top of page

കാഴ്ചയ്ക്കു നേരെയുള്ള കല്ലേറുകള്‍

Nov 6, 2017

3 min read

ജച
fandry marati movie

അധികാരം, എന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ഒന്നാണ്. മനുഷ്യന്‍ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അധികാരം സ്വന്തമാക്കാനാണ്. ഈ അധികാരം മനുഷ്യന്‍ എന്ന സങ്കല്‍പത്തെ പൊളിച്ച്, ഉയര്‍ന്നവന്‍ - താഴ്ന്നവന്‍ എന്ന വിഭജനം സാധ്യമാക്കുന്നു. 

സമൂഹത്തെ നിരീക്ഷിക്കുമ്പോള്‍, അധികാരം സൃഷ്ടിച്ച ഭേദങ്ങള്‍ എത്രമാത്രമാണെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഭരണകൂടം പൗരനുമേല്‍, മതം വിശ്വാസിക്കുമേല്‍, നിയമം ജനങ്ങള്‍ക്കുമേല്‍ ഇങ്ങനെ അധികാര കേന്ദ്രങ്ങള്‍ നമുക്ക് ചുറ്റും നിന്ന് നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. 

ഇങ്ങനെയുള്ള സര്‍വ്വ അധികാരങ്ങള്‍ക്കും എതിരെയുള്ള കലഹമാണ് 'ഫാന്‍ഡ്രി' എന്ന മറാത്തി ചലച്ചിത്രം. 2012-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം, നാഗരാജ് മഞ്ജുളയുടെ കന്നി സംവിധാന സംരംഭമായിരുന്നു. ദുര്‍ബ്ബലാവസ്ഥയില്‍ ആയിരുന്ന മറാത്തി ചലച്ചിത്രലോകത്തിന് ഇത് ഒരു പുത്തന്‍ ഉണര്‍വ് സമ്മാനിച്ചു. കേവലമായ വിനോദചിത്രങ്ങളില്‍ ഒതുങ്ങിനിന്ന മറാത്തി ചലച്ചിത്രലോകം പിന്നീട് ഒരുപാട് വളരുകയും ഒരു പിടി മികച്ച സിനിമകളുമായി ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 

ഓരോ ഷോട്ടിലും അനവധി വായനകള്‍ക്ക് സാദ്ധ്യമായ ഈ ചിത്രത്തെ മുഴുവനായി വിശദീകരിക്കുക സാദ്ധ്യമല്ല. കണ്ടറിയേണ്ട വിസ്മയം തന്നെയാണ് ഈ ചിത്രം. എങ്കിലും, ഈ ചിത്രം മുമ്പോട്ടു വയ്ക്കുന്ന ചില ആശയങ്ങളെ പരിശോധിക്കാന്‍ ശ്രമിക്കുകയാണിവിടെ. ഒരു വരിയില്‍ വിശദീകരിക്കുകയാണെങ്കില്‍ കീഴ്ജാതിക്കാരന്‍ ആണ്‍കുട്ടിക്ക് (ജബ്യ) ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയമാണ് സിനിമ. പക്ഷേ, ഈ കഥയെ അഭ്രപാളിയിലേക്കു പകര്‍ത്തിയപ്പോള്‍ ജബ്യയിലൂടെ ദലിത്ജീവിതത്തിന്‍റെ നീറുന്ന യാഥാര്‍ത്ഥ്യങ്ങളെ നമുക്ക് മനസിലാക്കി തരാന്‍ സംവിധായകനായി. 

പ്രണയമാണ് ഈ ലോകത്തെ മുന്നോട്ടു നയിക്കുന്ന വികാരം. അതാണ് മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ കാരണം. ദലിത് മുഖ്യപ്രമേയമായി   അനവധി ചിത്രങ്ങള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തുണ്ടായിട്ടുണ്ടെങ്കിലും ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും ഹൃദയഭേദകമാക്കുന്നതും ദലിത് യാഥാര്‍ത്ഥ്യത്തെ പ്രണയത്തിന്‍റെ കണ്ണിലൂടെ സമീപിക്കുന്നതുകൊണ്ടാണ്. 

സ്വാതന്ത്ര്യത്തിന്‍റെ എഴുപതു 'സ്വതന്ത്ര' വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ ഈ സിനിമ നമുക്ക് മുമ്പിലേക്കുവയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട് - സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷങ്ങള്‍ കഴിയുമ്പോഴും എന്താണിവിടെ മാറ്റമുണ്ടായത്? അത് കേവലം അധികാരകൈമാറ്റം മാത്രമായിരുന്നില്ലേ. അധികാരികള്‍ മാറിയെങ്കിലും 'അധികാരം' നിലനില്‍ക്കുന്നു എന്ന വസ്തുത ഈ ചിത്രം നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. ഈ 'അധികാരം' ആണ് സര്‍വ്വകലാപങ്ങള്‍ക്കും കാരണം. 

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ് സിനിമ നടക്കുന്നത്. ശൗചാലയങ്ങള്‍ പോലുമില്ലാത്ത അവിടെ ഒഴിഞ്ഞ പറമ്പുകളിലാണ് മനുഷ്യന്‍ 'വെളി'ക്കിരിക്കുന്നത്. അതിനാല്‍ കാട്ടുപന്നികളുടെ ശല്യം അവിടെ വളരെ അധികമായുണ്ട്. സവര്‍ണ ചിന്താഗതിയനുസരിച്ച് പന്നിയെ തൊട്ടുകൂടാ. പന്നിയെ സ്പര്‍ശിച്ചാല്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണം. ജബ്യകയുടെ കുടുംബത്തിനെയാണ് പന്നിയെ പിടിക്കാന്‍ നിയമിച്ചിരിക്കുന്നത്. എന്നാല്‍ അവന്‍ അതില്‍ താത്പര്യപ്പെടുന്നില്ല. വിദ്യാഭ്യാസത്തിലൂടെ പുതുജീവിതം കെട്ടിപ്പെടുക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. എങ്കിലും അച്ഛന്‍റെ വഴക്ക് സഹിക്കാതെ പലപ്പോഴും അവരും ഇതില്‍ ഉള്‍പ്പെടുന്നു. 

ഇങ്ങനെ ആ കുട്ടിയെ ഈ വ്യവസ്ഥിതിയില്‍ തന്നെ കെട്ടിയിടാനാണ് എല്ലാവരും ശ്രമിക്കുന്നത്. അവനെ ഉയരാന്‍ ആരും അനുവദിക്കുന്നില്ല. വിദ്യാലയത്തില്‍ തന്നെ അവന് കളിയാക്കലുകളെ തരണം ചെയ്യേണ്ടി വരുന്നു. അവനെ പ്രണയിക്കാന്‍ പോലും സവര്‍ണന്‍ അനുവദിക്കുന്നില്ല. ഈ വ്യവസ്ഥിതിയോട് ഒറ്റയ്ക്കുനിന്നു പൊരുതുകയാണവന്‍. 

ചിത്രത്തിന്‍റെ  ശ്രദ്ധേയമായ അവസാനഭാഗത്ത് അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ജബ്യ പന്നിയെ പിടിക്കാന്‍ അവന്‍റെ വിദ്യാലയത്തിന്‍റെ സമീപത്തേക്ക് കൂടെ പോകുന്നു. സഹപാഠികളുടെ നോട്ടത്തില്‍ ജാള്യത തോന്നുന്ന ജബ്യ ഒളിക്കാന്‍ ശ്രമിക്കുന്നെങ്കിലും സാധിക്കുന്നില്ല. പന്നിയെ പിടിക്കാനായി അച്ഛന്‍ അവനെ തിരികെ പിടിച്ചുകൊണ്ടു വരുന്നു. ജബ്യയുടെ ഈ അവസ്ഥ അവന് ഇഷ്ടമുള്ള കുട്ടിയും കാണുന്നു. പന്നിയെ പിടിക്കാന്‍ ശ്രമിക്കുന്ന സമയത്ത്, ഒരവസരത്തില്‍ പന്നിയെ ഇവരുടെ കൈയില്‍ കിട്ടുന്നുണ്ട്. പക്ഷേ, ആ സമയം സ്കൂളില്‍ നിന്ന് ദേശീയഗാനം മുഴങ്ങുന്നു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന അവര്‍ക്ക് മുന്നിലൂടെ പന്നി രക്ഷപെടുന്നു. സ്വാതന്ത്ര്യം ലഭിച്ചു എന്ന് നമ്മള്‍ പറയുമ്പോള്‍ തന്നെ ദേശീയത എത്രത്തോളം അസ്വാതന്ത്ര്യമാണെന്ന് (പ്രത്യേകിച്ചും സമകാലിക അവസ്ഥയില്‍) സിനിമ നമുക്കു കാണിച്ചു തരുന്നു. 

അവസാനം നിരവധി അപഹാസച്ചിരികള്‍ക്കിടയില്‍ പന്നിയെ പിടിച്ചുകെട്ടി വിദ്യാലയത്തിനു മുന്നില്‍ കൂടി ചുമന്നുകൊണ്ടുപോകുമ്പോള്‍ പശ്ചാത്തലം നവോത്ഥാന നായകരുടെ ചിത്രങ്ങളുള്ള വിദ്യാലയ മതിലാണ്. ഇത്രയേറെ നവോത്ഥാന നായകരും അവരുടെ ആശയങ്ങളും നമുക്കുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ സ്വന്തം സഹപാഠിയുടെ അവസ്ഥയില്‍ നോക്കി ചിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇനിയുമെത്രയേറെ മെച്ചപ്പെടാനുണ്ടെന്ന സത്യം ഈ സിനിമ വിളിച്ചോതുന്നു. 

സിനിമയില്‍ ആദ്യം മുതല്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്ന ഒരു മിത്തുണ്ട്. കറുത്ത കുരുവിയെ പിടിച്ച് ചാരമാക്കി, ആ ചാരം പ്രണയിക്കുന്ന ആളുടെ മുഖത്തേക്കെറിഞ്ഞാല്‍ അവര്‍ നമ്മളെ തിരിച്ച് പ്രണയിക്കും എന്നൊരു സങ്കല്‍പ്പം കഥ നടക്കുന്ന ഭൂമികയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, 'കറുത്ത കുരുവി'കളെ അധികം കണ്ടുകിട്ടാറില്ല. ജബ്യ അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട്. പക്ഷേ, ഒരിക്കലും അവനത് ലഭിക്കുന്നില്ല. സിനിമയുടെ അവസാനം പന്നിയെ പിടിക്കുന്ന നേരത്ത് ജബ്യയുടെ തൊട്ടടുത്തായി ഈ പക്ഷി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ആ സമയം 'പന്നികള്‍' അവന്‍റെ ശ്രദ്ധ മാറ്റുന്നു. താന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത സ്ഥലത്ത് വച്ച് അവനെ അവള്‍ കാണുന്നു. 

ഈ സ്വപ്നത്തില്‍ തെളിയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. അധികാരത്തിനെതിരെ ഉള്ള വിപ്ലവം ഉടനടി സാദ്ധ്യമല്ല, മറിച്ച് അങ്ങനെയൊന്ന് സാധ്യമാകണമെങ്കില്‍ നാം എല്ലാം കൂട്ടായി പരിശ്രമിക്കണം. ആയതിനാല്‍ ഈ സത്യം സ്വപ്നമായി തന്നെ അവശേഷിക്കുന്നു (ജാതി ചിന്തകള്‍ ഉന്മൂലനം ചെയ്യുക എന്നത് ഇനിയും ഒരു സ്വപ്നമാണെന്ന് സംവിധായകന്‍ മനസിലാക്കി). 

'പന്നി' എന്നതിനെ ഈ സിനിമയില്‍ ഒരു രൂപകമായി സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. നമ്മള്‍ വെറുപ്പോടെ നോക്കുന്ന മൃഗമാണ് പന്നി. ഇത്തരത്തില്‍, നാം വെറുപ്പോടെ വീക്ഷിക്കുന്ന  ജീവിതങ്ങള്‍ തന്നെയാണ് സംവിധായകന്‍ ദൃശ്യവത്കരിച്ചിരിക്കുന്നതും. പന്നിയെ, നമ്മള്‍ വേട്ടയാടുന്നതു പോലെ ഇവരെയും അധികാരവര്‍ഗം വേട്ടയാടുന്നു. ഇങ്ങനെ അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ഫാന്‍ഡ്രി. ഫാന്‍ഡ്രി എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ പന്നിയെന്നാണ്. സിനിമയിലെ പ്രധാനപ്പെട്ട സീനുകളിലൊക്കെ പന്നി ഒരു സങ്കേതമായി കടന്നുവരുന്നുണ്ട്.

സിനിമയുടെ അവസാനം തന്നെയും കുടുംബത്തെയും കളിയാക്കിയവര്‍ക്കെതിരെയും ആഞ്ഞടിക്കുന്ന ജബ്യയെ നമുക്ക് കാണാം. ഒടുവില്‍, തന്നെ ആക്രമിക്കാന്‍ വരുന്നവര്‍ക്കെതിരെ ജബ്യ ഒരു മുഴുത്ത കല്ല് വലിച്ചെറിയുന്നു. അത് ക്യാമറയിലേക്കു വന്ന് പതിക്കുന്നു. ഒരു നിമിഷം നമ്മള്‍ സ്തബ്ധരായി പോവും.

നമ്മള്‍ ഓരോരുത്തരിലേക്കുമാണ് ആ കല്ല് വന്ന് പതിക്കുന്നത്. അതെ, സര്‍വ്വ അധികാരകേന്ദ്രങ്ങള്‍ക്കെതിരെയുമുള്ള സംവിധായകന്‍റെ പരിഹാസമാണത്. 

ചിത്രത്തിന്‍റെ ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതം ഒപ്പം മറ്റ് സാങ്കേതിക നിര്‍മ്മാണ സംവിധാനങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവയാണ്. ഒരുപാട് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ ചിത്രം വാണിജ്യപരമായും മികച്ച വിജയം നേടി. 

ജച

0

0

Featured Posts

bottom of page