
മോശ അനവധി ദിവസങ്ങൾ മലമുകളിൽ പ്രാർത്ഥനയിൽ കഴിഞ്ഞതിനുശേഷം കല്പനകൾ ദൈവത്തിൽ നിന്ന് സ്വീകരിച്ച് തിരികെ എത്തുമ്പോൾ ജനം സ്വർണ്ണ കാളക്കുട്ടിയെ നിർമ്മിച്ച് അതിനെ ആരാധിച്ച്, അതിനു ചുറ്റും നൃത്തം ചെയ്യുവാൻ തുടങ്ങിയിരുന്നു. സത്യത്തിൽ ജനം ആണോ, അതോ ജനത്തിന്റെ സ്വർണം ചോദിച്ചു വാങ്ങി അവർക്കായി അതുകൊണ്ട് കാളക്കുട്ടിയെ നിർമ്മിച്ചുനല്കിയ അഹറോനാണോ ശരിക്കും കുറ്റക്കാരൻ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ജ്വലിച്ചിട്ടും എരിഞ്ഞുതീരാത്ത മുൾപടർപ്പ് കണ്ടു മോശ. അതിൻറെ രഹസ്യം അറിയാൻ അടുത്തേക്ക് ചെന്ന് മോശയോട് ഉൾപ്പടർപ്പിൽ നിന്നും ദൈവം സംസാരിച്ചു. ഈജിപ്തിലേക്ക് തിരിച്ചുപോകാൻ ദൈവം അയാൾക്ക് നിയോഗം നൽകി. താൻ ഒരു വിക്കനാണ്, ഫറവോയോട് സംസാരിച്ചു നിൽക്കാനുള്ള പാടവം തനിക്കില്ല എന്ന് ബോധിപ്പിച്ച മോശയോട്, നിന്റെ സഹോദരനായ അഹറോനെ കൂട്ടിക്കൊണ്ടുപോകുക എന്നാണ് ദൈവം പറയുന്നത്. അഹറോനും മിറിയാമും മോശയും സഹോദരങ്ങളായിരുന്നു. ലേവി ഗോത്രത്തിൽ പിറന്നവർ. ഗോത്രാചാരപ്രകാരം പുരോഹിത വംശജർ. ജനത്തിന്റെ നേതൃത്വം ദൈവം മോശയെ ആണ് ഏല്പിച്ചതെങ്കിലും അഹറോനാണ് ഫറവോയോട് സംസാരിക്കാൻ നിയോഗം ലഭിച്ചിരുന്നത്. പിന്നീട് പുരോഹിത ആചാരങ്ങൾ നിർവ്വഹിക്കുന്നതും അഹറോനായിരുന്നു. ദൈവവുമായി വ്യക്തിപരമായ അടുപ്പം മോശക്കായിരുന്നു ഉണ്ടായിരുന്നത്. ആഴ്ചകളോളം മോശ മലമുകളിൽ ദൈവസന്നിധിയിൽ ആയിരുന്നുവെങ്കിലും, 'മോശയെ കാണാനില്ല, ഞങ്ങൾക്ക് ആരാധിക്കാൻ ഒരു ദൈവത്തെ വേണം' എന്ന് ജനം അഹറോനോട് പറയുമ്പോൾ, അയാൾ ദൈവത്തെക്കുറിച്ച് അവരോട് പറഞ്ഞു കൊടുക്കേണ്ടതായിരുന്നു. ഏറ്റവും കുറഞ്ഞപക്ഷം വിഗ്രഹാരാധനയിലേക്ക് അവരെ നയിക്കാതിരിക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. എന്നിട്ടും അയാൾ അതാണ് ചെയ്തത്. എന്തുകൊണ്ടായിരിക്കണം അയാൾ അത്തരം ഒരു പ്രവൃത്തിക്ക് മുതിരുന്നത്? ദൃശ്യമായ ചില ദൈവചിഹ്നങ്ങൾ ജനത്തിന് കൂടിയേതീരൂ എന്ന പുരോഹിതനടുത്ത പ്രായോഗിക ജ്ഞാനമായിരുന്നോ?
അതോ, പിതാക്കന്മാരുടെ ദൈവത്തെക്കുറിച്ച് അയാൾക്ക് വേണ്ടത്ര അവബോധവും, ആ ദൈവത്തോട് വ്യക്തിപരമായ ബന്ധവും ഇല്ലാതെ പോയതോ?
ദൈവത്തോട് സംസാരിച്ചിരുന്നത് മോശയും ഫറവോയോട് സംസാരിച്ചിരുന്നത് അഹറോനും എന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. പുരോഹിതൻ ആണെങ്കിലും അയാൾ കൂടുതൽ രാഷ്ട്രീയക്കാരൻ ആയിപ്പോയോ?
മലയിറങ്ങി താഴെ എത്തുമ്പോൾ മോശയുടെ പ്രതികരണം ശക്തവും തീവ്രവുമാണ്. അദ്ദേഹം കാളക്കുട്ടിയെ മറിച്ചിട്ട് അതിനെ ഇടിച്ചു പൊടിച്ച് വെള്ളത്തിൽ കലക്കി ജനത്തെക്കൊണ്ട് കുടിപ്പിക്കുന്നു!
നമ്മുടെ കാലത്തും, ഒരുപക്ഷേ നമ്മിലെ പ ുരോഹിതന്മാർ ദൈവത്തോട് സംസാരിക്കുന്നതിനെക്കാൾ ഫറവോയോട് സംസാരിക്കുന്നതിന്റെ സമാനമായ പ്രശ്നങ്ങൾ കാണാനുണ്ട് !