top of page

നിശ്ശബ്ദതയുടെ ആഴം

Dec 9, 2022

2 min read

ഡോ. റോയി തോമസ്
A cover page of a book

ശബ്ദാസുരന്‍റെ നഗരത്തിലാണ് നാം ജീവിക്കുന്നത്. പെരുകിവരുന്ന ശബ്ദങ്ങള്‍ എവിടെയും നിറയുന്നു. ശബ്ദകാന്താരത്തില്‍ ഉഴലുന്ന മനുഷ്യന്‍ എന്തോ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ബാഹ്യമായും ആന്തരികമായും ബഹളത്തിലായ നാഗരികത മൗലികമായത് ചിലതെല്ലാം നഷ്ടപ്പെടുത്തുന്നു. ഈ സന്ദര്‍ഭത്തിലാണ് എല്‍ലിംഗ് കാഗോയുടെ 'ശബ്ദങ്ങളുടെ കാലത്തെ നിശ്ശബ്ദത' എന്ന ഉദാത്തഗ്രന്ഥം പ്രസക്തമാകുന്നത്. നിശ്ശബ്ദത എത്ര ആഴവും പരപ്പുമുള്ളതാണെന്ന് അദ്ദേഹം സ്വാനുഭവത്തിലൂടെ കണ്ടെത്തുന്നു. ഓരോരുത്തരിലും നിറഞ്ഞുനില്ക്കുന്ന ഒരു സാധ്യതയാണ് നിശ്ശബ്ദതയെന്ന് അദ്ദേഹം കരുതുന്നു. അതു നാം കണ്ടെത്തേണ്ടതാണ്.

"എന്താണ് നിശ്ശബ്ദത? എവിടെയാണത്? മുമ്പത്തെക്കാളുപരി അത് ഇപ്പോള്‍ അത്യാവശ്യമായിത്തീരുന്നത് എന്തുകൊണ്ട്? ഈ മൂന്നു ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനാണ് കാഗേ ശ്രമിക്കുന്നത്. നിശ്ശബ്ദത തേടിയുള്ള ഈ യാത്ര ഒരാത്മീയ കര്‍മ്മമായി മാറുന്നു. ആത്മാവില്ലാത്ത കാലത്തിനും വ്യക്തികള്‍ക്കും ഉള്ളു കണ്ടെത്താനുള്ള സാധനയായി വികസിക്കുന്നു. 

ഏറ്റവും ശക്തമായ സാധനകളിലൊന്നാണ് ആശ്ചര്യം എന്ന് കാഗേ നിരീക്ഷിക്കുന്നു. ഏറ്റവും ഉത്കൃഷ്ടമായ കഴിവുകളിലൊന്നു കൂടിയാണത്. കണ്ടെത്തലുകളുടെ ഒരു കൊച്ചുപ്രയാണം. 'അത് മുളപൊട്ടി വലുതായി പുതിയ സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നൊരു വിത്താണെന്നതും യാഥാര്‍ത്ഥ്യമാണ്. നിശ്ശബ്ദതയും ആശ്ചര്യവും സമാന്തരമായി പോകുന്നു. "നിശ്ശബ്ദതയ്ക്ക് അതിന്‍റേതായൊരു ഗാംഭീര്യമുണ്ട്. അതെ, ഒരു മഹാസമുദ്രംപോലെ. അല്ലെങ്കില്‍ മഞ്ഞുപുതഞ്ഞുകിടക്കുന്ന അറ്റമില്ലാത്തൊരു വിതാനംപോലെ' എന്ന് യോന്‍ ഫോസ്സെ പറയുന്നു. സ്വയം മനസ്സിലാക്കണമെങ്കില്‍ നിശ്ശബ്ദതയെ അറിയണം. സ്വയം മനസ്സിലാക്കാന്‍ ഭയക്കുന്നവരാണ് നിശ്ശബ്ദതയെ ഭയക്കുന്നത്.

 

നിശ്ശബ്ദതയെ അറിയാനും കേള്‍ക്കാനും സാധിക്കണം. "നിശ്ശബ്ദതയുടെ മറവില്‍ പ്രകൃതി എന്നോടു വാചാലമാകുമായിരുന്നു. നിശ്ശബ്ദത കനപ്പെട്ടുവരുന്നതിനനുസരിച്ച് ഞാനാ സംസാരം കൂടുതല്‍ ഉച്ചത്തില്‍ കേട്ടുകൊണ്ടിരുന്നു." ഈ കേള്‍വിയാണ് പ്രധാനം. അതൊരു തിരിച്ചറിവും കണ്ടെത്തലുമാണ്. "ഏറ്റവും ഹൃദയഹാരിയായ നിശ്ശബ്ദത നമ്മില്‍ അന്തര്‍ലീനമായ നിശ്ശബ്ദതയാണ്. നാം ഓരോരുത്തരും നിര്‍മ്മിച്ചെടുക്കേണ്ട നിശ്ശബ്ദത." സ്വത്വത്തില്‍ അന്തര്‍ലീനമായ നിശ്ശബ്ദതയാണ് നാം തേടേണ്ടത്.

നമുക്കകത്തുതന്നെ നിശബ്ദത കണ്ടെത്താന്‍ കഴിയുമെന്നു കാഗേ വിശ്വസിക്കുന്നു. എവിടെയും നമുക്ക് ആന്തരികമായ നിശ്ശബ്ദത കണ്ടെത്താന്‍ കഴിയും. 'പ്രകൃതിയിലുള്ള നിശ്ശബ്ദതയാണ് ഏറ്റവും അമൂല്യ'മായതെന്ന് കാഗേ പറയുന്നു. "ലോകത്തുനിന്ന് മാറിനില്‍ക്കുകയെന്നാല്‍ ചുറ്റുപാടുകളില്‍നിന്ന് പൂര്‍ണ്ണമായും പിന്തിരിയുകയെന്നല്ല. ലോകത്തെ കുറച്ചുകൂടി വ്യക്തമായി കാണലാണിത്. അന്ത്യം വരെ പിടിച്ചുനില്‍ക്കലും നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കാന്‍ ശ്രമിക്കലുമാണ്" എന്നാണ് കാഗേയുടെ അഭിപ്രായം. "നിശ്ശബ്ദത സ്വതേ സമ്പന്നമാണ്. അതു സ്വയംപര്യാപ്തവും ആഡംബരപൂര്‍ണവുമാണ്. പുതിയ ചിന്താരീതികളെ തുറന്നുവിടാനുള്ള താക്കോലാണത്"എന്ന് അദ്ദേഹം തുടര്‍ന്നു പറയുന്നു. ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ അനുഭവിക്കുന്നൊരു രീതിയാണത് എന്നതാണ് കാഗേയുടെ ദര്‍ശനം.

"ഒരു മുറിയില്‍ മിണ്ടാതെ ഒറ്റയ്ക്കിരിക്കാന്‍ മനുഷ്യന് കഴിയാത്തതാണ് മനുഷ്യരാശി അനുഭവിക്കുന്ന പ്രശ്നങ്ങളുടെയെല്ലാം കാരണം" എന്ന് ബ്ലെയ്സ് പാസ്കലിന്‍റെ അഭിപ്രായം കാഗേ എടുത്തുപറയുന്നു. "നാം ജീവിക്കുന്നത് ബഹളങ്ങളുടെ യുഗത്തിലാണ്. നിശ്ശബ്ദതയ്ക്ക് വംശനാശം സംഭവിച്ചിരിക്കുന്നു" എന്നതാണ് സൂക്ഷ്മയാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ ഒരേ വിഷയത്തില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്" എന്നദ്ദേഹം മനസ്സിലാക്കുന്നു.


"നിശ്ശബ്ദതയെന്നത് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സംഗതിയ്ക്കകത്ത് പ്രവേശിക്കലാണ്. അതിരുകടന്ന് ചിന്തിക്കുന്നതിനുപകരം ചെയ്യുന്ന പ്രവൃത്തി അനുഭവിക്കലാണ്. ഓരോ നിമിഷത്തിനും അതിന്‍റെ വലിപ്പം വകവച്ചു നല്കലാണ്" എന്നത് അറിയണം. ബാഹ്യലോകത്തെ പുറത്താക്കി സ്വന്തമായ നിശ്ശബ്ദത കണ്ടെത്താന്‍ ഏവര്‍ക്കും കഴിയും. 'സ്വയം കാതോര്‍ത്തിരിക്കാന്‍ തയ്യാറാവുകയും അതു ഗൗരവത്തിലെടുക്കുകയും ചെയ്യുകയാണെങ്കില്‍ ജീവിതം ശരിക്കും ദീര്‍ഘമാണ്' എന്ന് കാഗേ തിരിച്ചറിയുന്നു.

  'ചുറ്റുപാടും നിശ്ശബ്ദമാകുംവരെ നിങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല. നിങ്ങള്‍ക്കു വേണ്ട നിശ്ശബ്ദത നിങ്ങളായി നിര്‍മ്മിച്ചെടുക്കണം' എന്നതാണ് പ്രധാനം. ആഡംബരങ്ങള്‍ നല്‍കുന്ന ആനന്ദങ്ങള്‍ക്ക് അല്‍പായുസ് മാത്രമേയുള്ളൂ. "നിശ്ശബ്ദതയാണ് പുതിയ കാലത്തെ ആഡംബരമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ ആഡംബരങ്ങളിലേക്ക് കണ്ണു നട്ടിരിക്കുന്നവര്‍ക്ക് ഒരിക്കലും നേടിയെടുക്കാനാവാത്ത ആവശ്യം നിശ്ശബ്ദതയാണ്" എന്നതാണ് കാഗേയുടെ നിരീക്ഷണം. നിശ്ശബ്ദതയെന്നത് സൗജന്യമായി നേടിയെടുക്കാവുന്ന ആഡംബരമാണ് നിശ്ശബ്ദതയുടെ ലക്ഷ്യം. 'ജീവിതമെന്നാല്‍ മനുഷ്യര്‍ക്കിടയിലെ അഗാധമായ സ്നേഹമാണെന്ന് അവരെ ഉണര്‍ത്തലാണ്. അവര്‍ക്കിടയില്‍ സഹജീവിസ്നേഹം പരിശീലിക്കാന്‍ അവരെ പ്രാപ്തരാക്കലാണ്." നിശ്ശബ്ദതയെന്നാല്‍ ആനന്ദകരമായ സംഗതികളെ ഇടവേളകളെടുത്ത് കണ്ടെത്തലാണ്. "സ്വന്തമായി ഒരു ദ്വീപായി മാറാനുള്ള ശേഷി നാമോരോരുത്തരും നമ്മുടെയുള്ളില്‍ കൊണ്ടുനടക്കുന്നുണ്ട്." ആ ശേഷി തിരിച്ചറിയുകയാണ് പ്രധാനം.

നിങ്ങള്‍ അന്വേഷിക്കുന്നത് നിങ്ങളുടെ ഉള്ളില്‍തന്നെയാണ്. നിശ്ശബ്ദത ശാന്തമായ ഹൃദയത്തോടെയും തുറന്ന ആകാംക്ഷനിറഞ്ഞ മനസ്സോടെയും കാതോര്‍ത്തിരിക്കാന്‍ പഠിപ്പിക്കുന്നു. "ദൈവം നിശ്ശബ്ദതയിലാകുന്നു" എന്നു കാഗേ കണ്ടെത്തുന്നു. നിശ്ശബ്ദത മഹത്തായ സത്യങ്ങളെ മനസ്സിലാക്കുന്നതിനുള്ള സാധ്യത തുറന്നുതരുന്നു. 'ഈ പ്രപഞ്ചം പുറമേക്ക് നീണ്ടുനീണ്ടുകിടക്കുമ്പോള്‍ മറ്റൊരു പ്രപഞ്ചം അകത്തേക്ക് ചുരുങ്ങിച്ചുരുങ്ങിപ്പോകുന്നു' എന്നതാണ് കാഗേ നിരീക്ഷിക്കുന്നത്. ആന്തരപ്രപഞ്ചമാണ് അദ്ദേഹത്തിന് കൂടുതല്‍ പ്രധാനം.

'നിങ്ങള്‍ അനുഭവിക്കുന്ന നിശ്ശബ്ദത മറ്റുള്ളവര്‍ അനുഭവിക്കുന്നതില്‍നിന്ന് വ്യത്യസ്തമാണെന്ന വസ്തുത മറക്കാതിരിക്കുക. എല്ലാവര്‍ക്കും സ്വന്തമായ വകഭേദങ്ങളുണ്ട്.' നിങ്ങള്‍ നിങ്ങളുടെ സ്വന്തം ദക്ഷിണധ്രുവം കണ്ടെത്തണമെന്ന് കാഗേ. ചുറ്റുപാടില്‍ നിന്ന് രക്ഷപെടാന്‍ നമ്മെ സഹായിക്കുന്ന ആ യുദ്ധമാണ് നിശ്ശബ്ദത. അതു നിര്‍മ്മിക്കുക എന്നത് വളരെ സൂക്ഷ്മമായ ഒരു പ്രവൃത്തിയാണ്.

'ഇനി ഞാന്‍ നിശ്ശബ്ദനാകട്ടെ. സത്യത്തെയും അസത്യത്തെയുമിനി മൗനം വേര്‍തിരിക്കട്ടെ' എന്ന റൂമിയുടെ കവിതാശകലം കാഗേ ഉദ്ധരിക്കുന്നു. നിശ്ശബ്ദതയുടെ ശക്തിയാണിവിടെ കാണുന്നത്. "നിശ്ശബ്ദതയെയും പുറംലോകത്തെ മാറ്റിനിര്‍ത്തി ആനന്ദം കണ്ടെത്തുന്ന പ്രക്രിയയും മനസ്സിലാക്കാന്‍ അധികം വിവരമൊന്നും വേണ്ട" എന്നതാണ് കാഗേയുടെ അഭിപ്രായം.

ആധുനിക കാലത്ത് നമുക്ക് നഷ്ടപ്പെട്ടുപോയ നിശ്ശബ്ദതയെക്കുറിച്ചുള്ള ഗീതമാണ് 'ശബ്ദങ്ങളുടെ കാലത്തെ നിശ്ശബ്ദത.' സ്വയം കണ്ടെത്താനുള്ള മാര്‍ഗമായാണ് കാഗേ നിശ്ശബ്ദതയെ കാണുന്നത്. എല്ലായിടത്തും ബഹളങ്ങള്‍ നിറയുമ്പോള്‍ നിശ്ശബ്ദത കണ്ടെത്തുക എന്നത് സ്വയം കണ്ടെത്തലാണ്.


(ശബ്ദങ്ങളുടെ കാലത്തെ നിശ്ശബ്ദത - എര്‍ലിംഗ് കാഗേ- വിവ. ഇബ്രാഹിം ബാദ്ഷാ വാഫി-വി. സി. തോമസ് എഡിഷന്‍സ്).

ഡോ. റോയി തോമസ്

0

0

Featured Posts

bottom of page