
കിനസ്തെറ്റിക് ഇൻ്റലിജൻസ് കൂടുതലുള്ളവരാണ് ആയോധന കലയിലും മത്സരക്കളികളിലും സർക്കസ്സുകളിലും തിളങ്ങുന്നവർ എന്ന് പറയാറുണ്ട്. ഫൂട്ബോളോ ബാസ്ക്കറ്റ് ബോളോ കളിക്കുന്നയാളിൻ്റെ കണ്ണും കാതും ശ്രദ്ധയും, എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ആ പന്തിന്മേൽ ആയിരിക്കും. എങ്ങനെ ആ പന്ത് എതിർ ടീമിൻ്റെ ഗോൾവലയിൽ അഥവാ ബാസ്ക്കറ്റിൽ എത്തിക്കാനാകും എന്നതാണ് അവരുടെ ജാഗ്രത. എതിർ ടീമിലുള്ളവരും സ്വന്തം ടീമിലുള്ളവരും കോർട്ടിൽ എവിടെയെല്ലാം ആണ് ഉള്ളത് എന്ന് പന്തിൽനിന്ന് കണ്ണെടുക്കാതെയും, ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം നോക്കാതെയും അവർ തങ്ങളുടെ മനസ്സിൽ കൃത്യമായി നിർണ്ണയിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ജയിക്കുക എന്നതല്ല അവർ നിരന്തരം മനസ്സിൽ നിലനിർത്തുന്ന ലക്ഷ്യം, മറിച്ച് എതിർ ടീമിൻ്റെ ഗോൾ പോസ്റ്റ് എന്നത് മാത്രമാണ് ലക്ഷ്യം. അതിനായി അയാൾ തൻ്റെ ശരീരത്തിൻ്റെയും മനസ്സിൻ്റെയും പരമാവധി സാധ്യതകളെ സ്വരുക്കൂട്ടുകയും പുറത്തെടുക്കുകയും ചെയ്യുന്നു. എതിർ ടീമിൽ നിന്നുള്ള പ്രതിബന്ധങ്ങളും വെല്ലുവിളികളും ധാരാളം ഉണ്ടാകും. സ്വന്തം ടീമിൻ്റെ പോരായ്മകളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകും. തൻ്റെതന്നെ പരിമിതികളിൽ നിന്നുള്ള വെല്ലുവിളികളും ഉണ്ടാകും. അവസാനം എതിർ ടീമിൻ്റെ ഗോളി തീർക്കുന്ന പ്രതിരോധവും ഉണ്ടാകും. എന്നാൽ, ലക്ഷ്യം സുവ്യക്തമെങ്കിൽ, മനസ്സ് ഏകാഗ്രമെങ്കിൽ, ശരീരത്തെ പരമാവധി വഴക്കപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിജയം സുനിശ്ചിതമായിരിക്കും എന്ന് പറയാം.
കളിയിലെ സ്വന്തം സ്റ്റൈല് കാട്ടലാണ് ലക്ഷ്യമെങ്കിൽ, എതിർ ടീമിലെ ഏതെങ്കിലും കളിക്കാരനെ ഒരു പാഠം പഠിപ്പിക്കലാണ് ലക്ഷ്യമെങ്കിൽ, കഴിഞ്ഞ തവണ തന്നെ ഇടം കാൽ വച്ച് വീഴ്ത്തിയ എതിർ ടീമംഗത്തോട് പകരം വീട്ടുകയാണ് ലക്ഷ്യമെങ്കിൽ, തനിക്ക് സാമ്പത്തിക നേട്ടവും തൻ്റെ കരീറിൽ ഉയർച്ചയുമാണ് ലക്ഷ്യമെങ്കിൽ, ടീം കളി ജയിച്ചെന്നുവരില്ല.
നിങ്ങൾ എന്ത് കാണുന്നു എന്ന് ദ്രോണാചാര്യർ തൻ്റെ ശിഷ്യരോട് ചോദിക്കുമ്പോൾ മരം കാണുന്നു, ഇല കാണുന്നു, പക്ഷിയെ കാണുന്നു, എന്നൊന്നുമല്ല, "ഞാൻ പക്ഷിയുടെ കണ്ണ് കാണുന്നു" എന്നുപറയുന്ന അർജ്ജുനനെപ്പോലെ നോട്ടം ലക്ഷ്യത്തിലേക്ക് മാത്രമാണെങ്കിൽ അമ്പ് എത്തേണ്ടിടത്ത് എത്തിയിരിക്കും.
ജീവിതത്തിലും അങ്ങനെതന്നെ. കുടുംബത്തിലായാലും സന്ന്യാസത്തിലായാലും കളിയിലായാലും പാർട്ടിയിലായാലും സഭയിലായാലും അങ്ങനെ തന്നെ.
സുവിശേഷത്തിലെ സീറോഫിനീഷ്യൻ സ്ത്രീയെ നോക്കൂ. അവൾക്ക് ഒറ്റ ലക്ഷ്യം മാത്രം. തൻ്റെ മകൾ സുഖം പ്രാപിക്കണം. താൻ ഒരു സ്ത്രീയാണല്ലോ എന്നതോ സീറോഫിനീഷ്യൻ വംശജയാണ് താൻ എന്നതോ യഹൂദർ തന്നെ എങ്ങനെ കാണുന്നു എന്നതോ താൻ അവഹേളിതയാകുമോ എന്നതോ ഗുരുവിൻ്റെ വാക്കുപോലും വംശീയമായ അധിക്ഷേപമായിരുന്നോ എന്ന സംശയമോ ഒന്നും അവളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നില്ല. ലക്ഷ്യമാണ് അവൾക്ക് പ്രധാനം. ശക്തമായ ഡീഫൻസ് ഒരുക്കിയിട്ടും അവൾ ഗോളടിക്കുന്നു.
ലക്ഷ്യം എന്താണെന്ന് നിശ്ചയിച്ചുറപ്പിക്കാത്തതാണ് എല്ലാ പരാജയങ്ങൾക്കും കാരണം.
ലക്ഷ്യത്തെക്കുറിച്ച് വ്യക്തതയുണ്ടോ?
ലക്ഷ്യം എന്താണെന്ന് ഒന്ന് സ്വയം പറഞ്ഞുനോക്കൂ.