top of page
അവനോടൊപ്പമുള്ള നടപ്പില്‍ എത്ര സൂക്ഷ്മതയുണ്ടാവണം. ഇടറിപ്പോകുന്നതും ഇടറാവുന്നതുമായ ഇടങ്ങള്‍ എത്രയധികമാണ് ഈ പ്രയാണത്തിലുള്ളത്. സകലവും വിട്ടാണ് അവര്‍ അവന്‍റെ പിന്നാലെ പോയത്. സെബദിയുടെ മക്കള്‍ സ്വന്തം അപ്പനെയും വഞ്ചിയുമൊക്കെ ഉപേക്ഷിച്ചിട്ടാണ് ക്രിസ്തുവിന്‍റെ പിന്നാലെ കൂടിയത്. എന്നിട്ടും ഇടയ്ക്കൊരു വട്ടം ഒരു ചേരാത്ത ചോദ്യം അവരുടെ അമ്മയില്‍ നിന്നുണ്ടാവുന്നുണ്ട്. ക്രിസ്തുവിന്‍റെ മഹത്വസിംഹാസനത്തിന്‍റെ ഇടത്തും വലത്തും മക്കളെ ഇരുത്തുമോ എന്നൊരാഗ്രഹമാണ് അവര്‍ പ്രകടിപ്പിച്ചത്. ആയമ്മയുടെ മക്കള്‍ക്ക് സ്വര്‍ഗ്ഗാരോഹണ യാത്രയില്‍ പോലും പിഴയ്ക്കുന്നുണ്ട്. ശമര്യര്‍ ക്രിസ്തുവിനെ തിരസ്ക്കരിക്കുമ്പോള്‍ എത്ര പെട്ടെന്നാണ് യാക്കോബും യോഹന്നാനും രോഷാകുലരാകുക. ഏലിയാവ് പണ്ട് ആകാശത്ത് നിന്ന് അഗ്നിയിറക്കിയ പോലെ ഈ ജാതിയെ തീവെച്ച് നശിപ്പിക്കരുതോ എന്നാണവരുടെ ചോദ്യം. നിങ്ങള്‍ ഏതാത്മാവിന് അധീനര്‍ എന്നാണ് തമ്പുരാന്‍റെ മറുചോദ്യം! അത്രയും നാള്‍ കൂടെ നടന്നിട്ടും സഹനമരണ ഉത്ഥാനങ്ങള്‍ക്ക് സാക്ഷിയായിരുന്നിട്ടും എന്തേ അവരിങ്ങനെ വല്ലാതെ ഇമോഷണല്‍ ആവുന്നു. ക്രിസ്തുവിനൊപ്പമുള്ള യാത്രയില്‍ കുടിപ്പകയൊക്കെ നമ്മുടെയും കൂട്ടാവുമ്പോള്‍ അതെത്ര ബോറാണല്ലേ ശരിക്കും!
ഒരു സിനിമക്കഥയുണ്ട്. Zen - the Life of Zen Master Doganഎന്നാണ് സിനിമയുടെ പേര്. ഡോഗന്‍ എന്ന സെന്‍ ഗുരുവിന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ കഥയാണത്. അമ്മയുടെ ചിതയില്‍ നിന്നാണ് അവന്‍റെ ചിന്തയില്‍ ആദ്യ വെളിച്ചം വീഴുക. മുക്തമാനസത്തിന്‍റെ മഹാകാശം തേടിയിറങ്ങുന്ന ആ കൗമാരക്കാരന്‍റെ അലച്ചിലിന്‍റെ ആദ്യനാളുകളില്‍ അവന്‍ ചൈനയിലെ ഒരു ബുദ്ധമഠാധിപതിയെ കണ്ടുമുട്ടുന്നു. ഗുരുവിനെ തേടിയുള്ള അവന്‍റെ പ്രയാണത്തോട് മഠാധിപന്‍റെ പ്രതികരണം നോക്കുക. ഡോഗന്‍, ഒരു ഗുരുവിനായുള്ള നിന്‍റെ കാംക്ഷയും പ്രയത്നവും ഞാന്‍ മാനിക്കുന്നു. എന്നാല്‍ മതം പഠിക്കുന്നതിന് ഒരു ഗുരുവിന്‍റെ ആവശ്യമില്ല. നീ അത് സ്വയം ഗ്രഹിക്കേണ്ടതാണ്. തുടര്‍ന്ന് പരിഹാസലാഞ്ചന കലര്‍ന്ന ചിരിയോടെ അയാള്‍ വീണ്ടും പറഞ്ഞു: Now I must go to meet some government officials. This is also necessarry to protect the Temple. തന്‍റെ തിരക്ക് പിടിച്ച മതജീവിതവും കൃത്യാന്തര ബാഹുല്യവുമൊക്കെ ഡോഗന് മനസ്സിലായിട്ടുണ്ടാവും എന്ന വിധത്തില്‍ വാക്കുകള്‍ പറഞ്ഞ് നിര്‍ത്തിയ ശേഷം അദ്ദേഹം എഴുന്നേറ്റു. ഡോഗനാകട്ടെ ഒരു മറുചോദ്യം കൊണ്ടാണ് ഗുരുവിനെ എതിരേറ്റത്.Perhaps, that will help you to protect the temple, but .... who will help to protect Budhism? മഠാധിപതിയെ വിഴുങ്ങിയ ഘോരനിശബ്ദത ഇന്ന് നമ്മെയും ചൂഴ്ന്ന് നില്ക്കുന്നു. സാക്കീസിന്‍റെ ഭാഷയില്‍, 'ദൈവസംരക്ഷകരും' ദേവാലയ സംരക്ഷകരും പെരുകുകയാണ്. കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ അനേകായിരം ഗാലക്സികളുടെയും ഉടയവനായ ദൈവത്തില്‍ തീര്‍ത്തും വിശ്വാസമില്ലാത്തതുപോലെയാണ് നമ്മുടെ വിശ്വാസ സംരക്ഷണസമിതികളുടെ പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ മുന്നോട്ടു പോവുന്നത്. ശരിക്കും, ദൈവത്തെയോര്‍ത്ത് നമ്മളിങ്ങനെ വല്ലാതെ ഇമോഷണല്‍ ആവുമ്പോള്‍ തമ്പുരാന്‍ ചോദിക്കുമെന്ന് ഉറപ്പാണ് നിങ്ങള്‍ ഏത് ആത്മാവിന് അധീനര്‍ എന്ന്!
വല്ലാതെ വികാരജീവിയാവുന്നതില്‍ അപകടമുണ്ടെന്നാണ് ചിലര്‍ പറയുക. An Auto biography of a Yogi. പരമഹംസയോഗാനന്ദന്‍റെ പ്രശസ്ത ഗ്രന്ഥമാണ്. ശബ്ദസ്പര്‍ശരൂപ രസഗന്ധങ്ങളായ ഇന്ദ്രിയ വിഷയങ്ങളിലേക്ക് പ്രാണശക്തിയെ ഇച്ഛാനുസരണം അയയ്ക്കാനും അയയ്ക്കാതിരിക്കാനും സാധകനെ യോഗാഭ്യാസം പ്രാപ്തനാക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ക്രിയായോഗ വിശദീകരണത്തിലെ ഒരു സന്ദര്‍ഭമാണ് ഇതിനോട് ബന്ധപ്പെടുത്തി ഓര്‍മ്മ വന്നത്. മനുഷ്യന്‍റെ ശ്വാസോച്ഛാസ നിരക്കും ബോധാവസ്ഥകളുടെ പരിണാമവും തമ്മിലുള്ള ഗണിതപരമായ ബന്ധം. ഭയം, കാമം, ക്രോധം തുടങ്ങിയ ഹാനികരമായ മാനസികാവസ്ഥകളില്‍ ദ്രുതഗതിയിലാണ് ശ്വാസോച്ഛാസം നടക്കുക. എന്നാല്‍ ശ്രദ്ധാപൂര്‍വ്വമായ ക്രിയകളില്‍ ശ്വാസഗതി സാവധാനമാകുന്നു. ഒരു നരന്‍ ഒരു മിനിട്ടില്‍ ശരാശരി പതിനെട്ട് തവണ ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ അസ്വസ്ഥനായ ഒരു വാനരന്‍ മുപ്പത്തിരണ്ട് തവണ ശ്വസിക്കുന്നു. ആന, ആമ എന്നീ ദീര്‍ഘായുഷ്മാന്മാര്‍ക്കെല്ലാം തീരെ കുറഞ്ഞ ശ്വസനനിരക്കാണുള്ളത്. ആമ ഒരു മിനിട്ടില്‍ നാലുതവണയേ ശ്വസിക്കാറുള്ളത്രേ! ഇത് വായിച്ചപ്പോള്‍ ഉണ്ടായ കൗതുകം മറ്റൊന്നല്ല. നാമിങ്ങനെ വല്ലാതെ ഇമോഷണലായി എപ്പോഴും പെരുമാറിക്കൊണ്ടിരുന്നാല്‍ ശ്വസന നിരക്ക് കൂടാനിടയുണ്ട്. Think like a Monk -ല്‍ പറയുന്നപോലെMonk mindല്‍ നിന്നും Monkey Mind ലേക്ക് വീണു പോകാനും ഇടയുണ്ട്. ചെറിയ ലാഭങ്ങള്‍ക്കുവേണ്ടി നാം കൊടുക്കേണ്ടി വരുന്ന കപ്പം ചിലപ്പോള്‍ നമ്മുടെ വിവേചന ബുദ്ധി തന്നെയാവും സഖേ!
Featured Posts
bottom of page