top of page

വിശക്കുന്ന ഭാരതീയന്‍റെ ഒഴിഞ്ഞ പാത്രങ്ങള്‍

Mar 1, 2012

5 min read

ദശ
Some coins left in the hands of a poor.

ഇന്ത്യയിലെ സമൃദ്ധിയുടെ ലജ്ജാകരമായ വിരോധാഭാസം

ഇത് സമൃദ്ധിയുടെ വിരോധാഭാസമാണ്. 2011-ല്‍ FPRI (International Food Policy Research Institute) തയ്യാറാക്കിയ ആഗോള ദാരിദ്ര്യസൂചികയില്‍ (Globel Hunger Index) 81 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 67-ാം സ്ഥാനത്ത് നില്ക്കുമ്പോഴാണ് ഗോഡൗണുകളില്‍ ഭക്ഷ്യക്കൂമ്പാരങ്ങള്‍ അഴുകിപ്പൊയ്ക്കൊണ്ടിരുന്നതും, ക്ഷുഭിതരായ പഞ്ചാബ് കര്‍ഷകരും ജാര്‍ക്കണ്ട് കര്‍ഷകരും ടണ്‍കണക്കിന് ഉരുളക്കിഴങ്ങും തക്കാളിയും റോഡില്‍ വിതറിയതും. അടുത്ത ഊഴം രാജസ്ഥാനിലെ സബോള കര്‍ഷകരുടെതായിരുന്നു. ഇത് അടുത്തകാലത്തുണ്ടായ ഒരു പ്രതിഭാസമാണെന്ന് കരുതുന്നെങ്കില്‍ തെറ്റി. രാജ്യത്തുടനീളം കൃത്യമായ ഇടവേളകളില്‍ ഇതു സംഭവിക്കുന്നത് ഏതാണ്ട് 25 വര്‍ഷമായി ഞാന്‍ കാണുന്നു.

വെറുപ്പുളവാകുന്നു ഇല്ലേ? കൊള്ളാം, ഭക്ഷ്യവിളകളുടെ ഈ ജീര്‍ണ്ണനദൃശ്യങ്ങള്‍ വിളിച്ചോതുന്നത് ഒരു രാജ്യമെന്ന നിലയില്‍ വിശപ്പിന്‍റെ വെല്ലുവിളികളെ നേരിടുന്നതില്‍ നമ്മള്‍ കാണിച്ച കുറ്റകരമായ അവഗണനയും ശ്രദ്ധക്കുറവും ആണ്.

വിശപ്പനുഭവിക്കുന്ന 32 കോടിയോളം പേരുള്ള, 42 ശതമാനം കുട്ടികളും പോഷകാഹാര ദൗര്‍ലഭ്യമനുഭവിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഒരു രാജ്യത്ത് ഇങ്ങനെ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കിക്കളയുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലാണ് ഈ ദുരവസ്ഥ എന്നതു തികച്ചും ദുഃഖകരമാണ്.

അഞ്ചു വര്‍ഷത്തോളമായി ധാന്യസംഭരണം 50-60 ദശലക്ഷം ടണ്‍ എന്ന നിലയിലാണ്. അതായത് ഇത്രയും ധാന്യങ്ങള്‍ അടങ്ങിയ ചാക്കുകള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍, 6 കോടി ടണ്ണിന്‍റെ ലംബകൂമ്പാരം ഉണ്ടാവും, അതുവഴി നമുക്ക് ചന്ദ്രനിലെത്തി മടങ്ങിവരാം. ഇത്രയധികം ധാന്യങ്ങളും, ചീഞ്ഞളിഞ്ഞ് നശിച്ചുപോകാന്‍ മാത്രം പച്ചക്കറി-പഴവര്‍ഗ്ഗങ്ങളും ഉള്ള ഒരു സാഹചര്യത്തില്‍ വിശപ്പും ദാരിദ്ര്യവും ഇങ്ങനെ വര്‍ദ്ധിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ദരിദ്രരുടെയും പോഷകദൗര്‍ലഭ്യമുള്ള കുട്ടികളുടെയും എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മുഖ്യാഹാരങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നത് വിചിത്രമായിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചക്കൊപ്പം ദാരിദ്ര്യവും വളരുന്നതില്‍ അത്ഭുതപ്പെടാനില്ല.

വര്‍ഷങ്ങളായി കൃഷി ഒരു ചൂതാട്ടമായി മാറിയിരിക്കുകയാണ്. ഇത് കാലാവസ്ഥാവ്യതിയാനം കൃഷി നശിപ്പിക്കുന്നതുകൊണ്ട് മാത്രമല്ല, വിളകള്‍ ഉത്പാദിപ്പിച്ച് നശിപ്പിക്കേണ്ടി വരുന്ന വിചിത്രമായ പ്രതിഭാസം കൊണ്ടുകൂടിയാണ്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലുള്ള സൂര്യഭഗവാന്‍ എന്ന കര്‍ഷകന്‍റെ കാര്യം തന്നെയെടുക്കാം. നെല്‍കൃഷി ഇറക്കുന്നതിനേക്കാള്‍ നല്ലതു കൂലിക്കു പണിയെടുക്കുന്നതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവില്‍ ഭീമമായ കടബാദ്ധ്യതയില്‍ അകപ്പെട്ടിരിക്കുന്ന അദ്ദേഹം വീണ്ടും ഒരു കൃഷിയിറക്കല്‍ തന്‍റെ കടബാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്ന ബോധ്യത്തില്‍നിന്നാണ് 'വിളകള്‍ക്ക് അവധി'എന്ന ആശയം മുഴക്കിയത്. ആഴ്ചകള്‍ക്കകം ഈ ആശയം കാട്ടുതീപോലെ പടര്‍ന്നുപിടിക്കുകയും പരിണതഫലമായി ഗോദാവരിയുടെ കിഴക്കും പടിഞ്ഞാറുമുള്ള ഒരു ലക്ഷം ഹെക്ടറിലധികം കൃഷിഭൂമി തരിശായി മാറുകയും ചെയ്തു.

നെല്ലു വിളയുന്ന ഒരു പ്രദേശമാണ് ആന്ധ്ര. ഉത്പാദനത്തില്‍ ഉണ്ടായ വര്‍ധനയ്ക്ക് ആവശ്യകമായ ഘടനാരൂപീകരണം വിപണിക്ക് ഉണ്ടായില്ല. ഇതിന്‍റെ ഫലമായി ഉത്പാദിപ്പിക്കപ്പെട്ട വിളകള്‍ സംഭരിക്കാന്‍ സൗകര്യമില്ലാതെയായി. ഈ സ്ഥിതിവിശേഷം രാജ്യത്തിന്‍റെ പ്രധാന ഭക്ഷ്യസ്രോതസ്സുകളായി അറിയപ്പെടുന്ന ആന്ധ്രയിലും പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, ഇന്ത്യയൊട്ടുക്കും പടര്‍ന്നുപിടിച്ചു. ഭക്ഷ്യവിളകള്‍ ധാരാളമായി ലഭ്യമായിരുന്ന ഹരിതവിപ്ളവത്തിനുശേഷമാണ് ഇങ്ങനെയൊരു ദുരന്തം പ്രകടമായത്. പിന്നീട് കൃഷിയില്‍നിന്നു ശ്രദ്ധ മാറിപ്പോയി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പൊതുമേഖലാ നിക്ഷേപത്തിലുണ്ടായ കുറവ് കൃഷിയെ മഴദൈവങ്ങളുടെ കാരുണ്യത്തിനു വിടുന്ന സ്ഥിതിയിലാക്കി. വര്‍ദ്ധിച്ചുവരുന്ന ദരിദ്രജനങ്ങള്‍ക്കുവേണ്ടി ഓരോ തരി ധാന്യവും പാഴായിപ്പോകാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന യാതൊരു മുന്‍ഗണനകളും ദേശീയതലത്തില്‍ ഉണ്ടായിട്ടില്ല.

ഉത്പാദന വര്‍ദ്ധനവിനനുസൃതമായി വിപണിയോ സംഭരണശാലകളോ സൃഷ്ടിക്കപ്പെട്ടില്ല. 5 ശതമാനത്തിലേറെയുള്ള ഉത്പാദന വര്‍ദ്ധനവ് കൈകാര്യം ചെയ്യാനുള്ള ശേഷിപോലും ഇന്ത്യക്കിന്നില്ല; അതു ധാന്യങ്ങളുടെയോ ഉരുളക്കിഴങ്ങിന്‍റെയോ പരുത്തിയുടെയോ കാര്യത്തിലാണെങ്കില്‍പോലും. നയനിര്‍മ്മാതാക്കള്‍ എന്തുതന്നെ പറഞ്ഞാലും കൃഷിയോടുള്ള അവഗണന മനഃപൂര്‍വ്വമാണ്. സ്വകാര്യനിക്ഷേപകര്‍ക്കായി കൃഷിയെ രൂപകല്പന ചെയ്യാന്‍ ഇത് അനിവാര്യമാണ്. ശക്തവും ഗുപ്തവുമായ ഈ രൂപകല്പനയുടെ ഫലമായി കാര്‍ഷികമേഖലയില്‍ പുറംതളളപ്പെടലിന്‍റെ ഇരകളായി കര്‍ഷകര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എന്തു മാത്രം അവര്‍ ഉത്പാദിപ്പിക്കുന്നോ അത്രമാത്രം അവര്‍ സഹിക്കേണ്ടി വരുന്നു. ഉത്പാദിപ്പിക്കുകയും നശിപ്പിക്കുകയും അങ്ങനെ സംഘടിതകൃഷിയിലേക്കുള്ള വഴി തുറന്നുകിട്ടുകയും ചെയ്യുന്നു.

ഗൂഢബന്ധം: ഭക്ഷണം, ആരോഗ്യം, ഇന്‍ഷ്വറന്‍സ് വ്യവസായവും

ഒരിക്കല്‍, ചണ്ഡിഗറില്‍നിന്നു ന്യൂഡല്‍ഹിക്കു യാത്രചെയ്യവേ ഏതാനും കര്‍ഷകരെ കാണുന്നതിന് ഇടയ്ക്ക് ഞാന്‍ നിന്നു. അംബാലക്കു പുറത്തുള്ള മാവിന്‍ചുവട്ടില്‍ ഇരിക്കുമ്പോള്‍, രാജേന്ദര്‍ ദഹിയാ എന്ന ഒരു ചെറുകര്‍ഷകന്‍, ചെലവേറിയ ഒരു കാപ്പിക്കട അയാള്‍ സന്ദര്‍ശിച്ചതിനെപ്പറ്റി അഭിമാനപൂര്‍വ്വം എന്നോടു പറഞ്ഞു: "ഞാന്‍ ഒരു കപ്പ് കാപ്പിക്ക് 160 രൂപ ചെലവഴിച്ചു. ഞാന്‍ അത് ശരിക്കും ആസ്വദിച്ചു. ഞാന്‍ ഈ ദിവസങ്ങളിലെന്നെങ്കിലും എന്‍റെ ഭാര്യയെക്കൂടി ഈ കാപ്പിക്കടയില്‍ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നു." ഇത്രയുംകൂടി അയാള്‍ കൂട്ടിച്ചേര്‍ത്തു,"രുചി എനിക്കിഷ്ടമായി".വീട്ടില്‍ 10 രൂപ പോലും ചെലവുവരാത്ത ഒരു കപ്പ് കാപ്പിക്ക് 160 രൂപ വലിച്ചെറിയാന്‍ രാജേന്ദര്‍ ദഹിയയ്ക്കുളള ആവവേശം എനിക്ക് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ അതാണ്, ഒരാള്‍ക്കുപോലും അതിന്‍റെ ഉന്മാദത്തില്‍നിന്ന് രക്ഷപെടാനാകാത്ത വിധമുള്ള കമ്പോളശക്തിയുടെ പെട്ടെന്നുള്ള ആക്രമണം. നമ്മുടെ സ്വാദ് മുകുളങ്ങളെ എങ്ങനെ രസിപ്പിക്കണമെന്ന് കാര്‍ഷിക വ്യവസായികള്‍ക്കറിയാമെന്നതിനാല്‍ സുന്ദരമായ പാക്കിങ്ങിലും പുതിയ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്ന തീവ്രമായ കച്ചവടതന്ത്രങ്ങളും, നാം എന്തു കഴിക്കണമെന്ന് വ്യവസായികള്‍ ആഗ്രഹിക്കുന്നുവോ അവ നമ്മെക്കൊണ്ട് കഴിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന ബലതന്ത്രങ്ങളും ഒക്കെ നാം തിരിച്ചറിയുമ്പോഴേക്കും പരമ്പരാഗതവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ നമ്മുടെ പാത്രങ്ങളില്‍നിന്ന്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും.

മാറി വരുന്ന ഭക്ഷണശീലം സമഗ്രമായ ഭക്ഷണ സമ്പ്രദായംതന്നെ - പാടം മുതല്‍ ഫോര്‍ക്ക് വരെ - കൊണ്ടുവന്നിരിക്കുന്നു. NGO കള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, കര്‍ഷക കുടുംബങ്ങള്‍ ഒക്കെ ഉള്‍പ്പെട്ട അമേരിക്കയിലെ ഭക്ഷ്യസമരക്കാര്‍ വാള്‍സ്ട്രീറ്റിലെ അക്രമരഹിത പ്രതിഷേധക്കാരോട് ചേരുന്നതില്‍ ആശ്ചര്യപ്പെടാനില്ല. അമേരിക്കന്‍ ആക്ടിവിസ്റ്റായ എറിക് ഹോട്ട് ഗിമ്മെന്‍സ് തന്‍റെ ലേഖനമായ "Occupy Food System'ല്‍ പറയുന്നതുപോലെ വിശപ്പും ജീവിതശൈലിരോഗങ്ങളും വാള്‍സ്ട്രീറ്റ് നിക്ഷേപകരുടെ ശക്തിയും തമ്മിലുള്ള ബന്ധം ശക്തവും ആഴത്തില്‍ വേരോടിയതുമാണ്. കണ്ണികള്‍ കണ്ടെത്തുകയാണ് അടിയന്തിരകാര്യം.

'വമ്പന്‍ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്‌ കടക്കാന്‍ ശക്തമായി ചരടുവലിക്കുന്നു', എന്ന ശീര്‍ഷകം പയുന്നത് ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെ സദ്‌ഫലങ്ങള്‍ തട്ടിപ്പറിക്കാനായി വാള്‍ മാര്‍ട്ട് സ്റ്റോഴ്സ്, സ്റ്റാര്‍ബക്ക്സ്, മോര്‍ഗണ്‍ സ്റ്റാന്‍ലി എന്നിവയുള്‍പ്പെടെയുള്ള ഭീമന്‍ അമേരിക്കന്‍ ബഹുരാഷ്ട്രക്കമ്പനികള്‍ ക്യൂ നില്ക്കുന്നു എന്നാണ്. വേറെ ചില സാങ്കേതികഭീമന്മാരായ ഫിസെര്‍, ഡോകെമിക്കല്‍സ് കൂടാതെ ടെലിക്കോം പ്രധാനിയായ AT&T മുതലായവരും അവരുടെ ഇന്ത്യന്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണ തേടിക്കൊണ്ടിരിക്കുകയാണ്. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടിക്കെതിരേയുളള അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കാംപെയിനോട് ബന്ധപ്പെട്ട് അമേരിക്കയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഭക്ഷ്യരംഗത്തെ ചില പ്രമുഖര്‍ അടുത്ത കാലത്ത് ഇന്ത്യയിലെ ഭക്ഷ്യവ്യാപാരമേഖലയില്‍ വന്‍തുക നിക്ഷേപിച്ചിട്ടുണ്ട്.

ഇന്ത്യ ഭക്ഷ്യസംസ്കരണത്തിന് ചുവപ്പ് പരവതാനി വിരിച്ചിട്ടിരുന്ന ഒരു കാലത്താണ് ഇതെല്ലാം സംഭവിക്കുന്നത്. 10-ഉം 11-ഉം പദ്ധതികാലയളവില്‍ പ്ലാനിങ്ങ്‌ കമ്മീഷന്‍ 1.50 ലക്ഷം കോടി രൂപയാണ് ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ക്ക് അനുവദിച്ചത്. ഭക്ഷ്യസംസ്കരണ യൂണിറ്റുകളുടെ രൂപീകരണത്തിന് സബ്സിഡിയും അനുവദിക്കപ്പെട്ടു. നിങ്ങളുടെ പോക്കറ്റില്‍ എങ്ങനെ ചെലവഴിക്കണമെന്നറിയാത്ത 50000 രൂപയുണ്ടെങ്കില്‍, ഒരു റേഡിയോ പരസ്യത്തില്‍ പറയുന്നതുപോലെ, നിങ്ങളുടെ ബാങ്കറെ കണ്ട് ഒരു ഭക്ഷ്യസംസ്കരണ യൂണിറ്റ്‌ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകള്‍ കണ്ടെത്തുക. ഗുപ്തമായ പിന്നണി ബന്ധങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. Food and Agriculture Ministry ദേശീയനയങ്ങളെ വ്യാവസായിക താത്പര്യങ്ങള്‍ക്കുവേണ്ടി പരിഷ്കരിക്കുകയും ഭേദഗതികള്‍ വരുത്തുകയും ചെയ്യുന്നു. സങ്കരയിനം വിത്തുകള്‍ക്കും കൃഷി ഉപകരണങ്ങള്‍ക്കും രാസവളങ്ങള്‍ക്കുമൊക്കെയായി വലിയൊരു തുക സബ്സിഡി ചെലവാക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇതാണ് 'ഫാം ടു ദി ഫോര്‍ക്ക്മോഡല്‍'. ഇതുവഴി ഗവണ്‍മെന്‍റ് ഒരു വ്യാവസായിക ഭക്ഷ്യവ്യവസ്ഥ വേരു പിടിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ വിളവെടുപ്പു രീതികള്‍ നിര്‍ദ്ദേശിക്കാനായി ബാങ്കുകളും വിത്തുഗവേഷണ സംരംഭങ്ങളും ഉത്പാദനയൂണിറ്റുകളുമെല്ലാം ഒത്തുചേരുന്നു. നാടന്‍ വിത്തിനങ്ങള്‍ പാടേ അവഗണിക്കപ്പെടുന്നു. ഇന്ത്യയുടെ ആകെ ഭക്ഷണത്തിന്‍റെ 2 ശതമാനം മാത്രമേ സംസ്കരിക്കപ്പെടുന്നുള്ളു എന്ന് വിലപിച്ച് ശാസ്ത്രജ്ഞന്മാരും എത്തുന്നു. വ്യാവസായിക വളര്‍ച്ചയുടെ ഈറ്റില്ലമായ അമേരിക്കയില്‍പോലും, "junk foods'നെ കൊലയാളിയായി മാറുന്ന ഭക്ഷണം എന്ന പേരില്‍ കുറ്റപ്പെടുത്തുന്നു. അമിത വണ്ണവും അനുബന്ധ അസുഖങ്ങളും മൂലം 4 ലക്ഷത്തിലധികം പേര്‍ അമേരിക്കയില്‍ എല്ലാ വര്‍ഷവും മരിക്കുന്നു.

ഇതെല്ലാം ആരംഭിച്ചത് നാലു പതിറ്റാണ്ടു മുമ്പുണ്ടായ ഹരിതവിപ്ലവത്തിന്‍റെ ആവിര്‍ഭാവത്തോടെയാണ്. കാര്‍ഷികഗവേഷണങ്ങളും നയങ്ങളുമെല്ലാം, ഉത്പാദനശേഷി കൂടുതലുള്ളതും രാസവളങ്ങളോടും കീടനാശിനികളോടും നന്നായി പ്രതികരിക്കുന്നതുമായ വിളകളെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അന്നുമുതല്‍ സാമ്പത്തിക പാക്കേജോടുകൂടിയ സാങ്കേതികവിദ്യ കര്‍ഷകരെ പുതിയ വിളസമ്പ്രദായത്തിലേക്ക് മാറാന്‍ പ്രലോഭിപ്പിക്കുന്നു. രാസവളങ്ങളുടെ പ്രചാരം കൂട്ടാനായി വര്‍ഷങ്ങളായി അവയ്ക്ക് ഉദാരപൂര്‍വ്വം സബ്സിഡി നല്‍കിവരുന്നു. എന്നാല്‍ ജൈവവളങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള സബ്സിഡികളും നല്‍കുന്നില്ല എന്നത് അവയുടെ വില വര്‍ദ്ധനവിന് കാരണമാകുന്നു.

നാടന്‍ പശുക്കള്‍ക്ക് യാതൊരുവിധ ആനുകൂല്യവും ലഭിക്കാത്തപ്പോള്‍ വിദേശ സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ആയാസരഹിതമായ ബാങ്ക്‌ വായ്പകള്‍ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു വസ്തുതയാണ്. 40ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ധവളവിപ്ലവത്തിനുശേഷം, NDDB (National Dairy Development Board) ഇന്ന് നാടന്‍ പശുക്കളുടെ ശേഷി തിരിച്ചറിഞ്ഞിരിക്കുന്നു. നാടന്‍ ഇനം പശുക്കളുടെ ക്ഷമത കൂട്ടുന്നതിനായി അവയ്ക്ക്‌ സങ്കരനത്തിനായി നാടന്‍ കാളകളെ വികസിപ്പിച്ചെടുക്കുന്നതിനായി ബോര്‍ഡ് നിക്ഷേപങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നു. കൃത്യമായ സാമ്പത്തിക സഹായവും സബ്സിഡികളും നാടന്‍ ഇനങ്ങളുടെ ഉന്നമനത്തിനായി നല്‍കിയിരുന്നെങ്കില്‍ ദശലക്ഷക്കണക്കിന് പശുക്കള്‍ തെരുവില്‍ അലഞ്ഞുനടക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല.

അതുപോലെതന്നെ, വന്‍കിട ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ക്ക് നല്‍കിയ സാമ്പത്തികസഹായവും സ്ഥിരമായ പ്രചരണവും വ്യാവസായികതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭക്ഷ്യശീലത്തിന് ഇടയാക്കി. പോഷകസമൃദ്ധമായിരുന്ന ചുവന്ന തവിടുള്ള അരിക്കു പകരം പോളീഷ് ചെയ്ത വെളുത്ത അരിയുടെ വരവ് ഇതിനുദാഹരണമാണ്. പിംഗല നിറമുള്ള പഞ്ചസാരയുടെ സ്ഥാനത്ത് വെളുത്ത പഞ്ചസാര വന്നു. ഈ വ്യാവസായിക ഉത്പന്നങ്ങള്‍ രണ്ടും പ്രമേഹരോഗത്തിന്‍റേയും മറ്റ് ജീവിതശൈലീരോഗങ്ങളുടെയും വ്യാപനത്തിന് കാരണമാകുന്നതായി കരുതപ്പെടുന്നു. പക്ഷേ അമേരിക്കന്‍ ഭക്ഷ്യഭീമന്മാര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതോടെ, കൂടുതല്‍ ആഹ്ളാദകരമായ രുചിഭേദങ്ങളിലേക്ക് ആരേയും പെട്ടെന്ന് വിശ്വസിക്കുന്ന ഉപഭോക്താക്കളെ അടര്‍ത്തി മാറ്റാനുള്ള ശ്രമമായിരിക്കും ഉണ്ടാവുക. ഉദാഹരണത്തിന് അമേരിക്കയിലെ ഒരാവറേജ് വാള്‍-മാര്‍ട്ട് സ്റ്റോറിന്‍റെ ഷെല്‍ഫില്‍ 40000 ല്‍ലധികം ഭക്ഷ്യ ഉത്പന്നങ്ങള്‍ കാണാമെന്ന് പറയുമ്പോള്‍ ആ രാജ്യം നേരിടുന്ന ആരോഗ്യ ദുരന്തത്തില്‍ ഒരത്ഭുതവുമില്ല.

അനാരോഗ്യകരമായി സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കൂടുന്തോറും സമ്പദ്വ്യവസ്ഥയുടെ നേട്ടവും വര്‍ദ്ധിക്കും. സംസ്കരിച്ചതും പോഷകം കുറഞ്ഞതുമായ ഉത്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കപ്പെടുന്തോറും മരുന്നുകളും വര്‍ദ്ധിക്കും. വര്‍ദ്ധിക്കുന്ന സുഖസൗകര്യങ്ങള്‍ ആശുപത്രി സന്ദര്‍ശനത്തിന്‍റെ എണ്ണവും കൂട്ടും. മറ്റൊരര്‍ത്ഥത്തില്‍ മരുന്നു വ്യവസായം ഭക്ഷ്യവ്യവസായത്തിന്‍റെ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നു സാരം. മരുന്നുവ്യവസായത്തിന്‍റെ വളര്‍ച്ച കൂടുന്തോറും സാമ്പത്തികമേഖലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വ്യവസായത്തിന്‍റെ പങ്ക് വലുതാകും. ഭാവിയില്‍ ഭക്ഷ്യ, ആരോഗ്യ, ഇന്‍ഷുറന്‍സ് വ്യവസായങ്ങള്‍ പരസ്പര ബന്ധിതമായിരിക്കും. അമേരിക്കന്‍ ഇന്‍ഷുറന്‍സ് മേഖല പ്രതിവര്‍ഷം 2 ബില്ല്യന്‍ ഡോളര്‍ വീതം ഭക്ഷ്യമേഖലയില്‍ മുടക്കുമ്പോഴും ആശ്ചര്യം തോന്നാത്തത് അതുകൊണ്ടാണ്‌.

ഭക്ഷ്യ വിതരണത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളുടെ താത്പര്യങ്ങളുടെ സംരക്ഷകരാണ്. ലോക ബാങ്ക്/IMF, ലോക വ്യാപാര സംഘടന, സ്വതന്ത്ര വ്യാപാര കരാറുകള്‍ കൂടാതെ വാള്‍സ്ട്രീറ്റുമാണ് നിയമങ്ങള്‍ നിര്‍വചിക്കുന്നത്. വാള്‍സ്ട്രീറ്റില്‍നിന്നു ഭക്ഷ്യവസ്തുക്കളെ ഒഴിവാക്കുക എന്നതാണ് വെല്ലുവിളി. നിലനില്ക്കുന്ന ബദലുകളുടെ കണ്ടെത്തലിലൂടെയും പ്രതിദിന പാചകരീതിയുടെ തിരിച്ചുവരവിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രോത്സാഹനത്തിലൂടെയും മാത്രമേ ഇത് നേടാനാവൂ. ലോകം ഒരിക്കല്‍കൂടി ഭക്ഷ്യക്ഷാമത്തിന്‍റെ പടിവാതിക്കല്‍ എത്തുന്ന, ജീവിതശൈലീ രോഗങ്ങള്‍ ക്രമാതീതമായി പെരുകുന്ന കാലത്ത് പ്രകൃതിദത്തമായ കൃഷിരീതിയിലും പരമ്പരാഗതമായ ഭക്ഷണങ്ങളിലും അഭിമാനിക്കുന്ന, ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തുന്ന കാലം സംജാതമാകും. ഭക്ഷണത്തിന്‍റെ ഭീഷണിയില്‍ 99 ശതനാനം പേരും ജാഗരൂകരാകണം.

മണ്ടന്‍ സാമ്പത്തികശാസ്ത്രം: ഭക്ഷ്യപ്പെരുപ്പത്തിന് പട്ടിണിക്കാരനെയും പാവപ്പെട്ടവനെയും പഴിക്കുന്നു

ഇന്ത്യന്‍ സാമ്പത്തികവളര്‍ച്ചയുടെ വൃത്തികെട്ട അന്തര്‍ഭാഗങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആസൂത്രകര്‍ ഭക്ഷ്യപ്പെരുപ്പത്തിന്‍റെ പട്ടിക നിരത്തി ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കി.

മൊണ്ടേസിംഗ് അലുവാലിയ കുറച്ചുകാലമായി ഇന്ത്യന്‍ ആസൂത്രണപ്രക്രിയയുടെ ചുക്കാന്‍ പിടിച്ചു വരുകയാണ്. അദ്ദേഹം ഇന്ത്യന്‍ പ്ളാനിങ്ങ് കമ്മീഷന്‍റെ ഡപ്യൂട്ടി ചെയര്‍മാനായിരുന്ന കാലത്താണ് ഇന്ത്യ ദാരിദ്ര്യത്തിന്‍റെ ചെളിക്കുണ്ടിലേക്ക് തള്ളപ്പെട്ടുതുടങ്ങിയത്‌. ലോകത്തിലെ ഏറ്റവും വലിയ ദരിദ്രജനസംഖ്യയോടെ, Global Hunger Index 2010-ല്‍ ഇന്ത്യ സ്ഥാനംപിടിച്ചു. ഭക്ഷ്യപ്പെരുപ്പത്തിന്‍റെ വളര്‍ച്ചയ്ക്ക് പട്ടിണിക്കാരനെ അലുവാലിയ കുറ്റപ്പെടുത്തിയതു വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. യോജനാഭവന്‍റെ ദന്തഗോപുരത്തില്‍ ജീവിക്കുന്ന ഒരുവനില്‍നിന്നും ഇതിലേറെ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ ഓണംകേറാമൂലകളില്‍ പട്ടിണി അനുഭവിച്ചു ജീവിക്കുന്നവര്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതിനാലാണ് ആഹാരസാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നത് എന്നു പറയാന്‍ അദ്ദേഹത്തിനുണ്ടായ ഉളുപ്പില്ലായ്മയും ധാര്‍ഷ്ട്യവും തീര്‍ച്ചയായും എന്നെ ആശ്ചര്യപ്പെടുത്തുകതന്നെചെയ്തു.

ഏതാനും വര്‍ഷം മുമ്പ് മുന്‍ യു. എസ. പ്രസിഡന്‍റ് ജോര്‍ജ് ബുഷ് 2007-ലെ ആഗോള ഭക്ഷ്യ പ്രതിസന്ധിക്കു കാരണം ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളാണെന്നു ലജ്ജാകരമായ പ്രസ്താവന നടത്തുകയുണ്ടായി. ഇന്ത്യാക്കാര്‍ കൂടുതല്‍ ആഹാരം കഴിക്കുന്നതിനാലാണ് ആ പ്രതിസന്ധിയുണ്ടായതെന്നായിരുന്നു അദ്ദേഹവും പറഞ്ഞത്. ഒരഭിമുഖത്തില്‍ ഞാനതിനു മറുപടി പറഞ്ഞത് അമേരിക്കക്കാര്‍ കഴിക്കുന്നത്ര ആഹാരം ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണരും കഴിക്കാനിടയായാല്‍ അവര്‍ ചന്ദ്രനില്‍പോയി കൃഷി ചെയ്യേണ്ടിവരും എന്നായിരുന്നു.

Featured Posts

bottom of page