top of page

ആത്മാവിനെ വിറ്റവരുടെ സ്വര്‍ഗ്ഗം

May 1, 2011

2 min read

പോള്‍ തേലക്കാട്ട്
Image : The Helen from the article
Image : The Helen from the article

"അവളുടെ ചുംബനങ്ങള്‍ എന്‍റെ ആത്മാവിനെ നുകര്‍ന്നെടുത്തു. എവിടേയ്ക്കാണ് ആത്മാവ് പറന്നത്! ഹെലന്‍ വരിക. എന്‍റെ ആത്മാവിനെ തിരിച്ചു തരിക. ഞാന്‍ ഇവിടെത്തന്നെ പാര്‍ക്കും. കാരണം ഈ അധരങ്ങളില്‍ സ്വര്‍ഗ്ഗമുണ്ട്. ഹെലന്‍ അല്ലാത്തതൊക്കെ വെറും ചവറാണ്." ക്രിസ്റ്റഫര്‍ മാര്‍ലോ (1604)യുടെ ഡോ. ഫൗസ്റ്റസിന്‍റെ വാക്കുകളാണിത്. നരകത്തിന്‍റെ അധിപന്‍ ലൂസിഫറിന്‍റെ ഏജന്‍റ് മെഫിസ്റ്റോഫിലസിന്‍റെ പ്രേരണയാല്‍ ഡോ. ഫൗസ്റ്റസ് സ്വന്തം ആത്മാവിനെ ചെകുത്താന് തീറാധാരം ചെയ്തുകൊടുത്തു. പകരമായി ഡോക്ടര്‍ ഫൗസ്റ്റസിന്‍റെ ശുശ്രൂഷകനും ഏത് ആഗ്രഹനിവര്‍ത്തിയുടെയും നടത്തിപ്പുകാരനുമായി മെഫിസ്റ്റോഫിലസ് എന്ന ചെകുത്താന്‍.

അതിബുദ്ധിമാനും സമര്‍ത്ഥനുമായ ഫൗസ്റ്റസിന് ആഗ്രഹം; ട്രോജന്‍ യുദ്ധത്തിന്‍റെ കാരണക്കാരിയായ അതിസുന്ദരി ഹെലനെ തനിക്കു വേണം. "ആഡംബരപൂര്‍വ്വകമായ കളിപ്പാട്ടം" എന്ന് കല്യാണത്തെ നിര്‍വചിച്ച് അവളെ ചെകുത്താന്‍ അവനു വരുത്തി കൊടുത്തു. പണ്ഡിതനായ ഫൗസ്റ്റസ് ഹെലന്‍റെ മുമ്പില്‍ കേണു: "ഓമനേ, ഒരു ചുംബനത്താല്‍ എന്നെ അമര്‍ത്യനാക്കൂ."

പക്ഷേ, ചുംബനത്താല്‍ അവന് ആത്മാവ് നഷ്ടപ്പെട്ടു. "കൗശലത്തിന് ആത്മാവിനെ കൊടുത്ത"വന്‍ ആത്മാവില്ലാത്തവനായത് തിരിച്ചറിഞ്ഞു. അത് അയാളുടെ സ്വര്‍ഗത്തെ ശൂന്യമാക്കി. അയാള്‍ ശൂന്യത അറിഞ്ഞു.

ബൈറന്‍ (Lord Byron 1788-1824) ന്‍റെ കായേനെക്കുറിച്ചുള്ള കവിതയില്‍ നരകാധിപനായ ലൂസിഫറിനോട് കായേന്‍ ചോദിക്കുന്നു "അങ്ങ് സന്തുഷ്ടനാണോ?" "നാം ശക്തരാണ്." പക്ഷേ കായേന്‍ പിന്നെയും ചോദ്യം ആവര്‍ത്തിച്ചു നരകാധിപനോട്: "അങ്ങ് സന്തോഷവാനാണോ?" അതിനുത്തരം മറുചോദ്യമായിരുന്നു "നീയോ?" കായേന്‍റെ ഭാര്യയും പെങ്ങളുമായ അദയോട് ലൂസിഫര്‍ പറഞ്ഞു "സ്നേഹമോ അറിവോ തിരഞ്ഞെടുക്കുക; മറ്റൊരു മാര്‍ഗവുമില്ല." അതേ കവിതയില്‍ കായേന്‍ ലൂസിഫറിനോട് പറഞ്ഞു: നന്മതിന്മകളുടെ അറിവിന്‍റെ വൃക്ഷം നുണയാണ്. "നാം ഒന്നും അറിയുന്നില്ല. കാരണം അത് അറിവിനു പകരം മരണം തന്നെ." ലൂസിഫര്‍ പറഞ്ഞു "ഏറ്റവും ഉന്നതമായി അറിവിലേക്ക് നയിക്കുന്നത് മരണമാകാം."- മരണം തുറക്കുന്ന അറിവ് ശുദ്ധശൂന്യതയുടെയോ? പാപപ്രലോഭനമരണ പ്രഹേളികളെക്കുറിച്ച് ബൈബിള്‍ നല്കുന്ന ആദികഥകള്‍ക്ക് രണ്ടു സാഹിത്യകാരന്മാര്‍ നല്കിയ രണ്ടു കാവ്യദര്‍ശനങ്ങളാണിത്. കലാകാരന്‍ അവതരിപ്പിക്കുന്നത് നടന്ന കാര്യങ്ങളല്ല. നടക്കാവുന്ന കാര്യങ്ങളുടെ കഥനങ്ങളാണ്.

പണ്ട് തോമസ് അക്വിനാസ് ചോദിച്ചു "കിരീടം, മദ്യം, സ്ത്രീ ഇവയെക്കാള്‍ സത്യത്തിനു ശക്തിയുണ്ടോ?" ഈ ചോദ്യം ഓരോരുത്തരും ജീവിതം കൊണ്ട് പറയേണ്ട ഉത്തരങ്ങളാണ്. പെണ്ണിനും മണ്ണിനും കിരീടത്തിനുംവേണ്ടിയുള്ള ആശകളുടെ ആസക്തിയുടെ ശക്തി തലയ്ക്കുപിടിക്കുന്ന മദ്യമാണ്. അത് എത്ര ശക്തമാണ് എന്നത് അതിനെ നേരിടുന്നവന്‍റെ ആത്മാവിന്‍റെ ശക്തിയുടെ പ്രശ്നമാണ്. ആത്മാവിനെ വിറ്റ് കാമാധികാരണങ്ങളുടെ ഹെലാരുടെ ചുംബനത്തില്‍ സ്വര്‍ഗ്ഗം കണ്ടവരുടെ കഥകള്‍ നാം നിരന്തരം കേള്‍ക്കുന്നു. സ്വന്തം ആത്മാവിനെ വിറ്റതിന്‍റെ രഹസ്യങ്ങളിലേക്കും രഹസ്യപങ്കാളിത്തത്തിന്‍റെ ഉഭയസമ്മത വിലപേശലുകളിലേക്കും ഐസ്ക്രീം മോഹങ്ങളിലേക്കും നീതി വിറ്റ ന്യായാധിപന്മാരുടെ അന്തഃപുരങ്ങളിലേക്കും മാധ്യമവെളിച്ചത്തിന്‍റെ സൂര്യന്‍ ഉദിക്കുമ്പോള്‍ നാം അമ്പരക്കുന്നു. പക്ഷേ, ആത്മാവിനെ വച്ചുള്ള ഈ വിലപേശല്‍ എന്നും അന്തരംഗത്തിന്‍റെ രഹസ്യഅറകളില്‍ അനുസ്യൂതം നടക്കുന്നു. മെഫിസ്റ്റോഫിലസ്മാരായി സഹോദരന്മാരും, അളിയന്മാരും അനിയത്തിമാരും വരുന്നു. ചന്തയില്‍ വിലകൊടുത്താല്‍ കിട്ടാത്ത ആത്മാവുകളില്ലെന്ന ലൂസിഫറിന്‍റെ സുവിശേഷത്തിന്‍റെ വിജയം. ആത്മാവുണ്ടോ? തെളയിക്കാനോ തെളിയിക്കാതിരിക്കാനോ കഴിയാത്ത ജീവിതത്തിന്‍റെ പരമചോദ്യം. ജീവിതം കൊണ്ടാശ്ലേഷിച്ചത് മായയെ ആയിപ്പോയി എന്നറിഞ്ഞ് ജീവിതത്തോട് രാജിയായി പിരിയുന്ന ഡീസന്‍റ് ശങ്കരപ്പിള്ളമാരുടെ മായയുടെ കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. കഥാപുരുഷന്മാര്‍ കഥയില്ലാത്തവരായി ശൂന്യതയില്‍ മുങ്ങിത്താഴ്ന്നു.

Featured Posts

Recent Posts

bottom of page