
കുട്ടികള്‍ പറഞ്ഞും മുതിര്‍ന്നവര്‍ ആവര്‍ത്തിച്ചും ഒരു ശൈലിയായി ഭാഷയില്‍ പതിഞ്ഞ ഒരു പ്രയോഗമുണ്ടല്ലോ, 'അതങ്ങ് പള്ളീ പറഞ്ഞാല്‍മതി' എന്ന് ആ ശൈലിക്ക് അര്‍ത്ഥലോപം വന്നുപോകാതെ കാക്കാന്‍ നോയമ്പെടുത്തോളാമെന്ന് ഏറ്റിട്ടുണ്ടോ സഭ? ചിലപ്പോഴെങ്കിലും അങ്ങനെ വിചാരിച്ചുപോകാറില്ലേ നമ്മള്‍!
ലോകത്തില്‍ നടപ്പില്ലാത്ത, നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയാനുള്ള ഇടമാണ് പള്ളി എന്നാണല്ലോ ആ ചൊല്ലിന്‍റെ ധ്വനി. എന്നാല്‍, ആ ധ്വനിക്ക് രണ്ടു ചാലുകള്‍ ഉണ്ടെന്ന കാര്യം മിക്കപ്പോഴും നാം മറക്കുന്നു. ഒന്ന് പ്രത്യക്ഷത്തില്‍ കാണുംപോലെയുള്ള പരിഹാസംതന്നെ. ഈ പറച്ചിലുകളൊന്നും ഇവിടെ ചെലവാകുകയില്ല, ചെലവാകാത്ത കാര്യങ്ങള്‍ പറയാന്‍ ഒരിടം വേര്‍തിരിച്ചുവച്ചിട്ടുണ്ടല്ലോ, പള്ളി. അവിടെപ്പോയി പറഞ്ഞ് പറഞ്ഞെന്ന സമാധാനം നേടിക്കൊള്ളൂ എന്നാണ് ആ പരിഹാസംകൊണ്ട് ഉദ്ദേശിക്കുന്നത്. പള്ളിയിലെ സാരോപദേശങ്ങളെല്ലാം 'പുള്‍പിറ്റ് റെട്ടറിക്കാ'യി പരിഗണിച്ച് കേട്ടതപ്പടി ആ മതില്‍ക്കെട്ടിനകത്ത് ഉപേക്ഷിച്ച്, പുറത്തേക്കു കൊണ്ടുപോകാന്‍ ഒരു തരിമ്പും മനസ്സില്‍ അവശേഷിപ്പിക്കാതെ, നടന്നുപോകുന്ന വിശ്വാസസമൂഹത്തിന്‍റെ തലമുറതലമുറയായുള്ള ജീവിതസാക്ഷ്യത്തില്‍നിന്നാണ് ഈ പരിഹാസത്തിന്‍റെ പുറപ്പാട്. പരിഹാസികള്‍ മാത്രമല്ല, കാര്യങ്ങള്‍ സഹഭാവത്തോടെ കാണാന്‍ സന്മനസ്സുകാട്ടിയവരും വാക്കും ജീവിതവും തമ്മിലുള്ള അകലം കാണാതെപോയിട്ടില്ല. ജീവിതത്തില്‍ ഒരിക്കലും അനുഷ്ഠിച്ചുകാണിക്കാത്ത മഹാകാര്യങ്ങള്‍ അവകാശപ്പെട്ടു മേനിനടിക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന് വിമര്‍ശിച്ച സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ദോഷൈകദൃക്കോ, അന്ധവിമര്‍ശകനോ ആയിരുന്നില്ല. ആദര്‍ശവും ആചരണവും തമ്മിലുള്ള ദ്വൈതീഭാവം അദ്ദേഹത്തെയും നന്നേ അലോസരപ്പെടുത്തിയിരുന്നുവെന്നേ അതിനര്‍ത്ഥമുള്ളൂ.
എന്നാല്‍, ഈ ഒരര്‍ത്ഥം മാത്രമല്ല അതിനുള്ളത്. ജീവിതത്തില്‍ മിക്കപ്പോഴും ഇടര്‍ച്ച സംഭവിക്കുന്നുണ്ടെങ്കിലും പരമാദര്‍ശമായി പ്രതിഷ്ഠിച്ച് ആദരിക്കുന്നത് ഈ ആചരണത്തെയല്ലായെന്ന് ഓര്‍മ്മിപ്പക്കാന്‍കൂടി ആ ചൊല്ലിനു കഴിയുന്നു. പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആചരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആദര്‍ശത്തെ വഴിയില്‍ കളയാമെന്നല്ലല്ലോ അര്‍ത്ഥം. അതുകൊണ്ട്, വീണുപോകുമ്പോഴും, വീണുപോയിയെന്ന് അറിയാതെങ്കിലും, ഒരു കണ്ണ് വിദൂരവര്‍ത്തിയായ ആദര്‍ശത്തില്‍ നിഷ്ഠമാക്കി നിര്‍ത്തേണ്ടതുണ്ട്. ആത്മവിമര്‍ശനത്തിന്‍റെ മുന ജീവിതത്തെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നതു ശുഭസൂചനയാണ്.
എത്ര കരുതിയിരുന്നാലാണ്, എത്ര ഉപവസിച്ചും പ്രാര്‍ത്ഥിച്ചും ജീവിച്ചാലാണ്, ഈ ആദര്‍ശങ്ങളെ കണ്‍വെട്ടത്തിലെങ്കിലും നിര്‍ത്താന്‍കഴിയുക എന്ന് ഇത്തരം ചൊല്ലുകളൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥനയാലും ഉപവാസത്താലുംകൊണ്ടുപോരുമോ കഴിയുമോ അര്‍ത്ഥവത്തായ ആദ്ധ്യാത്മികജീവിതം നയിക്കാന്‍? ജീവിതത്തെയാകെ വ്രതാനുഷ്ഠാനമാക്കി മാറ്റുകയും ആരുടെയെങ്കിലും നോട്ടം ഇടത്തോട്ടോ വലത്തോട്ടോ പാളിപ്പോകുന്നുണ്ടോയെന്നു ജാഗ്രതപൂണ്ട് സ്വന്തം ആന്തരജീവിതം കെട്ടുപോകുന്നത് അറിയാതിരിക്കുകയും ചെയ്ത ഭക്തിനാട്യക്കാരുടെ നേരെയാണ് യേശു ഏറ്റവും പരുഷമായ ഭര്‍ത്സനം ചൊരിഞ്ഞതെന്ന് നമുക്കറിയാം. സത്ത ചോര്‍ത്തിക്കളഞ്ഞ് പുറന്തോടിനെ ഭദ്രമായികാക്കുന്നത് എന്നും മതജീവിതത്തില്‍ വീഴാവുന്ന കെണിയാണ്. അത്തരക്കാര്‍ മതജീവിതത്തെ പെരുംചുമടാക്കിമാറ്റി ജനങ്ങളെ പീഡിപ്പിക്കുന്നു. അവര്‍ എന്നും നരകത്തില്‍ ജീവിക്കുകയും മറ്റുള്ളവര്‍ക്കു നരകം ഉറപ്പാക്കിക്കൊടുക്കുകയും ചെയ്യുന്നു. ആചാരപ്പുകയേറ്റു മങ്ങിയ അവരുടെ കണ്ണുകള്‍ക്ക് പിതാവിനെ കാണാനാവുകയില്ലെന്നു യേശുവിനു നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് എന്‍റെ നുകം മൃദുവും ഭാരം ലഘുവുമാണ് എന്നുപറഞ്ഞുകൊണ്ട് ഒരു സരളമാര്‍ഗ്ഗം അവിടുന്നു തെളിച്ചിട്ടത്. ദഹിപ്പിക്കുന്ന അഗ്നിയായും പര്‍വ്വതങ്ങളെ വിറകൊള്ളിക്കുന്ന ഘനാഘനഗര്‍ജ്ജനമായും അറിഞ്ഞവനെ പിതാവിന്‍റെ മസൃണവാത്സല്യമായി അറിയൂ, അങ്ങനെ അറിയാന്‍ ഹൃദയത്തിലല്പം ആര്‍ദ്രത സൂക്ഷിച്ചാല്‍മതി, കനിവൂറുന്ന കണ്ണിലൂടെ അപരനെ നോക്കാന്‍ ശീലിച്ചാല്‍മതി എന്നാണ് അവിടുന്ന് ഉപദേശിച്ചത്. ഉപദേശിക്കുക മാത്രമല്ല, ആ സ്നേഹകാരുണ്യങ്ങളുടെ അതിര് എവിടെയാണ് അടയാളപ്പെട്ടുകിടക്കുന്നതെന്നു സ്വന്തം മാംസകഞ്ചുകം പിളര്‍ന്ന് കാട്ടിത്തരികയും ചെയ്തു.
ഈ കണ്ണ് മാനവരാശിക്കു നല്കാന്‍വേണ്ടിയാണ് ദൈവപുത്രന്‍ മനുഷ്യപുത്രനായി അവതരിക്കാന്‍ തീരുമാനിച്ചത്. മനുഷ്യനെ ദൈവം സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിച്ചു എന്ന പാഠത്തില്‍നിന്നു പഠിക്കാതെ പോയ രണ്ടുപാഠങ്ങളാണ് ഈ അവതാരത്തെ അനിവാര്യമാക്കിയത്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ സൃഷ്ടപ്രപഞ്ചത്തെയും അതിലുള്ള സമസ്ത പ്രതിഭാസങ്ങളെയും ദൈവത്തിന്‍റെ കണ്ണിലൂടെ കാണണം എന്നതാണ് ഒന്നാംപാഠം; ഈ അമേയ വിസ്തൃതിയും അതിലെ അപാരവൈവിദ്ധ്യവും നാം ഓരോരുത്തരുടെയും സൃഷ്ടിക്കു കാരണമായ സ്നേഹത്തിന്‍റെതന്നെ പ്രകാശനമാണെന്നും അവയോടെല്ലാം സാഹോദര്യം പുലര്‍ത്തുമ്പോഴാണ് നമ്മുടെ ജീവിതം സഫലമാകുന്നതെന്നുമാണ് രണ്ടാംപാഠം. ആ സാഹോദര്യം പുലരുമ്പോള്‍ നാം സഹോദരന്‍റെ കാവല്ക്കാരായിത്തീരുന്നു; സഹോദരന്‍റെ കാവല്ക്കാരനാകുന്നില്ലെങ്കില്‍ പിന്നെ ഒരു വഴിയേയുള്ളൂ - അവന്‍റെ കൊലയാളിയാവുക എന്നത്!
പിതാവ്, പിതാവ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ യേശു തുനിഞ്ഞത് ഇതുകൊണ്ടാണ്. പുത്രനിലൂടെ മാത്രമേ പിതാവിനെ അറിയുന്നുള്ളൂ. പുത്രനെ പകയ്ക്കുന്നവന്‍ പിതാവിനെ പകയ്ക്കുന്നു. ഭ്രാതൃഹത്യ ചെയ്യുന്നവന്‍ പിതൃഹത്യതന്നെയാണ് ചെയ്യുന്നത്. പിതൃഹത്യ ആഗ്രഹിക്കാത്ത ഏതെങ്കിലും പുത്രനുണ്ടോ എന്ന് ദസ്തയേവ്സ്കി ചോദിച്ചത് നടുക്കത്തോടെ വായിക്കുന്ന നമ്മള്‍ അറിയാതെ ചെയ്യുന്നതെന്ത് എന്നു തിരിഞ്ഞുനിന്ന് ആലോചിക്കേണ്ടതല്ലേ? ഒരു പൂവ് ഇറുക്കാന്‍ നീളുന്ന കൈ ആ പൂവിന്‍റെ സ്രഷ്ടാവിന്‍റെ നേരെയാണ് നീളുന്നതെന്ന് അറിയാത്തതെന്തേ?
വിസ്മയനീയമായ ഈ പ്രപഞ്ചം സൃഷ്ടിച്ചതാര് എന്ന ചോദ്യത്തിന് ദൈവം എന്നു ലിയോ മറുപടിപറഞ്ഞപ്പോള്‍ വേണ്ടാ, ആ പേര് അസ്ഥികള്‍ ഞെരുക്കുന്ന പേരാണ് 'പിതാവ്' എന്നുപറഞ്ഞാല്‍ മതിയെന്നു ഫ്രാന്‍സിസ് പറഞ്ഞതായി കസന്‍ദ്സാക്കീസിന്‍റെ നോവല്‍. ദൈവത്തെ പിതാവായി അറിയുന്നതില്‍ ആരംഭിക്കുന്നു ക്രിസ്തുമതദര്‍ശനം. സൃഷ്ടിയെ സഹോദരനായി കണ്ട് കരുതുകയും സ്നേഹിക്കുകയും ചെയ്യുമ്പോള്‍ ആ ദര്‍ശനം ജീവിതത്തില്‍ പ്രത്യക്ഷത നേടുന്നു. ഇതൊരു പാരസ്പര്യമാണ്. എല്ലാ കല്പനകളെയും പ്രമാണങ്ങളെയും ആ പാരസ്പര്യത്തില്‍ സംഗ്രഹിക്കാം. ആ സ്നേഹവലയത്തിലേക്ക് ആനയിക്കപ്പെടുമ്പോള്‍ ശത്രുക്കള്‍ ഇല്ലാതാകുന്നു. യേശു തന്‍റെ ഐഹിക ജീവിതംകൊണ്ട് സമര്‍ത്ഥിച്ചത് ഈ സത്യമാണ്.
മനുഷ്യന് ഈ ഉത്കൃഷ്ടപദത്തിലേക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നു കാണിക്കാനാണ് യേശു മനുഷ്യനായി പിറന്നത്. യേശു പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവും ആണെന്ന വിശ്വാസസത്യം വിരല്‍ചൂണ്ടുന്നതും ഈ ആശയത്തിലേക്കാണ്. എന്നാല്‍, യേശുവിന്‍റെ ദൈവികതയില്‍ മാത്രം ദൃഷ്ടിയൂന്നി അവിടുത്തെ മാനുഷികതയെ ശ്രദ്ധിക്കാതെ പോകുമ്പോള്‍ ആ ജീവിതം നമുക്ക് ആരാധിക്കാന്‍ മാത്രമുള്ളതായിത്തീരുന്നു. അതോടെ മനുഷ്യജീവിതത്തിനു മാതൃകയാണതെന്ന കാര്യം നാം വിട്ടുകളയുകയും ചെയ്യുന്നു. ഈ ജീവിതവും അതിന്‍റെ മഹിതമാതൃകയും എനിക്കും നിങ്ങള്‍ക്കും പ്രാപിക്കാവുന്നതാണ്. ആ വഴിയില്‍ നടന്നുതുടങ്ങുമ്പോഴാണ് രക്ഷയുടെ അനുഭവത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതെന്ന കാര്യം വിസ്മരിക്കപ്പെടുന്നു. അതു വിസ്മരിച്ചുപോകാതെ ഓര്‍ത്തുകൊണ്ടിരിക്കണമെന്നു കരുതിത്തന്നെയാണ് അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ ഒരു ജീവിതത്തെ ദൈവിക പരിവേഷങ്ങള്‍ ചാര്‍ത്താതെ മനുഷ്യരാശിയുടെ മുമ്പില്‍നിര്‍ത്താന്‍ ദൈവം കരുണകാണിച്ചത്.
മനുഷ്യജീവിതത്തില്‍ ഉണ്ടാകാവുന്ന എല്ലാ പ്രലോഭനങ്ങള്‍ക്കും ഇരയായിത്തീര്‍ന്ന് ധൂര്‍ത്തജീവിതം നയിക്കുന്ന ഒരു യുവാവിനെയാണ് ഫ്രാന്‍സിസില്‍ നാം ആദ്യം സന്ധിക്കുന്നത്. പ്രേമലോലുപനായി കാമിനീമണികളുടെ മണിമാളികകളുടെ പരിസരങ്ങളില്‍ ചുണ്ടില്‍ ഒഴിയാത്ത ഗാനശകലങ്ങളുമായി ചുറ്റിത്തിരിയുന്ന ഒരലസജന്മം. സുഖഭോഗങ്ങള്‍ക്ക് ലോപംവരാതെ കാക്കുന്ന കുടുംബാന്തരീക്ഷം. ക്ഷമിക്കുന്നതിലും കനിവു കാട്ടുന്നതിലുമല്ല ജയിക്കുന്നതിലും കീഴ്പ്പെടുത്തുന്നതിലുമാണ് മനുഷ്യജന്മത്തിന്‍റെ സാഫല്യമെന്ന് നിരന്തരം ഉപദേശിക്കുകയും ജയിച്ചു മുന്നേറാന്‍ ഉത്സാഹിപ്പിക്കുകയും ചെയ്യുന്ന പിതാവ്! ആ പിതാവ് കച്ചവടസാധനങ്ങള്‍ വണ്ടിയില്‍നിറച്ച് പള്ളിയില്‍ കൊണ്ടുപോയി പ്രാര്‍ത്ഥനയുടെ അലകള്‍ അവയുടെമേലും വീശി അനുഗ്രഹം കിട്ടട്ടെ എന്ന മട്ടില്‍ ഭക്തിനടിക്കുന്ന അഭിനേതാവാണ്. ഈ അന്തരീക്ഷം സ്നേഹമോ കാരുണ്യമോ തരിമ്പുമില്ലാതെ ധൂര്‍ത്തജീവിതം നയിക്കാനുള്ള പ്രേരണ ആ യുവാവില്‍ ഉണ്ടാക്കിയെങ്കില്‍ അത്ഭുതമുണ്ടോ? ആ പ്രേരണയെ തെഴുപ്പിക്കുന്ന സ്നേഹിതന്മാര്‍ തിങ്ങിക്കൂടുക സ്വാഭാവികമല്ലേ? ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്. ഇവയ്ക്കെല്ലാം വിപരീതമായി ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് തന്‍റെ മാതാവാണ്. അവര്‍ വേദനയോടെ പ്രാര്‍ത്ഥിച്ചു; നേടുന്നതല്ല, കൊടുക്കുന്നതാണ് വലിയകാര്യം; ആര്‍ദ്രമായ ഹൃദയമുണ്ടാകുന്നതാണ് മനുഷ്യനാകുന്നതിന്‍റെ സാഫല്യമെന്ന് അവര്‍ ഉപദേശിച്ചുകൊണ്ടിരുന്നു. മാതാപിതാക്കള്‍ തന്‍റെ അന്തരംഗത്തില്‍ പോരടിക്കുകയായിരുന്നുവെന്ന് ഫ്രാന്‍സിസ് പറഞ്ഞതായി കസന്‍ദ്സാക്കീസ് എഴുതിയിട്ടുണ്ട്. ആ വിശുദ്ധ ജീവിതത്തിന്‍റെ രൂപാന്തരപ്രക്രിയയെ വരച്ചുകാണിക്കാനാണ് അദ്ദേഹത്തിന്‍റെ ഉദ്യമം.
പക്ഷേ, നാം ചോദിക്കുക: സമ്പന്നവും സുഖലോലുപവും ഭോഗഭൂയിഷ്ഠവുമായ ഒരു ജീവിതപശ്ചാത്തലത്തില്‍നിന്ന് ഫ്രാന്‍സിസിനെ വിശുദ്ധിയുടെ ക്ലിഷ്ടപഥങ്ങളിലൂടെ നയിക്കാന്‍ സ്വര്‍ഗ്ഗസ്ഥപിതാവിന് എന്തുകൊണ്ടു തോന്നി? ദൈവത്തിന്‍റെ മനസ്സ് വായിക്കാനുള്ള വൃഥാശ്രമത്തിലേര്‍പ്പെടുകയാണെന്ന് തെറ്റിദ്ധരിക്കേണ്ടാ. അതു മനുഷ്യന്‍റെ ബുദ്ധിക്കപ്പുറം നില്ക്കുന്ന രഹസ്യമേഖലയാണ്. എന്നാല്‍, അതിസാധാരണമായ മനുഷ്യബുദ്ധിയുടെ മുമ്പില്‍ ജീവിതത്തിന്‍റെ ഇരുധ്രുവങ്ങളെയും ഒരൊറ്റ ജീവിതത്തില്‍ സാക്ഷാത്കരിച്ചു കാണിക്കുമ്പോള്‍ നമ്മള്‍ പഠിക്കുന്ന ഒരു പാഠമുണ്ട്. ഏതു ഗര്‍ത്തത്തില്‍, ഏതു ചെളിക്കുണ്ടില്‍, വീണുപോയാലും അവിടെനിന്ന് എടുത്തുയര്‍ത്തി വിശുദ്ധിയണിയിക്കാന്‍ കഴിവുള്ളവനാണ്, കരുണയുള്ളവനാണ് ദൈവം. ഫ്രാന്‍സിസിന്‍റെ പില്ക്കാല ജീവിതം സമര്‍ത്ഥിക്കുന്നത് ആ പാഠമാണ്. ജീവിതത്തിലെ ആഘോഷങ്ങളും ആനന്ദങ്ങളും മുഴുവന്‍ കൈയൊഴിച്ച് സ്നേഹത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പൂര്‍ണ്ണതയിലേക്കു നടക്കുകയാണ് ഫ്രാന്‍സിസ് ചെയ്തത്. ആ സ്നേഹം മനുഷ്യലോകത്തിന്‍റെ പരിധിയില്‍ ഒതുങ്ങിയില്ല. ഹിംസ്രജന്തുക്കളായാലും കൃമികീടങ്ങളായാലും തന്‍റെ സഹോദരങ്ങള്‍ എന്ന നിര്‍വ്യാജ ചിന്തയില്‍ അഭിരമിക്കുന്ന മനസ്സായിത്തീര്‍ന്നു ഫ്രാന്‍സിസിന്‍റേത്. സാമാന്യഗതിയില്‍ മനുഷ്യന് അറപ്പുതോന്നുംവിധം വികൃതമായ, രോഗബാധിതമായ, ജീവിതങ്ങളെ ആലിംഗനം ചെയ്ത് നിര്‍വൃതിയടയാന്‍ കഴിയുന്നതായി അദ്ദേഹത്തിന്‍റെ ഹൃദയം. മാംസം അടര്‍ന്നുപോയ കുഷ്ഠരോഗിയുടെ ശരീരം തന്‍റേതിനോടു ചേര്‍ത്തുപിടിച്ച്, നാം ചുംബിക്കുമ്പോള്‍ കുഷ്ഠരോഗിയുടെ മുഖം ക്രിസ്തുവിന്‍റെ മുഖമായിത്തീരുന്നു എന്നുപറയാന്‍ കഴിയുന്ന അവസ്ഥയിലെത്തി അദ്ദേഹം.
എന്താണ് സ്നേഹവും ദാരിദ്ര്യവും തമ്മിലുള്ള ബന്ധം? സ്നേഹം കൊടുക്കലാണ്, അവനവന് ഉള്ളതും അവനവനെത്തന്നെയും കൊടുത്തുതീര്‍ക്കലാണ്. അത് ആര്‍ജ്ജനത്തിനു നേര്‍വിപരീതമാണ്. ആര്‍ജ്ജനം സമ്പത്തിലേക്കു നയിക്കുന്നു; അതു കൊടുക്കാന്‍ സമ്മതിക്കുന്നതല്ല. നേടുന്നതല്ല, കൊടുക്കുന്നതാണ് സ്നേഹത്തിന്‍റെ വഴി. അതാണ് സ്നേഹവും ദാരിദ്ര്യവും തമ്മിലുള്ള ബന്ധം. ഫ്രാന്‍സിസ് അസ്സീസി തന്‍റെ ജീവിതംകൊണ്ട് നമ്മുടെ മുമ്പില്‍ വരച്ചുവച്ചത് ഏതറ്റംവരെ സ്നേഹിക്കാന്‍ കഴിയും, ഏതറ്റംവരെ ദരിദ്രനാകാന്‍ കഴിയുമെന്നതാണ്. സ്വര്‍ഗ്ഗീയസ്വസ്ഥത ഉപേക്ഷിച്ച് മണ്ണില്‍, രോഗവും രോദനവും പാപവും മുറ്റിത്തഴച്ച ഈ മണ്ണില്‍, ജീവിക്കാന്‍ തീരുമാനിക്കുകയും ആ ജീവിതത്തിന്‍റെ അവസാനം തന്നെത്തന്നെ പങ്കിട്ടുകൊടുക്കുകയും ഈ കൊടുത്തുതീര്‍ക്കലിലാണ് നിത്യജീവന്‍റെ അനുഭവം എന്നു പഠിപ്പിക്കുകയുംചെയ്ത ക്രിസ്തുവിന്‍റെ വഴി, ക്രിസ്തു കാണിച്ച വഴി, ഇതാണ്.
ഉത്ഥിതനായി, സ്വര്‍ഗ്ഗാരോഹണം ചെയ്ത ക്രിസ്തുവിന്‍റെ ലൗകിക സാക്ഷ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സഭ ഈ വഴിയിലാണോ സഞ്ചരിക്കുന്നത്? അസ്സീസിയിലെ വിശുദ്ധനായ ഫ്രാന്‍സിസ് കാണിച്ച മാതൃകയാണോ പിന്തുടരുന്നത്? അതോ ഈ മണ്ടത്തരത്തിനു ഞങ്ങളില്ല എന്നുപറയുകയാണോ ചെയ്യുന്നത്?
ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാരിലെ ഐവാന്‍ എന്ന കഥാപാത്രം തന്‍റെ സഹോദരനായ അല്യോഷയോടു പറയുന്ന ഒരു പരിഹാസകഥയുണ്ട്. രംഗം സ്പെയിനാണ്; കാലം മതദ്രോഹവിചാരണയ്ക്കു കുപ്രസിദ്ധമായ മദ്ധ്യയുഗം. അന്നൊരുനാള്‍ യേശുക്രിസ്തുവിന് ഭൂമിയില്‍ ഒരിക്കല്‍കൂടി വന്നുപോകണമെന്നു തോന്നി. ക്രിസ്തുസഭയ്ക്ക് പ്രാബല്യമുള്ള സ്പെയിനില്‍ അദ്ദേഹമെത്തി. രാത്രി അലഞ്ഞുനടക്കുന്ന ക്രിസ്തുവിനെ കണ്ട അധികാരികളുടെ ശിങ്കിടികള്‍ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി വൃദ്ധനായ ഒരു കര്‍ദ്ദിനാളിനെ ഏല്പിച്ചു. കര്‍ദ്ദിനാള്‍ ആകെയൊന്നു നോക്കി. അനുചരന്മാരെയെല്ലാം പുറത്താക്കിയിട്ട് സ്വകാര്യമായി പറഞ്ഞു: "നീ ആരെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ലെന്നാണോ വിചാരം! നിന്‍റെ മുഖത്തു കളിയാടുന്ന ദിവ്യപ്രഭ എനിക്ക് അഗോചരമെന്നു കരുതിയോ? ഇല്ല, എനിക്കിതൊന്നും അഗോചരമല്ല. എന്നാല്‍ നീ ഒന്നു മനസ്സിലാക്കണം. ഞങ്ങള്‍ എത്രയെത്ര സ്ഥാപനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് നീ കണ്ടുകാണുമല്ലോ. അംബരചുംബികളായ ദേവാലയങ്ങള്‍, മന്ദിരങ്ങള്‍, അനാഥശാലകള്‍... എല്ലാം നിന്‍റെ പേരില്‍ ഞങ്ങള്‍ ഉണ്ടാക്കിയതാണ് - നിന്‍റെ പേരില്‍, നിന്‍റെ പേരിന്‍റെ മഹിമയ്ക്ക് . എന്നാല്‍ ഇതൊന്നും നിന്‍റെ വഴിക്കു നടന്നിട്ടുണ്ടാക്കിയതല്ല; നിന്‍റെ വഴിയില്‍ നടന്നാല്‍ ഇതൊന്നും ഉണ്ടാക്കാന്‍ കഴിയുകയില്ലെന്നും നിനക്കറിയാം. പണ്ട്, ഒരുവന്‍ നിന്നെ മരുഭൂമിയില്‍വച്ചു പരീക്ഷിച്ചില്ലേ, അവന്‍റെ വഴിക്കാണ് ഇതൊക്കെയുണ്ടാക്കിയത്. പക്ഷേ, എല്ലാം നിന്‍റെ പേരിലാണ്. അതുകൊണ്ട് ദയവായി ഞങ്ങളെ ഉപദ്രവിക്കാതെ നീ വന്നിടത്തേയ്ക്ക് മടങ്ങിപ്പൊയ്ക്കൊള്‍ക." ക്രിസ്തു ആ വൃദ്ധപിതാവിന്‍റെ ചുളിഞ്ഞകവിളില്‍ വാത്സല്യത്തോടെ ചുംബിച്ചിട്ട് മടങ്ങിപ്പോയി എന്നു കഥ അവസാനിക്കുന്നു.
ഇതു കഥയാണ്; നന്നേ പരിഹാസംപൂണ്ട കഥ! എന്നാല്‍, അനേകം സ്ഥാപനങ്ങളും സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ പദ്ധതികളും മെനയാന്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ ആരോടാണ് സഭ രാജിയാകുന്നതെന്ന് ആലോചിക്കേണ്ടതില്ലേ?സ്ഥാപനമാകുമ്പോള്‍ പ്രസ്ഥാനം അല്ലാതാകും എന്നത് ലോകത്തിലെ ഒരു സാധാരണസത്യമാണ്. ക്രിസ്തുവിനെ ആയാലും അവിടുത്തെ എളിയദാസനായ ഫ്രാന്‍സിസിനെ ആയാലും അനനുകാര്യമായ മാതൃകയായി രൂപകൂട്ടില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ എന്തുസംഭവിക്കുന്നു? യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനോട് "നീ എവിടെ പാര്‍ക്കുന്നു" എന്നു ചോദിച്ചതിന് "വന്നു കാണുവിന്‍" എന്നായിരുന്നു ഉത്തരം. പാര്‍ക്കാന്‍ ഇടമില്ലാത്തവനാണെന്നു വന്നു കാണുവിന്‍ എന്നായിരുന്നില്ലേ അതിന്‍റെ അര്‍ത്ഥം?