top of page

"ഉയരെ പോകും തോറും
ചരടുണ്ടെങ്കിലും
പട്ടം കൂടുതല്‍ സ്വതന്ത്രമാകുന്നതുപോലെ".
"ഉയരം കൂടുംതോറും കാഴ്ചയുടെ
വ്യാപ്തി കൂടുന്നതുകൊണ്ടാണത്".
പുതുവര്‍ഷത്തില്‍ സ്വപ്നം കാണേണ്ടത് ഒരു വിഹഗവീക്ഷണം സ്വന്തമാക്കാന്‍ വേണ്ടിയാണ്. ആകാശത്തില്‍ പറക്കുന്ന പക്ഷി കാണുന്ന ഭൂമിയുടെ കാഴ്ചയാണ് വിഹഗവീക്ഷണം എന്ന പദത്തിന്‍റെ അര്‍ത്ഥം. സ്വന്തം കാല്‍ച്ചുവട്ടിലേക്കു മാത്രം കാഴ്ചകള്‍ ചുരുങ്ങിപ്പോകുന്ന ഒരു കാലമാണിതെന്ന് ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഫൈനല്‍ കഴിയുന്നതുവരെ കേരളത്തില്‍ മാത്രം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്നതും പോര്‍വിളിക്കുന്നതും ഒക്കെ ചുരുങ്ങിയ ചിന്താഗതിയുടെ പ്രതിഫലനമല്ലാതെന്ത്?
ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ ഈ നൂതനകാലഘട്ടത്തിലുമുണ്ട് എന്നത് ചിന്തിപ്പിക്കേണ്ട കാര്യമാണ്. മതപരമായ വര്‍ഗീയ ധ്രുവീകരണം ഇന്ന് ഭീകരമാം വിധത്തില്‍ കൂടിയിട്ടുണ്ട്. അതിനു പിന്നില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നല്ല ഒത്താശയുമുണ്ട്. വര്‍ഗീയ പ്രീണനത്തില്‍ എല്ലാ പാര്‍ട്ടികളും മത്സരിച്ചുനില്‍ക്കുന്നുമുണ്ട്. വിദ്യാഭ്യാസമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ തലമുറ ഒരു പരിധിവരെയെങ്കിലും ഇത്തരം പൊള്ളത്തരങ്ങളെക്കുറിച്ച് അവബോധമുള്ളവരാണ്. എങ്കിലും നവമാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ ആശയപ്രചരണം നടക്കുന്നുണ്ട് എന്ന തിരിച്ചറിവ് എല്ലാവരും സൂക്ഷിക്കേണ്ടതുണ്ട്.
വളരെ ലളിതവും അതേസമയം അത്യഗാധവുമാണ് ക്രിസ്തുവിന്‍റെ സുവിശേഷം. അറിവുള്ളവരും ഇല്ലാത്തവരും അവനെ ശ്രവിച്ചു. പലതരം ഫലങ്ങള്‍ അവര്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസം കൊണ്ട് മറ്റു ശിഷ്യന്മാരേക്കാള്‍ മുകളിലായിരുന്നെങ്കിലും പൗലോസിന് ക്രിസ്തുവിന്‍റെ നേരിട്ടുള്ള അനുഭവം ഇല്ലായിരുന്നു. എന്നാല്‍ ഒരിക്കല്‍ അയാള്‍ ആ അനുഭവത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മുതല്‍ അതിന്‍റെ പ്രചാരകനായി മാറി. തനിക്കു കിട്ടിയ ആ വെളിച്ചം ലോകം മുഴുവനും അറിയേണ്ടതാണ് എന്നു തിരിച്ചറിഞ്ഞ് അയാള്‍ നടത്തിയ യാത്രകളും പരിശ്രമങ്ങളുമാണ് പുതിയനിയമപുസ്തകത്തിന്‍റെ വലിയൊരു ഭാഗം. യഹൂദരില്‍ മാത്രം ഒതുങ്ങിപ്പോകാമായിരുന്ന സുവിശേഷം എല്ലാ ജനതകളിലേക്കും എത്തണമെന്ന് പൗലോസ് വാശിപിടിക്കുന്നു. ക്രിസ്തുവിനെ അറിയുന്നതുവരെ വളരെ കാര്‍ക്കശ്യപൂര്‍വ്വം ഫരിസേയ ജീവിതം നയിച്ച ആളാണ് പൗലോസ്. ആ ഒരു ജനതയ്ക്കു പുറത്ത് ഒരു തരത്തിലും നന്മ കാണാതെ തന്‍റെ മതത്തെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിത്തിരിച്ച പൗലോസിന്‍റെ ക്രിസ്താനുഭവം അയാളെ അടിമുടിമാറ്റുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം കണ്ണുതുറന്നത് ദൈവത്തിന്‍റെ കാഴ്ചയിലേക്കാണ്. അതിര്‍വരമ്പുകളില്ലാത്ത മാറ്റിനിര്‍ത്തലുകള്‍ ഇല്ലാത്ത ദൈവത്തിന്‍റെ കാഴ്ച. വിഹഗവീക്ഷണം - ഏരിയല്‍ വ്യൂ എന്ന ഒരു ആങ്കിള്‍ സിനിമയില്‍ ഉപയോഗിക്കാറുണ്ട്. മതിലുകള്‍പോലെ നില്‍ക്കുന്ന കെട്ടിടങ്ങളും മലകളുമൊക്കെ നേര്‍രേഖകളായി മാത്രം കാണുന്ന ഏരിയല്‍ വ്യൂ.
ഒരു ആകാശകാഴ്ചയില്‍ മതത്തിന്‍റെയും വര്‍ഗത്തിന്‍റെയും ജാതിയുടെയും വേര്‍തിരിവുകളില്ലാതെ മനുഷ്യരെ ഒരുപോലെ കാണാന്‍ കഴിയും. നിസ്സാരരും നിസ്സഹായരുമായ മനുഷ്യര്‍, ദാരിദ്ര്യത്തോടും തൊഴിലില്ലായ്മയോടും രോഗത്തോടും കുടുംബപ്രശ്നങ്ങളോടും പൊരുതി നില്‍ക്കുന്നവര്‍. അവര്‍ക്കാവശ്യം അല്പം ശാന്തിയും ആശ്വാസവും പ്രത്യാശയുമാണ്. മതങ്ങള്‍ പങ്കുവയ്ക്കേണ്ടത് ഈ ദൈവാനുഭവത്തെയാണ്. പകരം മതം കൈമാറുന്നത് അസ്വസ്ഥതകളാണെങ്കില്‍ അത് എത്ര ഭീകരമായ അവസ്ഥയാകും. എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ട വിശാലമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന ഭാരതീയരെന്ന ഒരൊറ്റ വികാരം ഉണ്ടായിരുന്ന നമ്മുടെ രാജ്യത്തിന്‍റെ ഗതി അമ്പരപ്പിക്കുന്ന തരത്തില്‍ സങ്കുചിതമായി ക്കൊണ്ടിരിക്കുന്നു.
വിഹഗവീക്ഷണം ക്രൈസ്തവര്‍ക്കിടയില്‍ പ്രത്യേകിച്ച് കേരള ക്രൈസ്തവര്‍ക്കിടയില്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. കാലങ്ങളായി സ്വത്തു തര്‍ക്കത്തിന്‍റെ പേരില്‍ സഭകള്‍ തമ്മില്‍ കോടതിയും കലഹങ്ങളുമുള്ള നാട്ടില്‍ അത്തരമൊന്ന് പുതിയതായി വീണ്ടും രൂപപ്പെടുന്നത് ക്രൈസ്തവരെന്ന നമ്മുടെ സ്വത്വത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്. ഒന്നായിരുന്ന സഭാഗാത്രം ആശയങ്ങളുടെ പേരില്‍ രണ്ടായി പിളര്‍ന്നതിന്‍റെ(1054) മുറിവ് ആയിരത്തോളം വര്‍ഷങ്ങളായി ഉണങ്ങാതെ കിടക്കുന്നു. ആരാധനക്രമത്തിന്‍റെ പേരിലായാലും സ്വത്തിന്‍റെ പേരിലായാലും ഇപ്പോഴുള്ള തര്‍ക്കങ്ങള്‍ തികച്ചും ഒഴിവാക്കേണ്ടതായിരുന്നു. സൗമ്യമായി പരിഹരിക്കാവുന്ന കാലത്ത് പരസ്പരം പിടിവാശികള്‍ ഉപേക്ഷിച്ച് രമ്യതയിലെത്തുന്നത് എത്രയും ഉചിതമാണ്. സഭയിലെ ഇത്തരം മുറിവുകള്‍ കാലം മായ്ക്കുന്നില്ല എന്നതിന് ചരിത്രം സാക്ഷി. കാലം കഴിയുംതോറും മുറിവുകളുടെ ആഴവും എണ്ണവും വര്‍ദ്ധിച്ചു വരികയേ ഉള്ളൂ. ഒരാകാശകാഴ്ചയില്‍ ദൈവത്തിന്‍റെ കണ്ണിലൂടെ ഈ ഭൂമിയെയും ആരാധനകളെയും ഒക്കെ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ അനാവശ്യമായ പിടിവാശികളെ ഓര്‍ത്ത് നമുക്കുതന്നെ ലജ്ജതോന്നും. ഉപരിതലത്തില്‍ നിന്നുള്ള കാഴ്ചയില്‍ ദിക്കുകള്‍ക്കും ദിശകള്‍ക്കും എന്ത് അര്‍ത്ഥമാണുള്ളത്. വെറുതെ ഗൂഗിള്‍ മാപ്പ് എടുത്ത് ഭൂഗോളത്തെ കറക്കി നോക്കിയാല്‍ പോലും അത് മനസ്സിലാക്കാവുന്നതേയുള്ളൂ.
കാലം ചെല്ലുംതോറും ക്രിസ്തുവിനെ നമ്മളെവിടെയോ ഒളിപ്പിക്കുകയാണ്. മനോഹരമായ ദൈവാലയങ്ങള്‍ തീര്‍ത്തും സ്വര്‍ണ്ണഅങ്കികള്‍ക്കു പിന്നിലും ആഘോഷങ്ങള്‍ക്കു മുകളിലുമൊക്കെയായി. അതിനപ്പുറം ക്രിസ്തുവിനെ ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍ കണ്ടുമുട്ടുന്നില്ല. ഈ കണ്ടുമുട്ടല്‍ വ്യക്തിപരമായ ദൗത്യമാണ്. അങ്ങനെ ക്രിസ്തുവിനെ അറിയുന്ന (ക്രിസ്തുവിനെ കുറിച്ചല്ല) സമൂഹം ഇത്തരം തര്‍ക്കങ്ങളില്‍ നിന്ന് തെല്ലുദൂരം പാലിക്കാനുമുണ്ട്.
കിടപ്പാടം നഷ്ടപ്പെടുന്ന ഒരു ജനത സമരമുഖത്ത് ഉറക്കം നഷ്ടപ്പെട്ടിരുന്ന നാളുകളില്‍ അതേ കേരളത്തിന്‍റെ മറ്റൊരു ഭാഗത്ത് ആരാണ് വലിയവര്‍ എന്നൊരു തര്‍ക്കം നടക്കുന്നുണ്ടായിരുന്നു. രണ്ടുകൂട്ടരും പിന്‍തുടരുന്നത് ദരിദ്രനായി അലഞ്ഞ, നഗ്നനായി കഴുമരത്തിലേറിയ ഗുരുവിനെ ആണ്.
ഈ ലക്കത്തില്‍ Generation X (Millennials)) ല്‍ പെട്ട ജെറി ടോമും Generation Z ല്‍ പെട്ട മരിയ ജേക്കബും ആഗ്നസ് സെബാസ്റ്റ്യനും തങ്ങളുടെ പുതുവത്സരസ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നു.
Featured Posts
Recent Posts
bottom of page