top of page

സമൃദ്ധിയുടെ സുവിശേഷം

Sep 8, 2022

6 min read

ജO
Picture of a Holy  Bible

നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസിയാണോ? എന്നിട്ടെന്തേ ഒരു ഉയര്‍ച്ചയില്ലാത്തത്? ഒന്ന് അടിമുടി മാറണം, വചനത്തില്‍ വിശ്വസിക്കുക; ഉന്നതിയുടെയും ഉയര്‍ച്ചയുടെയും സുവിശേഷം. സമൃദ്ധിയുടെ സൗഖ്യത്തിന്‍റെ, ആരോഗ്യത്തിന്‍റെ സുവിശേഷം, വിജയ ത്തിന്‍റെ സുവിശേഷം.

ഉന്നതിയുടെ സുവിശേഷത്തിന്‍റെ അമേരിക്കയിലെ തുടക്കത്തിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ Ralph Waldo Emerson, William James  തുടങ്ങിയവര്‍ വിഭാവനം ചെയ്ത New Thought ആത്മീയ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന വരുണ്ട്. മനുഷ്യന്‍റെ ആത്മീയത്വവും, മനസിനും ആത്മാവിനും പദാര്‍ഥത്തിനും മീതെയുള്ള സ്ഥാനത്തിനും പ്രാധാന്യം നല്‍കി അവരുടെ ചിന്തകളെ അവര്‍ രൂപപ്പെടുത്തി. മാനസിക ഊര്‍ജ്ജം നന്നായി വഴിതിരിച്ചു വിടാന്‍ കഴിഞ്ഞെങ്കില്‍ അവയ്ക്ക് ഭൗതികതലങ്ങളെ സ്വാധീനിക്കുവാനാകും എന്ന പ്രതീക്ഷവയ്ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. New Thought ]n¶oSv Mind cure, Talking cure, Christian Science തുടങ്ങി പല രൂപങ്ങള്‍ എടുത്തു.  New Thought ന്‍റെ അനുഭാവികള്‍ എല്ലാവരും ക്രിസ്ത്യാ നികള്‍ പോലും ആയിരുന്നില്ല. എന്നിരുന്നാലും പലതായി പിരിഞ്ഞുകൊണ്ടിരുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ New Thought ന്‍റെ ചിന്തകളില്‍ പലതും തങ്ങള്‍ക്ക് വ്യതിരിക്തമായ അടയാളങ്ങളാക്കി തീര്‍ക്കുകയും ചെയ്തു.


ബൈബിള്‍ കരാര്‍

ഉന്നതിയുടെ സുവിശേഷം ബൈബിളിനെ ഒരു കരാര്‍ പോലെയാണ് കാണുന്നത്. അതിലെ വാക്കുകളില്‍ വിശ്വസിക്കുകയും, വായിക്കുകയും ഏറ്റുപറയുകയും, അവകാശവാദമുന്നയിക്കുകയും ചെയ്യുന്നവര്‍ക്ക് സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പുനല്‍കുന്നതാണ് ദൈവവും മനുഷ്യനും തമ്മിലുള്ള ആ കരാര്‍. പ്രഥമദൃഷ്ട്യാ ശരിയാണെന്നു തോന്നാമെങ്കിലും ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ സ്വഭാവം മനസ്സിലാക്കിയാല്‍ ഈ വ്യാഖ്യാനങ്ങള്‍ തീര്‍ത്തും തെറ്റാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. (ബൈബിളിലെ വാക്കുകള്‍ എന്നത് ബോധപൂര്‍വ്വം ഉപയോഗിച്ചതാണ്. ലാഭസാധ്യതകള്‍ കണ്ടുകൊണ്ട് 'ഉപയോഗിക്കപ്പെടുന്ന' വാക്കുകള്‍, വാക്കുകള്‍ മാത്രമാണ്, അതില്‍ വചനസാധ്യതയും, അതുകൊണ്ടു തന്നെ, ജീവസാധ്യതയും ഇല്ല), ഉദാ: നന്മയിലും ഉദാരതയിലും സാഹോദര്യത്തിലും ഊന്നല്‍ കൊടുക്കുന്ന ലൂക്ക 6:35 ലെ (തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ നന്മ ചെയ്യുകയും ഉദാരമായി നല്‍കുകയും ചെയ്യുവിന്‍) എന്ന ക്രിസ്തുവചനം അവസരോചിതമായി മാറ്റിവച്ചുകൊണ്ട് നൂറുമേനി പ്രതിഫലത്തില്‍ (മര്‍ക്കോ 10:30) ബിസിനസ് ശൈലിയിലെ വ്യാഖ്യാനവും ഊന്നലും നല്‍ക പ്പെടുന്നു.

സാമ്പത്തികഭദ്രതയും ആരോഗ്യവും ദൈവത്തിന്‍റെ പദ്ധതിയാണെന്നും, 1) 'വിശ്വാസവും' 2) 'മതകാര്യ'ങ്ങള്‍ക്കും 'സുവിശേഷവേലക്കും' ആയി (പലപ്പോഴും) 'ഞങ്ങളുടെ' പ്രൊജക്റ്റ്കളിലേക്ക് നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ദൈവം അനേക മടങ്ങ് പ്രതിഫലം നല്‍കുമെന്നതും പ്രധാന വിഷയമാണ്. തിരുവചനത്തിന് മന്ത്രമെന്ന രീതിയിലുള്ള ഉപയോഗസാധ്യത നല്‍കുന്നത് തെറ്റായ പ്രവണതയാണ്.


സമൃദ്ധി-സുവിശേഷത്തിലെ വിശ്വാസം

അബ്രാഹത്തെയും സോളമനെയും മറ്റും സമ്പത്ത് അനുഗ്രഹമായി സ്വീകരിച്ചവരുടെ ഉദാഹരണങ്ങളായി ഇവര്‍ എടുത്തുകാട്ടുന്നു. അബ്രാഹവുമായി ദൈവം നല്‍കിയ ഉടമ്പടി ഭൗതിക വളര്‍ച്ചക്ക് ദൈവം നല്‍കിയ ഉറപ്പാണ് എന്ന് ഉല്പത്തി 12, 15, 17, 22 നിന്ന് അവര്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ക്ക് സമ്പത്തുണ്ടെങ്കില്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവെന്നും അത് നിങ്ങളുടെ വിശ്വാസത്തെ കാണിക്കുന്നു എന്നും ബോധ്യപ്പെടുത്തുന്നു. നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവോ, അല്ലെങ്കില്‍ തെറ്റായ വിശ്വാസത്തില്‍ ആയിരിക്കുന്നതുകൊണ്ടോ പാപങ്ങള്‍ മൂലമോ ആണ് നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കാത്തത്. അബ്രാഹത്തിന്‍റെയോ മോശയുടെയോ ഉടമ്പടി പോലെ നിങ്ങളും ഈ ഉടമ്പടി ഏറ്റെടുക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് നിങ്ങള്‍ അനുഗ്രഹത്തിന്‍റെ പാതയിലേക്ക് കടന്നുവരുന്നത്. വിശ്വാസികള്‍ അവരുടെ ഭാഗം വിശ്വസ്തതയോടെ പാലിക്കുന്നെങ്കില്‍ ദൈവത്തിന്‍റെ വാഗ്ദാനങ്ങളായ സാമ്പത്തിക സുരക്ഷയും അഭിവൃദ്ധിയും അവര്‍ക്കു ലഭിക്കും. യേശുവിന്‍റെ പേര് ഒരു മാന്ത്രിക താക്കോല്‍ പോലെ അടഞ്ഞതെല്ലാം തുറക്കുകയും അനുഗ്രഹങ്ങളുടെ കലവറ പ്രതിഫലമായി ലഭ്യമാകുകയും ചെയ്യും. (മര്‍ക്കോ 16:17-18, മത്താ 25:14-30, 2 കൊറി 9:6 -8). ഇവിടെ കണക്കാക്കപ്പെടുന്ന സാമ്പത്തിക ബന്ധം, വിശ്വസ്തതയുടെ അടയാളമായി എടുത്തു കാണിക്കു ന്നത് 'നിങ്ങള്‍ നല്‍കുന്നു' എന്നതാണ്. ആദ്യഫല ങ്ങളോ, ശമ്പളമോ, കച്ചവടലാഭമോ, കാറോ സ്ഥലമോ വാങ്ങുമ്പോഴോ ലോണെടുക്കുമ്പോഴോ എന്തുമാവട്ടെ, അതില്‍ ഒരോഹരി (ദശാംശം) ദൈവത്തിന്‍റേതാണ്.

'ദശാംശം നല്കാത്തവര്‍ ദൈവത്തെ കൊള്ള ചെയ്യുകയാണ്' എന്നത് ഇത്തരക്കാരുടെ പ്രധാന ഉത്ബോധനമാണ്. ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍... ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുകയില്ലേ എന്ന് പരീക്ഷിച്ചറിയുവിന്‍ (മലാ 3:10) എന്നത് ഉദ്ധരിച്ച് Perry Noble നയിക്കുന്ന New Spring Church പോലുള്ള ചില സമൂഹങ്ങള്‍, അവരുടെ 90-day tithing challenge ന്money back പോളിസി (റിട്ടേണ്‍ ഓഫര്‍) പോലും നല്‍കിയിരുന്നു. പുതിയ ഉത്പന്നങ്ങള്‍ക്കും സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്കും നല്‍കപ്പെടുന്ന "satisfaction guaranteed' ഉറപ്പ്. ദൈവം തന്‍റെ വാഗ്ദാനം പാലിക്കു ന്നില്ലെങ്കില്‍ നിങ്ങളുടെ സംഭാവനകള്‍ തിരിച്ചു ചോദിക്കാം. പതിനായിരക്കണക്കിനാളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് ഏതാനും ചിലര്‍ ഒരുപക്ഷെ ഈ റിട്ടേണ്‍ ഓഫര്‍ന് അവകാശവാദമുന്നയിച്ചാലും ബാക്കി നിക്ഷേപത്തില്‍ നിന്ന് ഈ മൂന്നു മാസ കാലയളവില്‍ത്തന്നെ അവര്‍ക്കുണ്ടാകുന്ന ലാഭം അനുമാനിക്കാം. കൂടുതലും നല്‍കിയതൊക്കെയും സങ്കല്പിക്കപ്പെട്ട 'ദൈവരാജ്യവേലകള്‍ക്ക്' പോവു കയാണ് പതിവ്. 'സുവിശേഷവേലക്കായി മാത്രം' എന്ന ഊന്നല്‍ വിശ്വാസത്തിന്‍റെ മൃദുലവികാരങ്ങളെ സ്പര്‍ശിച്ച് വേറൊരു തരത്തില്‍ ഇരട്ടി ലാഭമു ണ്ടാക്കുന്നവയാണ്.

ഇത്തരം സമൂഹങ്ങളുടെ പേരുകളില്‍ പോലും ഉന്നതിയുടെ സുവിശേഷം പ്രകടമാണ്. വിജയം, സമൃദ്ധി, ജേതാക്കള്‍, അധികാരികള്‍ തുടങ്ങിയ വാക്കുകളോ അഗ്നി, കൃപ, അനുഗ്രഹം, ശേഖരം തുടങ്ങി തത്തുല്യമായ അടയാളങ്ങളാകാന്‍ കഴിയുന്ന വാക്കുകളോ ആണ് അവരുടെ ശുശ്രൂഷകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രസിദ്ധീകരണങ്ങള്‍ക്കും പരിപാടികള്‍ക്കും നല്‍കിയിട്ടുള്ളത്.

പ്രധാന ശുശ്രൂഷകന്‍റെ പേരിലാണ് ശുശ്രൂഷകളും അറിയപ്പെടുക, മാത്രമല്ല ഇവര്‍ക്ക് ലഭിക്കുന്നsuperstar പദവി മതഭാഷയില്‍ പ്രവാചക സ്വരൂപവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവരുടെ വെബ്സൈറ്റ്, ടെലി-ഷോസ്, സോഷ്യല്‍ മീഡിയ പേജസ്  തുടങ്ങിയവയില്‍ പ്രധാനശുശ്രൂഷകനും, അവരുടെ സ്ഥാപനങ്ങളുടെ പ്രോഗ്രാമുകള്‍ക്കും വലിയ പ്രാധാന്യം (Branded Image) നല്കുന്നുണ്ടാകും എന്ന് കാണാം. ഈ ശുശ്രൂഷകള്‍ കൂടിയതുകൊണ്ടും, ചാനല്‍ സബ്സ്ക്രൈബ് ചെയ്തു ദൈവത്തെ മഹത്വപ്പെടുത്തിയതിനാലും, ഈ പ്രോഗ്രാമുകള്‍ കണ്ടതുകാരണവുമാണ് അനുഗ്രഹങ്ങളും സമൃദ്ധിയും സൗഖ്യവും ലഭിച്ചത് എന്നതാണ് അവതരണത്തിലെ പ്രമേയം. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പുതിയ അവസര ങ്ങളും നല്‍കുന്നുണ്ട്, ഓണ്‍ലൈന്‍ ബുക്കിംഗ്, രജിസ്ട്രേഷന്‍, പെയ്മെന്‍റ്, കോണ്‍ട്രിബ്യൂഷന്‍ എല്ലാം സാധ്യമാണ്. പൂക്കള്‍ അര്‍പ്പിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും പോലും ഇന്ന്online ചെയ്യാം, പണമടക്കണമെന്ന് മാത്രം. ഉന്നതി ഉണ്ടാകു ന്നത് പ്രധാന ശുശ്രൂഷകനാണ് എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത്. 'വിശ്വസിച്ച്' ശുശ്രൂഷ ചെയ്യുന്നവര്‍ അവരുടെ സ്ഥാപനങ്ങളിലോ മറ്റും ജീവനാന്തം ദാസവേല ചെയ്യുകയും ചെയ്യുന്നു.

ഇവരുടെ സ്വയം കേന്ദ്രീകൃതമായ സാക്ഷ്യങ്ങള്‍, രോഗികള്‍ ചികിത്സകളെ അവിശ്വസിക്കാനും വിദ്യാര്‍ത്ഥികള്‍ പഠനത്തിന്‍റെ ഉത്തരവാദിത്തത്തെ അവഗണിക്കാനും ഉതകുംവിധം ആയിത്തീരുന്നത് ആശങ്കാജനകമാണ്. ജ്ഞാനം 16: 12 ഉപയോഗിച്ച് ദിവസവും ബൈബിള്‍ വായിക്കുന്നത് രോഗശമനത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുമെന്നത് ശരിയായ സമീപനമല്ല. വചനം തുറക്കുന്ന വിശ്വാസം ദൈവത്തില്‍ ആശ്രയിക്കാനും ദൈവത്തിന്‍റെ സാന്നിധ്യത്തില്‍ വിശ്വാസമര്‍പ്പിക്കുവാനും നമ്മെ നയിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന് നല്‍കുന്ന വചനസാന്നിധ്യം ഡോക്ടര്‍മാരും, ആശുപത്രിജീവനക്കാരും, സൂക്ഷ്മാണുശാസ്ത്രജ്ഞരും മരുന്നു ഗവേഷകരും ഒരുമിച്ചു നടത്തുന്ന പ്രയത്നങ്ങളിലുമുണ്ട്. വചനം ജീവിക്കുന്നതും ദൈവം പ്രവര്‍ത്തിക്കുന്നതും നമുക്കിടയിലുമാണ്. പഠനത്തില്‍ കഠിനപ്രയത്നം നടത്തുന്നതിനെ ബുദ്ധിയില്‍ ആശ്രയിക്കുന്നു എന്ന് പറയുന്നത് ഔചിത്യമില്ലായ്മയും, ബൈബിള്‍ വായിക്കുകയും തങ്ങളുടെ പ്രോഗ്രാമുകള്‍ കാണുകയും ചെയ്യുന്നത് വിജയം ഉറപ്പിക്കും എന്ന സമീപനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വിശാസത്തിലെ തന്നെ പൊള്ളത്തരമാണ്.

ദാരിദ്ര്യമോ സാമ്പത്തിക പരാധീനതയോ ആത്മീയമായ തിന്മകളുടെ ഫലമാണെന്നും, വിശ്വാസത്തിന്‍റെ പ്രകടമായ ഏറ്റുപറച്ചിലിലൂടെയേ അവ വിട്ടുമാറൂ എന്നും പഠിപ്പിക്കുന്നവരുണ്ട്. തീര്‍ത്തും നിസ്സഹായരായവരുടെ നിസ്സഹായതതന്നെ ചൂഷണം ചെയ്യപ്പെടുന്നത് അവര്‍ വിശ്വസിക്കേണ്ടി വരുന്ന വിധി വാചകങ്ങളില്‍ നിന്നാണ്. പാപത്തിനോടൊപ്പം സകല രോഗങ്ങളും അസ്വസ്ഥതകളും ക്രിസ്തു ഏറ്റെടുത്തു നിര്‍വീര്യമാക്കി (ഏശയ്യ 53:5 ഉദ്ധരിച്ചുകൊണ്ട്). എന്നിരുന്നാലും, നിങ്ങള്‍ക്കത് ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടോ, ഏറ്റുപറയാത്ത പാപത്തിന്‍റെ ശിക്ഷകൊണ്ടോ ചോദിക്കുന്നതിലെ ഔചിത്യക്കുറവുകൊണ്ടോ ആകാം എന്നതാണ് വ്യാഖ്യാനം.

കരാറിന്‍റെ നിയമപരമായ അവകാശമാണ് ദൈവം നല്‍കേണ്ട വിജയം. കരാറിലുള്ള പരിപൂര്‍ണ അര്‍പ്പണം കൂടിയേ തീരൂ. വിശ്വസ്തതയോടെ സംഭാവനകള്‍ നല്‍കുക, ഉപവസിക്കുക, യേശുവിന്‍റെ നാമമുപ യോഗിച്ച് അവകാശവാദമുന്നയിക്കുക തുടങ്ങിയവ യാണ് കരാറിന്‍റെ പാലന രീതി. സമൃദ്ധിയുടെ സുവിശേഷപ്രകാരം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തളര്‍ച്ചകള്‍ക്ക് പാപങ്ങളുടെയും തിന്‍മയുടെ ശക്തിയുടെയും സ്വാധീനം ആയതു കൊണ്ട്, ഉന്നതിയും വിജയവും സാമ്പത്തിക ലാഭവും ലഭിക്കുവാന്‍ പൂര്‍വികരുടെ പാപങ്ങളില്‍ നിന്നും തിന്മയുടെ ശക്തികളില്‍ നിന്നും ബാധിച്ചിരിക്കാവുന്ന ശാപങ്ങളില്‍ നിന്നും രക്ഷ പ്രാപിക്കേണ്ടതുണ്ട്. വിശുദ്ധ വസ്തുക്കളുടെയും പ്രത്യേക പ്രാര്‍ത്ഥനയുടെയും ആജ്ഞാപന വാക്കുകളുടെയും ഉപയോഗം സാധാരണമാണ്. ജലം, എണ്ണ, ഭക്ഷണ സാധനങ്ങള്‍ (ലേപനത്തിനും ഉള്ളിലെടുക്കാനും), തൂവാല, വസ്ത്രഭാഗങ്ങള്‍ (സ്പര്‍ശിക്കാനോ, വീശാനൊ) തുടങ്ങിയവ വില്പനക്ക് ലഭ്യവുമാണ് (അവരുടെ സെന്‍ററുകളില്‍ നിന്ന് തന്നെ വാങ്ങണമെന്നതും പ്രധാനം). പിശാചിന്‍റെ സ്വാധീനം എല്ലാറ്റിലും പറഞ്ഞു ധരിപ്പിച്ച് അവയെ നീക്കുവാനായി പ്രത്യേക 'ശുശ്രൂഷകള്‍' ചെയ്തു ലാഭമുണ്ടാക്കുന്നവരും ഉണ്ട്.

സാധ്യമായേക്കാവുന്ന ഒരു താരതമ്യ നിരീക്ഷണമാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശ്യം. ക്രിസ്തു വിന്‍റെ സുവിശേഷമെന്ന നിലയില്‍, പരിശുദ്ധാത്മ പ്രവര്‍ത്തനമെന്ന നിലയില്‍ അനേകര്‍ സമൃദ്ധിയുടെ പ്രചാരങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും മനോഹരമായ ഭാഷയിലാകുമ്പോള്‍ ചൂഷണ ഘടകങ്ങള്‍ തിരിച്ച റിയപ്പെടണമെന്നില്ല. ആര്‍ക്കെങ്കിലും അതാണ് ലാഭം എന്ന് ബോധ്യമുണ്ടെങ്കില്‍ അത് വിശ്വസിക്കാം. ജപമാല, സഭാ വിധേയത്വം, ആരാധന എന്നിവ യുടെ അലങ്കാരങ്ങള്‍ അണി യിച്ച് പ്രചരിപ്പിക്കപ്പെടുന്ന കച്ചവട സുവിശേഷത്തില്‍ തീര്‍ ത്തും ശുശ്രൂഷകന്‍ തന്നെയാണ് ദൈവം. അവരുമായാണ് വിശ്വാസികള്‍ ഉടമ്പടി ചെയ്യു ന്നത്, അവരെയാണ് വിശ്വാസികള്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നത്. ഫല ത്തില്‍ അവര്‍ വിളിക്കുന്ന ക്രിസ്തുവും അറിയാതെയാണെങ്കിലും ശുശ്രൂഷകന്‍ തന്നെ യാണ്. ബൈബിളിലെ പ്രചോദിത ഘടകങ്ങളെ തിരിച്ചറിയേണ്ടത് എങ്ങനെ എന്ന് അവര്‍ പറയാറില്ല. അപ്പോള്‍ അവര്‍ പറയുന്നതാണ് വചനവും അതിന്‍റെ അര്‍ത്ഥവും. ദൈവവ ചനത്തിനും ദൈവിക വെളിപാടുകള്‍ക്കും, ഉടമ്പടികള്‍ക്കും അതിന്‍റേതായ സ്വഭാവങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അവയെ കാര്യമായെടുക്കാത്ത വചന വ്യാഖ്യാനം അവസരോചിതം മാത്രമാണ്. തന്നെയുമല്ല വ്യാഖ്യാതാവിന് കാര്യലാഭമുണ്ടാക്കുകയും ചെയ്യും. ചുരുക്കത്തില്‍ സുവിശേഷ മൂല്യങ്ങളെക്കാള്‍ ബിസിനസ്, പരസ്യം, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഇവിടെ കാണുവാന്‍ കഴിയും; ബൈബിള്‍ വാക്യങ്ങളുടെ പിന്‍ബലം നല്‍കിയും ആത്മീയഭാഷ നല്‍കിയും വിശ്വാസികള്‍ക്ക് ആകര്‍ഷകമായ പാക്കിങ് നല്‍കിയിരിക്കുന്നു എന്ന് മാത്രം.

ധ്യാനങ്ങളും തീര്‍ത്ഥാടന ടൂറിസവും ഹോളിഡേ പാക്കേജിന്‍റെ ഭാഗമാകുമ്പോള്‍, ധ്യാനങ്ങള്‍ പങ്കെടുക്കേണ്ട ഒരു പ്രോഗ്രാം ആയി മാറുന്നുണ്ട്. ഒരു നല്ല തുക സംഭാവനയും നല്കിക്കഴിയുമ്പോള്‍ എന്‍റെ കരാര്‍വ്യവസ്ഥ പാലിക്കപ്പെട്ടു കഴിഞ്ഞു. ആളുകളുടെ താല്പര്യങ്ങളെ അറിഞ്ഞ് തയ്യാറാക്കുന്ന ഉത്പന്നങ്ങളും ടെലിസീരിയല്‍സും റിയാലിറ്റി ഷോസും പോലെതന്നെ രുചിയറിഞ്ഞ് വിപണനം ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മുടെ ധ്യാനങ്ങളും വന്നുചേര്‍ന്നു എന്നുപറയാം. കരിസ്മാറ്റിക് നവീകരണത്തിന്‍റെ ആദ്യകാലങ്ങളില്‍ അതിനു വേണ്ടിയിരുന്ന ദൈവ ശാസ്ത്രഅടിത്തറക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നവര്‍ അന്ന് ചൂണ്ടിക്കാണിക്കുകയും വിയോജിക്കുകയും ചെയ്തിരുന്ന പ്രവണതകളാണ് ഇന്ന് pseudo-charismatic ശുശ്രൂഷകര്‍ എടുത്തുപയോഗിക്കുന്നത്.

പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിലോ ദൈവം നല്‍കുന്ന കരുതലിനോ സൗഖ്യ ത്തിനോ സംശയം വേണ്ട. എന്നാല്‍ നിബന്ധനകളുടെയോ പണത്തിന്‍റെയോ പുറത്തല്ല അത്. നമ്മുടെ ത്യാഗങ്ങളും കഷ്ടതകളും അറിയുന്നവനാണ് ദൈവം. അവിടുന്ന് നമുക്ക് വേണ്ടതെല്ലാം പ്രദാനം ചെയ്യുന്നു (യാഹ്വേ യിരേ ഉല്പ 22:14). അത് കഷ്ടതകള്‍ക്കുള്ള പ്രതിഫലമായല്ല, അവിടുത്തെ നന്മയില്‍ നിന്നാണ്. അതേ നന്മയില്‍ നിന്ന് തന്നെയാണ് ദൈവം സൗഖ്യ വും (യാഹ്വേ റാഫേക പുറ 15:25-26), വിജയവും (യാഹ്വേ നിസ്സി പുറ 17:15) നല്‍കുന്നതും.

****

സജിത്ത് ബ്രദറിന്‍റെ മാനസാന്തരത്തിലെയോ, അദ്ദേഹത്തിന്‍റെ ശുശ്രൂഷയില്‍ സംഭവിച്ചതായി പറയുന്ന സൗഖ്യത്തിലെയോ സത്യാവസ്ഥ അവര്‍ക്കു മാത്രം അറിയാ വുന്നതാണ്. ദൈവം നമ്മെ നയിക്കട്ടെ.

ദൈവം സൗഖ്യം നല്‍കുന്നു എന്നു തന്നെയാണ് എന്‍റെ വിശ്വാസം. കാരണം ദൈവം ജീവദാതാവാണ്. സൗഖ്യത്തിന്‍റെ വരം പരിശുദ്ധാത്മാവ് സഭയുടെ നന്മക്കും സാക്ഷ്യത്തിനുമായി നല്‍കുന്നതുമാണ്. എങ്കിലും, അത്ഭുതവും സൗഖ്യവും ഇന്ദ്രജാലമാക്കി മാറ്റുന്ന ശൈലി ദൈവത്തിന്‍റേതല്ല. കരിസ്മാറ്റിക് നവീകരണം ഒരു ദിശയില്‍ നവീകരണം തുടങ്ങി വച്ചുവെങ്കില്‍, മറ്റൊരു ദിശയില്‍ ക്രിസ്ത്യന്‍ രാഷ്ട്രീയ ആധിപത്യത്തിന്‍റെ ഉപകരണമായി. സുവിശേഷ ശക്തിയുടെ തെളിവിന്‍റെ പ്രതീതിയായി വലിയ ജനക്കൂട്ടവും രോഗശാന്തിശുശ്രൂഷയും സംഗീതവിരു ന്നുമൊക്കെയായി. ചില ഗ്രൂപ്പുകള്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡുകളായതാണ് നവീകരണ ലക്ഷ്യത്തെ നഷ്ടപ്പെടുത്തിയത്. ഈ ദിശാമാറ്റം കേരളത്തിലും വ്യക്തമായി കാണാവുന്നതാണ്.

സൗഖ്യശുശ്രൂഷകളില്‍ മികച്ചു നിന്ന പാസ്റ്റര്‍ മാരില്‍ ചിലര്‍ കത്തോലിക്കാ സഭയിലേക്കു വരുന്നു എന്നതിനെ ആഘോഷമാക്കിയവരാണ് നമ്മുടെ ആത്മീയ മാധ്യമങ്ങളില്‍ ഏറെയും. വിശ്വാസത്തില്‍ ബോധ്യപ്പെട്ട ഒരാള്‍ അത്തരം ഒരു നിലപാട് സ്വീകരിക്കുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍ അവര്‍, കടന്നുവന്ന വിശ്വാസത്തില്‍ വളരാനും, ബോധ്യങ്ങളില്‍ കൂടുതല്‍ ആഴപ്പെടുവാനും കുറച്ചു കാലം നീക്കിവയ്ക്കുന്നത് നല്ലതാണ്. അത്തരം മാര്‍ഗരേഖകള്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ദൈവികപുരുഷര്‍ ദൈവരാജ്യത്തിന്‍റെ കുത്തകാവകാശം ഏറ്റെടുത്തതു മുതല്‍ ഇത്തരം മാര്‍ഗ്ഗരേഖകള്‍ക്കു വിലയില്ലാതായതാവണം. എന്നാല്‍ ആഘോഷകരമായ സ്വീകരണ പരിപാടികള്‍ക്ക് ശേഷം അടുത്ത ദിവസം മുതല്‍ ശുശ്രൂഷയിലേക്കു കടക്കുന്നതാണ് പലപ്പോഴും കണ്ടത്.

'തിരികെ വരുന്നവര്‍ പുതിയ മേച്ചില്‍പ്പുറം തേടുകയാണെന്ന്' ഈ പ്രവണതകളെ സൂചിപ്പിച്ചു കൊണ്ട് എഴുതിയിരുന്നു. അവരുടെ മാനസാന്തരം വ്യക്തിപരമായതു കൊണ്ട് അതിനെ വിധിക്കാന്‍ ഞാന്‍ ആരുമല്ല. പക്ഷേ, പലരും പുറംമോടിയില്‍ മാത്രം കത്തോലിക്കര്‍ ആയതും, ചെയ്തുപോന്ന അതേ ശൈലികള്‍ തുടര്‍ന്നും ആവര്‍ത്തിച്ചു പോരുന്നതുമായി ശ്രദ്ധിക്കപ്പെടുന്നതുകൊണ്ടാണ് അങ്ങനെ ഒരു സൂചന നല്‍കിയത്.

ഇതൊക്കെയാണെങ്കിലും, ഇവിടെ സജിത്ത് ബ്രദര്‍ കരുവാക്കപ്പെടുകയാണെന്നാണ് എന്‍റെ വിലയിരു ത്തല്‍. ആരാണ് സജിത്ത് ബ്രദറിനെ പ്രൊമോട്ട് ചെയ്യുന്നത്? അതുമൂലം മത്സരത്തിലാകുന്ന മറ്റു ഗ്രൂപ്പുകള്‍ ഏതാണ്? ഇവര്‍ രണ്ടു കൂട്ടരുടെയും ലക്ഷ്യങ്ങള്‍ എന്താണ്? ഇത്രയും പ്രകടമായ വിമര്‍ശനം പലപ്പോഴും ഉണ്ടാകാറില്ല എന്നതുകൊണ്ട് തന്നെയാണിത്.

TB Joshua യുടെ പ്രഭാഷണങ്ങളുടെയും ശുശ്രൂഷകളുടെയും തനിയാവര്‍ത്തനം ചെയ്ത പുരോഹിതന്‍ ഈ കാലത്തിന്‍റെ പ്രവാചകനായി കാണപ്പെട്ടു. Joel Osteenന്‍റെയും അതുപോലുള്ള പ്രശസ്തരായ ഉന്നതിയുടെ സുവിശേഷകരുടെ ശൈലിയും ആശയങ്ങളും ഏറ്റെടുത്തു പ്രവാചകനും സൗഖ്യദായകനുമായ പുരോഹിതനില്ലേ? കത്തോലിക്കാ സഭയുടെ ഏതു മരിയന്‍ ദൈവശാസ്ത്രമാണ് കൃപാസനത്തിന്‍റെ ശുശ്രൂഷകള്‍ക്ക് അടിസ്ഥാനം. Divine Mercy Shrine Of Holy Maryയുടെ പ്രധാന ഭക്തിരൂപങ്ങളില്‍ ആത്മാക്കളെക്കുറിച്ചു പഠിപ്പിക്കുന്ന തില്‍ കത്തോലിക്കാ സഭയുടെ ഏതു ദൈവശാസ്ത്ര പിന്‍ബലമാണുള്ളത്? പഠിക്കുക പോലും ചെയ്യാതെ റാങ്ക് നേടുന്ന അത്ഭുതങ്ങള്‍ നിരന്നപ്പോള്‍ അവക്ക് സാധുത നല്‍കിയ മൗനം ദൈവികമായിരുന്നില്ല. ആളുകളെ വിശ്വാസത്തില്‍ ഉറപ്പിക്കാനും, ഏക ദൈവത്തിന്‍റെ അസൂയാലുതയെക്കുറിച്ചു ഓര്‍മ്മി പ്പിക്കാനും ബൈബിള്‍ പ്രബോധനം ഏറ്റെടുത്ത മറ്റൊരു ദൈവപുരുഷന്‍ കത്തോലിക്കാസഭ ബൈബിള്‍ പഠനത്തെക്കുറിച്ചു നല്‍കുന്ന മാര്‍ഗരേഖകള്‍ ഒന്നും തന്നെ പാലിച്ചു കൊണ്ടായിരുന്നില്ല പഠിപ്പിച്ചിരുന്നത്. വചനപ്രസംഗങ്ങള്‍ പഴയനിയമത്തിന്‍റെ വിശ്വസ്തപാലകരാക്കാന്‍ ഉതകും വിധമുള്ള ശൈലി സ്വീകരിച്ചപ്പോള്‍ ആരും കണ്ടില്ലെന്നു കരുതുന്നത് ശരിയല്ല. ജനം അവര്‍ക്കു പിറകെ ആയിരുന്നതു കൊണ്ട് തിരുത്തുന്നത് പ്രായോഗികമായി യുക്തമല്ലെന്നു കണ്ടിട്ടുണ്ടാവണം, വിശ്വാസത്തെ നശിപ്പിക്കു മെങ്കില്‍ക്കൂടി. 'ദൈവശുശ്രൂഷ മാത്രം' ചെയ്യുന്ന പ്രശസ്തമായ മാധ്യമ ശുശ്രൂഷയില്‍ കൂടുതല്‍ evangelical പ്രവണതകള്‍ കാണപ്പെടുന്നത് നിരീക്ഷിക്കേണ്ടതില്ലേ? മാര്‍പാപ്പയ്ക്ക് സ്തുതി പറയുന്ന അതേ മാധ്യമങ്ങള്‍ മാര്‍പാപ്പയുടെ പ്രസംഗങ്ങളുടെയോ സഭാപ്രബോധനങ്ങളുടെയോ ചിലവ അവഗണിച്ചു കളയപ്പെടുന്നത് കാരണമില്ലാതെയാണോ? വെളിപാട് / അന്ത്യകാല എഴുത്തുകളെ, ബൈബിളിലുള്ളതോ അടുത്തകാലത്തുള്ളതോ ആവട്ടെ എങ്ങനെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യണം എന്നത് സഭയുടെ പ്രബോധനങ്ങളിലുണ്ട്. ബൈബി ളിലെ അത്തരം ഭാഗങ്ങളെ അക്ഷരാര്‍ത്ഥത്തി ലെടുക്കുകയും ബൈബിള്‍ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമെന്നു വാദിക്കുകയും ചെയ്യുന്ന evangelical പ്രവണത സ്വന്തമാക്കിയ അന്ത്യകാല വ്യാഖ്യാതാക്കള്‍ നമുക്കിടയില്‍ എത്രയോ പ്രശസ്തരാണ്. മാത്രമല്ല, ദര്‍ശകരുടെ കൃതികളെ അമിതപ്രാധാന്യം നല്‍കി ദൈവികമാക്കുന്നതും സാധാരണമാണ്.

ഉത്തരവാദിത്തപ്പെട്ടവരുടെ മൗനം നിര്‍ഭാഗ്യകരം മാത്രമല്ല, ആശങ്കാജനകവുമാണ്. സഭ വ്യക്തമായ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട് എന്ന ന്യായീകരണം അസ്ഥാനത്താണ്. ആര്‍ക്കൈവില്‍ എവിടെയെങ്കിലും ഒരു സര്‍ക്കുലര്‍ ഉണ്ട് എന്നത് കൊണ്ട് ഉപകാരമില്ല. 'സാധാരണക്കാരായ' ആളുകളുടെ അറിവിലേക്ക് അത് നല്കപ്പെടണം. പ്രത്യേകിച്ച്, വിശ്വാസത്തിന്‍റെതല്ലാത്ത ശൈലിയോ പ്രബോധനമോ ശ്രദ്ധിക്കപ്പെടുമ്പോള്‍ അതിനു എത്രയും വേഗം വ്യക്തത വരുത്തേണ്ടതുണ്ട്. People with religious content എന്ന അവസ്ഥയി ലേക്കെത്തിച്ചേര്‍ന്നിരിക്കുന്ന അനേകര്‍ ഇന്ന് നമുക്കിടയിലുണ്ട്. സമൂഹത്തിന്‍റെ വിശ്വാസവും ആരോ ഗ്യവും അജപാലനരംഗത്തെ കരുതലിന്‍റെ ഭാഗമാണ്.


ജO

0

0

Featured Posts

bottom of page