top of page

എന്നിലെ മനുഷ്യാവതാരം

Dec 1, 2012

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
The inner human incarnation.

തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ സ്നേഹിച്ചതിന്‍റെ (യോഹ 3/16) ഓര്‍മ്മയുമായി ക്രിസ്തുമസ്സ് കടന്നുവരുന്നു. ലോകത്തിന്‍റെ പരിമിതിക്കുള്ളില്‍ ദൈവം ഒതുങ്ങുവാന്‍ തീരുമാനമെടുത്തതിന്‍റെ തിരുനാള്‍. പിതാവിനോടുള്ള സമാനത മുറുകെപ്പിടിക്കാതെ പുത്രന്‍ മനുഷ്യരൂപത്തില്‍ കാണപ്പെട്ടതിന്‍റെ തിരുനാള്‍. രാജാക്കന്മാരെയും ജ്ഞാനികളെയും ഇടയന്മാരെയും ആടുമാടുകളെയും തന്‍റെ മുമ്പില്‍ ഉണ്ണിയേശു കൊണ്ടുവന്നു. സ്വര്‍ഗ്ഗത്തിലെ മാലാഖമാരുടെ സംഗീതവും ഉയര്‍ന്നു. സ്വര്‍ഗ്ഗവും ഭൂമിയും ഇവിടെ ഒന്നിക്കുന്നു. പൊട്ടിയതിനും ചിതറിയതിനും സകലതിനും തന്‍റെ മുമ്പില്‍ സ്ഥാനമുണ്ടെന്ന് അവിടുന്ന് പഠിപ്പിക്കുന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനമുണ്ടെന്ന് അവിടുന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇന്നു നല്ല മനസ്സുകള്‍ കുറവുള്ള കാലമാണ്. വഞ്ചനയും ചതിയും ക്വട്ടേഷന്‍ സംഘവും നിറഞ്ഞുനില്‍ക്കുന്ന ലോകമാണിത്. ആരെയും എങ്ങനെയും വഞ്ചിച്ച് ധനികനാകുവാന്‍ മനുഷ്യന്‍ കൊതിക്കുന്ന കാലം. ഈ പശ്ചാത്തലത്തില്‍ നന്മ കാണുവാനും കേള്‍ക്കുവാനും ചിന്തിക്കുവാനും ക്രിസ്തുമസ്സ് നമ്മെ ക്ഷണിക്കുന്നു. അരൂപിയായവന്‍ രൂപമുള്ളവനായിത്തീര്‍ന്നു. പിറവിത്തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിന്തയുണ്ട്. മറഞ്ഞിരിക്കുന്ന മനോഹരമായ സത്യങ്ങള്‍ നമ്മിലൂടെ ലോകം അനുഭവിക്കണം. ഉള്ളിലെ സ്നേഹം പ്രവൃത്തികളിലൂടെ ജന്മമെടുക്കണം. ഉള്ളിലെ വിശ്വാസം അനുദിന ജീവിതവ്യാപാരങ്ങളിലൂടെ ജന്മമെടുക്കണം. കരുണയും നീതിയും സത്യവും നമ്മിലൂടെ ജനിക്കണം. മറഞ്ഞിരിക്കുന്നതെല്ലാം രൂപമെടുത്ത് നമ്മിലൂടെ ലോകത്തിലവതരിക്കണം. ഈ ലോകത്തിന്‍റെ ചൂടും തണുപ്പും മറ്റ് അസ്വസ്ഥതകളും പരാതിയില്ലാതെ സ്വീകരിക്കുവാന്‍ സര്‍വ്വശക്തന്‍ സന്നദ്ധനായി. ദൈവം നല്‍കിയ ജീവിതപങ്കാളിയെയും മക്കളെയും പ്രായമായ മാതാപിതാക്കളെയും പരാതിയില്ലാതെ ഞാന്‍ ഉള്‍ക്കൊള്ളണം. എനിക്കിഷ്ടമില്ലാത്ത സ്ഥലംമാറ്റവും ഇഷ്ടപ്പെടാത്ത ജോലിയും, ഇഷ്ടമില്ലാത്ത ഭക്ഷണവും പരിഭവം പറയാതെ ഞാന്‍ സ്വീകരിക്കണം. "എനിക്കിതു മതി" എന്നു പറയുന്ന ഒരു മനോഭാവത്തിലേക്ക് മനുഷ്യന്‍ വളരണം. എത്ര കിട്ടിയാലും തികയില്ല എന്ന മനോഭാവം മറന്നുപോകണം. പരിമിതകള്‍ക്കുള്ളിലൊതുങ്ങിയവന്‍ ഈ ചിന്തകള്‍ ക്രിസ്തുമസ്സ് കാലഘട്ടത്തില്‍ നമുക്കു നല്‍കുന്നു.

ജീവിതം സത്യാന്വേഷണത്തിന്‍റെ യാത്രയാകണം. പൗരസ്ത്യദേശത്തെ ജ്ഞാനികള്‍ക്ക്, ഇടയ്ക്ക് വഴിതെറ്റിയാലും അവസാനലക്ഷ്യത്തിലെത്തിച്ചേര്‍ന്നു. നമുക്കും വഴിതെറ്റിയേക്കാം. അറിയാതെ കടന്നുവരുന്ന ലൗകിക സുഖങ്ങളെന്ന കൊട്ടാരങ്ങള്‍ നമ്മെ വഴിതെറ്റിച്ചേക്കാം. എന്‍റെ സ്വാര്‍ത്ഥമോഹങ്ങളെന്ന മേല്‍ക്കൂരകള്‍ സത്യത്തിന്‍റെ നക്ഷത്രത്തെ മറച്ചേക്കാം. എങ്കിലും അന്തരാത്മാവിലുയരുന്ന മാലാഖയുടെ പ്രചോദനങ്ങള്‍ക്കു കാതുകൊടുത്താല്‍ നാം സത്യത്തിന്‍റെ മുമ്പിലെത്തിച്ചേരും. നിത്യസത്യമെന്ന ദൈവപുത്രനെ ഹൃദയത്തില്‍ സ്വീകരിച്ച് ജീവിതത്തില്‍ കൊണ്ടുവരണമെങ്കില്‍ ചില ഒരുക്കങ്ങള്‍ എന്‍റെയുള്ളില്‍ നടക്കണം. സത്യത്തിന് വഴിയൊരുക്കിയ സ്നാപകയോഹന്നാന്‍, നാം എങ്ങനെ ഒരുങ്ങണമെന്ന് അക്കമിട്ട് പഠിപ്പിക്കുന്നു. ഒരുവന്‍റെ ജീവിതത്തിലുയര്‍ന്നുനില്‍ക്കുന്ന അഹങ്കാരത്തിന്‍റെ കുന്നും സ്വയംനീതികരണത്തിന്‍റെ മലയും നിരത്തണം. വിനയത്തിന്‍റെയും എളിമയുടെയും മനുഷ്യരായി നാം ജീവിക്കണം. ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിക്കുന്ന ദൈവത്തെക്കുറിച്ച് പരിശുദ്ധ അമ്മ സ്തോത്രഗീതത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: പാപത്തിന്‍റെ വീഴ്ചകളിലൂടെ എന്നില്‍ സൃഷ്ടിക്കപ്പെട്ട താഴ്വരകള്‍ ഞാന്‍ നികത്തണം. മനുഷ്യന്‍റെ പാപാവസ്ഥയെ താഴ്വരയോടാണ് ഉപമിക്കുന്നത്. 'അഗാധത്തില്‍നിന്നു നിലവിളിക്കുന്ന ആത്മാവും', 'വെള്ളം ലഭിക്കാതെപോയ പൊട്ടക്കിണറു' മെല്ലാം ഇതിന്‍റെ സൂചനകളാണ്. പ്രാര്‍ത്ഥനയും തപശ്ചര്യാദികളും പരസ്നേഹപ്രവൃത്തികളും ദാനധര്‍മ്മങ്ങളും വഴി ഈ കുഴികള്‍ നികത്തണം. ജീവിതത്തിലേറ്റുമേടിക്കേണ്ടിവരുന്ന തെറ്റിദ്ധാരണകളും, കുറ്റാരോപണങ്ങളും, വേദനകളുമെല്ലാം അറിഞ്ഞും അറിയാതെയും വന്നുപോയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി സ്വയം സ്വീകരിക്കണം. വളഞ്ഞ വഴികള്‍ നേരെയാക്കുന്നതാണ് അടുത്തഘട്ടം. ഒളിച്ചും മറച്ചുമുള്ള സകല വ്യാപാരങ്ങളെയും ഉപേക്ഷിക്കണം. 'നേരേവാ' നേരേപോ' എന്ന മനോഭാവം സൃഷ്ടിച്ചെടുക്കണം. ജീവിതം ഹൃദയത്തിന്‍റെ കണ്ണാടിയായി രൂപപ്പെടണം. പരുപരുത്തവ മൃദുവാക്കപ്പെടണമെന്നതാണ് അവസാനത്തെ നിര്‍ദ്ദേശം. പരുഷമായ സംസാരവും മുറിപ്പെടുത്തുന്ന പ്രവൃത്തികളും നമ്മില്‍നിന്നുണ്ടാവരുത്. യേശുവിന്‍റെ ശാന്തശീലവും വിനീതഹൃദയവും എന്നിലുണ്ടാകുന്നു. തഴക്കദോഷങ്ങള്‍ എന്നില്‍ സൃഷ്ടിച്ച പരുക്കനായ അവസ്ഥയില്‍നിന്ന് എന്നില്‍ത്തന്നെയുള്ള ബലപ്രയോഗം വഴി ഞാന്‍ നവീകരിക്കപ്പെടണം. പുല്‍ക്കൂട്ടിലെ ഉണ്ണിയുടെ മുമ്പില്‍ ഈ തീരുമാനങ്ങളെടുക്കുവാന്‍ നമുക്കു കഴിഞ്ഞാന്‍ ആനന്ദത്തിന്‍റെ ക്രിസ്തുമസ്സും നന്മ നിറഞ്ഞ പുതുവത്സരവും നമുക്ക് ലഭിക്കും.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

2

Featured Posts

bottom of page