

ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടുംകൂടി ഒരു പ്രവാചകൻ മിശിഹാക്ക് മുമ്പ് പോകും എന്നൊരു വിശ്വാസം പഴയ നിയമകാലം മുതൽ രൂഢമൂലമായിരുന്നു. സ്നാപകന്റെ ജനനത്തെക്കുറിച്ച് ദേവാലയത്തിൽ വച്ച് മാലാഖ സക്കറിയയെ അറിയിക്കുമ്പോൾ അക്കാര്യവും പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.
"പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണം ഇല്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിക്കാൻ" (ലൂക്കാ 1:17) എന്നാണ് യോഹന്നാൻ്റെതായി മാലാഖ നല്കുന്ന ദൗത്യ സൂചന. പഴയ നിയമത്തിൽ പ്രഭാഷകൻ്റെ പുസ്തകത്തിൽ ഏതാണ്ട് ഇതേ വാക്യം തന്നെ നമുക്ക് കാണാനാവും. "പിതാക്കന്മാരുടെ ഹൃദയത്തെ പുത്രരിലേക്ക് തിരിക്കുന്ന തിന്" (48:10) എന്നാണ് അവിടെ കാണാവുന്നത്. പഴയനിയമം അവസാനിക്കുന്നത് മലാക്കി പ്രവാചകൻ്റെ ഈ വാക്യത്തോടെയാണ്: "പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും"
ലൂക്കായുടെ സുവിശേഷമനുസരിച്ച് പഴയ നിയമം അവസാനിപ്പിച്ചിടത്താണ് പുതിയ നിയമം ആരംഭിക്കുന്നത് എന്നർത്ഥം.
മനുഷ്യകുലത്തിലെ പ്രാക്തനമായ വിരുദ്ധാഭിമുഖ്യങ്ങളെ അനുരഞ്ജിപ്പിക്കുന്ന വിവേകമാണ് ക്രിസ്തുത്വത്തിനുമുമ്പ് സാക്ഷാത്കൃതമാകേണ്ടത് എന്ന് തോന്നുന്നില്ലേ? പിതാക്കന്മാർ മക്കളെ ആശ്ലേഷിക്കുന്ന - മക്കൾ തങ്ങളുടെ പൂർവ്വ മാതൃകകളെ സ്നേഹിച്ചാദരിക്കുന്ന വിവേകം. പഴമയും പുതുമയും ഒരേ അനുസ്യുതിയെന്ന് പരസ്പരം തിരിച്ചറിയുന്ന മാനുഷ്യകം! ക്രിസ്തുവെന്ന രണ്ടാം മാനവൻ സ്വയം പൂർണ്ണമാക്കും മുമ്പ് പ്രാപഞ്ചികമായിത്തന്നെ ഈ അനുരഞ്ജനം സാധ്യമാകുമായിരിക്കും!




















