top of page

താവളമില്ലാത്തവര്‍ 

Dec 7, 2017

2 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
train journey

ഒരു ചുരയ്ക്കാവള്ളി കരിഞ്ഞപ്പോള്‍ ദൈവത്തിനെതിരായി ക്ഷുഭിതനാകാന്‍ തയ്യാറാകുന്ന പ്രവാചകനുണ്ട് വേദപുസ്തകത്തില്‍. അയാള്‍ക്കതിന് അവകാശമുണ്ട്. കാരണം ഈ പൊള്ളുന്ന വെയിലില്‍ അതായിരുന്നു അയാളുടെ തണല്‍. തണല്‍ നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് ഏതറ്റവും വരെ പോകാന്‍ അവകാശമുണ്ട്. ചെറുതും വലുതുമായ അളവില്‍ ഓരോയിടങ്ങളിലും അതിന്‍റെ ആവര്‍ത്തനമുണ്ടാകും. അണച്ചു പിടിച്ച ഒരു കരത്തിന്‍റെ ആലംബം നഷ്ടമാകുന്നതുതൊട്ട് കൃത്യമായി കിട്ടിയിരുന്ന ദിവസക്കൂലി മുടങ്ങുന്നതു വരെ അതെന്തുമാകാം. പെട്ടെന്ന് ഭൂമി പൊള്ളുകയാണ്. 

പ്രിയങ്കരങ്ങളായ ഇടങ്ങളെ വിട്ട് യാത്രചെയ്യാന്‍ ആരും അഭിലഷിക്കുന്നില്ല. സാഹചര്യങ്ങള്‍ അവരെ അതിലേക്ക് തള്ളിവിടുന്നതാണ്. എണ്‍പതോളം ട്രെയിനുകള്‍ ഒരു വാരത്തില്‍ല്‍ കേരളത്തിലേക്കെത്തു മ്പോള്‍ അതില്‍ നിന്ന് ഒരു ലക്ഷത്തോളം പേരാണ് അമ്പരപ്പോടെ അപരിചിത ദേശങ്ങളില്‍ നിന്ന് ഇറങ്ങിയെത്തുന്നത്. ജര്‍മ്മന്‍ എഴുത്തുകാരനായ W. G സെബാള്‍ഡിനെക്കുറിച്ച് അടുത്തിടെ ഹൃദ്യമായൊരു കുറിപ്പു വായിച്ചു. ആ കുറിപ്പിലെ ജീവിതമത്ര തെളിച്ചമുള്ളതല്ല. മനുഷ്യന്‍റെ നിലനില്‍പ്പിനെക്കുറിച്ച് ആധികലര്‍ന്ന സംശയങ്ങളുയര്‍ന്നുവരും. ജനിക്കാനും ജീവിക്കാനും മരിക്കാനും ഇടമില്ലാതെ ലോകം മുഴുവന്‍ ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍. സുരക്ഷിതമായ വീടുകളില്‍ല്‍ രാപാര്‍ത്തിട്ട് മാനസികമായ അഭയസങ്കേതങ്ങളില്ലാതെ ഒറ്റപ്പെട്ട് പോകുന്നവര്‍.

യുദ്ധവും അഭയാര്‍ത്ഥിത്വവും പലായനങ്ങളും വിഷയമാകുന്ന സെബാള്‍ഡിന്‍റെ കൃതികളിലെന്നപോലെ ഡയറിക്കുറിപ്പുകളില്‍ല്‍ വിവരിക്കുന്ന ചങ്കുലയ്ക്കുന്ന ഒരനുഭവമുണ്ട്. അതിതാണ്. ട്രെയിനില്‍ കയറാനുള്ള തിക്കിനും തിരക്കിനുമിടയില്‍ ഒരു സ്ത്രീയുടെ കൈയ്യില്‍ നിന്ന് തെറിച്ചുപോകുന്ന ഹാര്‍ഡ്ബോര്‍ഡുകൊണ്ടുള്ള പെട്ടി. അതിലെ വസ്തുക്കള്‍ ചിന്നിച്ചിതറുന്നതിനിടയില്‍ കളിപ്പാട്ടങ്ങളോടൊപ്പം വെന്തുമരിച്ച ഒരു കുഞ്ഞിന്‍റെ ശരീരവുമുണ്ടായിരുന്നു. വ്യോമാക്രമണങ്ങളില്‍ പൊള്ളിമരിച്ച കുട്ടി. ഓടിപ്പോകുന്നതിനിടയില്‍ അമ്മ കരുതലോടെ കളിപ്പാട്ടങ്ങളോടൊപ്പം സൂക്ഷിച്ചിരിക്കുന്നു. സെബാള്‍ഡന്‍ന്‍റെ കൃതികളിലെല്ലാം ഒരു നാടോടിയായ കാണിയുണ്ടെന്ന് വായനയില്‍ ശ്രദ്ധിച്ചു. ദേശമില്ലാത്ത ജനതയായി മാറിയ രോഹിന്‍ ഗ്യാന്‍ മനുഷ്യരെ ഓര്‍മ്മിപ്പിച്ചു. എല്ലാ കാലങ്ങളിലും വേരുകള്‍ നഷ്ടപ്പെട്ടവരുണ്ടായിരുന്നു. അവരുടെ തലമുറ ആരാലും ശ്രദ്ധിക്കപ്പെടാതെ ലോകം മുഴുവന്‍ ചിന്നിച്ചിതറുന്നു. മഹിമകള്‍ അവകാശപ്പെടാനില്ലാതെ സങ്കര സംസ്കാരത്തിന്‍റെ വക്താക്കളായി മാറുന്നു. എന്തിനെന്നറിയാതെ പലതരം പ്രേരണകളില്‍ വഴിതെറ്റിയലയുന്നവര്‍. ചിലരെങ്കിലും അതിന്‍റെ ശാരീരികമോ ആന്തരികമോ ആയ ലഹരികളില്‍ മുഴുകുന്നുണ്ട്. എല്ലാത്തിനും ഒരുത്തരമേയുള്ളൂ. താവളമില്ലാത്തവര്‍.

അലച്ചിലിലാണ് മനുഷ്യന്‍. ജി. ശങ്കരപ്പിള്ളയുടെ കറുത്ത ദൈവത്തെ തേടി എന്ന നാടകത്തില്‍ എന്തിനെയാണ് തേടുന്നതെന്നു പോലും അറിയാതെയുള്ള അലച്ചിലുണ്ട്. ചിലര്‍ക്ക് ആ അലച്ചില്‍ വിധിയായിരിക്കാം. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന അത്തരം മനുഷ്യരാണ് ലോക ഭൂപടങ്ങളെ ധാര്‍മ്മികമായി നിര്‍ണ്ണയിച്ചു കൊണ്ടിരിക്കുന്നത്. സ്വയം ഭ്രഷ്ടരായി അലയുന്നവരും വിവിധ കാരണങ്ങള്‍കൊണ്ട് ഭ്രഷ്ടരാക്കപ്പെടുന്നവരും. ഒരിക്കലും ഉണങ്ങാത്ത ആ മുറിവുകള്‍ പൂക്കുന്നതും ഭാവനകള്‍ തളിര്‍ക്കുന്നതും കാണാം. മലയാളത്തില്‍ അങ്ങനെയൊരു പുസ്തകം പോലുമുണ്ട്. ഭ്രഷ്ടിന്‍റെ നാനാര്‍ത്ഥങ്ങള്‍, വി. രാജകൃഷ്ണന്‍റെ. ഭൂമിയുടെ അതിര്‍ത്തികള്‍ സ്വന്തമാക്കിയിട്ടും സത്രത്തിന്‍റെ ആനുകൂല്യം പോലും ലഭിക്കാതെ അവസാനത്തോളം അലയേണ്ടി വന്ന യേശു ഒരു പ്രതീകമാണ്. കുരുവിക്കും കുറുനരിക്കും പോലും അര്‍ഹതയുള്ള താവളങ്ങള്‍ മനുഷ്യപുത്രന് നിഷേധിക്കപ്പെടുന്നു എന്ന അവിടുത്തെ മൊഴികള്‍ക്ക് ഓരോ ദിനവും മുഴക്കം വര്‍ദ്ധിക്കുന്നു. 

ലോകം മുഴുവന്‍ വംശീയതയുടെയും ദേശീയതയുടെയും പേരില്‍ല്‍ വേട്ടയാടപ്പെടുന്ന സമൂഹങ്ങളുണ്ട്. സ്വന്തം സമയകാലങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടവര്‍. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാനാവാതെ ഒളിസങ്കേതങ്ങളില്‍ സ്വപ്നങ്ങള്‍ കത്തിയമര്‍ന്നു പോയവര്‍. ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍ ഇതിന് നേര്‍ സാക്ഷ്യമാണ്. വലിയ ഇരുമ്പ് പൈപ്പുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍. അവരുടെ അപകര്‍ഷതയില്‍ നിന്ന് ഉരുവാകുന്ന വൈകൃതങ്ങള്‍ മാത്രമേ നമ്മുടെ ചര്‍ച്ചയിലുള്ളൂ. അവരുടെ അഭിമാനം വിഷയമാകുന്നേയില്ല. നാടോടികള്‍ക്ക് അഭിമാനം അനുവദിക്കപ്പെട്ടിട്ടില്ല. 

അജിത് കൗറിന്‍റെ ആത്മകഥയ്ക്ക് താവളമില്ലാത്തവര്‍ എന്ന പേരു നല്‍കുമ്പോള്‍ അഭയസ്ഥാനങ്ങളെക്കുറിച്ച് നമ്മുടെ ചിന്തകള്‍ കുറേക്കൂടി സങ്കീര്‍ണ്ണമാകുന്നു. ഒരു സ്ത്രീയുടെ താവളങ്ങളെക്കുറിച്ച്, മാനസിക ജീവിതത്തെക്കുറിച്ച് ഒക്കെ ചിന്തിക്കേണ്ടി വരുന്നു. താവളം ജീവിതത്തിന്‍റെ ന്യൂക്ലിയസാണ്. അലഞ്ഞുനടന്നിരുന്ന ജനതക്ക് സെറ്റില്‍ഡ് ആകാനുള്ള പ്രേരണ പോലുമതായിരുന്നു. ആ ന്യൂക്ലിയസില്‍ നിന്ന് പുറപ്പെടുന്ന സാധ്യതകള്‍ അനന്തമാണ്. പുറംപോക്കുകളില്‍ ജീവിക്കുന്നവര്‍, പുരോഗതിയുടെ പേരില്‍ കുടിയൊഴിക്കപ്പെട്ടവര്‍, സ്ത്രീകള്‍, ദളിതര്‍, ജിപ്സികള്‍, അവധൂതര്‍. 

ഇന്നര്‍ ഡയസ്പോറ എന്ന പദം വലിയ മനുഷ്യത്വമാഗ്രഹിക്കുന്നു. വിവിധ കാരണങ്ങളാല്‍ സ്വന്തം സ്ഥലം ഉപേക്ഷിച്ചു പോയവരൊക്കെ പ്രവാസികളാണ്. ഡയസ്പോറ ചിതറിപ്പോയ മനുഷ്യരെക്കുറിച്ചുള്ള ബൈബിള്‍ സൂചനയാണ്. നിരന്തരമായ പലായനങ്ങളില്‍ നിന്നാണ് അങ്ങനെയൊരു പദം രൂപപ്പെട്ടത്. നാടുകടത്തപ്പെട്ടവരാരും സ്വന്തം രാജ്യത്തിലേക്ക് തിരിച്ചു ചെന്നതായി കഥകളില്‍ പോലും ഇല്ല. തിരികെ എത്തിയ അപൂര്‍വം ചിലര്‍ സ്വയം മനസ്സുകൊണ്ട് അവിടെനിന്ന് ബഹിഷ്കൃതരായിപ്പോകുന്നു. അവര്‍ ഓരോരോ യാഥാര്‍ത്ഥ്യങ്ങളുമായി പ്രവാസത്തിന്‍റെ കടുത്ത കടലുകള്‍ ആയാസപ്പെട്ട് നീന്തുന്നു. ഇതിഹാസങ്ങളുടെയെല്ലാം മുഖ്യവിഷയംതന്നെ ഇതാണ്. 

മനസ്സുകൊണ്ട് അന്യതാ ബോധം അനുഭവിക്കുന്നവര്‍ എല്ലായിടത്തുമുണ്ട്. ഓരോ വീട്ടിലും ക്ലാസ് മുറികളിലും ഉണ്ട്. കൂടുതല്‍ തിളങ്ങി നില്‍ക്കുന്നവരുടെ ഓരങ്ങളില്‍ ജീവിക്കേണ്ടി വരുന്ന അവഗണിക്കപ്പെട്ടവര്‍. അവരും താവളമില്ലാത്തവരാണ്. ഉള്‍പ്രവാസികള്‍ എന്ന പേരില്‍ ആനന്ദിന്‍റെ ലേഖനത്തില്‍ അവരെ എണ്ണിത്തിട്ടപ്പെടുത്തുന്നുണ്ട്. ജീവിതം ഒരു യാത്രയെന്ന് തിരിച്ചറിഞ്ഞ മനുഷ്യര്‍. സ്ഥിരമായ താവളങ്ങളില്ലാതെ ജീവിതം നിലനിര്‍ത്താന്‍ അലയേണ്ടി വന്നവര്‍. ഒരു കാലത്ത് മലയാള സിനിമയില്‍ അത്തരം പേരുകള്‍ ഉണ്ടായിരുന്നു - നദി, ജീവിതനൗക, കരകാണാ കടല്‍. കളിയോടം പോലെ സദാ ഒഴുകിനടന്നവര്‍. വിഷകന്യകയെപ്പോലെ മലമ്പനിയില്‍ ജീവിതം നഷ്ടമായ കുടിയേറ്റ കര്‍ഷകര്‍. ബാഹ്യമോ ആന്തരികമോ ആയ താവളങ്ങള്‍ അവര്‍ക്കില്ലാതെ ആത്മഹത്യയുടെയും ഭ്രാന്തിന്‍റേയും അപമാനത്തിന്‍റെയും തീരങ്ങളില്‍ മാത്രം അടുത്തവര്‍... 

അലയുന്നവനെന്നാണ് അവിടുത്തേക്കുള്ള വിശേഷണം. സത്രങ്ങളുടെ ക്ഷണികമായ അഭയം പോലും നിഷേധിക്കപ്പെട്ടവരുടെ ക്രിസ്മസ് രാവ്. കരോള്‍ ഗാനങ്ങളിലെ പോലെ കാല്പനികമല്ല ജീവിതം... പിന്നെ നിരന്തരമായ അലച്ചിലുകളില്‍ സംഗ്രഹിക്കപ്പെടാവുന്ന ശിഷ്ട ജീവിതം. ലുത്തിനിയ പ്രാര്‍ത്ഥനകള്‍ പോലെ അത് എത്ര വേണമെങ്കിലും ചൊല്ലിതീര്‍ക്കാവുന്നതാണ്. 

അവിടുന്ന് ഇപ്പോഴും അലയുന്നവരിലൂടെ, പൗലോസിന്‍റെ ഭാഷയില്‍ ശരീരത്തില്‍ സഹിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് അവരെ സ്വീകരിച്ചവരൊക്കെ എന്നെയാണ് സ്വീകരിച്ചതെന്ന അരുളിന്‍റെ ഭാഗ്യം നമ്മളെ തേടി ഒടുവില്‍ എത്തു ന്നത്...

ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

0

Featured Posts

Recent Posts

bottom of page