top of page

ദൈവം അബ്രാമുമായി ഒരു ഉടമ്പടി ചെയ്യുന്ന രംഗമുണ്ട് ഉല്പത്തി പുസ്തകത്തിൽ. അബ്രഹാമിന് ഒരു കുഞ്ഞുണ്ടായിരുന്നില്ല. നിന്നിലൂടെ ഒരു വലിയ ജനതതിയെ ഞാൻ ഉണ്ടാക്കും എന്നും, അവർക്കായി ഈ നാട് ഞാൻ പതിച്ചു നൽകും എന്നും ഉള്ള ദൈവത്തിന്റെ ശപഥത്തിന് അച്ചാരമായിട്ടാണ് ദൈവം തന്നെ അദ്ദേഹവുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുന്നത്.
മൂന്നു വയസ്സ് വീതം പ്രായമുള്ള ഒരു പശുക്കിടാവ്, ഒരു പെൺ കോലാട്, ഒരു മുട്ടനാട് എന്നിവയെയും ഒരു ചങ്ങാലിയെയും ഒരു ഇളം പ്രാവിനെയും കൊണ്ടുവരിക എന്ന് ദൈവം അയാളോട് പറയുന്നു. അബ്രഹാം അവയെ കൊണ്ടുവന്നു കൊന്ന്, മൃഗങ്ങളെ മൂന്നിനെയും രണ്ടായി പിളർന്ന് ഭാഗങ്ങൾ നേർക്കുനേരെ വയ്ക്കുന്നു. പക്ഷികളെ പിളരാതെയും. അക്കാലത്തെ ഉടമ്പടികൾ സ്ഥിരീകരിച്ചിരുന്നത് അങ്ങനെയായിരുന്നു. എന്നിട്ട് ഉടമ്പടിയിൽ ഏർപ്പെടുന്നവർ മുന്നിലും പിന്നിലുമായി അവയ്ക്ക് നടുവിലൂടെ നടക്കണം. ഉടമ്പടി തെറ്റിച്ചാൽ മരണം എന്നതായിരുന്നു അതിന്റെ സൂചന. എന്നിട്ട് ദൈവം വരാനായി അബ്രാം കാത്തുനിന്നു. സൂര്യാസ്തമയത്തിൽ അബ്രാം മോഹനിദ്രയിലാണ്ടു. അന്ധകാരം വ്യാപിച്ചപ്പോൾ പുകയുന്ന ഒരു തീക്കലശം കാണാറായി. ജ്വലിക്കുന്ന ഒരു തീനാളവും. അവ പിളർന്നിട്ടിരുന്ന മൃഗ ഭാഗങ്ങൾക്ക് നടുവിലൂടെ കടന്നുപോയി (15:17). അങ്ങനെ ദൈവം അബ്രാമുമായി ഉടമ്പടിയിൽ പ്രവേശിച്ചു.
ദേവാലയങ്ങളിൽ ധൂപകലശത്തിനു പിന്നാലെ കുരിശും കുരിശിനിരുപുറവും ജ്വലിക്കുന്ന തിരിനാളങ്ങളുമായി ഞായറാഴ്ച ബലിയുടെ ആമുഖ പ്രദക്ഷിണം ദൈവജനത്തിന് നടുവിലൂടെ സാങ്ച്വറിയിലേക്ക് നീങ്ങുമ്പോൾ അതേ അനുഭവഗരിമ മനസ്സിലേക്ക് വരുന്നില്ലേ?
Featured Posts
bottom of page