top of page

ഉയരുന്ന ദേവാലയങ്ങള്‍ മറക്കുന്ന ദൈവരാജ്യം

Mar 7, 2018

4 min read

ഷക
church

നമ്മുടെ ആരാധനാലയങ്ങളെ വിളിക്കേണ്ടത് 'ദേവാലയ'മെന്നല്ല, 'ദൈവാലയ'മെന്നാണെന്നൊക്കെ ഇപ്പോള്‍ പലരും പഠിപ്പിക്കുന്നുണ്ടല്ലോ. വേദഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം വള്ളിയോ പുള്ളിയോ തെറ്റിക്കാതെ സ്വീകരിക്കണമെന്നു പറയുന്നവര്‍പോലും പി.ഒ.സി. ബൈബിളില്‍ ഒരിടത്തും കാണാത്ത 'ദൈവാലയ'ത്തെക്കുറിച്ച് ഇത്രകണ്ട് വാശിപിടിക്കുന്നു എന്ന കാര്യം ഉള്ളില്‍ ചിരിയുളവാക്കുന്നു. ഈ വാശിക്കും പ്രയോഗത്തിനും പിന്നില്‍ പ്രധാനമായും രണ്ടു ധാരണകളാണുള്ളത്. ഒന്ന്, ദേവന്‍ ഹിന്ദുവിന്‍റേതാണ്; ക്രിസ്ത്യാനിയുടേത് ദൈവമാണ്. രണ്ട്, ദൈവത്തിനു വസിക്കാന്‍ ദൈവാലയം കൂടിയേതീരൂ. ഈ ലേഖനത്തില്‍ പരിഗണിക്കുന്നത് രണ്ടാമത്തെ ധാരണ മാത്രമാണ്. ദൈവത്തെ ദേവാലയകേന്ദ്രീകൃതമായി കാണുന്ന രീതി ഇവിടെ ഇത്രയും പടര്‍ന്നു പിടിച്ചത് 'ദൈവാലയ'മെന്ന ഒരു പദപ്രയോഗംകൊണ്ടു മാത്രമല്ല, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നലുളവാക്കുന്ന ചില പള്ളി പണികള്‍കൊണ്ടും ഉയര്‍ത്തപ്പെടുന്ന കൂറ്റന്‍ ദേവാലയങ്ങള്‍കൊണ്ടും കൂടിയാണ്.

ദൈവത്തിന്‍റെ വാസസ്ഥലത്തെക്കുറിച്ച് പഴയനിയമത്തില്‍ കാണുന്ന ചില കാര്യങ്ങള്‍ ആദ്യം നമുക്കൊന്നു പരിഗണിക്കാം. ജനത്തിനിടയില്‍ വസിക്കാന്‍ യഹോവയ്ക്ക് സജ്ജമാക്കേണ്ട വിശുദ്ധ കൂടാരത്തെക്കുറിച്ചും അതിലെ ഉപകരണങ്ങളെക്കുറിച്ചുമുള്ള (പുറ. 25:8-9) ധാരാളം നിബന്ധനകള്‍ പുറപ്പാടു പുസ്തകത്തിലുണ്ട്. ശുദ്ധിചെയ്ത സ്വര്‍ണ്ണംകൊണ്ട് സാക്ഷ്യപേടകത്തിന്‍റെ അകവും പുറവും പൊതിയണം (25:11); തനിസ്വര്‍ണ്ണംകൊണ്ട് ഒരു വിളക്കുകാലുണ്ടാക്കണം (25:31); ഇരുപത്തെട്ടു മുഴം വീതിയും നാലു മുഴം നീളവുമുള്ള പത്തു വിരികള്‍കൊണ്ട് വിശുദ്ധകൂടാരം നിര്‍മ്മിക്കണം (26:1-2); പുരോഹിത ശുശ്രൂഷ ചെയ്യുമ്പോള്‍ അഹറോന്‍ ധരിക്കേണ്ട നീലയങ്കിയുടെ വിളുമ്പിനു ചുറ്റും സ്വര്‍ണ്ണമണികളും നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ നിറങ്ങളില്‍ മാതളനാരങ്ങകളും ഒന്നിടവിട്ടു തുന്നിച്ചേര്‍ക്കണം (28:33-35)... ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. ജറുസലെമില്‍ സോളമന്‍ ഉയര്‍ത്തിയ ദേവാലയത്തെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടാകാന്‍ ഒരു കാര്യം മാത്രം പരിഗണിച്ചാല്‍ മതിയാകും: "ദേവാലയ നിര്‍മ്മാണത്തിന് ഏഴുവര്‍ഷം വേണ്ടിവന്നു" (1 രാജാക്കന്മാര്‍ 6:38). തുടര്‍ന്നു നാം രാജകൊട്ടാരത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചും വായിക്കുന്നു: "സോളമന്‍ പതിമൂന്നു വര്‍ഷംകൊണ്ട് കൊട്ടാരം പണിതു പൂര്‍ത്തിയാക്കി" (1 രാജാ. 7:1). ദേവാലയത്തില്‍ ദൈവം; കൊട്ടാരത്തില്‍ രാജാവ്. ഹെബ്രായ ഭാഷ രണ്ടിനും ഒരേ പേരിട്ടു: ഹേകാല്‍. ദൈവവും രാജാവും അയല്‍വാസികള്‍; അവരുടെ ആലയങ്ങള്‍ക്ക് ഒരേ പേരും ഒരേ നിലവാരവും. അതുകൊണ്ടുതന്നെ അവരുടെ ഭാവവും വിശേഷണവും ഏകദേശം ഒന്നുതന്നെ. രാജാക്കന്മാരെക്കുറിച്ചു പറയപ്പെടുന്നവ ദൈവത്തെക്കുറിച്ചും പറയപ്പെട്ടു: സൈന്യങ്ങളുടെ കര്‍ത്താവായ രാജാവ് (ഏശയ്യാ. 6:5), യുദ്ധവീരനും പ്രബലനും ശക്തനുമായ കര്‍ത്താവ് (സങ്കീ. 24:8)...

ഒരു ബംഗ്ലാവില്‍ ഒരു സാധാരണക്കാരന്‍ ചെല്ലുമ്പോള്‍ തോന്നുന്ന അസ്വസ്ഥതയുടെ നൂറിരട്ടിയാകണം ഒരു രാജകൊട്ടാരത്തില്‍ രാജാവിന്‍റെ മുമ്പില്‍ ചെല്ലുമ്പോള്‍ അയാള്‍ക്കു തോന്നുന്നത്. ഇതേ അസ്വസ്ഥതയാണ് പഴയനിയമത്തിലെ ദൈവത്തിന്‍റെ മുമ്പില്‍ നില്ക്കുമ്പോള്‍ ഏശയ്യായ്ക്കുപോലും തോന്നിപ്പോകുന്നത്. അതിനുകാരണം ഭീമാകാരമായ ആ ദേവാലയവും അതില്‍ അദ്ദേഹം ദര്‍ശിച്ച ദൈവത്തിന്‍റെ രൂപവുമാണല്ലോ. "...കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞു നിന്നു. അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു....ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങള്‍ ഉള്ളവനാണ്..." (ഏശ. 6:1-5). തുടര്‍ന്ന് ഏശയ്യാ തന്നെ ദൈവം വിളിച്ചതിനെക്കുറിച്ചും ദൗത്യം ഏല്പിച്ചതിനെക്കുറിച്ചും പറയുന്നു.

ഇനി നമുക്ക് നേരെ പുതിയ നിയമത്തിലേക്കു പ്രവേശിക്കാം. കുറെ മുക്കുവരെ യേശു വിളിക്കുന്ന രംഗം ഇങ്ങനെയാണ്. "അവന്‍ ഗലീലിക്കടല്‍ത്തീരത്തുകൂടെ നടന്നുപോകുമ്പോള്‍, ശിമയോനെയും...അന്ത്രയോസിനെയും കണ്ടു. മീന്‍ പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു....വലയുപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു" (മര്‍ക്കോസ് 1:16-18). യേശുവിലൂടെ ആവിഷ്കൃതമായ ദൈവികതയുടെ വെളിപാടുഭൂമിക മീന്‍ നാറ്റമുള്ള ഇടമാണ്. മീന്‍പിടുത്തക്കാരെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്ന ഒന്നും അവന്‍റെ വേഷഭൂഷാദികളിലോ, അവന്‍റെ വാസസ്ഥലത്തോ, സഞ്ചാരയിടങ്ങളിലോ ഇല്ല. അങ്ങനെയാണ് മുക്കുവന്മാര്‍ അവന്‍റെ സന്തതസഹചാരികളാകുന്നത്. ഏശയ്യാ കണ്ട ദൈവത്തിന്‍റെ മുഖവും മുക്കുവന്മാര്‍ കണ്ട ദൈവത്തിന്‍റെ മുഖവും തമ്മിലുളള അകലം കാതങ്ങളുടേതായിരിക്കണം.

രാജാവിനു ചാര്‍ത്തിക്കൊടുത്തിരുന്ന വിശേഷണങ്ങള്‍ യേശു ഒരിക്കല്‍പോലും തന്‍റെ ദൈവത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നില്ലല്ലോ. അവന്‍ അവിടുത്തെ വിളിച്ചത് "അബ്ബാ, അബ്ബാ" എന്നുമാത്രമാണ്. അതുകൊണ്ട് അബ്ബാ ഇരിക്കുന്ന ഇടത്തെ അവന്‍ ഉപമിച്ചത് ഭവനത്തോടാണ് (യോഹ. 14:2). ദൈവം രാജാവാണെങ്കില്‍, ദേവാലയം കൊട്ടാരംപോലിരിക്കണം. ദൈവം അബ്ബായാണെങ്കില്‍ ദേവാലയം വീടുപോലിരിക്കണം. വീടിനെ വീടാക്കുന്നത് കെട്ടിടമല്ല, അതിലെ ആളുകളാണ്. അതു കണക്ക്, ദൈവം ഇരിക്കുന്നത് രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു ചേരുന്നിടത്താണ് (മത്താ. 18:20). അങ്ങനെ വരുമ്പോള്‍ ദേവാലയം ഒട്ടുമേ പ്രധാനപ്പെട്ടത് അല്ലാത്തതായി മാറും: "ഈ മലയിലോ ജറുസലെമിലോ ആരാധിക്കാത്ത സമയം വരുന്നു" (യോഹ. 4:21). യേശു സമരിയാക്കാരിയോടു പറഞ്ഞതാണിത്. "ഈ മല" ഗെരിസിം മലയാണ് - സമരിയാക്കാരുടെ ആരാധനാലയം നിന്ന സ്ഥലം. മറ്റേത് യഹൂദരുടെ ആരാധനാലയം. അവയില്ലാത്ത നാളുകളെക്കുറിച്ചാണ് അവന്‍ പറയുന്നത്. അവന്‍ ഉദ്ദേശിച്ചത് എന്തെന്നു മനസ്സിലാക്കാന്‍ ആദിമക്രൈസ്തവര്‍ എന്താണു ചെയ്തതെന്നു പരിശോധിച്ചാല്‍ മതി. അവര്‍ കുറച്ചുപേര്‍ അവരുടെ സ്വന്തം വീടുകളിലൊക്കെ ഒരുമിച്ചുകൂടി അപ്പംമുറിക്കല്‍ ശുശ്രൂഷ നടത്തിവന്നു. ആളുകളെ ദേവാലയത്തിലേക്കു കൊണ്ടുപോകുകയല്ല, ദൈവത്തെ വീടുകളിലേക്കു കൊണ്ടുപോകുന്ന രീതിയായിരുന്നു ആദിമസഭയുടേത്. പാരമ്പര്യത്തെക്കുറിച്ചൊക്കെ ഘോരഘോരം പറയുന്നവരൊക്കെ ഈ സുവിശേഷപാരമ്പര്യം മറന്നുപോകുന്നുണ്ടെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കണം, പോപ് ഫ്രാന്‍സീസ് അതു ലളിതസുന്ദരമായി 2018 ജനുവരി 18 ന് എല്ലാവരേയും ഓര്‍മ്മിപ്പിച്ചത്. ചിലിയിലെ സാന്‍റിയാഗോയില്‍ നിന്ന് ഇക്വിക്വേയിലേക്കു പറന്നുകൊണ്ടിരുന്ന ലാറ്റം വിമാനം കുറച്ചുസമയത്തേക്കു ദേവാലയമായി മാറി. ആ ദേവാലയത്തില്‍ വച്ച് പൗളയും കാര്‍ലോസും മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തില്‍ വിവാഹിതരുമായി. പണ്ട് ഓസ്കാര്‍ റൊമേരോയെന്ന ലാറ്റിനമേരിക്കന്‍ മെത്രാന്‍ പറഞ്ഞതും ഓര്‍മ്മിച്ചെടുക്കാം. പള്ളി പട്ടാളക്കാര്‍ തകര്‍ത്തിട്ടിരിക്കുകയാണ്. വിശ്വാസികള്‍ നിസ്സഹായരായി അതിന്‍റെ മുമ്പില്‍ നില്‍ക്കുന്നു. മെത്രാന്‍ അവര്‍ക്കു നേരെ കൈനീട്ടിയിട്ടു പറഞ്ഞു: "നിങ്ങളാണ് ദേവാലയം." പിന്നെ, ആ വെളിമ്പ്രദേശത്തുവച്ചുതന്നെ മെത്രാന്‍റെ കാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാന തുടങ്ങുകയായി.

 

  യേശു തന്‍റെ ദൈവത്തെ കണ്ടുമുട്ടാന്‍ ദേവാലയത്തെക്കാള്‍ കൂടുതല്‍ മറ്റിടങ്ങളിലേക്കാണു പൊയ്ക്കൊണ്ടിരുന്നത് എന്നതു സുവ്യക്തമാണ്. അക്കാലത്തു ഗലീലിയില്‍ പലയിടങ്ങളിലും ഉണ്ടായിരുന്ന ചെറിയ, ചെറിയ സിനഗോഗുകള്‍, ഒഴിഞ്ഞ ഇടങ്ങള്‍, മരുഭൂമി, തോട്ടങ്ങള്‍, മലമുകളുകള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ അവന്‍ പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നല്ലോ. ഏതെങ്കിലും സ്ഥലത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തതായി സുവിശേഷങ്ങള്‍ പറയുന്നുമില്ല. അല്ലെങ്കില്‍തന്നെ ദൈവം ഇല്ലാത്ത ഇടമേതാണ്? മുന്‍പിലും പിന്‍പിലും കാവലായി ദൈവം നടക്കുന്നുവെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് (139:5). അതിനര്‍ത്ഥം, നാം എവിടെയാണെങ്കിലും - പാടത്തും അടുക്കളയിലും കിടപ്പറയിലും - അവിടുന്നു കൂടെയാണ്ടെന്നാണല്ലോ. "അങ്ങയുടെ സന്നിധിവിട്ട് ഞാന്‍ എവിടെയൊളിക്കും? ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുമുണ്ട്" (സങ്കീ. 139:8). ഒരു നയാപൈസ മുടക്കാതെ പണിയപ്പെട്ട ദേവാലയങ്ങളാണ് ആകാശവും പാതാളവും കടല്‍ത്തീരവും പുല്‍മേടും എല്ലാമെല്ലാം. എന്നിട്ടുമെന്തുകൊണ്ടാണ് ഏതോ വാശിയോടെ കോടികള്‍ ഒഴുക്കിക്കളഞ്ഞ് ദേവാലയങ്ങള്‍ ഇവിടെ പണിതുകൊണ്ടിരിക്കുന്നത്? പതിനായിരത്തിന്‍റെ കുടിലിലും പത്ത് ലക്ഷത്തിന്‍റെ ദേവാലയത്തിലും ദൈവത്തിന് വസിക്കാമെങ്കില്‍, കോടികള്‍ മുടക്കി ഉണ്ടാക്കുന്ന ദേവാലയത്തെ വിളിക്കേണ്ടത് ദേവാലയമെന്നല്ല, ധൂര്‍ത്ത് എന്നാണ്. കമ്പിയും സിമന്‍റും ഗ്രാനൈറ്റും ഒക്കെ വാങ്ങിച്ചതിന്‍റെ പിന്നാമ്പുറ നാടകങ്ങളെക്കുറിച്ച് അത്തരം ധൂര്‍ത്തുകള്‍ക്ക്  ഏറെപ്പറയാനുണ്ടാകും. 

 

പഴയനിയമം ദേവാലയത്തെക്കുറിച്ചു പഠിപ്പിച്ച ചില കാര്യങ്ങള്‍ നാം ഈ ലേഖനത്തിന്‍റെ ആരംഭത്തില്‍ സൂചിപ്പിച്ചല്ലോ. ദേവാലയത്തെക്കാള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ടെന്ന പാഠങ്ങളും പഴയനിയമത്തിലുണ്ട്. ഒരുദാഹരണം ജറമിയയുടേതാണ്. "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്. നിങ്ങളുടെ മാര്‍ഗ്ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടു യഥാര്‍ത്ഥമായ നീതി പുലര്‍ത്തിയാല്‍... ഈ ദേശത്ത് എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും" (ജെറ. 26:8-11) 

ജറുസലെം ദേവാലയത്തിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ടാണ് പ്രവാചകന്‍ ഇതു പറഞ്ഞത്. ഈ പ്രഘോഷണത്തിന്‍റെ പേരില്‍ ജറമിയായുടെ ജീവനു ഭീഷണിയുയര്‍ന്നു (ജെറ 26:8-11) എന്നതുകൂടി പരിഗണിക്കുമ്പോഴാണ് ആ നിലപാടിന്‍റെ തീവ്രത നാം തിരിച്ചറിയുന്നത്. ദേവാലയവുമായുള്ള യേശുവിന്‍റെ ബന്ധത്തിന്‍റെ വേരുകള്‍ കിടക്കുന്നത് അക്കാലത്തെ പുരോഹിത പാരമ്പര്യത്തില്‍ ആയിരുന്നില്ലെന്നും പ്രവാചക പാരമ്പര്യത്തിലാണെന്നും ഇതില്‍നിന്നു വ്യക്തമാണല്ലോ. ജറമിയാ നേരിട്ട അതേ വധഭീഷണിയാണ്  ദേവാലയ ശുദ്ധീകരണത്തിനുശേഷം യേശുവും നേരിട്ടത് (മര്‍ക്കോ. 11:18). ദേവാലയശുദ്ധീകരണത്തിനുശേഷം അവന്‍ തുടര്‍ന്നും ജറുസലെമില്‍ തന്നെ പഠിപ്പിക്കുന്നതായിട്ടാണു മര്‍ക്കോസ് പറയുന്നത്. ഒടുക്കം, ദേവാലയത്തില്‍ നിന്നു പുറത്തുവന്നപ്പോഴാണ്, ദേവാലയത്തെ നോക്കി വിസ്മയിച്ചവരോട് അവന്‍ ഇതു പറഞ്ഞത്: "ഇവയെല്ലാം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും" (മര്‍ക്കോ. 13:2). ഇതിന്‍റെയൊക്കെ പശ്ചാത്തലത്തില്‍ ക്രൈസ്തവികതയെ എങ്ങനെ ദേവാലയകേന്ദ്രീകൃതമാക്കാന്‍ പറ്റുമെന്നുമാത്രം മനസ്സിലാകുന്നില്ല. ക്രിസ്തുവിനെ ധ്യാനിച്ച പൗലോസ് അന്നത്തെ ദേവാലയ സങ്കല്പം അപ്പാടെ തലകീഴ്മേല്‍ മറിക്കുകയാണ്. ഞാനും നീയുമാണ് ഇനിമുതല്‍ പുതിയ ദേവാലയങ്ങള്‍ (1 കോറിന്തോസ് 3:16). മാനംമുട്ടെയുള്ള ദേവാലയങ്ങള്‍ എമ്പാടും പണിയപ്പെടുമ്പോള്‍ ക്രിസ്തു തന്നെത്തന്നെ താദാത്മ്യപ്പെടുത്തുകയും പൗലോസ് ദേവാലയമെന്നും വിളിക്കുകയും ചെയ്ത മനുഷ്യ ജീവികള്‍ വല്ലാതെ ഞെരുക്കപ്പെടുന്നുണ്ടോ?

ദേവാലയവും അതിലെ മദ്ബഹയുമൊക്കെ സ്വര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വേദപാഠ ടീച്ചര്‍ പറഞ്ഞുതന്നത് ഇന്നും ഓര്‍മ്മയിലുണ്ട്. എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചു പറയാന്‍ യേശു ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് വീടും വീട്ടില്‍ നടക്കുന്ന കാര്യങ്ങളുമായിരുന്നല്ലോ. വീട്ടുപരിസരത്ത് അടയിരിക്കുന്ന കോഴിയും വീട്ടില്‍ കളഞ്ഞുപോയ നാണയവും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന മകനും ഒന്നും നമുക്ക് മറക്കാനാകില്ലല്ലോ. ദൈവരാജ്യത്തെക്കുറിച്ച് പറയാന്‍ വീട്ടില്‍ നടക്കുന്ന വിരുന്നും അവന്‍ ഒരിക്കല്‍ ഉപമയാക്കി. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷിക്കുന്ന, അതുകൊണ്ടുതന്നെ തട്ടുകളില്ലാത്ത ഇടംപോലെയാണത്രെ ദൈവരാജ്യം (ലൂക്ക. 14:16-24). സമഭാവനയുടെയും പരസ്പര ആദരവിന്‍റെയും ഇടമാണ് ദൈവരാജ്യം. ഈ പാഠംവച്ച് ഇവിടുത്തെ പള്ളികളെ വിലയിരുത്തിയാല്‍, ഏതുവിധത്തിലാണ് അവ ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമാകുന്നില്ല. സമൂഹത്തിലെ തട്ടുകളുടെയും വിഭജനങ്ങളുടെയും പ്രതിഫലനങ്ങള്‍ പള്ളികളുടെ ഘടനയില്‍ത്തന്നെയുണ്ട്. പ്രോട്ടോകോളുകളും മുന്‍ഗണനാക്രമങ്ങളും നിയമങ്ങളും ഇത്രയും കണിശമായി പാലിക്കപ്പെടുമ്പോള്‍ പള്ളികള്‍ എങ്ങനെ ദൈവത്തിന്‍റെ വീടിനെ ഓര്‍മ്മപ്പെടുത്തും? അണഞ്ഞുപോയ ഒരു തിരിയും തെറ്റിപ്പോയ ഒരു പാട്ടും ചൊല്ലാന്‍ മറന്നുപോയ ഒരു പ്രാര്‍ത്ഥനയും കിലുക്കപ്പെടാതെപോയ ഒരു മണിയും അള്‍ത്താര ബാലന്‍റെ ഒരടക്കംപറച്ചിലും അന്തരാഷ്ട്രപ്രശ്നമായി മാറ്റുന്ന പള്ളികള്‍ക്ക് ധൂര്‍ത്തപുത്രനുവേണ്ടി ഉറങ്ങാതിരുന്ന അപ്പന്‍റെ വീടുമായുള്ള അകലം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.

ഇവിടുത്തെ നാട്ടുകാരോട് ക്രിസ്ത്യാനികള്‍ക്ക് ഒരു ദൈവവമുണ്ടെന്നും ആ ദൈവത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നും തെളിയിക്കാനുളള ഏറ്റവും ഏളുപ്പമുള്ള മാര്‍ഗ്ഗം പള്ളികളായി തീര്‍ന്നിരിക്കുന്നുവെന്നു തോന്നുന്നു. ക്രൈസ്തവശിഷ്യത്വത്തിന്‍റെ കൃത്യമായ അടയാളം സ്നേഹമാണെന്നാണ് ക്രിസ്തു പഠിപ്പിച്ചത് (യോഹ. 13:35). "അവര്‍ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നു!" എന്ന് ഇതരമതക്കാര്‍ ക്രിസ്ത്യാനികളെ നോക്കി അത്ഭുതം കൂറിയിരുന്നുവെന്ന് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച തെര്‍ത്തൂലിയന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (അപ്പോളജി, അദ്ധ്യായം 39). ദേവാലയങ്ങളില്ലാതെയും വചനപ്രഘോഷണം നടന്നിരുന്നുവെന്നു സാരം. വലിയ സൗധങ്ങള്‍ നമുക്കു വേണ്ടിവരുന്നത് ഉള്ളു പൊള്ളായാകുന്നതുകൊണ്ടാകുമോ? ടോണി ഡിമെല്ലോയുടെ ഒരു നിരീക്ഷണം ഓര്‍മ്മയില്‍നിന്ന് കൂട്ടിച്ചേര്‍ക്കുകയാണ്. ദൈവം പറഞ്ഞ വാക്കുകള്‍ രേഖപ്പെടുത്താന്‍ ഹൃദയങ്ങള്‍ ഇല്ലാതെ വന്നപ്പോള്‍ അവ പുസ്തകത്തില്‍ എഴുതപ്പെട്ടു. അങ്ങനെ വേദഗ്രന്ഥമുണ്ടായി. വേദഗ്രന്ഥം സൂക്ഷിക്കാന്‍ അള്‍ത്താരയും അള്‍ത്താരയെ സൂക്ഷിക്കാന്‍ ദേവാലയവും ദേവാലയം സൂക്ഷിക്കാന്‍ മതിലും ഭൂമിയും അധികാരവും എല്ലാം വേണ്ടിവന്നു. വേദശബ്ദമില്ലാത്ത ഹൃദയങ്ങള്‍ പെരുകുമ്പോള്‍ ദേവാലയങ്ങള്‍ കൂടുതല്‍ കൂടുതല്‍ വലിപ്പമാര്‍ജ്ജിക്കും. ആത്മാവിലും സത്യത്തിലും ആരാധിക്കാത്തവര്‍ ആ മലയെക്കുറിച്ചും ഈ മലയെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരിക്കും.


ഷക

0

0

Featured Posts

bottom of page