top of page

ഇരകളുടെ രോദനം

Dec 6, 2021

2 min read

ഡോ. റോയി തോമസ്
A cover page of a book

എന്‍മകജെ ഗ്രാമത്തിലേക്ക്

വികസനമുദ്രാവാക്യങ്ങളാണ് ചുറ്റും. വികസനത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്നത് പ്രകൃതിയിലും ഭൂമിയിലും ആഴത്തിലുള്ള മുറിവുകള്‍ എല്പിക്കുന്നു. വികസനം അതിന്‍റെ ഇരകളെയും സൃഷ്ടിക്കുന്നു. അവരുടെ രോദനങ്ങളും കാലത്തില്‍ മുഴങ്ങുന്നു. 'എന്‍ മകജെ' എന്ന നോവലിലൂടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം അഗാധമായി സ്പര്‍ശിച്ച അംബികാസുതന്‍ മാങ്ങാട് മനസ്സില്‍ മുറിവുകള്‍ നിറച്ചു. ഓരോ കഥാപാത്രവും പേറുന്ന ഗദ്ഗദം നോവലില്‍ നിറയുന്നു. മനുഷ്യത്വത്തെ മരവിപ്പിക്കുന്ന വിഷമഴയ്ക്കു തുണ നില്ക്കുന്നവരുണ്ട് എന്നതാണ് വൈരുദ്ധ്യം. പ്രളയങ്ങളും കാലാവസ്ഥാവ്യതിയാനവും മലിനീകരണവുമെല്ലാം ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ വികസനം പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്. സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ട് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സാധിക്കണം. പ്രകൃതിയില്‍ ഏല്പിക്കുന്ന മുറിവുകള്‍ ഉണ്ടാക്കുന്ന തിരിച്ചടികളും തിരിച്ചറിയപ്പെടണം. അംബികാസുതന്‍ മാങ്ങാടിന്‍റെ 'എന്‍ മകജെ ഗ്രാമത്തിലേക്ക്' എന്ന പുതിയ പുസ്തകം ഒരു തിരിഞ്ഞുനടപ്പാണ്.

പല തവണ നടന്ന വഴികളിലൂടെ, മിത്തുകളിലൂടെ, ചരിത്രത്തിലൂടെ എഴുത്തുകാരന്‍ നടക്കുന്നു. "ഈ കൃതി ഭരിക്കുന്നത് ഓര്‍മ്മകളാണ്. ഓര്‍മ്മകളോടു സംവദിക്കുന്നു പുതിയ എന്‍ മകജെ അനുഭവവും. പല ആഴങ്ങളും പല വ്യാസങ്ങളുമുള്ള ഓര്‍മ്മകള്‍. ഭാവനയ്ക്ക് പ്രാപിക്കാനാവാത്തതാണ് മൂല്യപ്രബുദ്ധതയുടെ ഉത്തുംഗശിഖരങ്ങളില്‍ സംഭവിക്കുന്ന ഓര്‍മ്മയുടെ പൂര്‍ണ്ണോദയം. അത് ഈ അനുഭവത്തെ പുണ്യസ്ഥലംപോലെ തേജസ്സുള്ളതാക്കുന്നു" എന്ന് കെ. ജി. ശങ്കരപ്പിള്ള അവതാരികയില്‍ സൂചിപ്പിക്കുന്നു. വിഷമഴയില്‍ പൊള്ളിയ കാലത്തെ ഒരിക്കല്‍ക്കൂടി കണ്ടെടുക്കുന്നു.

'എന്‍ മകജെ  ഗ്രാമത്തിലേക്കുള്ള ഓരോ യാത്രയും എനിക്ക് വേദനാജനകമായിരുന്നു. ഇതാ വീണ്ടും ഒരു യാത്ര കൂടി' എന്നാണ് പുസ്തകം ആരംഭിക്കുന്നത്. ഫോട്ടോഗ്രാഫര്‍ മധുരാജിനൊപ്പം അദ്ദേഹം സഞ്ചരിക്കുന്നു. നമുക്ക് എന്തെല്ലാമാണ് നഷ്ടമായതെന്ന് അദ്ദേഹം എടുത്തുപറയുന്നു. വികസനപദ്ധതികള്‍ ധാര്‍മികവും നൈതികവുമായ അര്‍ത്ഥം കൈവരിക്കേണ്ടതിന്‍റെ അനിവാര്യതയാണ് അംബികാസുതന്‍ ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ത്ഥ ഉടമകള്‍ പിന്തള്ളപ്പെടുകയും പുതിയ ഉടമകള്‍ ഉയര്‍ന്നുവരികയും ചെയ്തപ്പോള്‍ സംഭവിച്ച അട്ടിമറികള്‍ പരിസ്ഥിതിയെ ആഴത്തില്‍ തകിടം മറിച്ചുകഴിഞ്ഞു. 'പ്രതികരണമില്ലാതെ മനുഷ്യരെല്ലാം ബധിതരും മൂകരുമായിക്കൊണ്ടിരിക്കുന്ന കാലമാണ്'  എന്ന് ഈ കാലത്തെ അദ്ദേഹം അടയാളപ്പെടുത്തുന്നു. ജഡാധാരിക്കാരും വനശാസ്താവുമെല്ലാം പുതിയകാലത്തിന്‍റെ വികസനത്തേരോട്ടത്തില്‍ ശിഥിലമാകുന്നത് നാമറിയുന്നു. മനസ്സില്‍ നിശ്ശബ്ദമായ നിലവിളികള്‍ നിറച്ചാണ് അംബികാസുതന്‍ നടന്നുനീങ്ങുന്നത്. പ്രകൃതിവൈവിധ്യങ്ങളും മിത്തുകളുമെല്ലാം രൂപം മാറുന്നതിന്‍റെ ദയനീയചിത്രം അദ്ദേഹത്തെ ആശങ്കയിലാഴ്ത്തുന്നു. "പരിസ്ഥിതിവിവേകമില്ലാത്ത വികസനസങ്കല്പം ഈ ഗ്രാമത്തില്‍ മാത്രമല്ല കേരളമാകെ സാംക്രമികരോഗംപോലെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു" എന്ന തിരിച്ചറിവ് പ്രധാനമാണ്. ഇതു തിരിച്ചറിയാത്തവര്‍ നാടിനെ വല്ലാത്ത പ്രതിസന്ധിയിലേക്കു നയിക്കും.

'സത്യത്തിന്‍റെ ഈ നാട്ടിലാണ് 'മരുന്ന്' എന്ന ഓമനപ്പേരില്‍ അസത്യം 'വിളയാടിയത്' എന്ന് അംബികാസുതന്‍ എഴുതുന്നു. സ്വര്‍ഗം എന്ന പേരുള്ള നാടിനെ അങ്ങനെ നരകമാക്കി. മനുഷ്യനു മാത്രം സാധ്യമായ കര്‍മ്മമാണിത്. അതിനെ അനുകൂലിക്കാനും ആളുകളുണ്ട് എന്നതാണ് വൈപരീത്യം. 'ഭൂതദയയുടെ പാരമ്പര്യം പുലര്‍ത്തുന്ന നാട്ടിലാണ് ആധുനികമനുഷ്യന്‍ കാല്‍നൂറ്റാണ്ടുകാലം  നീണ്ട കീടനാശിനിയുദ്ധത്തില്‍ കോടാനുകോടി ജീവജാലങ്ങളെ നിലംപരിശാക്കിയത്" എന്നു നാം തിരിച്ചറിയുന്നു.

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ധാരാളം പേര്‍ ഈ ഓര്‍മ്മകളുടെ ഭാഗമാകുന്നുണ്ട്. വല്ലാത്ത ഭീതി നിറയ്ക്കുന്ന ചില മരണങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നു. 'നോവലിലെ കഥാപാത്രങ്ങള്‍ കൂടിയായ കുഞ്ഞുങ്ങള്‍ മരണപ്പെടുമ്പോള്‍ എഴുത്തുകാരന്‍ ഓടിച്ചെന്ന് കാണേണ്ട നിര്‍ഭാഗ്യം ലോകത്തില്‍ മറ്റൊരാള്‍ക്കു ണ്ടായിട്ടുണ്ടോ എന്നറിയില്ല. ഓരോ മരണവും ചെറിയ വേദനയല്ല തന്നിട്ടുപോയത്" എന്ന് എഴുത്തുകാരന്‍ കുറിക്കുന്നു. "കണ്ണില്‍ച്ചോരയില്ലാതെ വിഷലോബിക്ക് വേണ്ടി നിര്‍ദ്ദയമായി വാചകമുന്തുന്നവരുടെ രഹസ്യഅജണ്ടകള്‍ ഒരു കാലത്ത് പുറത്തുവരികതന്നെ ചെയ്യും. ഈശോവാസോപനിഷത്തില്‍ പറയുന്നതുപോലെ ഏതു സ്വര്‍ണ്ണപാത്രം കൊണ്ടും സത്യത്തെ മൂടിവയ്ക്കാന്‍ സാധിക്കില്ല" എന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

'എന്‍ മകജെ ഗ്രാമത്തിലേക്ക്' എന്ന പുസ്തകം നമ്മെ പലതിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. വികസനത്തിന്‍റെ പുതിയ അധ്യായങ്ങള്‍ എഴുതുന്നവര്‍ പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ആഘാതങ്ങള്‍ തിരിച്ചറിയപ്പെടണം. വന്‍പദ്ധതികളും ക്വാറികളും എല്ലാം ചേര്‍ന്ന് നാം രൂപപ്പെടുത്തുന്നത് എന്തായിരിക്കുമെന്നു പ്രവചിക്കാനാവില്ല. വിവേകത്തിന്‍റെ ശബ്ദങ്ങള്‍ ശ്രദ്ധിക്കേണ്ടതാവശ്യമാണ്. 'മനുഷ്യനും പ്രകൃതിയും പരസ്പരം അറിയുന്ന അലിവിന്‍റെ ഒരു മഹാനിമിഷം. കനിവിന്‍റെ, സ്നേഹത്തിന്‍റെ ആ മൗനമാത്രയ്ക്ക് സാക്ഷിയാവുകയായിരുന്നു ഞാന്‍' എന്നു മധുരാജ് പറയുന്നത് യാഥാര്‍ത്ഥ്യമാണ്.


(എന്‍ മകജെ ഗ്രാമത്തിലേക്ക്, അംബികാസുതന്‍ മാങ്ങാട്, ഇന്‍സൈററ് പബ്ളിക്കേഷന്‍സ്) 


Featured Posts

bottom of page