top of page

അടിക്കുറിപ്പ്

a day ago

3 min read

സണ്ണി ജോര്‍ജ്
a woman looking upwards

ഈറ്റക്കുഴി പോലീസ് സ്റ്റേഷനില്‍ ചാക്കോ സാര്‍ എസ്.ഐ ആയി ചുമതല ഏറ്റിട്ട് രണ്ടു മാസത്തോളമായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സല്‍പേരിന് ഉടമയായ ചാക്കോ സാറിനെ ജനങ്ങള്‍ ഇഷ്ടപ്പെട്ടു.


അന്നും പതിവുപോലെ ഈവനിംഗ് പെട്രോളിംഗിന് ഇറങ്ങിയതായിരുന്നു എസ് ഐ യും പോലീസുകാരും. ഈറ്റക്കുഴി ജംഗ്ഷന്‍ കഴിഞ്ഞ് കുറച്ചുകൂടെ മുന്നോട്ടു ചെന്നപ്പോള്‍ കുറച്ചുപേര്‍ റോഡരികില്‍ കൂടി നില്‍ക്കുന്നു. ഉത്സവത്തിന്‍റെ ചെണ്ടമേളം കാണുന്ന സുഖത്തോടെ അവര്‍ അടുത്ത വീടിന്‍റെ മുറ്റത്തേക്ക് നോക്കി നില്‍ക്കുകയാണ്.


വിവരമറിയുവാനായി അവരുടെ സമീപം പോലീസ് ജീപ്പ് നിര്‍ത്തി. റോഡരുകിലെ വീട്ടു മുറ്റത്ത് പൂരപ്പാട്ട് നടക്കുകയാണ്. മുറ്റത്ത് ഒരു സ്ത്രീയും പുരുഷനും.അയാളുടെ ഇടതു കൈകൊണ്ട് സ്ത്രീയുടെ മുടിയില്‍ ചുറ്റി പിടി ച്ചിരിക്കുന്നു.വലതു കൈയില്‍ ഒരു വാക്കത്തി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. സ്ത്രീ കുതറി മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്കതിന് കഴിയുന്നില്ല. തലമുടിയിലെ പിടുത്തം വിടുവിക്കുവാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ പുരപ്പാട്ട് ഉച്ചസ്ഥായിയില്‍ ആകു ന്നുണ്ട്.


'ആരെങ്കിലുമൊന്ന് പിടിച്ചു മാറ്റടാ കാഴ്ചക്കാ രെപ്പോലെ കണ്ടുകൊണ്ട് നില്‍ക്കാതെ' ജീപ്പില്‍ നിന്ന് ഇറങ്ങിയതേ ചാക്കോസാര്‍ വിളിച്ചുപറഞ്ഞു.

പുഷ്പാംഗദന്‍ വിഷയത്തില്‍ ഞങ്ങള്‍ ഇട പെടില്ല സാറേ, അവര്‍ ഭാര്യയും ഭര്‍ത്താവുമാ. അയാള്‍ വെള്ളമടിച്ചിട്ട് വന്ന് മിക്ക ദിവസവും ഈ കലാപരിപാടി ഉള്ളതാ

എലിക്ക് പ്രാണ വേദന നാട്ടുകാര്‍ക്ക് കെട്ടു കാഴ്ച, സ്ഥലം എസ്.ഐ അല്ലേ. കുടുംബ പ്രശ്നമാണ് എന്ന് കരുതി ഇടപെടാതിരിക്കാന്‍ പറ്റി ല്ലല്ലോ.! കാണാത്ത രീതിയില്‍ പോയാല്‍ നാട്ടുകാര്‍ എന്തു കരുതും. ഇങ്ങനെയൊക്കെ വിചാരിച്ച് ചാക്കോ സാര്‍ വീട്ടുമുറ്റത്തേക്ക് കയറി.


അക്രമാസക്തനായ പ്രതിയെ പിടിക്കുവാന്‍ പോകുകയല്ലേ, എസ്.ഐയുടെ സപ്പോര്‍ട്ടിനായി മല്ലന്മാരായ രണ്ടു പോലീസുകാരും കൂടെ വന്നു. ജീപ്പ് നിര്‍ത്തിയതോ പോലീസുകാര്‍ വീട്ടുമുറ്റത്ത് എത്തിയതോ ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. പക്ഷേ ഭാര്യ അറിഞ്ഞു. അവര്‍ പ്രതീക്ഷയോടെ പോലീസിനെ നോക്കി.

രംഗം മാറുന്നതും മല്ലന്മാരും എസ്.ഐയും ചേര്‍ന്ന് മദ്യപനെ കീഴടക്കുന്നതും, രണ്ടെണ്ണം കൊടുക്കുന്നതും, ജീപ്പില്‍ കയറ്റി കൊണ്ടുപോകു ന്നതും കാണാന്‍ ജനം കാത്തുനിന്നു. ദൃശ്യം പകര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് കരുതലോടെ നിന്നു.


'വാക്കത്തി താഴെയിടടാ" ചാക്കോസാര്‍ ശബ്ദമുയര്‍ത്തി പറഞ്ഞു. ഏതവനാടാ എന്‍റെ വീട്ടുമുറ്റത്ത് എന്നോട് കല്‍പ്പിക്കാന്‍ എന്ന മാതിരി പുഷ്പാംഗദന്‍ തിരിഞ്ഞുനോക്കി. തൊട്ടടുത്ത് കാക്കിധാരികള്‍ നില്‍ക്കുന്നത് കണ്ട് പുഷ്പാംഗദന്‍ ഞെട്ടി'അയാള്‍ വാക്കത്തി തറയില്‍ ഇട്ടു. തലമുടിയിലെ പിടുത്തം വിട്ടു വളരെ ഭവ്യതയോടെ ചോദിച്ചു "എന്താ സാറേ വിശേഷം"


ഉള്ളില്‍ ചിരി വന്നു എങ്കിലും ഗൗരവം നടിച്ച് ചാക്കോ സാര്‍ പറഞ്ഞു ' നിന്‍റെ കെട്ടുകാഴ്ച കാണാന്‍ വന്നതാ' 'കെട്ടുകാഴ്ചയല്ല സാറേ കൊട്ടു കാഴ്ച ഇടക്കൊക്കെ ഇവള്‍ക്കിട്ട് ഞാന്‍ രണ്ടെണ്ണം കൊടുക്കും പുഷ്പാംഗദന്‍ വീണ്ടും ഗൗരവക്കാരനായി.

ഭാര്യയുടെ നിയന്ത്രണം വിട്ടു. അവര്‍ കരയാന്‍ തുടങ്ങി. 'മുപ്പത്തിയഞ്ചു വര്‍ഷമായി സാറേ ഞാനനുഭവിക്കാന്‍ തുടങ്ങിയിട്ട്. ഇരുപതാമത്തെ വയസ്സില്‍ തുടങ്ങിയതാ ഈ നരക ജീവിതം. ഈ കാലമാടന്‍റെ വായില്‍ മണ്ണിട്ട് കണ്ടാല്‍ മതിയായിരുന്നു. അവര്‍ പൊട്ടിക്കരഞ്ഞു.


'ഇയാളെ പിടിച്ച് വണ്ടിയില്‍ കയറ്റ്, മെഡിക്കല്‍ നടത്തിയിട്ട് കേസെടുക്കാം' ചാക്കോ സാര്‍ തിരിഞ്ഞ് കൂടെയുള്ള പോലീസുകാരോട് പറഞ്ഞു.

'കൊണ്ടുപോ സാറേ കൊണ്ടു പോയി ജയിലില്‍ ഇട്, ഇയാളൊന്ന് തൊലഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു' പുഷ്പാംഗദന്‍ ജയിലില്‍ കിടന്നാല്‍ കുറച്ചു നാളത്തേക്ക് സമാധാനം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയില്‍ അവര്‍ ചാക്കോസാറിനെ നോക്കി.

ഈ സമയം ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ മുമ്പോട്ട് വന്നു. 'സാറേ ചേട്ടനെ ഇപ്പോള്‍ കൊണ്ടുപോകരുതേ, നാളെ രാവിലെ ഞാന്‍ സ്റ്റേഷനില്‍ കൊണ്ടുവരാം' അയാള്‍ വിനയത്തോടെ പറഞ്ഞു.


"എന്താ നിങ്ങളുടെ പേര്" ചാക്കോസാര്‍ ചോദിച്ചു. ' രഘു. ചേട്ടന്‍ മദ്യപിച്ചിട്ട് വരുന്നത് രമണി ചേച്ചിക്ക് ഇഷ്ടമല്ല ഒന്നും രണ്ടും പറഞ്ഞ് വഴക്കാവും' അയാള്‍ പറഞ്ഞു.

'ശരി ഞങ്ങള്‍ കൊണ്ടുപോകുന്നില്ല. നാളെ രാവിലെ ഒന്‍പത് മണി കഴിയുമ്പോള്‍ രണ്ടു പേരെയും കൂട്ടി കൊണ്ട് നിങ്ങള്‍ സ്റ്റേഷനില്‍ വരണം. ശരിയാകുമോ എന്ന് നോക്കാം. ഇപ്പോള്‍ ഇയാളെ വിളിച്ച് നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോ".


ചാക്കോ സാറിന് നന്ദി പറഞ്ഞ് പുഷ്പാംഗദനേയും കൂട്ടിക്കൊണ്ട് രഘു അയാളുടെ വീട്ടിലേക്ക് പോയി.


ഇനി ഞാന്‍ എന്ത് വേണം എന്ന ചോദ്യ ഭാവത്തോടെ നിന്ന മണിയെ ചാക്കോസാര്‍ അടുത്തേക്ക് വിളിച്ചു ' നിങ്ങളുടെ മക്കളൊക്കെ?'


മകളെ കെട്ടിച്ചയച്ചു. മകനും ഭാര്യയും പേര്‍ഷ്യയിലാണ്. അവരൊക്കെ സന്തോഷമായിട്ട് ജീവിക്കുന്നു. മിക്കവാറും ദിവസങ്ങളില്‍ ഇവിടിങ്ങനാ സാറേ എനിക്ക് സമാധാനമില്ല. രമണി വീണ്ടും കരയാന്‍ തുടങ്ങി.


'നിങ്ങള്‍ കരയാതെ, വഴിയുണ്ടാക്കാം'. പിന്നെയും എന്തൊക്കെയോ സാരോപദേശങ്ങള്‍ ചാക്കോസാര്‍ രമണിയോട് പറഞ്ഞു. 'നാളെ രാവിലെ രണ്ടുപേരും കൂടി വേണം സ്റ്റേഷനില്‍ വരുവാന്‍' രമണി ഒന്നും പറയാതെ വീടിനുള്ളിലേക്ക് കയറിപ്പോയി. പോലീസുകാര്‍ വീണ്ടും അവരുടെ ഡ്യൂട്ടി തുടര്‍ന്നു.

പിറ്റേദിവസം പതിവുപോലെ ചാക്കോ സാറും പോലീസുകാരും ഈവനിംഗ് പെട്രോളിങ്ങിനിറങ്ങി. മാമൂട്ടിലെ സലീമിന്‍റെ കടയില്‍ നിന്നും എല്ലാവരും പരിപ്പുവടയും ചായയും കുടിച്ചു. സ്റ്റേഷന്‍റെ പരിധിയില്‍ പോലീസിന്‍റെ സാന്നിധ്യം അറിയിച്ചു. സന്ധ്യയാകാറായി, അപ്പോഴാണ് മല്ലന്മാരില്‍ ഒരാള്‍ പറഞ്ഞത് 'സാറേ പുഷ്പാംഗദനോട് ഇന്ന് സ്റ്റേഷനില്‍ വരാന്‍ പറഞ്ഞിട്ട് വന്നില്ലല്ലോ... അയാളെ കൊണ്ടുവരാമെന്ന് ഏറ്റവനെയും കുണ്ടില്ല'. അപ്പോഴാണ് ചാക്കോ സാറും അതോര്‍മിച്ചത്.


ഈറ്റക്കുഴി ജംഗ്ഷന്‍ കഴിഞ്ഞ് മുന്‍പോട്ടു പോയി പുഷ്പാംഗദന്‍റെ വീടിന്‍റെ മുന്‍വശം റോഡില്‍ ജീപ്പ് നിര്‍ത്തി. വീടിന്‍റെ വരാന്തയില്‍ രണ്ടുപേരുമുണ്ട് പുഷ്പാംഗദന്‍ ഒരു കസേരയില്‍ ഇരിക്കുന്നു.സമീപത്ത്, തറയില്‍ ഇരുന്ന് രമണി പുഷ്പാംഗദന്‍റെ കാല് തിരുമ്മുന്നു .ജീപ്പ് വന്നത് അവര്‍ അറിഞ്ഞിട്ടില്ല. 'നോക്കടാ സുന്ദരമായ കാഴ്ച് ചാക്കോ സാര്‍ ജീപ്പില്‍ ഇരുന്നവരെ വിളിച്ചു കാണിച്ചു. 'ഇണക്കുരുവികള്‍' ജീപ്പോടിച്ചിരുന്ന അനീഷ് പറഞ്ഞു.


എല്ലാവരും ജീപ്പില്‍ നിന്നിറങ്ങി വിട്ടുമറ്റത്തേക്ക് കയറി പോലിസുകാരേ കണ്ട് രമണി വരാന്തയില്‍ നിന്നും മുറ്റത്തേക്ക് ഇറങ്ങിവന്നു. 'ഇങ്ങേര്‍ക്ക് വാദത്തിന്‍റെ അസുഖമുണ്ട് സാറേ കാലിന് വേദന, ഞാന്‍ കുഴമ്പിട്ട് തിരുമ്മുവാരുന്നു'.


ഇടക്കൊക്കെ തിരുമ്മുന്നത് നല്ലതാണ് ചാക്കോസാര്‍ പറഞ്ഞു. 'പുഷ്പാംഗദാ ഇപ്പോള്‍ കാലിന് വേദന എങ്ങനെയുണ്ട്' വരാന്തയിലിരുന്ന പുഷ്പാംഗദനോട് ചാക്കോ സാര്‍ വിളിച്ചു ചോദിച്ചു.


പുഷ്പാംഗദന്‍ കുസേരയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. എന്നിട്ട് ചാക്കോ സാറിനെ നോക്കി ചിരിച്ചു. സൈക്കിളില്‍ നിന്നും വീണിട്ട് എഴുന്നേറ്റ് നിന്ന് വീഴ്ച കണ്ടവരെ നോക്കിയുള്ള ഒരു ചിരി ഉണ്ടല്ലോ... അതേ ചിരി


"ഇന്ന് രാവിലെ രണ്ടു പേരും കൂടി സ്റ്റേഷനില്‍ വരണമെന്ന് പറഞ്ഞിട്ട്''

''അതൊന്നും വേണ്ട സാറേ ഇങ്ങേരെ ഞാന്‍ നോക്കിക്കൊള്ളാം'' രമണി സ്നേഹവായ്പോടെ പറഞ്ഞു.


'ഇന്നലെ ഇതല്ലായിരുന്നല്ലോ' രമണി കേള്‍ക്കുവാന്‍ വേണ്ടി ആത്മഗതം പോലെ അനീഷ് പറഞ്ഞു.


'ചട്ടീം കലവുമായാല്‍ തട്ടിയും മുട്ടിയും കിടക്കും അല്ലേ സാറേ' ചെറു ചിരിയോടെ രമണി പറഞ്ഞു. അവരുടെ തെളിഞ്ഞ മുഖവും നിറഞ്ഞ പ്രസന്നതയും കണ്ടപ്പോള്‍ പോലീസുകാരുടെയും മനസ്സ് നിറഞ്ഞു .


'സാറിന്നലെ എന്നോട് ഒരു കാര്യം പറഞ്ഞില്ലേ ! ഞാനൊത്തിരി ആലോചിച്ചു. ശരിയാ സാറേ. ഭര്‍ത്താവ് ജീവനോടെ ഉള്ളപ്പോഴേ ഒരു സ്ത്രീ ഭാര്യ ആകുന്നുള്ളൂ. അയാള്‍ ഇല്ലാതായാല്‍ അവള്‍ വിധവയാണ്. 'പുഷ്പാംഗന്‍റെ വിധവ' രമണിയുടെ കണ്ണുകള്‍ ഈറനണിഞ്ഞോ?

സണ്ണി ജോര്‍ജ്

0

23

Featured Posts

bottom of page