top of page

പ്രത്യാശ

Jul 23, 2020

2 min read

ഫാ. ബോബി ജോസ് കട്ടിക്കാട്

a new hope

The Dance of Hope: Finding Ourselves in the Rhythm of God's Great Story എന്ന പുസ്തകത്തില്‍ വില്യം ഫ്രെ പങ്കുവയ്ക്കുന്ന ഒരു ഓര്‍മ വളരെ പ്രചോദനാത്മകമായിത്തോന്നി. യൂണിവേഴ്സി റ്റിയിലെ ഒരു സഹപാഠിയേക്കുറിച്ചാണ്. അന്ധനായി രുന്ന അയാള്‍ക്കുവേണ്ടി പുസ്തകങ്ങള്‍ വായിച്ചു കൊടുക്കുക എന്നൊരു ഉത്തരവാദിത്വം വില്യം ഫ്രെയ്ക്കുണ്ടായിരുന്നു. ഒരു ദിവസം അയാള്‍ തന്‍റെ മനസു തുറന്നു.

ഒരു അപകടത്തില്‍ കുട്ടിക്കാലത്താണ് അയാ ളുടെ കാഴ്ച നഷ്ടമായത്. ആ നിമിഷം ജീവിതം നിലച്ചതായി അനുഭവപ്പെട്ടു. എല്ലാത്തിനോടും എല്ലാവരോടും അയാള്‍ ക്ഷോഭിച്ചുകൊണ്ടേയി രുന്നു. സദാ കൊട്ടിയടച്ച വാതിലിനുള്ളില്‍ സ്വയം തഴുതിട്ട് മരിച്ചുപോകാതിരിക്കാന്‍ വേണ്ടി മാത്രം ചിലപ്പോളെന്തെങ്കിലും ഭക്ഷിക്കാന്‍ തയാറായി.

എന്നിട്ടോ?

ഒരു ദിവസം അച്ഛന്‍ അയാളുടെ മുറിയിലേക്കു വന്നു. സ്വയം ദുഃഖിച്ചും അടച്ചിട്ടുമുള്ള അവന്‍റെ ജീവിതം കണ്ട് അയാള്‍ക്കു മടുത്തുതുടങ്ങിയെന്നു കലഹിച്ചു. 'ശൈത്യം വരികയാണ്. സ്റ്റോം വിന്‍ഡോ കള്‍ ഉയര്‍ത്തിവയ്ക്കേണ്ടത് നിന്‍റെ കടമയാണ്. അത്താഴത്തിനുമുന്‍പ് നീയതു ചെയ്തില്ലെങ്കില്‍...' അയാള്‍ ക്ഷുഭിതനായിക്കൊണ്ടേയിരുന്നു. പിന്നെ വാതില്‍ വലിച്ചടച്ച് പുറത്തേക്കുപോയി. (ശീതക്കാ റ്റിനെ പ്രതിരോധിക്കാനായി ജാലകത്തോടു ചേര്‍ത്തുറപ്പിക്കുന്ന അധികപാളിയാണ് സ്റ്റോം വിന്‍ഡോ.)അപമാനിതനായ ചങ്ങാതി പകവീട്ടാന്‍ തന്നെ തീരുമാനിച്ചു. തപ്പിത്തടഞ്ഞ് ഗാരേജിലേക്കെത്തി. ജാലകങ്ങള്‍ പരിശോധിച്ചു. ഗോവണി കണ്ടെത്തി. പണിയായുധങ്ങള്‍ ശേഖരിച്ചു. അതില്‍ കയറിനിന്ന് ജോലി ആരംഭിക്കുമ്പോള്‍ താന്‍ കാലിടറി വീഴുമെന്നും തന്നോടു കഠിനമായി വര്‍ത്തിച്ചതിന്‍റെ പേരില്‍ അച്ഛന്‍ നിത്യകാലം ഖേദിക്കുമെന്നും അയാള്‍ കരുതി. എന്നാല്‍ പതുക്കെപ്പതുക്കെ കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങി. തിരികെ മുറിയിലേക്ക് നടക്കുമ്പോള്‍ ഒരു ആത്മവിശ്വാസ മൊക്കെ രൂപപ്പെട്ടിരുന്നു.

കഥ പറഞ്ഞ് അയാള്‍ നിറുത്തി. കാഴ്ചയി ല്ലാത്ത കണ്ണു നിറഞ്ഞൊഴുകി. പിന്നെ, ഒരു നിശബ്ദതയ്ക്കു ശേഷം ആ രഹസ്യം പറഞ്ഞു. 'എന്‍റെ മുഴുവന്‍ അദ്ധ്വാനത്തിന്‍റേയും നേരത്ത് കൈയെത്താവുന്ന അകലത്തില്‍ അച്ഛന്‍ ജാഗരൂക നായി നിന്നിരുന്നു. പിന്നീടാണ് ഞാനത് അറിഞ്ഞത്.

കാര്യങ്ങള്‍ അങ്ങനെയാണ്. നിങ്ങള്‍ക്കു പിടുത്തം കിട്ടിയാലും ഇല്ലെങ്കിലും കാണാവുന്ന ദൂരത്തില്‍ ആരോ ഒരാള്‍ ഉറ്റുനോക്കുന്നുണ്ട്. കാലങ്ങളെല്ലാം ഒരുപോലെയായിരിക്കുമെന്ന് ആ ഒരാള്‍ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. എന്നാല്‍ എല്ലാ കാലത്തിലും ഉണ്ടാവുമെന്ന് അടക്കം പറഞ്ഞിട്ടുണ്ട്.

ദൈവം മനുഷ്യരെ രൂപപ്പെടുത്തുന്നത് കടല്‍, കരയെ രൂപപ്പെടുത്തുന്നതുപോലെയാണെന്ന് പറഞ്ഞതാരാണ്? ഓരോ നിമിഷവും പിന്‍വാങ്ങി, ഓരോ പിന്‍വാങ്ങലിലും ദൃഢപ്പെടുത്തി. എത്ര പിന്മാറിയിട്ടും സദാ വലംവച്ച്.

ഇറ്റലിയില്‍ നിന്ന് ആരംഭിച്ച ഒരു കാര്യം യൂറോപ്പ് ഏറ്റെടുത്തു എന്ന പത്രവാര്‍ത്ത കണ്ടു. കടുംവര്‍ണങ്ങള്‍ കൊണ്ട് ജാലകങ്ങളിലും ചുവരുകളിലും മഴവില്ലുകള്‍ വരച്ചിടുകയാണ് അത്. മഴവില്ലിന്‍റെ കഥയ്ക്ക് ബൈബിളിനോളം പഴക്ക മുണ്ട്. ഒരു കൊടിയ പ്രളയത്തിനുശേഷം, ഇനി ഭൂമിയില്‍ മറ്റൊരു സര്‍വ്വനാശത്തിന്‍റെ കഥയുണ്ടാവി ല്ലെന്ന ഉടമ്പടിയുടെ ഭാഗമായിരുന്നു അത്.

മഴവില്ലിനെ ഇന്ദ്രചാപമായിട്ടാണ് ഭാരതം സങ്കല്പിച്ചത്. കഥകള്‍ പറഞ്ഞുപറഞ്ഞ് മനോമുകുരങ്ങളില്‍ മഴവില്ലെഴുതുക എന്നൊരു രീതി ചരിത്രത്തിന്‍റെ ഏതൊരു ദുരിതകാലത്തുമു ണ്ടായിരുന്നു. ഇംഗ്ലിഷ് സാഹിത്യം പഠിച്ചവര്‍ക്ക് ബൊക്കാച്ചോയുടെ ഡെക്കാമറണ്‍ കഥകള്‍ പരിചയമുണ്ട്. രോഗഭീതികളേയും ദുരന്താനുഭവങ്ങ ളേയും ജീവിതകാമനകൊണ്ടും ഫലിതംകൊണ്ടും കുറുകെ കടക്കാനുള്ള ശ്രമമായിരുന്നു അത്. മനഃശാസ്ത്ര തലങ്ങളുള്ള ആഖ്യാനരൂപമായി വേണം ബൊക്കാച്ചോയുടെ കഥകളെ കാണാന്‍. 'കറുത്ത മരണം' എന്നു വിശേഷിപ്പിക്കപ്പെട്ട പ്ലേഗ് യൂറോപ്പിനെ വിഴുങ്ങിയ കാലത്തിന്‍റെ ശേഷിപ്പാ ണിത്. രാപകല്‍ തെരുവുകളില്‍ മരിച്ചുവീഴുന്ന മനുഷ്യര്‍, തീവ്രമായ മരണഭയത്തെ ശേഷിച്ചവരില്‍ നിറച്ചുതുടങ്ങി. അങ്ങനെ ജീവരക്ഷാര്‍ത്ഥം ഫ്ളോറന്‍സില്‍ നിന്ന് ഓടിപ്പോയ ഏഴു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരുമിച്ച് കണ്ടുമുട്ടുകയാണ്. ഒരു കൂട്ടുജീവിതത്തിന്‍റെ ആനുകൂല്യം അവര്‍ക്കു ലഭിക്കുന്നു. രോഗഗ്രസ്തമായ മനസ്സിനെ ജീവിതാഭിമുഖ്യത്തിലേക്ക് വിളിച്ചുണര്‍ത്തുക എന്ന ദൗത്യമായിരുന്നു അവരുടെ കഥകള്‍ക്ക്. ഒരുതരം കഥാര്‍സിസ് തന്നെയായിരുന്നു അത്. ഡെകാമറണ്‍ എന്നാല്‍ പത്തു നാളുകള്‍ എന്നര്‍ത്ഥം. അറേബ്യന്‍ രാത്രികളുടെ കഥപോലെ തന്നെയാണിതും. കഥ പറഞ്ഞുപറഞ്ഞ് ഉദ്വേഗം നിലനിര്‍ത്തി ജീവനെ സംരക്ഷിക്കുക.

പുണ്യഗ്രന്ഥങ്ങളെല്ലാം പറയാന്‍ ശ്രമിക്കുന്നത് പ്രത്യാശയുടെ കഥകളാണ്. സന്താനഭാഗ്യമില്ലാത്ത ഒരു പുരുഷനും സ്ത്രീയും ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മണല്‍ത്തരികളും പോലെ പൈതങ്ങളെ കിനാവു കണ്ടുറങ്ങിയ അബ്രാഹത്തിന്‍റേതു മുതല്‍ നൂറു കണക്കിനു പ്രതീക്ഷയുടെ കഥകള്‍കൊണ്ട് സമ്പന്നമാണ് ബൈബിള്‍. 'നിന്നോടൊപ്പം ഞാനുണ്ടായിരിക്കും' എന്ന ഒരേയൊരു ഉറപ്പിന്‍റെ ബലത്തില്‍ ചെറുഗണം മനുഷ്യരെക്കൊണ്ട് മഹാസൈന്യത്തെ നേരിട്ട ഗിഡിയോണ്‍, സിംഹക്കുഴിയിലെ ഡാനിയല്‍, അപമാനിതയായ ഹന്ന, കവണയും കല്ലുമായെ ത്തുന്ന ദാവീദ്, ജറുസലേമിന്‍റെ പുനര്‍നിര്‍മാണ മെന്ന ഭാരിച്ച നുകം ഏറ്റെടുത്ത നെഹെമിയ, നഷ്ടമായതെല്ലാം തിരികെക്കിട്ടിയ ജോബ്, തഴുതിട്ട മുറിയിലെ നഷ്ടധൈര്യരായ അവന്‍റെ അപ്പസ്തോല ന്മാര്‍, എത്ര അകന്നുപോയോ അതിന്‍റെ പല മടങ്ങു വേഗത്തില്‍ മടങ്ങിയെത്താനാവുമെന്ന ഗുണപാഠവു മായി പോള്‍, മരണനേരത്തും പ്രത്യാശയുടെ ആകാശത്തിലേക്ക് ഉറ്റുനോക്കി കരം കൂപ്പുന്ന സ്റ്റീഫന്‍... അങ്ങനെ അനേകര്‍ ഒലിവുചില്ലകളു മായി അതിന്‍റെ പാതയോരത്ത് നില്‍പ്പുണ്ട്. ഹോളോകോസ്റ്റ് സ്മാരകങ്ങളില്‍പ്പോലും ഇന്നവര്‍ പറയാന്‍ ശ്രമിക്കുന്നത് നൃശംസതയുടെ ഒരു കാലത്തേക്കുറിച്ചല്ല, മറിച്ച് ചെറുതെങ്കിലും ദീപ്തമായിരുന്ന പ്രതീക്ഷയുടെ കഥകളാണ്. ആ അര്‍ത്ഥത്തില്‍ അത്തരം മ്യൂസിയങ്ങള്‍ ഒരുതരം ഹോപ് ക്ലിനിക്കുകളാകുന്നു.

ഞങ്ങളുടെ സമൂഹത്തിലെ ഇളമുറക്കാര്‍ ഈ ദിനങ്ങളില്‍ ചെയ്യുന്നതും അതുതന്നെയാണ്. തങ്ങള്‍ക്കറിയാവുന്ന പ്രതീക്ഷയുടെ കഥകള്‍ പറയുക, കേള്‍ക്കുക. CAP HOPE: Cape of Good Hope എന്ന പേരില്‍ 'പണ്ട് പണ്ട്' എന്നു പറഞ്ഞ് അവര്‍ കഥ തുടരുകയാണ്.


ഫാ. ബോബി ജോസ് കട്ടിക്കാട്

0

0

Featured Posts

bottom of page