
1
Then Jesus went with them to the olive grove called Gethsemane, and he said, "Sit here while I go over there to pray."
കടലെടുത്ത ഭൂമിയുടെ രേഖകള്‍ കൈവശമുള്ളതുകൊണ്ട് മാത്രം താനൊരു തെങ്ങിന്‍ തോപ്പിനുടമായാണെന്ന് വിശ്വസിക്കുന്ന ഒരു വൃദ്ധ നാട്ടി ലുണ്ട്. പലരീതിയില്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അനുമാത്ര മനുഷ്യരുടെ ഇടങ്ങള്‍ ചുരുങ്ങുകയാണ്.
Jenny Erpenbeck's Kairos വായിച്ചു. ഒറ്റ നോട്ടത്തില്‍ ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങളുടെ കഥയാണത്. ഒന്നു കൂടി നോക്കുമ്പോള്‍ അത് മാഞ്ഞ് പോയ ഒരു ദേശത്തിന്‍റെ രൂപകകഥയാണ്- ഈസ്റ്റ് ജര്‍മനി. ഒക്കെ ഭാരത കഥയുടെ തുടര്‍ച്ചയാണ്.
അഞ്ച് രാജ്യങ്ങളുടെ അവകാശമുണ്ടെന്ന് നിങ്ങള്‍ കരുതുന്നു. ഒടുവില്‍ ഒരു വീടുമതിയെന്ന് കെഞ്ചുന്നു. ഒരു മുട്ടുസൂചി കുത്താന്‍ പോലും ഇടമില്ലെന്നാണ് അവര്‍ കട്ടായം പറയുന്നത്.
സത്രത്തില്‍ അവര്‍ ഇടം കണ്ടെത്തിയില്ല എന്ന സുവിശേഷ വാക്കില്‍ അയാളുടെയും അയാള്‍ പ്രതിനിധാനം ചെയ്യുന്ന മനുഷ്യരുടെയും തലവര അടക്കം ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും സ്വാഗതമുള്ള ഇടമാണ് സത്രം. അതു പോലും കൊട്ടിയടക്കപ്പെടുന്നുവെന്നത് ശുഭസൂചനയല്ല.
മതിലുകള്‍ ഉയര്‍ത്തിക്കെട്ടിയും കുടിയേറ്റ നിയമങ്ങള്‍ കഠിനമാക്കിയും അപകടകരമായ ദേശീയബോധത്തെ ഊതി വീര്‍പ്പിച്ചും മെല്ലെ മെല്ലെ ഭൂമി എല്ലാവര്‍ക്കും ഇടമുള്ളതാണ് എന്ന സങ്കല്പം തിരുത്തപ്പെടും.
ഇനി ഉള്ളത് ആരുടെയോ ഒക്കെ ഉള്ളില്‍ ഇടം ഉണ്ടെന്ന സങ്കല്പമാണ്. അതിനകത്തും കഥയില്ല. പുരാണത്തിലെ ഛായാമുഖിയുടെ ധ്വനിയതാണ്.
ഹിഡുംബി ഭീമന് പ്രേമോപഹാരമായി നല്‍കുന്നത് ഒരു ദര്‍പ്പണമാണ്. അതില്‍ തെളിയുന്നത് നിങ്ങളുടെ മുഖമല്ല നിങ്ങള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നവരുടെ രൂപ മാണ്. അനന്തരം ഭീമന്‍ കണ്ണാടി നോക്കുമ്പോള്‍ തന്‍റെ മുഖം അതില്‍ തെളിയുമെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ നടുക്കിക്കൊണ്ട് അതില്‍ തെളിയുന്നത് ദ്രൗപദിയുടെ ചിത്രമാണ്. ദ്രൗപദിയത് നോക്കുമ്പോള്‍ അര്‍ജുനന്‍ നിന്ന് പുഞ്ചിരിക്കുന്നു! ആ കഥയങ്ങ് തുടരുകയാണ്.
എന്നിട്ടും എല്ലാത്തരത്തിലുമുള്ള ഈ കുടിയിറക്കങ്ങള്‍ക്കിടയിലും ചില മനുഷ്യര്‍ ഭാവനയില്‍ ഉപവനങ്ങള്‍ തീര്‍ക്കുന്നു. അവിടെ നിന്ന് സമാധാനം തിരയുന്നു. അയാളുടെ ഒലിവു തോട്ടം പോലെ. അതെന്തുമാകാം. കണ്ണു പൂട്ടി നിങ്ങള്‍ ഓര്‍ത്തെടുക്കുന്ന ചിലരാവാം. പ്രാര്‍ത്ഥനായാമങ്ങളാവാം.
കഷ്ട രാത്രിയില്‍ യേശു തേടുന്നത് ആ ഭാവനയുടെ ആരാമമാണ്. ഒരരുവി കുറുകെ കടന്നു വേണം യേശുവിന് തോട്ടത്തിലേക്കെത്തുവാന്‍- ഗദ്സമേനി. ഒലിവ് ചക്കുകളുടെ ഇടമെന്നാണ് അതിനര്‍ത്ഥം. ദേവാലയത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ആട്ടിന്‍ പറ്റങ്ങളുടെ ചോരയതിലേക്കാണ് ഒഴുക്കി വിടുന്നത്. ചെറിയ സംഖ്യയൊന്നുമല്ല. യേശുവിന്‍റെ കാലത്തിന് മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയ ഒരു കണക്കെടുപ്പില്‍ അത് രണ്ടര ലക്ഷത്തിലും മീതെയാണ്. ചോരപ്പുഴയെന്നൊക്കെ പറയുന്നത് ഒരു ശൈലിയല്ലന്നര്‍ത്ഥം!
ഒരംഗുലം മണ്ണില്ലാതെ ഒറ്റ മുറിവായി കടന്നു പോകുമ്പോഴും അയാള്‍ പറഞ്ഞത് ഇടമില്ലാത്ത മനുഷ്യരുടെ തോട്ടത്തെ കുറിച്ചാണ്: നീ എന്നോടൊപ്പം പറുദീസയില്‍ ആയിരിക്കും. പേര്‍ഷ്യന്‍ പദമാണിത്- വളച്ചുകെട്ടിയ, ഒരു ഉപവനമാണ്. സുല്‍ത്താന്‍ ആരെയെങ്കിലും ആദരിക്കാന്‍ കരുതിയിട്ടുണ്ടെങ്കില്‍ അയാളെ ആ തോട്ടത്തിലേക്ക് വിളിക്കും, അവര്‍ ഒരുമിച്ച് നടക്കും. മരങ്ങള്‍ക്കിടയിലൂടെ ആ പ്രഭുവിനോടൊപ്പമുള്ള സങ്കല്പ സഞ്ചാരമാണ് പറുദീസ.
കോര്‍ത്തു പിടിക്കാന്‍ കരങ്ങള്‍ ഉള്ളിടത്തോളം കാലം ഏതിടവും പറുദീസയാണ്. അതഴിയുന്നതാണ് ശരിയായ paradise lost!
നോമ്പ് ആരംഭിക് കുകയാണ്. ഏകാന്തത യില്‍ ഒരാള്‍ക്ക് ആ പരമചൈതന്യത്തോട് ഏകാഗ്രമാകാന്‍ ലഭിക്കുന്ന നേരവും കാലവുമാണത്. ഉണര്‍ന്നിരിക്കു എന്നാണ് അയാള്‍ മന്ത്രിക്കുന്നത്
2
Could you not stay awake with me for even one hour?
രാവത്ര വൈകിയിട്ടൊന്നുമില്ല. ക്ലേശവും ക്ഷീണവും മാത്രമല്ല ദുഃഖം കൊണ്ടും മനുഷ്യര്‍ ഉറങ്ങിപ്പോയേക്കുമെന്ന അനുഭാവം പുലര്‍ത്താന്‍ സുവിശേഷം ശ്രദ്ധി ക്കുന്നുണ്ട്. അങ്ങനെ ഉറങ്ങിപ്പോയ അവരോട് ഒരു മണിക്കൂര്‍ തന്നോട് ഒപ്പം ഉണര്‍ന്നിരിക്കാനാവുമോ എന്നയാള്‍ ആരാഞ ്ഞത്.
അങ്ങനെ തെല്ല് മയങ്ങിപോയതു കൊണ്ടാണ് അഗാധമായൊരു അന്തരിക ദര്‍ശനത്തിന്‍റെ താക്കോല്‍ കാഴ്ച കളഞ്ഞു പോയത്. ഒരാള്‍ തന്‍റെ പ്രിയങ്ങള്‍ വേണ്ടെന്ന് വെച്ച് ദൈവേച്ഛയിലേക്ക് ഉണരുന്ന അപൂര്‍വ്വ അനുരാഗ യാമമാണ് അന്ന് കാണാതെ പോയത്. ആ കാഴ്ചയുടെ അഭാവത്തിലാണ് അടിമുടി സ്നേഹസാന്ദ്രമാകേണ്ട ഒരു രാവ് അവര്‍ക്ക് പരാനോയ യുടെയും വെറുപ്പിന്‍റെയും അരങ്ങായത്.
പിന്നീട് എമ്മാവൂസ് യാത്രയില്‍ അയാളങ്ങനെ അവരോട് ചോദിച്ചതതാണ്: ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക ്കേണ്ടിയിരുന്നില്ലേ?
ഉണര്‍ന്നിരിക്കുകയാണ് പ്രധാനം.
ബുദ്ധപാരമ്പര്യങ്ങളിലെ ചായ ധ്യാനം പോലെ !
കഠോപനിഷത്തിലെ മന്ത്രം പോലെയും.
ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!
ഉത്തിഷ്ഠത (എഴുന്നേല്‍ക്കുവിന്‍), ജാഗ്ര ത (ഉണരുവിന്‍) പ്രാപ്യവരാന്‍ നിബോധത (ശ്രേഷ്ഠന്മാരായ ആചാര്യന്മാരെ പ്രാപിച്ച് അറിവ് നേടുക). വിവേകാനന്ദ ചെറിയൊരു മാറ്റമുണ്ടാക്കി: Arise! Awake! and stop not till the goal is reached!
വിത്ത് വിതച്ച രാവില്‍ കൃഷിക്കാരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അതേ വരമ്പത്ത് നിന്ന് ശത്രു കളവിതക്കുന്ന കഥ അയാള്‍ പറഞ്ഞിട്ടുണ്ട്. തെല്ലൊന്ന് മയങ്ങിയാല്‍ ശത്രു വരമ്പത്ത് നിന്ന് കള തൂകുമെന്ന് മുന്നറിയിപ്പാണത്.
രാപ്പാടികള്‍ പാടിത്തുടങ്ങിയതിനെ കുറിച്ച് ഇങ്ങനെ ഒരു കഥയുണ്ട്. ഒരിക്കല്‍ മറ്റു കിളികളെ പോലെ അന്തിയില്‍ ചേക്കേറി പുലരുവോളം മയങ്ങുകയായിരുന്നു അതിന്‍റെ രീതി. വസന്തനാളുകളില്‍ ഒരു മുന്തിരിത്തോപ്പില്‍ ചേക്കേറിയ ആ കിളികള്‍ അതിവേഗം വളരുന്ന ലതകളില്‍ കരുങ്ങിപ്പോയി. പല ദിനങ്ങളില്‍ അത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഉറങ്ങുന്നതിലെ അപായം അവയ്ക്ക് പിടുത്തം കിട്ടി.
ഉറങ്ങുന്നവരെക്കാത്ത് എന്തൊക്കെ കെണികളാണ് ! ഉറങ്ങാതിരിക്കാന്‍ വേണ്ടിയാണ് പാടിത്തുടങ്ങിയത്. കുറച്ചധികം കാലമെടുത്തു ഇപ്പോഴത്തെ സ്വരശുദ്ധിയിലേക്കെത്തുവാന്‍.
3
And being in anguish, he prayed more earnestly, and his sweat was like drops of blood falling to the ground.
ഒരേ നേരം ചിത്രകാരനും വൈദ്യനുമായിരുന്നു സുവിശേഷകനായ ലൂക്കാ. തോട്ടത്തില്‍ അയാള്‍ രക്തം വിയര്‍ത്തതായി എഴുതിവെക്കുമ്പോള്‍ ലൂക്കായിലെ ഏതൊരാളാണതില്‍ ഒരു പൊടിക്ക് മീതെ നിന്നതെന്ന് നമുക്കറിയിയില്ല. അയാളുടെ കഠിന വൃഥയെ അടയാളപ്പെടുത്താന്‍ തീവാകപോലെ ചോപ്പുള്ള കടും വര്‍ണം ഉപയോഗിച്ചതാവാം. രക്തം വിയര്‍ത്തുവെന്നല്ല രക്തം പോലെ വിയര്‍ത്തുവെന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. His sweat was LIKE drops of blood. അല്ലെങ്കില്‍ വൈദ്യനെന്ന നിലയില്‍ കേട്ടറിവുള്ള Hematidrosis എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മെഡിക്കല്‍ കണ്ടീഷനുമാവാം.
The sweat glands are surrounded by tiny blood vessels that can constrict and then dilate to the point of rupture, causing blood to effuse into the sweat glands. The cause of hematidrosis is extreme anguish. മരണത്തോളം ദ ുഃഖമനുഭവിച്ച രാവെന്നാണയാള്‍ ആത്മഗതം ചെയ്യുന്നത്.
അയാളെ അവസാനത്തെ ആദമായി കരുതുന്ന ദൈവശാസ്ത്ര വിചിന്തനങ്ങളുണ്ട്. രണ്ട് തോട്ടങ്ങളില്‍ രണ്ട് മനുഷ്യര്‍ നില്‍ക്കുന്നു. ആദ്യത്തേത് ഏദനാണ്. അവിടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവസന്ധാരണത്തിലേര്‍പ്പെടേണ്ട ആദ്യത്തെ നരനുണ്ട്. അവസാനിക്കാത്ത ആ സ്വേദകാണ്ഡത്തില്‍ അയാള്‍ ചോരകൊണ്ട് തുല്യം ചാര്‍ത്തുകയാണ്, മറ്റൊരു തോട്ടത്തില്‍ വെച്ച്. കഠിന വേലയുടെ ധ്വനികളുണ്ട് ആ പേരില്‍ പോലും - ഗദ്സമേനി.
വാസ്തവത്തില്‍ ചോരയല്ലാതെ മറ്റെന്താണ് വിയര്‍പ്പ്. അയാള്‍ വെള്ളം വീഞ്ഞാക്കുന്നതു പോലെ മനുഷ്യര്‍ വിയര്‍പ്പിനെ ചോര ചാറിചുവപ്പിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.
'ഫോട്ടോഗ്രാഫറായിരുന്നു അപ്പന്‍'
'ഇപ്പം ചെയ്യുന്നുണ്ടോ'
'ഇല്ല. അനവധി വര്‍ഷങ്ങള്‍ ക്യാമറയുടെ ഭാരമെടുത്ത് തോളു പൊടിഞ്ഞു പോയി'
ഇതൊരു textual variant എന്ന് കരുതുന്നവരുണ്ട്. എന്നു വെച്ചാ ആദ്യകാല കൈയെഴുത്ത് പ്രതികളില്‍ ഇതില്ലായിരുന്നുവെന്ന്. എന്നാലും കുഴപ്പമില്ല.
കഴിഞ്ഞ രാത്രിയില്‍ കല്‍പ്പറ്റമാഷ് പറഞ്ഞപോലെ ചരിത്രത്തെക്കാള്‍ ആഗാധമാണ് കവിത.
നല്ലൊരു തപസ്സ് കാലം നേരുന്നു.