top of page

രോഗവും രോഗിയും വൈദ്യനും

Dec 14, 2022

2 min read

ഡO
Francis Assisi praying to God

ഫ്രാന്‍സിസ് അസ്സീസി തന്‍റെ സഹോദരര്‍ക്ക് നല്കിയ 1221ലെ നിയമാവലിയില്‍ ഇപ്രകാരം പറയുന്നു: "ഏതെങ്കിലും ഒരു സഹോദരന്‍ രോഗിയായാല്‍, അയാള്‍ എവിടെ ആയിരുന്നാലും മറ്റുള്ളവര്‍ അയാളെ -അത്യാവശ്യമെങ്കില്‍ പലര്‍- ശുശ്രൂഷിക്കാന്‍ നിയുക്തരാകുന്നതുവരെ അയാളെ വിട്ടുപോകരുത്. അവരവര്‍ തന്നെ രോഗികളായിരുന്നാല്‍ പരിചരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നതുപോലെ ആ രോഗിക്ക് പരിചരണം ലഭിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണം. വളരെ അത്യാവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ രോഗിയെ വേണ്ടപോലെ പരിചരിക്കാന്‍ കഴിവുള്ള ആളുകളുടെ സംരക്ഷണയില്‍ അയാളെ ഏല്പിക്കാം. എല്ലാറ്റിനും സ്രഷ്ടാവിനോട് നന്ദി പറയണമെന്ന് രോഗിയായ സഹോദരനോട് ഞാന്‍ യാചിക്കുന്നു. ദൈവം തിരുമനസ്സാകുന്നതെന്തോ -ആരോഗ്യവാനോ രോഗിയോ- അതായിരിക്കുവാന്‍ അവന്‍ ആഗ്രഹിക്കണം. എന്തുകൊണ്ടെന്നാല്‍ നിത്യജീവന് നിയോഗം ലഭിച്ചവരെയെല്ലാം ദൈവം  ശിക്ഷയുടെ വേദനയാലും രോഗത്താലും അനുതാപചൈതന്യം കൊണ്ടും പഠിപ്പിക്കുന്നു. "ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു" എന്ന് കര്‍ത്താവ് അരുള്‍ചെയ്യുന്നു.

രോഗാവസ്ഥയില്‍ ആയിരിക്കുന്ന സഹോദരരെ ചികിത്സിക്കുന്നതില്‍ ഫ്രാന്‍സിസ് നിഷ്കര്‍ഷിക്കുന്ന പല കാര്യങ്ങളുമുണ്ട്. ആശ്രമശ്രേഷ്ഠന്മാര്‍ തങ്ങളുടെ കൂടെയുള്ള സഹോദരരെ ഭ്രാതൃത്വപരമായ സ്നേഹത്താലും അനുകമ്പയാലും വേണം പരിരക്ഷിക്കാന്‍. അസുഖത്തെയോ അസുഖത്തിന്‍റെ കാഠിന്യത്തെയോ വിലയിരുത്തുകയല്ല വേണ്ടത് മറിച്ച് ദൈവികഅരൂപി തങ്ങളുടെ സേവനത്തില്‍ പ്രകടമാക്കണം, ഒട്ടും താമസമെന്യേ വൈദ്യസഹായവും മരുന്നുകളും ചികിത്സാര്‍ത്ഥം എത്തിക്കണം.

വിശുദ്ധ ഗ്രന്ഥം വൈദ്യനെ ആദരിക്കുന്നതില്‍ ഒട്ടും കുറവു വരുത്തരുതെന്ന് പ്രത്യേകമായി നിഷ്കര്‍ഷിക്കുന്നു. കൃഷി പഞ്ഞകാലത്തെ മാറ്റിനിര്‍ത്തുന്നതിനും നൂല്‍നൂല്‍ക്കുന്നത് നഗ്നത മറയ്ക്കുന്നതിനും ഉപകാരപ്പെടുന്നതുപോലെ മരുന്നുകള്‍ അസുഖത്തെ ചികിത്സിക്കുന്നതിനുവേണ്ടിയാണ.് ദൈവം ചെടികളിലും ജീവജാലങ്ങളിലും സൗഖ്യത്തിനായുള്ള പല കൂട്ടുകളും ഉള്‍പ്പെടുത്തിയപോലെ അവ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഉപയോഗിക്കാന്‍ അവിടുന്ന് നിഷ്കര്‍ഷിക്കുന്നു.

വിശുദ്ധ അഗസ്റ്റിന്‍ രണ്ടുകാര്യങ്ങളെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നു. (1) രോഗമുക്തി നേടുന്നതിനെക്കുറിച്ച് അമിതമായ ഉത്കണ്ഠ നന്നല്ല. (2) ആരോഗ്യവാന്മാരായ സഹോദരര്‍ അസുഖബാധിതര്‍ക്ക് എതിരായോ, ആശ്രമശ്രേഷ്ഠന്മാരെ കുറിച്ചോ പിറുപിറുക്കരുത്. ഇവ രണ്ടും ഫ്രാന്‍സിസ് തന്‍റെ സഹോദരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.വി. ക്ലാര തന്‍റെ സഹോദരിമാര്‍ക്ക് എഴുതിയ വില്‍പത്രത്തില്‍ ഇപ്രകാരം പറയുന്നു: "സോദരിമാരെ നയിക്കുവാനും പരിചരിക്കാനുമുള്ള ചുമതലയുള്ളവള്‍, തന്‍റെ സ്ഥാനം കൊണ്ടെന്നതിനേക്കാള്‍, അവളുടെ പുണ്യങ്ങളാലും ജീവിതവിശുദ്ധിയാലും മറ്റുള്ളവരെക്കാള്‍ മികച്ചവരാകുവാന്‍ തീവ്രമായി യത്നിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. അങ്ങനെ അവളുടെ മാതൃകയില്‍ നിന്ന് പ്രോത്സാഹനം ലഭിച്ച് സഹോദരിമാര്‍ കടമകൊണ്ടെന്നതിനേക്കാള്‍ സ്നേഹം കൊണ്ട് അവളെ അനുസരിക്കാന്‍ ഇടവരട്ടെ. ഇവിടെ ക്ലാര തന്‍റെ സഹോദരിമാരെ പരിരക്ഷിക്കാന്‍ ആരെയാണോ ചുമതലപ്പെടുത്തിയിരിക്കുന്നത് അവര്‍ക്ക് ഉളളതാണ് മേല്‍പറഞ്ഞിരിക്കുന്ന വചനങ്ങള്‍.ക്ലാര തന്‍റെ സഹോദരിമാര്‍ക്കുള്ള നിയമാവലിയില്‍ രോഗീപരിചരണത്തെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്. (ഇതില്‍ കൂടുതലും 1223ലെ ഫ്രാന്‍സിസിന്‍റെ സഹോദരര്‍ക്കുള്ള നിയമാവലിയിലെ ആറാം അദ്ധ്യായത്തില്‍ നിന്നുമാണ്.) രോഗികളായ സഹോദരിമാരുടെ കാര്യത്തില്‍ അവര്‍ക്കാവശ്യമുള്ളത് ഉപദേശമോ ഭക്ഷണമോ മറ്റെന്തെങ്കിലുമോ എന്ന് മഠാധിപ സ്വയമായും മറ്റു സഹോദരിമാര്‍ വഴിയും അതീവ താല്പര്യത്തോടെ അന്വേഷിക്കാന്‍ കടപ്പെട്ടിരിക്കുന്നു. മഠത്തിന്‍റെ സ്ഥിതിക്കൊത്തവണ്ണം സ്നേഹത്തോടെയും കാരുണ്യത്തോടെയും അവര്‍ക്ക് അതു കൊടുക്കുകയും വേണം. എന്തെന്നാല്‍ തങ്ങള്‍ക്ക് എന്തെങ്കിലും രോഗമുണ്ടായിരുന്നാല്‍ മറ്റുള്ളവര്‍ എങ്ങനെ പരിചരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ അവരെ പരിചരിക്കാനും അവര്‍ക്കാവശ്യമുള്ളത് കൊടുക്കാനും എല്ലാ സഹോദരിമാര്‍ക്കും കടമയുണ്ട്. ആകയാല്‍ സഹോദരിമാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ആത്മവിശ്വാസത്തോടെ അന്യോന്യം അറിയിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍, ഒരമ്മ ശാരീരികമായ തന്‍റെ മകളെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ഒരു സഹോദരി തന്‍റെ ആത്മീയ സഹോദരിയെ എത്രയേറെ സ്നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണം.  


Featured Posts

bottom of page