top of page

നഗ്നതയെന്ന വസ്ത്രം

Mar 1, 2013

4 min read

എക
People are tried in public with their faces covered

നഗ്നത വസ്ത്രത്തിലൂടെ അതിന്‍റെ ജന്മപരമ്പര പൂര്‍ത്തിയാക്കുന്നത് വസ്ത്രത്തില്‍ നഗ്നതയും നഗ്നതയില്‍ വസ്ത്രവും രൂപപ്പെടുത്തിയാണ്. ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ മറയ്ക്കുകയും ചിലഭാഗങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുമ്പോള്‍ നഗ്നമായ ഭാഗം മറച്ചുവെച്ച ഭാഗത്തെക്കുറിച്ചുള്ള ഭാവനയിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്നുണ്ട്. ഉള്ളതില്‍ നിന്ന് ഇല്ലാത്തതിലേക്കു സഞ്ചരിക്കുകയെന്ന മനുഷ്യമനസ്സിന്‍റെ ഒരു സവിശേഷതയാണ് ഇവിടെ സംഭവിക്കുന്നത്. ഇത് പല നിലകളില്‍ വരുന്നു. തിമിംഗിലത്തെ പ്രധാന കഥാപാത്രമാക്കിയ സിനിമയില്‍ തിമിംഗിലത്തെ പൂര്‍ണ്ണ രൂപത്തില്‍ പലപ്പോഴും കാണിക്കുകയില്ല. പൂര്‍ണ്ണ രൂപത്തില്‍ എന്തു കണ്ടാലും അത് അപൂര്‍ണ്ണതയുടെ ബോധമാണ് കാഴ്ചക്കാരില്‍ സൃഷ്ടിക്കുക. ഭാവനയിലെ രൂപത്തെക്കാള്‍ വളരെ ചെറുതാണ് അതെന്നു തോന്നും. അതുകൊണ്ട് വിവരമുള്ള സംവിധായകര്‍ ചെയ്യുക, തിമിംഗിലത്തിന്‍റെ വാലോ ശരീരത്തിന്‍റെ ഒരു നിഴലോ മാത്രം കാണിക്കുകയാണ്. അപ്പോള്‍ തിമിംഗിലത്തിന്‍റെ ബാക്കിയുള്ള ശരീരഭാഗം സമുദ്രം തന്നെയാണെന്ന് നിങ്ങള്‍ക്കു തോന്നും. പൊത്തില്‍നിന്ന് പാമ്പിന്‍റെ വാല്‍ മാത്രം കാണുമ്പോള്‍ അതിന്‍റെ ഉടല്‍ ഈ ഭൂമിയോളം തന്നെ ഭാവനയില്‍ വലുതാവാനിടയുണ്ട്. ഭാവനയെ തോല്‍പിക്കാന്‍ പലപ്പോഴും യാഥാര്‍ത്ഥ്യത്തിന് കഴിയാറില്ല, ചില കാര്യങ്ങളിലൊഴിച്ച്. മുമ്പൊരിക്കലും കടല്‍ കണ്ടിട്ടില്ലാത്ത ഒരാളുടെ ഭാവനയെ കടലിന്‍റെ നേര്‍ക്കാഴ്ച ക്ഷണത്തില്‍ തിരുത്തും. കടല്‍ അത്രമാത്രം അപാരമാണ്. ഒരിക്കലും സിനിമ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് സിനിമയെക്കുറിച്ചുണ്ടായിരുന്ന ഭാവനയെ സിനിമയുടെ കാഴ്ചയും തിരുത്തും. ചില കാര്യങ്ങളില്‍ ഭാവനയ്ക്ക് രൂപപ്പെടുത്തിയെടുക്കാവുന്നതിന് പരിമിതികളുണ്ട്. ഈ പ്രപഞ്ചത്തിന്‍റെ വലിപ്പം തന്നെ ഭാവനയ്ക്കതീതമാണല്ലോ. എന്നാല്‍ ശരീരത്തിന്‍റെ ഒരു പ്രത്യേകത, മറച്ചുവെച്ച ശരീരഭാഗങ്ങളെക്കുറിച്ച് കാഴ്ചക്കാര്‍ രൂപപ്പെടുത്തുന്ന ഭാവനാ ചിത്രങ്ങള്‍ യഥാര്‍ത്ഥ ശരീരത്തെക്കാള്‍ മികവുറ്റതായിരിക്കും എന്നതാണ്.


വസ്ത്രത്തെക്കുറിച്ച് പറയുന്നതെല്ലാം നഗ്നതയെക്കുറിച്ചും പറയാം എന്നത് വസ്ത്രത്തിന്‍റെയും നഗ്നതയുടെയും ഒരു പ്രത്യേകതയാണ്. കാരണം, നഗ്നത വസ്ത്രം വാഗ്ദാനം ചെയ്യുന്നുണ്ട്, വസ്ത്രം നഗ്നതയും.


വസ്ത്രം പ്രാഥമികമായി ഒരു 'വസ്ത്രബോധം' സൃഷ്ടിക്കുന്നുണ്ട്. വസ്ത്രബോധം പലതരത്തില്‍ പ്രവര്‍ത്തിക്കാം. ശരീരത്തിനും മനസ്സിനും വരുന്ന ചില രോഗങ്ങള്‍ ഇറുകിയ വസ്ത്രബോധം സൃഷ്ടിക്കാറുണ്ട്. സ്കിസോഫ്രേനിയാ രോഗികള്‍ക്ക് എപ്പോഴും ഇറുകിയ വസ്ത്രം ധരിച്ചിരിക്കുന്നതുപോലെയാണ് തോന്നുക. അതുകൊണ്ട് രോഗാവസ്ഥയില്‍ വസ്ത്രം ഉരിഞ്ഞെറിയാന്‍ അവര്‍ ആഗ്രഹിക്കും. ലോകം ഇറുകിയ ഒരു വസ്ത്രം പോലെ അവര്‍ക്കനുഭവപ്പെടുന്നുണ്ടായിരിക്കും. ആത്മവിശ്വാസക്കുറവുള്ളവര്‍ക്ക് വസ്ത്രം ശരീരത്തെക്കാള്‍ പ്രധാനമായിരിക്കും. മരണം മൂലമുള്ള വേര്‍പാടിന്‍റെ കടുത്ത ദുഃഖം അനുഭവിക്കുന്നവര്‍ക്ക് ശരീരത്തില്‍ അത്യധികം ഇറുകിക്കിടക്കുന്ന വസ്ത്രം അല്പം ആശ്വാസമാണ് നല്‍കുക. മനസ്സിന്‍റെ വേദന ശരീരം കൊണ്ട് പരിഹരിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടാവണം. ദുഃഖത്തെ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം വിശന്നിരിക്കുകയെന്നതാണല്ലോ. മനസ്സിനെ ശരീരം കൊണ്ട് കീഴ്പ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമാണത്. ശരീരത്തെ സ്വയം അറിയാനും അറിയാതിരിക്കാനും വസ്ത്രബോധം ഉപകരിക്കുന്നുണ്ട്. വസ്ത്രത്തിനുള്ളില്‍ നാം നഗ്നരാണ് എന്ന ബോധം അനുനിമിഷം അലട്ടാന്‍ തുടങ്ങിയാല്‍ ആള്‍ വീട്ടിലിരിക്കുകയേയുള്ളൂ. ചില ഒ.സി.ഡി. രോഗികളില്‍ അങ്ങനെയൊരു മാനസിക ഭാവം കണ്ടിട്ടുണ്ട്. പരിപൂര്‍ണ്ണ നഗ്നനായി നിന്നുകൊണ്ട്, എന്‍റെ ഈ കോട്ടിന്‍റെ നിറം ഇഷ്ടപ്പെട്ടോ എന്നു ചോദിക്കുന്നവരുമുണ്ട്. നഗ്നത തന്നെ വസ്ത്രമായി അനുഭവപ്പെടുകയാണ് ഇവിടെ. എത്ര വസ്ത്രം ധരിച്ചാലും മതിയാവാത്തവരുണ്ട്. ഉദാഹരണത്തിന് ജിംനോഫോബിയ (gymnophobia) എന്ന രോഗമുള്ളവര്‍ക്ക് നഗ്നതയോട് മാനസികമായ എതിര്‍പ്പാണ് തോന്നുക. ആരെങ്കിലും കുപ്പായമുരിയുന്നതു കണ്ടാല്‍ ഇവരുടെ നെഞ്ചിടിക്കാന്‍ തുടങ്ങും. വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചായിരിക്കും എപ്പോഴും ഇവരുടെ ആലോചന. തലയുണ്ട് എന്ന ബോധം രൂക്ഷമാവുക തലവേദനയുള്ളപ്പോഴാണല്ലോ. നാം നടക്കുകയാണ് എന്ന ബോധം, വിടാതെ പിന്തുടരുമ്പോള്‍ അത് ധ്യാനമായിത്തീരാം. അതുപോലെ, വസ്ത്രബോധം അതിനിശിതമാവുമ്പോള്‍ ധ്യാനത്തിലേക്കും മനോരോഗത്തിലേക്കും വഴി തെളിയാം.


നഗ്നതയുടെ കാര്യവും ഇങ്ങനെതന്നെയാണ്. വസ്ത്രത്തിന് കവിഞ്ഞ പ്രാധാന്യമുള്ള സാമൂഹികാവസ്ഥയില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് അസുഖകരമായ ജീവിതാനുഭവങ്ങള്‍ ചിലപ്പോള്‍ നഗ്നതയുടെ അനുഭവം നല്‍കും. ആള്‍ക്കൂട്ടത്തില്‍ വച്ച് ഒരുവനോട്. 'നീ അത്ര വലിയ ആളൊന്നുമല്ല. നിന്നെ എനിക്കറിയില്ലേ.' എന്നു പറഞ്ഞ് ഒരു പ്രത്യേക ചിരിയും ചിരിച്ചാല്‍ പെട്ടെന്ന് തുണിയുരിഞ്ഞാലെന്നതുപോലെ അയാള്‍ക്ക് നഗ്നതയുടെ അനുഭവമുണ്ടാവും. കാരണം. മാനസികാനുഭവങ്ങള്‍ രൂപപ്പെടുക പലപ്പോഴും ഭൗതികാനുഭവങ്ങളുടെ അക്ഷരമാലാക്രമത്തില്‍ത്തന്നെയാണ്. ഉരിയുക, അണിയുക, ഉണരുക, ഉറങ്ങുക, തിന്നുക, ഛര്‍ദ്ദിക്കുക, എന്നിവയെല്ലാം ഭൗതിക ക്രിയകളാണെങ്കിലും അവയെല്ലാം അവയോട് പ്രത്യക്ഷത്തില്‍ ഒട്ടും ബന്ധമില്ലാത്ത മാനസികവും ആത്മീയവുമായ അനുഭവങ്ങളുടെ മുന്നുപാധികളായി വരുന്നുണ്ട്.


മഹാഭാരതത്തില്‍ കര്‍ണ്ണന്‍ ഇങ്ങനെ നഗ്നതയുടെ അനുഭവത്തിലൂടെ കടന്നു പോകുന്നുണ്ട്. കര്‍ണ്ണനാണ് തങ്ങള്‍ക്ക് പ്രബലനായ ശത്രു എന്ന് തോന്നിയതു കൊണ്ട് പാണ്ഡവര്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണ് കര്‍ണ്ണന്‍റെ നിന്ദ്യഭൂതകാലത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ വെച്ച് പറയുകയെന്നത്. ആ നിമിഷം കര്‍ണ്ണന് ആളുകള്‍ക്കിടയില്‍ വെച്ച് തുണിയുരിഞ്ഞിട്ട അനുഭവമുണ്ടായിരിക്കാനിടയുണ്ട്. അടിവസ്ത്രം ധരിച്ചിട്ടില്ലാത്തവന്‍ എത്ര പ്രകോപിതനായാലും ശാന്തനായി വീട്ടിലേക്കു പോവുകയേയുള്ളൂ. അതുപോലെ, ഭൂതകാലം അടിവസ്ത്രം പോലെ അനുഭവപ്പെടുന്നവര്‍ക്ക് ഭൂതകാലത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ നഗ്നതയുടെ അനുഭവമുണ്ടാകും. കര്‍ണ്ണനില്‍നിന്ന് കവചകുണ്ഡലങ്ങള്‍ കവര്‍ന്നെടുക്കുന്നതുപോലെത്തന്നെയുള്ള ഒരു പ്രവൃത്തിയാണ് 'നിനക്കു തന്തയില്ല' എന്ന് ആളുകള്‍ക്കിടയില്‍ വച്ച് പറയുന്നതും. വ്യക്തിയെ നിരായുധനാക്കാനുള്ള ഒരു മാര്‍ഗ്ഗമാണത്. വാക്കുകൊണ്ട് നടത്തുന്ന ഒരു വസ്ത്രാക്ഷേപമാണത്. ആര്യന് അനാര്യനെ ഇങ്ങനെ നഗ്നതയുടെ അനുഭവത്തിലേക്കു കൊണ്ടുവരാന്‍ കഴിയും. ഇത്തരം വസ്ത്രാക്ഷേപം കാലങ്ങളായി ഭാരതത്തിലെ അധഃകൃത വര്‍ഗ്ഗം അനുഭവിച്ചു വരുന്നുണ്ട്. സംസ്കൃതഭാഷ, ഇത്തരം വസ്ത്രാക്ഷേപത്തിന് ഒരു കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.


വൃത്തിയുള്ള അടിവസ്ത്രം ധരിച്ചാല്‍ ആത്മവിശ്വാസം കൂടുമെന്ന് ശ്രീനാരായണ ഗുരുവിനറിയാമായിരുന്നു. അതുകൊണ്ടാണ് ഗുരു അധഃകൃതരോട് കുളിക്കാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നത്. ഉറപ്പുള്ള ഭൂതകാലം ഉണ്ട് എന്ന 'വസ്ത്ര ബോധ'മുള്ളയാള്‍ക്ക് കൈയിലുള്ള ആയുധം കൃത്യമായി ഉപയോഗിക്കാന്‍ കഴിയും. അതില്ലാത്തയാള്‍ ആയുധം കൈയില്‍ പിടിച്ചുനില്‍ക്കുന്ന നിരായുധനായിരിക്കും.


ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ മറയ്ക്കുക എന്നതിനര്‍ത്ഥം മറ്റു ചില ഭാഗങ്ങള്‍ക്ക് 'ഊന്നല്‍' നല്‍കുക എന്നാണ്. ഉടല്‍ മറയ്ക്കുമ്പോള്‍ മുഖത്തിന് 'ഫോക്കസ്' കൈവരുന്നു. വസ്ത്രവിപണി വളര്‍ന്നതോടെ വസ്ത്രത്തിന്‍റെ ലക്ഷ്യംതന്നെ ഇങ്ങനെ ശരീരത്തിലെ ചില ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കല്‍ ആയിത്തീര്‍ന്നിട്ടുണ്ട്.


നാണം മറയ്ക്കാനാണ് വസ്ത്രം ധരിക്കുന്നത് എന്ന് പറയാറുണ്ടല്ലോ. 'നാണം' എന്നത് എക്കാലത്തും ഒരുപോലെയായിരുന്നുവോ എന്ന ചോദ്യം വരുന്നു. സ്ത്രീശരീരത്തിലെ ചിലഭാഗങ്ങള്‍ മാത്രം എങ്ങനെ മറച്ചു വെക്കേണ്ട 'നാണം' ആയി മാറി എന്ന ചോദ്യവും വരുന്നു. ഓരോ ചരിത്രഘട്ടവും ശരീരത്തിലെ ചിലഭാഗങ്ങളെ മറച്ചുവെക്കേണ്ട 'നാണം' ആയി എന്തുകൊണ്ട് വിവരിക്കുന്നു എന്ന ചോദ്യവും വരുന്നു. 'നാണ'മാണോ 'വസ്ത്ര' മാണോ ആദ്യം ഉണ്ടായത് എന്നും ചോദിക്കാവുന്നതാണ്. സ്ത്രീ ശരീരത്തിന്‍റെ 'നാണ'ത്തെക്കുറിച്ച് പറയുമ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ ചില സമുദായങ്ങളില്‍ വസ്ത്രധാരണത്തിനുശേഷമാണ് അവരില്‍ നാണം ഉണ്ടായത് എന്നു വേണം കരുതാന്‍. മാറിടം അക്കാലത്ത് നമ്പൂതിരി സ്ത്രീകള്‍ക്കും മറ്റു ചില സമുദായങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കും നാണത്തിന്‍റെ കേന്ദ്രമായിരുന്നില്ല. നഗ്നത സ്വാഭാവികവും, വസ്ത്രം ധരിക്കുകയെന്നത് അസ്വാഭാവികവുമായിരുന്നു. അത് പിന്നീട് വിശദീകരിക്കുന്നുണ്ട്.


ലൈംഗികതയ്ക്കും വസ്ത്രത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹാവ്ലോക്ക് എല്ലിസ് എഴുതിയിട്ടുണ്ട്. നഗ്നത മറ്റൊരു തരത്തില്‍ വസ്ത്രവും വസ്ത്രം നഗ്നതയും സൃഷ്ടിക്കുന്നു എന്നാണ് എല്ലിസ് പറയുന്നത്. വസ്ത്രത്തിന്‍റെ ചുളിവുകളും മടക്കുകളും വസ്ത്രത്തിനുള്ളിലെ ശരീരത്തെയാണ് വിളംബരം ചെയ്യുന്നത്. ഈ ചുളിവുകളാണ് ശരീരത്തിന്‍റെ നേര്‍ക്കാഴ്ചയെക്കാള്‍ ലൈംഗിക വികാരമുണര്‍ത്തുക എന്നാണ് എല്ലിസ് പറയുന്നത്. 'നഗ്നതയെക്കാള്‍ പതിന്മടങ്ങ് ഉദ്ദീപകമാണ് വസ്ത്രം ധരിച്ച ശരീരം. നഗ്നശരീരത്തെക്കാള്‍ അത് കാമാതുരതയുണര്‍ത്തും. ലജ്ജ ഉണ്ടാക്കിയത് വസ്ത്രമാണ്, ലജ്ജ വസ്ത്രത്തെ ഉണ്ടാക്കുകയല്ല ചെയ്തത്' എന്നു എല്ലിസ് പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ നഗ്നതയുമായി തട്ടിച്ചുനോക്കിയാല്‍ എല്ലിസിന്‍റെ അഭിപ്രായം ശരിയാണെന്നു മനസ്സിലാവും.


നഗ്നനായി നടക്കുന്ന ഒരാള്‍ക്ക് വസ്ത്രം ധരിച്ചു നടക്കുന്നയാളെക്കാള്‍ ശരീരബോധം കുറവായിരിക്കും. ലോകത്തെവിടെയുമുള്ള സന്ന്യാസിമാരും സൂഫികളുമെല്ലാം ശരീരബോധം ഒഴിവാക്കാനാണ് പലതരത്തില്‍ അലഞ്ഞു കൊണ്ടിരിക്കുന്നത്. ശരീരത്തെ ശരീരം കൊണ്ട് ഒഴിവാക്കാനാണ് യോഗ പദ്ധതികള്‍ പരിശ്രമിക്കുന്നത്. ശരീര ചലനങ്ങളെ അത്യധികം സൂക്ഷ്മമായി ശ്രദ്ധിക്കുന്നതിലൂടെ ശരീരബോധം ഒഴിവാക്കാന്‍ ബുദ്ധന്‍ പല പ്രകാരത്തില്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ. സന്ന്യാസിമാരും സൂഫികളും വസ്ത്രത്തില്‍ കാര്യമായി ശ്രദ്ധിച്ചവരായിരുന്നില്ല. അവര്‍ക്ക് വസ്ത്രം ഒരാശയം തന്നെയായിരുന്നു. സന്ന്യാസിമഠപ്രസ്ഥാനകാലത്തെ മഹാന്മാരായ ക്രിസ്ത്യന്‍ സന്ന്യാസിമാരും അങ്ങനെ തന്നെ. പുരാതന ഗ്രീസിലെ മഹാനായ ഡയോജനീസിന്‍റെ ജീവിതം ശരീരത്തിനും ശരീരത്തിന്‍റെ പ്രതിനിധിയായ സാമൂഹിക രാഷ്ട്രീയ മൂല്യങ്ങള്‍ക്കുമെതിരെയുള്ള സുദീര്‍ഘമായ കലഹമായിരുന്നു. ഡയോജനീസ് പലപ്പോഴും നഗ്നനായാണ് നടന്നിരുന്നത്. അതുകൊണ്ടുതന്നെ ചക്രവര്‍ത്തിക്കും ആ ദാര്‍ശനികനെ പിടികിട്ടിയിരുന്നില്ല. ചക്രവര്‍ത്തിക്ക് ഒരു പക്ഷേ ഡയോജനീസ് തന്‍റെ ഏകാന്തതകളിലെ ഒരു ബാദ്ധ്യതയായിരുന്നിരിക്കണം. അക്കാദമികളിലും സര്‍വ്വകലാശാലകളിലും കൃത്യസമയത്ത് പോയി തത്ത്വശാസ്ത്രം പഠിപ്പിക്കുന്നവര്‍ ഏതുവരെ പോകുമെന്ന് ഭരണകൂടത്തിനറിയാം. യൂണിഫോമില്‍ നടക്കുന്നയാള്‍ എന്തൊക്കെ ചെയ്യാനിടയുണ്ടെന്ന് ആ യൂണിഫോം തന്നെ പറയുന്നുണ്ടല്ലോ. എന്നാല്‍, ഡയോജനീസിനെ അങ്ങനെ പിടി കിട്ടുകയില്ല. പിടി കിട്ടാത്തതിനെ വണങ്ങി നിര്‍വീര്യമാക്കുക എന്ന ഒരു വഴിയാണ് പിന്നെയുള്ളത്.


ഗാന്ധിജിയുടെ അര്‍ദ്ധ നഗ്നമായ ശരീരമായിരുന്നിരിക്കണം ബ്രിട്ടീഷുകാരെ അല്പമെങ്കിലും ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നിട്ടുണ്ടായിരിക്കുക. ബാരിസ്റ്റര്‍ പരീക്ഷയൊക്കെ പാസ്സായ ഒരാള്‍ എന്തിനാണ് ഇങ്ങനെ നടക്കുന്നതെന്ന് അവര്‍ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിക്കാണില്ല.


ഗാന്ധിജിയുടെ ശരീരം ഒരു ജനതയുടെ വസ്ത്രത്തെ വെളിപ്പെടുത്തുകയായിരുന്നു. കുപ്പായമിടാതെ ഇരുന്നൂറ്റമ്പത് വാര അകലേക്ക് നടന്നാല്‍ തല കറങ്ങിവീഴുന്ന അഭ്യസ്തവിദ്യരുടെ ലോകത്താണ് ഗാന്ധിജി ഒരു ഒറ്റമുണ്ടും ഉടുത്ത് നടന്നത്. അത് ചരിത്രത്തില്‍ അധികം ആവര്‍ത്തിക്കാത്ത ഒരു കാഴ്ചയാണ്. വട്ടമേശസമ്മേളനങ്ങളില്‍ വട്ടത്തിലിരിക്കുന്നവരുടെ കൂട്ടത്തില്‍ ഗാന്ധിജി പ്രതിനിധാനം ചെയ്തിരുന്നത് ഭാരതത്തിന്‍റെ അനാഗരിക ചേതനയെയായിരുന്നു. ഒരു പക്ഷേ, പുല്ലിനെയും പുല്‍ച്ചാടിയെയും അതികായന്മാരായ വന്‍മരങ്ങളെയും പറക്കലിലൂടെ മാത്രം ആകാശം വിരചിച്ചുകൊണ്ടിരിക്കുന്ന പക്ഷികളെയും മറ്റും... ഒരു രാജ്യത്തെ ഒരു അര്‍ദ്ധ നഗ്നന്‍ പ്രതിനിധാനം ചെയ്യുകയെന്നത് ഒരു അപൂര്‍വതയായിരുന്നു.

Featured Posts

bottom of page