top of page

പ്രണയത്തിന്‍റെ ജീവരസങ്ങള്‍

Feb 3, 2022

3 min read

ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Picture that shows that the heart is hurt

സ്വയം പ്രകാശിപ്പിക്കുക എന്നതല്ലാതെ പ്രണയത്തിന് മറ്റൊരു തൃഷ്ണയില്ല. അഥവാ ചില ആഗ്രഹങ്ങളെ എന്നിട്ടും നിലനിര്‍ത്തണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അതങ്ങനെയാവട്ടെ.

ഒരരുവിപോലെ രാവിനോട് കിന്നാരം ചൊല്ലി ഒഴുകുക. മൃദുലമായിരിക്കുന്നതിന്‍റെ നൊമ്പരമറിയുക. പ്രണയത്തിന്‍റെ ആത്മപാഠങ്ങളില്‍ പരിക്കേല്‍ക്കുക.അവബോധത്തോടും ആനന്ദത്തോടും ചോര പൊടിയുക.വിരിഞ്ഞ മനസ്സോടെ പുലരിയില്‍ ഉണരുക. പ്രണയസുഗന്ധമുള്ള മറ്റൊരു ദിനത്തിന് കൃതജ്ഞത പറയുക. മധ്യാഹ്നത്തില്‍ വെറുതെയിരുന്ന് പ്രണയസമാധിയെ ധ്യാനിക്കാനും, അന്തിയില്‍ നമ്രതയോടെ വീടണയാനും, പ്രിയമുള്ളൊരാള്‍ക്ക് ചങ്കില്‍ പ്രാര്‍ത്ഥനയും ചുണ്ടില്‍ സ്തുതിഗീതവുമായി മിഴിപൂട്ടാനും. (പ്രണയം, ഖലീല്‍ ജിബ്രാന്‍)ഖലീല്‍ ജിബ്രാന്‍ പ്രണയത്തെക്കുറിച്ച് കുറിച്ചിട്ട ഈ വരികള്‍ മനോഹരമാണ്.

പ്രണയമെന്ന മാസ്മരിക കാന്തികവലയത്തെക്കുറിച്ച് എത്ര മനോഹരമായാണ് ജിബ്രാന്‍ സംസാരിക്കുന്നത്. സ്നേഹമെന്ന തടിച്ച പുസ്തകത്തിലെ വര്‍ണചിത്രങ്ങളുള്ള ചെറിയ അദ്ധ്യായമാണ് പ്രണയം. ഒരു മനുഷ്യനും ആയുസ്സിന്‍റെ വഴികളില്‍ ഏതെങ്കിലും പ്രണയതീരങ്ങളിലടുക്കാതെ കടന്നുപോകുന്നില്ല. മനുഷ്യനായി വളര്‍ന്നു പന്തലിക്കുന്നതിനിടയില്‍ അവഗണിക്കാനാവാത്ത പ്രണയത്തിന്‍റെ ജീവരസങ്ങള്‍ നമ്മുടെ ചില്ലകളിലേയ്ക്ക് അറിഞ്ഞും അറിയാതെയും ഒഴുകിയെത്തുന്നുണ്ട്. ഹൃദയഹാരിയായ പ്രകൃതിക്കാഴ്ചകള്‍പോലെ മനസ്സിന്‍റെ ജാലകങ്ങള്‍ക്കപ്പുറത്ത് നിറമുള്ള ഒരുപാട് കാഴ്ചകള്‍ പ്രണയം കൊണ്ടുവരുന്നു.

ഫെബ്രുവരി മാസത്തിന്‍റെ പകുതിയില്‍ ആഘോഷിച്ചിരുന്ന റോമന്‍ ഉത്സവമായ ലൂപെര്‍കാലിയ (lupercalia)), വാലന്‍റൈന്‍സ് ഡേയ്ക്ക് അടിസ്ഥാനമായതില്‍ വസന്തമെന്ന പ്രകൃതി പ്രതിഭാസത്തിനും സ്ഥാനമുണ്ട്. ഫലദായകത്വാചാരങ്ങളുമായി (fertility rites) ബന്ധപ്പെട്ട് വസന്തകാലത്തിന്‍റെ ആരംഭത്തില്‍ നറുക്കുവീഴുന്ന സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചുവരുന്ന പതിവ് ലൂപെര്‍കാലിയ ഉത്സവത്തിലുണ്ടായിരുന്നു. ഗെലേഷ്യന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയാണ് അഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനം ഈ പതിവ് നിര്‍ത്തലാക്കിയത്. ലൂപെര്‍കാലിയയ്ക്കു പകരം അദ്ദേഹം വിശുദ്ധ വാലന്‍റൈനെ ഈ ദിനത്തില്‍ അനുസ്മരിക്കാന്‍ കല്‍പ്പനയിട്ടു. പതിനാലാം നൂറ്റാണ്ടുവരെ ഇന്ന് നാം കാണുന്നതുപോലെ പ്രണയവുമായി ബന്ധപ്പെടുത്തി വലന്‍റൈന്‍സ് ഡേ ആഘോഷിച്ചിരുന്നില്ല. വിശുദ്ധന്മാരായ മൂന്നു വ്യത്യസ്ത വാലന്‍റൈന്‍മാരെ ഈ ദിനവുമായി ബന്ധിപ്പിച്ച് കാണുന്നുണ്ടെങ്കിലും,  യുദ്ധത്തില്‍ നിന്ന് പുരുഷന്‍മാര്‍ ഒഴിവാക്കപ്പെടുന്നതിനായി റോമാ ചക്രവര്‍ത്തിയുടെ കല്‍പന ധിക്കരിച്ച് രഹസ്യമായി കമിതാക്കളെ വിവാഹം കഴിപ്പിച്ചിരുന്ന ഒരു 'വിശുദ്ധ വാലന്‍റൈ'ന്‍റെ കഥകളാണ് കൂടുതല്‍ പ്രചാരത്തില്‍. അങ്ങനെയാണ് ഫെബ്രുവരി 14 പ്രണയവുമായി ബന്ധപ്പെട്ട ദിനമായി പരിണമിക്കുന്നത്.

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും പോലെ ഉടല്‍ പുഷ്പിക്കുന്ന ഒരു കാലം മനുഷ്യനുമുണ്ട്. ശരീരത്തിന്‍റെ വസന്തകാലം. അവിടെ നിന്നാണ് ശരീരഗന്ധിയായ സ്നേഹത്തിന്‍റെ സൂക്ഷ്മതലങ്ങളറിയാന്‍ നമ്മളാരംഭിക്കുന്നത്. ഉടല്‍ ഒരാളെ പ്രലോഭിപ്പിക്കാനാരംഭിക്കുന്നു. ജീവനേകുക എന്ന പ്രകൃതിയുടെ ഏറ്റം രഹസ്യാത്മകമായ നിയോഗത്തിലേയ്ക്ക് മനുഷ്യന്‍റെ ഉടലുണരുന്നു. മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യരെ വ്യത്യസ്തരാക്കി നിര്‍ത്തുന്ന, മനസ്സും, സ്നേഹിക്കുവാനുള്ള കഴിവും, വൈകാരികതയുടെ വിഹായസ്സുകളിലൂടെ അവരെ കൊണ്ടുപോകുന്നു. സ്വയം കണ്ടെത്താനും ബന്ധങ്ങളുടെ അടരുകള്‍ പരിശോധിക്കുവാനും ആരംഭിക്കുന്ന ഒരു കാലംകൂടിയാണ് ഇവിടെ തെളിയുന്നത്. ഇണചേരാനുള്ള സ്വാഭാവികവാസനകളുടെ ചാരുതയ്ക്ക് സ്നേഹത്തിന്‍റെ ചിറകുകള്‍ ലഭിക്കുമ്പോഴാണ് അനുരാഗത്തിന്‍റെ വഴികളിലൂടെ ഒരാള്‍ സഞ്ചരിച്ചു തുടങ്ങുക. എന്നിരുന്നാലും പ്രണയം യൗവനത്തിന്‍റെ മാത്രം ഭാവമല്ല. അസാധാരണമായ സ്നേഹത്തിന്‍റെ സൂക്ഷ്മഭാവങ്ങളെ വിരിയാക്കാനുള്ള മാന്ത്രികത അതിനുണ്ട്. ശരീരത്തിനും ഭൗതികതയ്ക്കുമപ്പുറത്തേയ്ക്ക് വളരാന്‍ അതിനു കഴിയും.

പ്രണയം തീര്‍ച്ചയായും പരിക്കേല്‍പ്പിക്കുന്നതാണ്. സ്നേഹത്താല്‍ മുറിയപ്പെടുന്നില്ലെങ്കില്‍ ജീവിതത്തില്‍ ആരും സ്ഫുടം ചെയ്തെടുക്കപ്പെടുന്നില്ല. അഹംബോധത്തിനപ്പുറത്ത് അപരബോധത്തിലേയ്ക്കും ആത്മബോധത്തിലേയ്ക്കും സ്നേഹം നമ്മെ നയിക്കണം. ഇന്ദ്രിയങ്ങളുടെ ജാലകങ്ങള്‍ തുറന്നുനില്‍ക്കുന്ന നമ്മുടെ മുമ്പില്‍ നമ്മെ ആകര്‍ഷിച്ച് ഒരുപാടു മനുഷ്യര്‍ കടന്നുവരും. ലിംഗബോധത്തില്‍ നിന്ന് വിസ്മയം നിറഞ്ഞ മിഴികളോടെ നോക്കുമ്പോള്‍   പരസ്പരപൂരകമായ വ്യക്തിത്വങ്ങളുടെ ഭംഗി നമ്മെ വിസ്മയിപ്പിക്കുകയും ചില ഇഷ്ടങ്ങള്‍ മനസ്സിനെ തരളിതമാക്കുകയും ചെയ്യും. അങ്ങനെയാണ് അനുരാഗത്തിന്‍റെ കടവില്‍ നിന്ന് തീര്‍ച്ചയില്ലാത്ത യാത്രയ്ക്കായി നാം തോണിയിറക്കുന്നത്. സ്നേഹത്തിന്‍റെ ഒരുപാട് കാണാക്കാഴ്ചകളാണ് പ്രണയം സമ്മാനിക്കുന്നത്. അത് അനിശ്ചതത്വങ്ങളിലൂടെയും നൊമ്പരങ്ങളിലൂടെയും ഉള്ള ഒരു യാത്രയാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെ പ്രകാശിപ്പിക്കുന്ന സ്നേഹത്തിന്‍റെ ആരാധനയാണ് പ്രണയം. ശരീരത്തില്‍ തുടങ്ങി ആത്മാവിലവസാനിക്കേണ്ട തിരിച്ചറിവുകളുടെ ആഘോഷമാണത്. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേയ്ക്ക് വലിച്ചു കെട്ടിയ നൂല്‍പ്പാലങ്ങളിലൂടെ സാഹസികമായിത്തന്നെ പ്രണയിനികള്‍ നടക്കുന്നു. അന്തരാത്മാവിലെവിടെയോ തനിക്കില്ലാത്ത ഒരു മറുപാതിയെ അന്വേഷിക്കുന്നു.കൗമാരത്തിലാണ് ഒരാളുടെ ലിംഗബോധത്തിലൂന്നിയ തനിമ തെളിഞ്ഞു തുടങ്ങുന്നത്. കുട്ടി എന്ന ലേബലില്‍ നിന്ന് പുരുഷനായും സ്ത്രീയായും മാറുന്ന, ആശയക്കുഴപ്പങ്ങളുടെയും, പുഷ്പിക്കലിന്‍റെയും കാലം. പുതിയ ജാലകങ്ങളൊക്കെത്തുറന്ന് പുതിയ വായുവിനെ ഉള്ളില്‍ സ്വീകരിക്കുകയും പുതിയ കാഴ്ചകള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു, ഇക്കാലത്ത്. ഇണയെത്തേടുന്നതും പ്രണയിക്കുന്നതും വിലക്കപ്പെട്ടിരുന്ന സംസ്കാരം അന്യമായിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്നും പൊതുചിന്താധാരയില്‍ പ്രണയം ശരിയായി അംഗീകരിക്കപ്പെടുകയും സംസാരിക്കപ്പെടുകയും പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നില്ല. അതിനുള്ള മാനസിക പക്വത അധികം മലയാളികള്‍ക്കും ഇല്ലെന്നു തോന്നാറുണ്ട്. മതങ്ങള്‍ പൊതുവെ പ്രണയത്തിനെതിരായിരുന്നു എന്നതും ഇതിനൊരു കാരണമായിരിക്കാം. ബൈബിളിന്‍റെ ആദ്യപുസ്തകം മുതല്‍ അനുരാഗം ആഘോഷിക്കപ്പെടുമ്പോള്‍ വേലിക്കെട്ടുകള്‍ കൊണ്ട് അതിനെ പ്രതിരോധിക്കുകയായിരുന്നില്ലേ നാം? സ്വാതന്ത്ര്യം ജീവിക്കാനും ആസ്വദിക്കാനും കഴിവില്ലാത്ത ഒരു ജനതയായി 'ഭയത്തിന്‍റെ തേരില്‍ യാത്രചെയ്യുന്നവരല്ലേ നാം?

 

കപടമായ സദാചാരബോധവും സ്വാതന്ത്ര്യം നല്‍കാത്ത ഉടമസ്ഥതാബോധവും(possessiveness) അപക്വമായ സാമൂഹിക ബോധമാണ് എന്നും സൃഷ്ടിക്കുക. രണ്ട് കമിതാക്കളെ കാണുമ്പോള്‍ ഉള്ളില്‍ സന്തോഷം തോന്നേണ്ടതിനു പകരം മനസ്സ് കലുഷിതമാക്കുന്നവര്‍ക്ക് ഇനിയും ഒരുപാടു ദൂരം പോകാനുണ്ട്. മറ്റുള്ളവരുടെ സന്തോഷവും സ്വാതന്ത്ര്യവും കൃതജ്ഞതയോടെ നോക്കിക്കാണാന്‍ നാം പഠിക്കുകയും എല്ലാവരെയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രണയം എപ്പോഴും തിരസ്കരിക്കപ്പെടാനുള്ള ഒരു സാധ്യതയുണ്ട്. കാരണം ഒരാളോടുള്ള ഇഷ്ടം തിരിച്ചു സംഭവിക്കണമെന്നില്ല. നിരാകരിക്കപ്പെടുന്ന പ്രണയാഭ്യര്‍ത്ഥന ഹിംസാത്മകമാകാതിരിക്കണമെങ്കില്‍ അതു മനസ്സിലാക്കാനുള്ള വൈകാരിക പക്വത പ്രണയത്തിലേര്‍പ്പെടാനാഗ്രഹിക്കുന്നവര്‍ക്കുണ്ടാകണം. സ്നേഹം പിടിച്ചുവാങ്ങിക്കേണ്ടതോ, പ്രലോഭിപ്പിച്ചു വാങ്ങിക്കേണ്ടതോ അല്ല. അതിനു സ്വാഭാവികമായ ഒരു ഭംഗി വേണം. ഒരു പൂവു വിടരുന്നതുപോലെയും കാറ്റുവീശുന്നതുപോലെയും നിര്‍മലവും സ്വച്ഛവുമാകണം. നാം സ്നേഹിക്കുന്നതെല്ലാം നമുക്കു സ്വന്തമാക്കാനാവില്ല. നാം സ്നേഹിക്കുന്നവരെയെല്ലാം സ്വന്തമാക്കാനുമാവില്ല. എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നില്ല എന്ന മാനുഷികചുറ്റുപാടിനെ ശാന്തമായി നാം അംഗീകരിക്കേണ്ടതുണ്ട്. ആകര്‍ഷണത്തിലും ആരാധനയിലുമാവാം ചില പ്രണയങ്ങളാരംഭിക്കുന്നത്. അതിലെല്ലാം ഒരുതരം മാന്ത്രികതയുമുണ്ട്. പക്ഷേ നമ്മിലേയ്ക്കു തിരിയാത്ത മനസ്സിനെ പ്രതി തലപുകയ്ക്കാതെ നമുക്കു നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയണം. ചില പ്രണയങ്ങള്‍ സൗഹൃദങ്ങള്‍ വഴിമാറി സംഭവിക്കുന്നതാണ്. പക്വമായ ഒരു ബന്ധമായി വികസിച്ച് അതു പലപ്പോഴും വിവാഹത്തിനും കുടുംബജീവിതത്തിനും കാരണമാകാം. ദീര്‍ഘനാള്‍ പ്രണയിച്ചു വിവാഹം കഴിച്ച്, അധികനാള്‍ കഴിയുന്നതിനു മുമ്പ് വേര്‍പിരിഞ്ഞ ചില വ്യക്തികളെ കാണാനിടയായിട്ടുണ്ട്. പ്രണയിക്കുമ്പോള്‍ ഒരാള്‍ തന്‍റെ സ്വഭാവത്തിന്‍റെ ഏറ്റവും നല്ല മുഖം മറ്റേയാളെ കാണിക്കുകയും വിവാഹത്തിനുശേഷം തനി സ്വഭാവം കാണിക്കുകയും ചെയ്യുന്നതുകൊണ്ടാവാം ഇത്. വിവാഹത്തിനു മുമ്പ് പ്രണയത്തില്‍ സൗഹൃദത്തിനു പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ ഡേറ്റിംഗ് പോലെയല്ലെങ്കിലും പരസ്പരം മനസ്സിലാക്കി വിവാഹത്തിലേയ്ക്കു പ്രവേശിക്കേണ്ടത് പ്രധാനപ്പെട്ടതാണ്.പ്രണയത്തെക്കുറിച്ചുള്ള പൊതുബോധ നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ശരീരവും അതിന്‍റെ ആസക്തികളും ഹിംസയും കുത്തി നിറച്ച സിനിമകള്‍ ചെറുപ്പം മുതലേ കണ്ടു ശീലിക്കുന്ന യുവത അബോധത്തിലെങ്കിലും അതേ വികാരങ്ങളെ സ്വായത്തമാക്കുകയും പുറത്തെടുക്കുകയും ചെയ്യും. നമുക്കു ചുറ്റും എത്രയോ അനുഭവങ്ങള്‍! ഇതില്‍ പലപ്പോഴും ഇരയാകുന്നതോ സ്ത്രീകളും! പുരുഷമേധാവിത്വത്തിന്‍റെ പാര്‍ശ്വഫലമായി പ്രണയവും ചിലപ്പോള്‍ പുഴുക്കുത്തുകളുള്ളതായി മാറുന്നു.

 

സ്ത്രീയുടെ സ്വാതന്ത്ര്യത്തെ പൗരുഷം കൊണ്ട് കീഴ്പ്പെടുത്തുന്നത് ഹീറോയിസം ആയി കരുതുന്ന കുറെപ്പേരെയെങ്കിലും കാണാനാവും. അത്തരം സിനിമകളും കുറവല്ല. ഇനിയും സ്വാതന്ത്ര്യത്തിന്‍റെ  ശുദ്ധവായു ശ്വസിക്കാന്‍ കഴിയാതെ ജീവിക്കുന്ന ഒരുപാട് സ്ത്രീകളെ ഓര്‍ക്കുന്നു. നമ്മുടെ സംസ്കാരം പക്വമാകട്ടെ എന്നു പ്രത്യാശിക്കുന്നു. സ്ത്രീകള്‍ ഉണരുന്ന കാലമാണിത്. സ്ത്രൈണതയുടെ ബലവും സുഗന്ധവും ഇനിയുള്ള കാലങ്ങളെ കൂടുതല്‍ ഭംഗിയുള്ളതാക്കും. ഹിംസകള്‍ക്ക് ഇരകളാകാതെ ബലമുള്ള അമ്മമാരും ഭാര്യമാരും സഹോദരിമാരും പ്രണയിനികളും പുത്രിമാരും സുഹൃത്തുക്കളുമായി സ്ത്രീകളുണരുന്ന ഒരു സംസ്കാരത്തിലേ പ്രണയത്തിനു സുഗന്ധമുണ്ടാവൂ.

പ്രണയത്തിലും വിവാഹത്തിലും ലൈംഗികതയെ അമിതപ്രാധാന്യത്തോടെ കണ്ടാല്‍ ക്രമേണ ജീവിതത്തില്‍ കല്ലുകടികളുണ്ടാവും. ഒരാളുടെ ലൈംഗികത അയാളുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. പക്ഷേ ലൈംഗികതയെക്കഴിഞ്ഞും വലുതാണ് ഒരാളുടെ തനിമ. ലൈംഗികതയുടെ നിറമുള്ള കണ്ണടകളില്ലാതെ ഒരു വ്യക്തിയുടെ കണ്ണുകളിലേയ്ക്കു നോക്കാന്‍ ഒരാളുടെ ഉള്ളം പാകപ്പെടുമ്പോഴാണ് യഥാര്‍ത്ഥ ആത്മസ്വാതന്ത്ര്യം അയാള്‍ക്ക് കൈവരുന്നത്. സ്ത്രീയാവുക, പുരുഷനാവുക എന്നതിലും വലുതാണ് മനുഷ്യനാവുക എന്നത്. സ്വന്തമാക്കാതെയും ഒരാള്‍ക്കു പ്രണയിക്കാനാവും. ഒരു പുഷ്പം ഇറുത്തു മേശപ്പുറത്തു വെയ്ക്കുന്നതിലും സന്തോഷം പൂക്കളെ കണ്ട് അവയുടെ സൗന്ദര്യം അകലെ നിന്നാസ്വദിച്ച് കടന്നുപോകുന്നതിലുണ്ടാവുമ്പോള്‍ നമ്മുടെ ഉളളില്‍ സ്നേഹം നിര്‍മലമായി എന്നര്‍ത്ഥം. സ്നേഹത്തിനു ചിറകു വരുന്നതപ്പോഴാണ്. പരസ്പരബഹുമാനത്തോടെ സൗന്ദര്യാത്മകദൂരം പാലിച്ച് സ്നേഹത്തില്‍ യാത്ര ചെയ്യാന്‍ കഴിയുക എന്നതിലും സുന്ദരമായെന്തുണ്ട്?


ജിബ്രാന്‍റെ വരികള്‍ വീണ്ടും കടമെടുക്കട്ടെ!

 

നിങ്ങള്‍ ഒരുമിച്ചു മൊട്ടിട്ടു, നിതാന്തം അങ്ങനെ തന്നെയായിരിക്കും. മരണത്തിന്‍റെ തൂവെള്ള ചിറകുകള്‍ നിങ്ങളുടെ പ്രാണനെ ചിതറിക്കുമ്പോഴും അങ്ങനെ തന്നെ, എന്തിന് ദൈവത്തിന്‍റെ നിശ്ശബ്ദ സ്മൃതിയിലും നിങ്ങള്‍ ഒരുമിച്ചായിരിക്കും.എന്നിട്ടും നിങ്ങള്‍ക്കിടയില്‍ ചില അകലങ്ങളുണ്ടാവട്ടെ. അതിനിടയില്‍ സ്വര്‍ഗീയമായ ഒരു തെന്നല്‍ വീശട്ടെ. സ്നേഹിക്കുക ഉടമ്പടികളില്ലാതെ. രണ്ട് ആത്മാക്കളുടെ കരകള്‍ക്കിടയില്‍ തിരയിളക്കുന്ന ഒരു കടലുള്ളതുപോലെ.(പരിണയം, ഖലീല്‍ ജിബ്രാന്‍).

ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR

0

0

Featured Posts

bottom of page