
ചരിത്രത്തിന്‍റെ ലക്ഷ്യം യുഗാന്ത്യപൂര്‍ത്തീകരണമാണെന്നു വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. അതുപോലെ തന്നെ ചരിത്രത്തിനും ലോകത്തിനും പരമമായ ഒരു ഭാവിയുണ്ടെന്നതും ഒരു ആരംഭമുണ്ടായിരുന്നുവെന്നതും നമ്മുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ചരിത്രത്തിനും ഈ ലോകത്തി നും ഒരു അവസാനമുണ്ടോ? ഒരിക്കല്‍ ഇവ രണ്ടും ഇല്ലാതായിത്തീരുമോ? ഇതേപ്പറ്റി ബൈബിള്‍ പണ്ഡിതന്മാര്‍ക്കും ദൈവശാസ്ത്രജ്ഞന്മാര്‍ക്കും ഒരേ അഭിപ്രായമല്ല ഉള്ളത്.
ചരിത്രത്തെപ്പറ്റിയുള്ള ബൈബിളിന്‍റെ വീക്ഷണം പൗരാണികരുടെ വീക്ഷണത്തില്‍നിന്നു വ്യത്യസ്തമാണ്. പൗരാണികരെ സംബന്ധിച്ചിടത്തോളം ചരിത്രം നിരന്തരം ചാക്രികമായി കറങ്ങുന്ന ഒരാവര്‍ത്തന പ്രക്രിയയാണ്. ഒരു വൃത്തമാണ് ഈ ചരിത്രഗതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം. 'നിത്യപുനരാഗമനത്തിന്‍റെ മിത്ത്' എന്നാണ് ചരിത്രനരവംശശാസ്ത്രജ്ഞനായ മിര്‍സെയാ ഏലിയാല്‍ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. എല്ലാം വിധികല്പിതമായി കാണുന്ന ഒരു മനോഭാവം അന്നത്തെ മതാവബോധത്തിലും തത്ത്വചിന്തയിലും സാഹിത്യത്തിലുമെല്ലാം പ്രതിഫലിക്കുവാന്‍ കാരണം ഈ ചരിത്രവീക്ഷണമാണ്. ജീവിതംതന്നെ ജനിമൃതികള്‍ക്കിടയിലുള്ള ഒരിടവേളയാണ് ഈ വീക്ഷണത്തില്‍. എന്നാല്‍, ബൈബിള്‍ ചരിത്രത്തെ കാണുന്നത് മുമ്പോട്ടു നീങ്ങുന്നതും ആരംഭവും അവസാനവുമുള്ളതുമായ ഒരു തിരശ്ചീനരേഖ പോലെയാണ്. ചരിത്രത്തിന് ഒരു ലക്ഷ്യമുണ്ട്. ഈ ലക്ഷ്യത്തിലേക്കാണ് എല്ലാം മുന്നേറുന്നത്. ചരിത്രഗതിക്ക് എവിടെയോ ഒരു അവസാനമുണ്ടാകുമെന്ന പ്രതീതിയാണ് ഇതുളവാക്കുക.
'അന്ത്യം' എന്ന വാക്ക് വിവിധാര്‍ത്ഥങ്ങളില്‍ നാം ഉപയോഗിക്കാറുണ്ട്. കാലികമായ അവസാനമെന്നതാണ് ഒരര്‍ത്ഥം. 'ലക്ഷ്യം' എന്ന അര്‍ത്ഥവുമുണ്ട് ഈ വാക്കിന്. ലോകത്തെയും മനുഷ്യനെയും സൃഷ്ടിച്ചപ്പോള്‍ ദൈവത്തിനുണ്ടായിരുന്ന ലക്ഷ്യം എന്ന അര്‍ത്ഥത്തിലും ലോകത്തിന്‍റെ അന്ത്യമെന്നു പറയുവാന്‍ കഴിയും. ഈ വൈവിധ്യം കാരണം ചരിത്രത്തിന്‍റെയും ലോകത്തിന്‍റെയും അന്ത്യത്തെപ്പറ്റി ബൈബിള്‍ പണ്ഡിതന്മാരും ദൈവശാസ്ത്രജ്ഞന്മാരും വ്യത്യസ്ത വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. ബൈബിള്‍ മൗലികവാദികളുടെ അഭിപ്രായത്തില്‍, ഭീകരമായ ഒരഗ്നിപ്രളയത്തില്‍ ലോകം ദഹിച്ച് ഇല്ലാതായിത്തീരും. വി. പത്രോസിന്‍റെ രണ്ടാമത്തെ ലേഖനം 3:7-13 തുടങ്ങിയ ബൈബിള്‍ ഭാഗങ്ങളാണ് ഇതിന് ഉപോത്ബലകമായി അവര്‍ കൊണ്ടുവരിക. ഏറെക്കുറെ ഇതാണ് സാധാരണ ജനങ്ങളുടെ സങ്കല്പവും. എന്നാല്‍, സൂര്യന്‍റെ ഉഗ്രമായ ചൂടുകൊണ്ട് ഭൂമിയിലെയും വായുവിലെയും ഈര്‍പ്പം ഇല്ലാതാകുകയും മൂലധാതുക്കള്‍ മുഴുവന്‍ അഗ്നിയാല്‍ ദഹിപ്പിക്കപ്പെട്ട് ഭൂമി എരിഞ്ഞടങ്ങി അപ്രത്യക്ഷമാകുകയും ചെയ്യുമെന്ന അഭിപ്രായത്തെ 1459ല്‍ പീയൂസ് രണ്ടാമന്‍ മാര്‍പാപ്പ തിരസ്കരിക്കുകയുണ്ടായി. ദൈവം സൃഷ്ടിച്ച യാതൊന്നിനെയും അവിടുന്ന് ഒരിക്കലും ഇല്ലായ്മ ചെയ്യുകയില്ല എന്നത്രേ വി. തോമസ് അക്വീനാസ് പറയുന്നത്.
ബൈബിള്‍ പണ്ഡിതനായിരുന്ന ഏണസ്റ്റ് ലൂസിയര്‍ പറയുന്നത്, ഭൗതികലോകത്തിന്‍റെ ഭാവിയെപ്പറ്റി ബൈബിള്‍ ഒന്നും പറയുന്നില്ല എന്നാണ്. അന്ത്യദിനത്തിലെ അഗ്നിദഹനത്തെപ്പറ്റിയുള്ള ബൈബിള്‍ വാക്യങ്ങള്‍ പ്രപഞ്ചത്തിന്‍റെ വിനാശത്തെയല്ല, ദൈവികവിധിയുടെയും നീതിയുടെയും അപ്രതിഹതമായ ശക്തിയെയും വിജയത്തെയുമാണ് സൂചിപ്പിക്കുന്നത്. ബൈബിളിന്‍റെ ഉദ്ദേശ്യം ഭൗതികപ്രപഞ്ചത്തിന്‍റെ ഭാവിയെപ്പറ്റി അറിവു പകരുകയല്ല, ക്രിസ്തുനാഥന്‍റെ ദ്വിതീയാഗമനത്തെപ്പറ്റി പ്രഘോഷിക്കുകയത്രെ. ആല്‍ഫ്രെഡ് വിന്‍കല്‍ ഹോഫര്‍ പറയുന്നത്, ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവ് ചരിത്രത്തിന്‍റെയും ലോകത്തിന്‍റെയും ഇന്നത്തെ നിലയ്ക്കു വിരാമമിടുന്നുണ്ടെങ്കിലും അത് ലോകത്തിന്‍റെ സ്വാഭാവികമായ അവസാനമായിരിക്കുമെന്ന് അര്‍ത്ഥമില്ല എന്നാണ് നാം പ്രതീക്ഷിക്കുന്നത്. "പുതിയ ആകാശവും പുതിയ ഭൂമിയുമാണ്," ലോകത്തിന്‍റെ ഉന്മൂലനമല്ല. മറ്റൊരു ബൈബിള്‍ വിദഗ്ദ്ധനായ അന്‍റോണ്‍ ഫോഗ്റ്റ്ലെയുടെ അഭിപ്രായത്തില്‍, ചരിത്രത്തിന്‍റെയും ലോകത്തിന്‍റെയും ഭാവിയെയോ അവസാനത്തെയോ സൂചിപ്പിക്കുന്ന യാതൊന്നും ബൈബിളില്‍ ഇല്ല. ചരിത്രവും ലോകവും അവസാനിക്കുമെന്ന് നമുക്കു പറയാനാവില്ല. ദൈവശാസ്ത്രവിചിന്തനത്തിലൂടെ ഗിസ്ബെര്‍ട്ട് ഗ്രെസ്ഹാക്കും ഇതേ നിഗമനത്തിലാണ് എത്തിച്ചേരുന്നത്.
എന്നാല്‍ ദൈവശാസ്ത്രവിദഗ്ദ്ധരായ വോള്‍ഫ് ഹാര്‍ട്ട് പന്നന്‍ബെര്‍ഗ്, കാള്‍റാനര്‍, ജോസഫ് റാറ്റ്സിങ്ങര്‍ തുടങ്ങിയവര്‍ പറയുന്നത് ചരിത്രത്തിനും ലോകത്തിനും കാലികമായ ഒരവസാനം ഉണ്ടായിരിക്കണമെന്നാണ്. പന്നന്‍ബെര്‍ഗിന്‍റെ അഭിപ്രായത്തില്‍ സാര്‍വ്വത്രിക ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമേ ദൈവശാസ്ത്രത്തെ മനസ്സിലാക്കാന്‍ കഴിയൂ. ദൈവിക വെളിപാടു മാത്രമല്ല, യാഥാര്‍ത്ഥ്യമൊന്നാകെ വിടരുന്നത് ചരിത്രത്തിലത്രേ. ചരിത്രത്തിന് അര്‍ത്ഥവും പൂര്‍ണ്ണതയും കൈവരുന്നത് കാലത്തിലൂടെ അതു നീങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷ്യപ്രാപ്തിയില്‍ നിന്നാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ചരിത്രത്തിന്‍റെ അര്‍ത്ഥവും പൂര്‍ണതയും നാം പ്രതീക്ഷിക്കുന്നത് ഭാവിയില്‍ നിന്നാണ്. അതാണല്ലോ ദൈവരാജ്യത്തെപ്പറ്റിയുള്ള യേശുവിന്‍റെ പ്രഘോഷണവും സൂചിപ്പിക്കുന്നത്. ഭാവിയെന്നു പറയുമ്പോള്‍ കാലികമായ സമയവും അതിലുള്‍പ്പെടും. ഇന്നു യാഥാര്‍ത്ഥ്യങ്ങളുടെ അനുഭവം നമുക്കുണ്ടാകുന്നത് കാലദേശപരിധികള്‍ക്കുള്ളിലാണ്. സാര്‍വ്വത്രിക ചരിത്രത്തിന്‍റെ പൂര്‍ത്തീകരണത്തിന് കാലദേശപരിധികളെ അതിലംഘിക്കുക ആവശ്യമാണ്. അതിനാല്‍ ചരിത്രത്തിനു കാലികമായ ഒരവസാനം നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
കാള്‍റാനറുടെ വാദഗതിയും ശ്രദ്ധേയമാണ്. ക്രൈസ്തവവിശ്വാസമനുസരിച്ച്, രക്ഷ ലോകത്തില്‍നിന്നുള്ള രക്ഷപെടലല്ല, ലോകത്തിന്‍റെ രക്ഷയാണ്. ദൈവശാസ്ത്രം ലോകത്തിന്‍റെ ഭാവിയെപ്പറ്റി പറയുമ്പോള്‍, അതു വെറും സാങ്കല്പികമായ ഒരു ഭാവിയല്ല. പ്രത്യുത ഗതകാലത്തില്‍നിന്നു വര്‍ത്തമാനകാലത്തിലൂടെ ഭാവിയിലേക്കുള്ള യഥാര്‍ത്ഥമായ ഒരു കടന്നുവരവാണ്. ലോകത്തിന്‍റെ അന്തിമമായ അവസ്ഥ ഇനിയും വന്നുചേര്‍ന്നിട്ടില്ല. ഒരിക്കല്‍ അതു തീര്‍ച്ചയായും വന്നുചേരും. "ഈ ലോകത്തിനു മുഴുവന്‍ ഒരു ആരംഭവും ഒരു ചരിത്രവുമുണ്ട്. ഒരു ബിന്ദുവിലേക്ക് അതു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ബിന്ദു അതിന്‍റെ അസ്തിത്വത്തിന്‍റെ അവസാനമായിരിക്കില്ല, പക്ഷേ അതിന്‍റെ അപൂര്‍ണ്ണവും നിരന്തരം സ്വയം തുടര്‍ച്ച തേടുന്നതുമായ ചരിത്രത്തിന്‍റെ അവസാനമായിരിക്കും. പൂര്‍ണതയിലേക്കുള്ള പൂര്‍ത്തിയാകാത്ത പ്രയാണമാണ് ചരിത്രം. പൂര്‍ണത സാക്ഷാത്കരിക്കപ്പെടുമ്പോള്‍ പ്രയാണം അവസാനിക്കും. അങ്ങനെ ചരിത്രത്തിന് അന്ത്യമുണ്ടാകും. കാലികമായ അര്‍ത്ഥത്തിലും ലക്ഷ്യപ്രാപ്തിയെന്ന അര്‍ത്ഥത്തിലും."
ജോസഫ് റാറ്റ്സിങ്ങറുടെ വാദഗതിയും ഏറെക്കുറെ ഈ ദിശയില്‍ തന്നെയാണ്. ചരിത്രത്തിനുള്ളിലും ചരിത്രത്തിന്‍റേതായ മാര്‍ഗ്ഗങ്ങളിലൂടെയും പൂര്‍ണ്ണതയിലെത്തിച്ചേരാന്‍ ലോകത്തിനാവില്ലെന്നു വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവില്‍ വിജയക്കൊടി ചൂടിയ അനശ്വരമായ ദൈവസ്നേഹത്തിലൂടെ മാത്രമേ ലോകം അതിന്‍റെ ആത്യന്തികമായ ലക്ഷ്യത്തിലെത്തിച്ചേരുകയുള്ളൂവെന്നതും നമ്മുടെ വിശ്വാസമാണ്. സ്വത്വത്തിന്‍റെ അതിരുകളെ അതിലംഘിച്ച് സ്വയം കവിഞ്ഞുയരുന്നെങ്കില്‍ മാത്രമേ ചരിത്രത്തിനു പൂര്‍ണതയിലെത്തിച്ചേരാനാവൂ. "ഈ സമയം കവിഞ്ഞുയരല്‍ - അതു സംഭവിക്കുന്നില്ലെങ്കില്‍ ലോകം തന്നെ നിരര്‍ത്ഥകമാണ് - ചെന്നെത്തുന്നത് ശൂന്യതയിലേക്കല്ല എന്നതിന് ഉത്ഥിതനായ ക്രിസ്തുതന്നെയാണ് ജീവിക്കുന്ന ഉറപ്പ്. അതിനാല്‍ ചരിത്രത്തെ ഫലപ്രദമായി ജീവിക്കാമെന്നും നമ്മുടെ നിസ്സാരവും പരിമിതവും യുക്ത്യനുസൃതവുമായ പരിശ്രമങ്ങള്‍ പാഴായി പോകുകയില്ലെന്നുമുള്ള പ്രതീക്ഷയ്ക്കും ഉറപ്പ് അവിടുന്നുതന്നെ. ഇങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തെ അതിന്‍റെ തന്നെ വഴിക്കു നിരുപാധികം വിട്ടുകൊടുക്കുന്നതാണ് അന്തിക്രിസ്തു." ചരിത്രത്തിന് അവസാനമില്ലെങ്കില്‍, അടിസ്ഥാനപരമായി അതിന് നിര്‍ണ്ണായകമായ അര്‍ത്ഥവും ഉണ്ടായിരിക്കുകയില്ല.
ഏതായാലും ലോകാവസാനത്തെപ്പറ്റി ബൈബിളില്‍ നാം വായിക്കുന്ന ഭീകരദുരന്തങ്ങളും മറ്റും രൂപകങ്ങളും പ്രതീകങ്ങളുമാണ്. ലോകാവസാനത്തെപ്പറ്റിയുള്ള പ്രവചനങ്ങളോ വര്‍ണ്ണനകളോ അല്ല. അതേസമയം ചരിത്രത്തിന്‍റെ ലക്ഷ്യത്തെയും തിന്മയുടെമേലുള്ള ദൈവത്തിന്‍റെ അന്തിമവിജയത്തെയും ക്രിസ്തുവിലൂടെ അവിടുന്നു നല്കുന്ന പരമമായ ഭാവിയെയും രക്ഷയെയും പറ്റി അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ നിരുപാധികമായ സ്നേഹത്തിന്‍റെ ഫലമായ ഈ ലോകം അതിന്‍റെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന സന്ദേശവും അവ നമുക്കു നല്കുന്നു.