top of page

തോറ്റവന്‍റെ നിലവിളി

Sep 6, 2022

1 min read

A man is crying alone

എത്ര വലിയ സങ്കടത്തോടെയാവും അവര്‍ ഇരുവരും ആ രാത്രി കഴിച്ചുകൂട്ടിയിട്ടുണ്ടാവുക. ദൈവവിളി കേട്ട് ഇറങ്ങിയവരാണ്. സകലവും  വിട്ട് അവന്‍റെ പിന്നാലെ പോയവര്‍. മൂന്ന് വര്‍ഷത്തിലധികം അവനില്‍നിന്നു തന്നെ കേട്ട് പഠിച്ചവര്‍. ശീമോനും യൂദായും! ഗുരുവിനെ തള്ളിപ്പറഞ്ഞവനും ഗുരുവിനെ ഒറ്റുകൊടുത്തവനും. ശരിക്കും ദൈവപുത്രനെ മറന്നുപോയ നിമിഷങ്ങളോര്‍ത്താണ് രണ്ടുപേരും കരയുക. കണ്ണുനീരിന്‍റെ രാത്രി. നാളെ പുലര്‍ച്ചെ മുതല്‍ കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങള്‍. കുത്തുവാക്കുകള്‍. അധിക്ഷേപങ്ങള്‍. ഗത്സമേനയില്‍ ഗുരുവിനെ തനിച്ചാക്കിയ ഒരു ശിഷ്യനും അന്നുറങ്ങിയിട്ടുണ്ടാവില്ല. ശരിക്കും തിരഞ്ഞെടുക്കപ്പെട്ടവന്‍റെ വീഴ്ച വലുതാണ്. ശീമോന്‍റെ ഉള്ള് പിടയുന്നു. ഒരു വട്ടമല്ല തനിക്ക് പിഴച്ചത്. വീണ്ടും വീണ്ടും അതാവര്‍ത്തിച്ചു. തന്‍റെ വീഴ്ചയെ പ്രതി അവന്‍റെ അകമുരുകി. എന്നാല്‍ ഒരു വിധത്തില്‍ ശീമോന്‍ ഭാഗ്യവാനാണ്. അവന്‍ യേശുവിന്‍റെ കണ്ണെത്തും ദൂരത്തുതന്നെയുണ്ട്. ഒരല്പം അകലെ മാത്രമാണ്. ഗുരുവിന്‍റെ പിന്നാലെ തന്നെയുണ്ട് അപ്പോഴും. സംഘവിചാരണയിലേക്ക് കടക്കും മുമ്പേ യേശു അയാളെ തിരിഞ്ഞുനോക്കുന്നു. ശീമോന്‍ പൊട്ടിക്കരഞ്ഞു. സത്യമായും ഇതാണയാളുടെ ഭാഗ്യം! യേശുവിന്‍റെ കണ്‍വെട്ടത്ത് നിന്ന് തന്‍റെ പിഴകളെയോര്‍ത്ത് കേഴാനാവുന്നു. സാക്ഷാല്‍ സത്യമഹാപുരോഹിതന്‍ അവന്‍റെ പാപങ്ങള്‍ പൊറുക്കുന്നു. തന്‍റെ സ്നേഹത്തിലേക്ക് അവനെ പുനരാക്കുന്നു. താന്‍ തള്ളിപ്പറഞ്ഞവന്‍ തന്നെ തള്ളിപ്പറഞ്ഞില്ലല്ലോ എന്നൊരു തിരിച്ചറിവാണ് പിന്നീടവന്‍റെ ജീവിതത്തിന്‍റെ കരുത്തും കാതലും.

പക്ഷേ, ആ രാത്രിയില്‍ മറ്റൊരു കാഴ്ചയുമുണ്ട്. ഒറ്റുകാരന്‍റെ കുമ്പസാരം. യൂദാ തന്‍റെ തെറ്റ് ഏറ്റുപറഞ്ഞത് അസത്യവാദികളായ പുരോഹിതസംഘത്തിന്‍റെ മുമ്പിലാണ്. കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ ഞാന്‍ പാപം ചെയ്തു എന്നയാള്‍ നിലവിളിച്ചു. അത് ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്നവര്‍ മറുപടി നല്‍കി. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞ് കെട്ടിഞാന്ന് ചത്തു. തെറ്റായ ഇടത്തിലെ ഏറ്റുപറച്ചില്‍ വീണ്ടെടുപ്പല്ല പിന്നെയോ നാശമാണ് അവന് സമ്മാനിച്ചത്.

വിളിക്കപ്പെട്ടവരുടെ വീഴ്ചകളാണ് രണ്ടും! ഒന്നിനും ന്യായീകരണം സാധ്യവുമല്ല. പക്ഷെ, തിരികെ നേടാനാവാത്തവിധം ഒന്നും നഷ്ടപ്പെട്ടു പോകുന്നില്ല എന്ന സുവിശേഷം വിസ്മരിക്കാനുമാവില്ല. പിഴവുകള്‍ ആവര്‍ത്തിച്ചിട്ടും ഇന്നും ചേര്‍ത്തുപിടിക്കുന്ന ദൈവസ്നേഹമോര്‍ക്കുമ്പോള്‍ നമുക്കാരെയാണ് വിധിക്കാനാവുക. അപരന്‍റെ തെറ്റിനു നേര്‍ക്ക് നമുക്കെങ്ങനെ വിരല്‍ ചൂണ്ടാനാവും. അവന്‍ നമ്മെ ചൂഴ്ന്ന് നോക്കാതെ ഇന്നും നിലത്തെഴുത്ത് തുടരുകയാവും എന്നോര്‍ത്ത് നാം നമ്മുടെ കൈവശമുള്ള കല്ലുകള്‍ താഴെയിടണം. പാപമില്ലാത്തവര്‍ ആരുമില്ലെന്ന് അവനറിയാം നമ്മെക്കാളും! നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവര്‍ എന്നാണ് ശിഷ്യന്മാരുടെ പില്ക്കാല കുറിപ്പുകളിലുള്ളത്. തോറ്റുപോയവന്‍റെ നിലവിളി കേള്‍ക്കാനാവുന്നത് ക്രിസ്തുവിന്‍റെ മനസ്സിനു മാത്രമാണ് സഖേ! ഒരു സെന്‍ഹെദ്രീം സംഘത്തിനും പരീശപ്രമാണിക്കൂട്ടത്തിനും അത് തിരിച്ചറിയാനാവില്ല ഒരു കാലത്തും!


Featured Posts

bottom of page