top of page

നാലാം വ്രതം

Oct 3, 2020

1 min read

നിബിന്‍ കുരിശിങ്കല്‍

mother theresa

കല്‍ക്കട്ടയുടെ തെരുവുകളില്‍ സാന്ത്വനത്തിന്‍റെ പ്രദക്ഷിണം നടത്തിയ ഒരു പെണ്ണുണ്ടായിരുന്നു, തെരേസ. ലോകത്തിന്‍റെ മുറിവ് വച്ച് കെട്ടാന്‍ സ്നേഹത്തിന്‍റെ വൈദ്യം ഉള്ളിലുണ്ടെന്നു പറഞ്ഞു അവര്‍ മാര്‍പാപ്പയ്ക്ക് ഒരു കത്തെഴുതുന്നുണ്ട്. ലോകത്തെ തൊട്ടു സ്നേഹിക്കാന്‍ അനുമതി തരണം എന്ന അപേക്ഷയുമായി ഒരു കത്ത്. സന്യാസ സഭകള്‍ക്കുള്ള ആ മൂന്നു വ്രതങ്ങള്‍ ക്കൊപ്പം തെരേസ ഒന്ന് കൂടി എഴുതി ചേര്‍ത്തു. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം കൂടെ അവരുടെ നാലാം വ്രതം- ദരിദ്രരില്‍ ദരിദ്രരോടു മരണം വരെ സ്നേഹം. തെരേസയുടെ ആ നാലാം വ്രതത്തില്‍ ലോകം ഇന്നും സുഖപ്പെട്ടു കൊണ്ടേയി രിക്കുന്നു.

ആരൊക്കെയോ എഴുതി വച്ചതും തുടങ്ങി വച്ചതുമായ വ്രതങ്ങളില്‍ ജീവിച്ചു ചുരുങ്ങി പോകാതെ നോക്കണം ജീവിതം. എല്ലാരുടെയും ജീവിതത്തില്‍ ഒരു നാലാം വ്രതം വേണമെന്ന് തോന്നുന്നു.അസ്സീസിയിലെ അയാള്‍ക്കുമുണ്ടായി രുന്നു ആ വ്രതക്കൂട്ട് . ഭൂമിക്കു മേലെ ജീവിക്കാന്‍ വ്രതങ്ങളുടെ തൊങ്ങലുകള്‍ കൊണ്ട് നൈര്‍മ്മല്യ ത്തിന്‍റെ വസ്ത്രം തീര്‍ത്ത ഒരു നഗ്നന്‍! അസീസി നഗരത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഉടലില്‍ ചുറ്റിത്തീര്‍ക്കാനുള്ള പട്ടുചേലകള്‍ അപ്പന്‍റെ അറപ്പുരയില്‍ ഉണ്ടെന്നറിഞ്ഞിട്ടും അയാള്‍ നഗ്നത യുടെ വ്രതം ചുറ്റി തെരുവുകളില്‍ ചുവടു വച്ചു.

ലോകം ഇരുട്ടിന്‍റെ പുതപ്പില്‍ മയങ്ങിയപ്പോള്‍ അയാള്‍ നിലാവിന്‍റെ വ്രതം നോറ്റ് ഉണര്‍ന്നിരുന്നു...

അത്താഴമേശയിലെ മാംസ തുണ്ടുകളും വീഞ്ഞ് കോപ്പയിലെ മുന്തിരി നീരും വേണ്ടെന്നു വച്ച് ഉള്ളിലെ വിശപ്പിന്‍റെ തീക്കാറ്റേറ്റും പുറത്തെ മഞ്ഞിന്‍റെ മരവിപ്പേറ്റും പട്ടിണിയുടെ വ്രതം തിന്ന് അയാള്‍ അങ്ങനെ നടന്നു. മാടമ്പിത്തത്തിന്‍റെ മേമ്പൊടിയും അധികാരത്തിന്‍റെ കുതിര കുളമ്പ ടിയും വേണ്ടെന്നു വച്ച് കുഷ്ടരോഗികളുടെ മണിയടി കള്‍ക്ക് പിന്നാലെ സാഹോദര്യത്തിന്‍റെ വ്രത ചുംബനങ്ങളുമായി നടന്നുചെന്നൊരാള്‍!

സ്വര്‍ണ്ണമുടിക്കാരിയുടെ പ്രണയലോഹത്തെ ക്രിസ്തുവെന്ന കല്ലിലുരച്ചു സൗഹൃദത്തിന്‍റെ വ്രതം നോറ്റൊരാള്‍! പടച്ചട്ട ധരിച്ച തോളിനു കുറുകെ സാന്‍ ഡാമിയാണോ പള്ളിയുടെ തൂണു കള്‍ ചുമന്നു തച്ചു ശാസ്ത്രത്തിന്‍റെ വ്രതം എറ്റെടു ത്തോരാള്‍. അങ്ങനെ വ്രതങ്ങളുടെ നീണ്ട നിര കൊണ്ട് ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേക്ക് പ്രദക്ഷിണം നടത്തിയ ആ കുറിയ മനുഷ്യനെ ക്രിസ്തു ചുംബിച്ചപ്പോള്‍ അയാളുടെ ഉടലില്‍ പഞ്ചക്ഷധഗന്ധം ഇനി അയാള്‍ക്ക് പേര് രണ്ടാം ക്രിസ്തുവെന്ന്. 

നിബിന്‍ കുരിശിങ്കല്‍

0

0

Featured Posts

Recent Posts

bottom of page