top of page

മനുഷ്യജന്മമൊരു സത്രം.
അതിഥിയാണോരോ പ്രഭാതവും
ഓര്‍ക്കാപ്പുറത്തു വിരുന്നുകാരനായെത്തുന്നു
ഒരാഹ്ളാദം, ഒരു വിഷാദം, ഒരു ചെറ്റത്തരം,
നൈമിഷികമായൊരു ബോധോദയം.
എല്ലാവരെയുമെതിരേല്ക്കുക,
സല്ക്കരിക്കുകയെല്ലാവരെയും!
ഒരു പറ്റം ദുരിതങ്ങളാണവരെന്നാലും,
തല്ലും പിടിയും കലമ്പലുമായി
ഒക്കെപ്പുറത്തെറിയുന്നവരാണവരെന്നാലും,
അവരെപ്പിണക്കാ തെ വിടുക.
പുതുമയുള്ളൊരാനന്ദത്തിനായി
ഒഴിച്ചെടുക്കുയാവാം നിങ്ങളെയവര്‍.
ഇരുണ്ട ചിന്തകള്‍, നാണക്കേടുകള്‍, വിദ്വേഷം,
വാതില്ക്കല്‍ വച്ചേ ചിരിയോടവരെ കാണുക,
അകത്തേക്കു ക്ഷണിച്ചുകൊണ്ടുപോവുക.
വരുന്നവരോടൊക്കെ നന്ദിയുള്ളവനായിരിക്കുക,
ആരു വിരുന്നു വന്നാലും
അതീതത്തില്‍ നിന്നൊരു
വഴികാട്ടിയത്രേ അയാള്‍