച്ച് അങ്ങയെ കുരിശിലേറ്റി. ഇന്ന് തിരിച്ചറിവുള്ള ജനം നിന്‍റെ ഓരോ മുറിവിനും കാരണം ഞങ്ങളുടെ പാപമാണെന്ന് ആര്‍ത്തുഘോഷിക്കുന്നു. പക്ഷേ, ഇതൊക്കെ നീ സഹിച്ചല്ലേ പറ്റൂ, കാരണം പ്രവചനങ്ങളുടെ പൂര്‍ത്തീകരണം നിറവേറ്റാന്‍ നീ മാത്രമല്ലേയുള്ളൂവെന്ന് അവര്‍ സ്വയം ആശ്വസിക്കുന്നു, നീതികരിക്കുന്നു. വിതുമ്പുന്ന സ്നേഹത്തോടെ എത്ര ചുണ്ടുകള്‍ നിന്‍റെ തിരുപ്പാദങ്ങളില്‍ ചേര്‍ന്നിട്ടുണ്ട്? ഗുരുവേ, ക്ഷമിക്കുക, നീ ഇപ്പോഴും ആ പഴയ ക്ഷമാശീലന്‍ തന്നെയാണല്ലോ!!!

ചുംബനക്കാര്യം പറഞ്ഞപ്പോഴാണ് പഴയ ചുംബന അപ്പസ്തോലനെക്കുറിച്ചോര്‍മ്മ വന്നത്. ആ കക്ഷിയെക്കൂടി ഒന്നു കണ്ടിട്ടാകാം മടക്കയാത്ര. പ്രതിപക്ഷനേതാവിനെ വിളിച്ചു. ആവശ്യം പറഞ്ഞു. നേതാവ് അന്തസായി പെരുമാറി. യൂദാസുമായി ഒരു തുറന്ന കൂടിക്കാഴ്ചയ്ക്ക് അവസരം തന്നു. (രഹസ്യകൂടിക്കാഴ്ച അനുവദിക്കാന്‍ മാത്രം ലൂസിഫര്‍ മണ്ടനല്ല എന്നര്‍ത്ഥം. കാരണം, ചുംബിക്കാനുള്ള കഴിവ് യൂദാസിന്‍റെ ചുണ്ടിലിപ്പോഴുമുണ്ട്).

ഗുരു തന്നെ കടല്‍ക്കരയില്‍നിന്ന് പൊക്കിയെടുത്തപ്പോള്‍ തൊട്ടുള്ള കാര്യങ്ങള്‍ അയാള്‍ പങ്കുവച്ചു. "എന്നാലും കാര്യങ്ങള്‍ ഇങ്ങനെ മറുകുറ്റി പായുമെന്ന് ഞാന്‍ കരുതിയതേയില്ല. എന്തൊക്കെ അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ളതാ നമ്മുടെ ഗുരു. ജറുസലേം ദേവാലയം ഇടിച്ചുനിരത്തിയാല്‍ മൂന്നുദിവസംകൊണ്ട് കെട്ടിപ്പൊക്കുമെന്ന് പരസ്യമായിട്ടല്ലേ പറഞ്ഞത്. കടുകുമണിയോളമെങ്കിലും വിശ്വാസമുണ്ടായാല്‍ മതി, ഏതു കാര്യവും നടക്കുമെന്നും പറഞ്ഞതൊക്കെ താനും കേട്ടതല്ലേ. ആ ധൈര്യത്തിനാ ഞാന്‍ കേറിയങ്ങ് ചുംബിച്ചുകളഞ്ഞത്. എനിക്കിത്തിരി പണവും കിട്ടും. ഗുരുവിന് അത്ഭുതം കാണിക്കാനുള്ള ഒരു വേദിയുമാകും. പക്ഷേ, ഗുരു പിടികൊടുത്തു. ഞാന്‍ വെറും 'ഒറ്റുകാരന്‍ യൂദാസ്' ആയി. എല്ലാം കഴിഞ്ഞപ്പം ഞാനൊത്തിരി നിലവിളിക്കുകയും അനുതപിക്കുകയും ചെയ്തു. ഒന്നും വ്യാജമല്ലായിരുന്നു കേട്ടോ. ഗുരു 'തിരിഞ്ഞു'നോക്കിയില്ല. ആ കാര്യത്തില്‍ താന്‍ ഭാഗ്യവാനാ. മൂന്നുതവണ കാലുമാറി കളിച്ചെങ്കിലും ഗുരു നിന്നെയൊന്ന് 'തിരിഞ്ഞു നോക്കി' രക്ഷിച്ചെടുത്തില്ലേ. ഇപ്പം എനിക്കാണെങ്കില്‍ മീന്‍പിടുത്തോം ഇല്ല, മനുഷ്യനെ പിടുത്തോമില്ല..."

"നമ്മുടെ കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരൊക്കെ അങ്ങോട്ടു വന്നിട്ടുണ്ട്. കയറിപ്പോയപ്പം ഒന്നു കണ്ടതാ. പിന്നെ അവരെക്കുറിച്ച് ഒരു വിവരവും ഇല്ല. പലരും അസാദ്ധ്യകാര്യങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തു പേരെടുത്തെന്നൊക്കെ കേള്‍ക്കുന്നുണ്ട്. നമ്മുടെ ഗുരു പറഞ്ഞതുപോലെ ഞാന്‍ 'പാറ'യായിട്ട് സഭ പണിതുകയറുന്നതും കണ്ടങ്ങ് നില്‍ക്കുകാ. താക്കോല്‍കൂട്ടം മാത്രം കയ്യിലുണ്ട്. ഇന്ന് ദുഃഖവെള്ളി പ്രമാണിച്ച് ഞാനൊരു നിര്‍ബന്ധിത അവധി സംഘടിപ്പിച്ച് ഇറങ്ങിയതാ... പിന്നെ ഇന്നത്തെ ചുറ്റുപാടിലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ രക്ഷപ്പെടുത്തിയേനെ. നീ മെന്‍റല്‍ ഡിപ്രഷനു ചികിത്സയിലായിരുന്നു എന്ന ഒരു സര്‍ട്ടിഫിക്കറ്റ് മതിയായിരുന്നു." പത്രോസ് തന്‍റെ സങ്കടവും നിസ്സഹായതയും പങ്കുവച്ചു.

അനുവദിച്ച സമയം തീരാറായി. വേഗം അവിടെ റിപ്പോര്‍ട്ടു ചെയ്യണം. എത്തിയിരിക്കുന്നവരുടെ കൂട്ടത്തില്‍ മറുഭാഷാവരമുള്ളവര്‍ ഉണ്ടെങ്കില്‍ പിന്നത്തെ കാര്യം കണ്ടും കൊണ്ടും അറിഞ്ഞാല്‍പ്പോരാ, കേട്ടുതന്നെ അറിയണം.

0

0

Featured Posts

bottom of page