top of page

കള്ളനെപോലെ വരുന്ന കര്‍ത്താവ്

Jan 5

5 min read

ഷക
a rabbai in prayer

ആമുഖം

ബൈബിള്‍ തുടങ്ങുന്നത് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ടാണല്ലോ (ഉല്‍പത്തി 1:1). ഈ ആകാശവും ഭൂമിയും പുതുതാക്കപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ബൈബിള്‍ അവസാനിക്കുന്നത് (വെളിപാട് 21:1). അതിന് അവശ്യം സംഭവിക്കേണ്ടത് മിശിഹായുടെ മടങ്ങിവരവാണ്. അതുകൊണ്ടാണ് "മാറാനാത്ത" (കര്‍ത്താവേ, വരേണമേ) എന്ന പ്രാര്‍ഥനയോടെ ബൈബിള്‍ തീരുന്നത് (വെളിപാട് 22: 20; കോറി ന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനവും, ആദിമസഭ യിലെ പ്രാര്‍ഥനകളും ജീവിതചര്യകളും മറ്റും വിശദീകരിക്കുന്ന ദിദാക്കേയും അവസാനിക്കു ന്നതും ഇതേ പ്രാര്‍ഥനയോടെയാണ്). ചുരുക്ക ത്തില്‍, യേശുവിലൂടെ ഉത്ഘാടനം ചെയ്യപ്പെട്ട അബ്ബായുടെ പദ്ധതിയുടെ പൂര്‍ത്തീകരണം മനുഷ്യ പുത്രന്‍റെ മടങ്ങിവരവോടെ സംഭവിക്കും. അതിനു വേണ്ടി ബൈബിളും നാമും പ്രതീക്ഷയോടെ കാത്തി രിക്കുകയാണ്.


എന്നാല്‍, ഈ മടങ്ങിവരവ് എന്നു നടക്കുമെന്ന് നമുക്കോ പുത്രനുപോലുമോ അറിവുള്ള കാര്യമല്ല (cfr. മര്‍ക്കോസ് 13 : 32). അതേ സമയം, ഈ മടങ്ങി വരവ് ഉണ്ടാകുമെന്നതിനെക്കുറിച്ച് ബൈബിളിന് രണ്ടഭിപ്രായം ഒട്ടില്ലതാനും. ഏറ്റവും കരുത്തുള്ള ശത്രുവായ മരണത്തെ ഒരിക്കല്‍ ദൈവം തോല്‍ പിച്ചെങ്കില്‍, സൃഷ്ട പ്രപഞ്ചം മുഴുവന്‍ ഈ മരണ ത്തെ തോല്‍പിച്ചിരിക്കും ("സൃഷ്ടി ജീര്‍ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവ മക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും," റോമാ 8 : 21). സച്ചിന്‍ തെണ്ടുല്‍ക്കറെ കുരുക്കിയാല്‍ പണ്ടത്തെ ഇന്ത്യയെ തോല്‍പിക്കാന്‍ പറ്റുമെന്ന് എതിര്‍ടീമിന് ഉറപ്പുണ്ടായിരുന്നല്ലോ. അതേ കണക്ക്, മരണമെന്ന ഏറ്റവും ശക്തനായ ശത്രുവിനെ തോല്‍പിച്ചുകഴിഞ്ഞതുകൊണ്ട്, എല്ലാ ആധിപത്യ ങ്ങളുടെയും ശക്തികളുടെയുംമേല്‍ വിജയം നേടി, ദൈവത്തിന്‍റെ രാജ്യം ഇവിടെ സംസ്ഥാപിതമാകുക തന്നെ ചെയ്യും. അതിനുവേണ്ടി നമ്മള്‍ പ്രതീക്ഷ യോടെ കാത്തിരിക്കുന്നു, "മാറാനാത്ത" എന്ന പ്രാര്‍ ഥനയോടെ.


"നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്‍റെ ആഗമനം. ... കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്‍റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരി ക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറി യുന്നു. അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്" എന്നു മത്തായി 24 : 37,43-44. (സമാനമായത് മര്‍ക്കോസ് 13 : 35-37 ലുമുണ്ട്.) കള്ളന്‍ വരുന്നത് നേരത്തെയാണോ താമസിച്ചാണോ എന്നു പറയാനാകില്ലല്ലോ. അതേ രീതിയില്‍ മനുഷ്യപുത്രന്‍റെ വരവും നമ്മള്‍ കരു തുന്നതിലും നേരത്തേയാകുമെന്നോ താമസിച്ചാകു മെന്നോ കരുതാനാകില്ല. അതുകൊണ്ടുതന്നെ വേണ്ടത് ജാഗരൂകതയോടെയും ഉണര്‍വോടെയു മുള്ള കാത്തിരിപ്പാണ്. പ്രതീക്ഷിച്ചതിലും നേരത്തേ മനുഷ്യപുത്രന്‍ വരുമെന്നു പഠിപ്പിക്കുന്ന ഉപമയാണ് വിശ്വസ്തനായ ഭൃത്യന്‍റെയും അവിശ്വസ്തനായ ഭൃത്യന്‍റെയും ഉപമ (മത്തായി 24 : 45 - 50; ലൂക്കാ 12:42-46). എന്നാല്‍ പ്രതീക്ഷച്ചതിലും താമസിച്ചായി രിക്കും അവന്‍റെ വരവെന്നു പഠിപ്പിക്കുന്ന ഉപമയാണു പത്തു കന്യകമാരുടെ ഉപമ (മത്തായി 25: 1-12).


ഈ രണ്ടുപമകളും വിശദമായി പരിശോധിക്കു ന്നതിനുമുമ്പ്, ആമുഖമായി അറിഞ്ഞിരിക്കേണ്ട ഒരു കാര്യംകൂടിയുണ്ട്. ദൈവത്തിന്‍റെ (മിശിഹായുടെ) വരവിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പഴയനിയമ ത്തില്‍ ഉടനീളം ഉള്ളതു നമുക്കറിയാമല്ലോ. അതു തന്‍റെ ജീവിതത്തില്‍ സഫലീകരരിക്കപ്പെടുന്നതായി യേശു തിരിച്ചറിഞ്ഞിരുന്നു. ഒന്നോ രണ്ടോ ഉദാഹര ണങ്ങള്‍മാത്രം പരിഗണിക്കാം: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്.. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും ... കര്‍ത്താ വിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു" (ലൂക്കാ 4 : 18-21); "വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു ... ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു" (മത്തായി 11 : 3-5). തന്‍റെ ജീവിതം ഇവ്വിധത്തില്‍ കണ്ട യേശു, ലോകത്തിന്‍റെ അവസാന വിധിതീര്‍ പ്പിലും തന്‍റെ പങ്ക് തിരിച്ചറിയുന്നുണ്ട്. "... എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്‍റെ നാമത്തില്‍ പ്രവചിക്കുകയും ... നിന്‍റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നു പോകുവിന്‍" (മത്തായി 7 : 21-23). അപ്പോള്‍, യുഗാന്തത്തില്‍ സംഭവിക്കുന്ന ലോകത്തിന്‍റെ വിധിതീര്‍പ്പില്‍, പിതാ വിന് എന്നതുപോലെ തന്നെ പുത്രനും പങ്കുണ്ട് എന്നതു വ്യക്തമാണല്ലോ. അങ്ങനെയെങ്കില്‍, മടങ്ങി വരവിനെക്കുറിച്ചുള്ള ഉപമകള്‍, ദൈവത്തിന്‍റെ മടങ്ങി വരവിനെക്കുറിച്ചും, അതേസമയം തന്നെ പുത്രന്‍റെ മടങ്ങി വരവിനെക്കുറിച്ചുമുള്ളതാണ്.


വിശ്വസ്തനും അവിശ്വസ്തനുമായ ഭൃത്യന്മാര്‍ (മത്തായി 24 : 45 - 50; ലൂക്കാ 12 : 42 - 46)

മത്തായിയുടെ 24-ാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: "അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്‍റെ ആഗ മനത്തിന്‍റെയും യുഗാന്തത്തിന്‍റെയും അടയാളമെ ന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!" (മത്തായി 24 : 3). ഈ അധ്യായത്തില്‍ ഉടനീളം യുഗാന്തവും മനുഷ്യപുത്രന്‍റെ മടങ്ങിവരവും ശിഷ്യര്‍ക്കുണ്ടാകേണ്ട ജാഗരൂകതയുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ ചര്‍ച്ചയുടെ ക്ലൈമാക്സാണ് ഭൃത്യന്മാരുടെ ഉപമ. ലൂക്കായുടെ സുവിശേഷ ത്തില്‍, ഭയംകൂടാതെ സാക്ഷ്യം നല്‍കാനുള്ള ഉദ്ബോധനത്തിനുശേഷം യേശു ശിഷ്യരോടു പറയും: "നിങ്ങള്‍ അരമുറുക്കിയും വിളക്കുക ത്തിച്ചും ഇരിക്കുവിന്‍" (ലൂക്കാ 12 : 35). തുടര്‍ന്നാണ് ഭൃത്യന്മാരുടെ ഉപമ നാം ലൂക്കായില്‍ വായിക്കുന്നത്. അപ്പോള്‍ മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളില്‍ ഈ ഉപമ പറയപ്പെട്ടതു ശിഷ്യന്മാരോടാണ്. അവര്‍ക്കുണ്ടായിരിക്കേണ്ട ഒരടിസ്ഥാനഭാവമാണ് ഉപമയുടെ ഫോക്കസ്.


തന്‍റെ വീട്ടിലെ സകലരുടെയും ഉത്തരവാദിത്വം ഭൃത്യനെ ഏല്‍പിച്ചിട്ടു ഒരു യജമാനന്‍ ദൂരയാത്രക്കു പോകുന്നതോടെയാണല്ലോ ഉപമ തുടങ്ങുന്നത്. ഇത്തരമൊരു ഭരമേല്‍പിക്കല്‍ നമുക്ക് അയഥാര്‍ ഥമായി തോന്നാമെങ്കിലും യേശുവിന്‍റെ കാലത്ത് അതു സംഭവ്യമായിരുന്നു. പൂര്‍വപിതാവായ ജോസ ഫിന്‍റെ കാര്യമെടുക്കുക. ഈജിപ്തില്‍വച്ച്, ആദ്യം പൊത്തിഫറിന്‍റെ വീട്ടിലും (ഉല്‍പത്തി 39) പിന്നീട് ഫറവോയുടെ രാജ്യത്തിലും (ഉല്‍പത്തി 41) ജോസഫ് കാര്യസ്ഥനായി മാറുന്നുണ്ടല്ലോ. സമാനമായ രീതിയില്‍ യജമാനന്‍റെ വിശ്വാസം ആര്‍ജിച്ചെടുത്തവനാണു നമ്മുടെ ഉപമയിലെ ഭൃത്യന്‍. അതുകൊണ്ടാണ് യജമാനന്‍ തന്‍റെ വീട്ടുകാര്‍ക്ക് "കൃത്യസമ യത്തു ഭക്ഷണം കൊടുക്കാന്‍" അയാളെ ഏല്‍പിക്കുന്നത് (മത്തായി 24:45; ലൂക്കാ 12:42).

റോമാ 1:1, ഗലാത്തിയര്‍ 1:10 തുടങ്ങിയ അനേകം വചനഭാഗങ്ങളില്‍നിന്ന് "ഭൃത്യന്‍" എന്ന പദം ക്രിസ്തുശിഷ്യരെ സൂചിപ്പിക്കുന്നു എന്നു നമുക്കു മനസ്സിലാക്കാം. മനുഷ്യപുത്രന്‍റെ മടങ്ങിവരവുവരെ, തന്നെ ഭരമേല്‍പിച്ചവര്‍ക്ക് അവധാനതയോടെ ഭക്ഷണം വിളമ്പേണ്ടവരാണു ശിഷ്യര്‍. യഥാര്‍ഥത്തില്‍ ദൈവമാണു സകലര്‍ക്കും ഭക്ഷണം കൊടുക്കുന്നവന്‍ (സങ്കീര്‍ത്തനം 104 : 27-28; 145 : 15-16). അപ്പോള്‍, ദൈവത്തിനു പകരക്കാരനായിട്ടാണു ശിഷ്യന്‍ ഭക്ഷണം വിളമ്പുന്നത്. ശിഷ്യന്‍ കൊടു ക്കേണ്ട ഭക്ഷണം ദൈവവചനമാണെന്ന് ഹെബ്രാ യര്‍ 5 : 12-14 ല്‍ നിന്നും വ്യക്തമാകുന്നു. അതുതന്നെയാണ് കര്‍ത്താവ് ശിഷ്യര്‍ക്ക് അവസാനം കൊടുത്ത കല്‍പനയും: "ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28:20).


തന്‍റെ ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേറ്റുന്ന ഭൃത്യന്‍ "ഭാഗ്യവാന്‍" ആയിരിക്കുമത്രേ (മത്തായി 28:46; ലൂക്കാ 12:43). ദൈവരാജ്യം സ്വന്ത മാക്കുന്ന, ഭൂമിയെ അവകാശമാക്കുന്ന, ദൈവപുത്രരെന്നു പേരുള്ള, ദൈവത്തെ മുഖാഭിമുഖം ദര്‍ശി ക്കുന്നവരെയാണു സുവിശേഷം "ഭാഗ്യവാന്മാര്‍" എന്നു വിളിക്കുന്നത് (മത്തായി 5:3-12; ലൂക്കാ 6:20-23). വിശ്വസ്തരായ സകല ഭൃത്യര്‍ക്കുമായി മനുഷ്യപുത്രന്‍ നല്‍കിയ ഉറപ്പാണത്.


യജമാനന്‍ മടങ്ങിവരാന്‍ താമസിക്കുമെന്നു കരുതി, ഭരമേല്‍പിക്കപ്പെട്ടതു മറന്നു സ്വന്തം കാര്യങ്ങളില്‍ ഭൃത്യന്‍ മുഴുകിയാല്‍, പ്രതീക്ഷിക്കാത്ത മണിക്കൂറില്‍ വരുന്ന യജമാനന്‍ അയാളെ കഠിന മായി ശിക്ഷിക്കും (മത്തായി 24:50; ലൂക്കാ 12:46)! ഇംഗ്ലീഷ് ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത് കുറെക്കൂടി കഠിനമായ പ്രയോഗമാണ്: "He will cut him to pieces..." (അവനെ തുണ്ടം തുണ്ടമാക്കിക്കളയുമെന്ന്!) ഈ പ്രയോഗത്തിലെ വന്യത അനുചിതമാണെന്നുള്ള തോന്നലുകൊണ്ടാകാം മലയാളം പരിഭാഷ ഇതു വേണ്ടെന്നു വച്ചത്. എന്നാല്‍, സങ്കീര്‍ത്തനം 37 ല്‍ ദുഷ്ടനും ദുഷ്ടന്‍റെ സന്തതിയുമെല്ലാം വിച്ഛേദിക്കപ്പെടുന്നതിനെ കുറിച്ച് കൃത്യമായ സൂചനകളുണ്ട്. ഈ മുറിച്ചു നീക്കലാണ് ഉപമയുടെ ഒടുക്കമുള്ളത്. അതു കൂടുതല്‍ വ്യക്തമാകുന്നത് തുടര്‍ന്നു വരുന്ന വചനഭാഗത്താണ്. കപടനാട്യക്കാരുടെ കൂട്ടത്തില്‍ അയാള്‍ തള്ളപ്പെടുമെന്നു മത്തായി 24:50. അവന്‍റെ പങ്ക് അവിശ്വാസികള്‍ക്കൊപ്പമായിരിക്കുമെന്നു ലൂക്കാ 12:46. മത്തായിയുടെ സുവിശേഷ പ്രകാരം യേശു അകലം സൂക്ഷിച്ച കപടനാട്യക്കാര്‍ ഫരിസേയരായിരുന്നു (23:13). ലൂക്കായുടെ സുവിശേഷ പ്രകാരം യേശു പുറന്തള്ളിയവര്‍ അവിശ്വാസികളായിരുന്നു (9:5). അങ്ങനെ നോക്കുമ്പോള്‍, ശിഷ്യനെ ഏതു വീട്ടിലെ കാര്യസ്ഥനായി കര്‍ത്താവു നിയമിച്ചുമോ, ആ വീട്ടില്‍ നിന്നും അയാള്‍ പുറത്താക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഉപമ സംശയമേതുമില്ലാതെ തറപ്പിച്ചു പറയുന്നു. ശിഷ്യന്മാര്‍ ജാഗ്രതൈ!


പത്തു കന്യകമാരുടെ ഉപമ (മത്തായി 25:1-13)


യഹോവ ഇസ്രായേലിനെ പരിണയിക്കാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പല വചനങ്ങളുണ്ട്: "കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും" (ഹോസിയാ 2 : 16); "നിന്‍റെ സ്രഷ്ടാവാണു നിന്‍റെ ഭര്‍ത്താവ്" (ഏശയ്യാ 54:5); "യുവാവ് കന്യകയെ എന്നപോലെ നിന്‍റെ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയിലെന്നപോലെ നിന്‍റെ ദൈവം നിന്നില്‍ സന്തോഷിക്കും" (ഏശയ്യാ 62 : 5). ഇതേ കാര്യം എസെക്കിയേല്‍ 16 മുഴുവനിലും കാണാം. "മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറ ത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ?" (മത്തായി 9:14-15; മര്‍ക്കോസ് 2:18-20; യോഹന്നാന്‍ 3:29) എന്ന യേശുവിന്‍റെ ചോദ്യത്തില്‍ ഈ പഴയ നിയമവാക്യങ്ങളുടെ ധ്വനികളുണ്ട്.

സമാനമായ രീതിയില്‍, മിശിഹാ സഭയെ പരിഗ്ര ഹിക്കുമെന്നതിനു ധാരാളം വചനങ്ങളുടെ പിന്തു ണയുണ്ട്. "നമുക്ക് ആനന്ദിക്കാം... എന്തെന്നാല്‍, കുഞ്ഞാടിന്‍റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങി ക്കഴിഞ്ഞു" (വെളിപാട് 19 : 7); "നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി" (2 കോറിന്തോസ് 11 : 2); "ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ സ്നേഹി ക്കണം" (എഫേസോസ് 5:25) എന്നീ വചനഭാഗങ്ങ ളുടെയെല്ലാം പിന്നാമ്പുറത്തുള്ള പഴയനിയമ ചിന്തകള്‍ സുവിദിതമാണല്ലോ. ഈ വചനഭാഗ ങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കിയാല്‍, പത്തു കന്യകമാരുടെ ഉപമയിലെ വരന്‍ തീര്‍ച്ചയായും മിശിഹായാണ്. അപ്പോള്‍, ഈ ഉപമ മിശിഹായുടെ രണ്ടാം വരവിനെ സംബന്ധിച്ചുള്ളതാണെന്നു വ്യക്തമാകുന്നു.


യേശുവിന്‍റെ കാലത്ത് ഇസ്രായേലില്‍ പെണ്‍കു ട്ടിയുടെ വിവാഹപ്രായം 12 ഉം ആണ്‍കുട്ടിയുടേത് 18 ഉം ആയിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തോളം ഇരുവരും അവരവരുടെ വീടുകളില്‍ കഴിയും. തുടര്‍ന്ന് വിവാഹത്തിനായി വധുവും കൂട്ടരും ആഘോഷമായി വരന്‍റെ വീട്ടിലേക്കു വരുന്നു (1 മക്കബായര്‍ 9:37). വരനും കൂട്ടരും വഴി മധ്യേ ചെന്ന് അവരെ ആഘോഷമായി കൂട്ടി ക്കൊണ്ടു വരുന്നു (1 മക്കബായര്‍ 9:39). ഇരുകൂട്ടരും ഒരുമിച്ച് വരന്‍റെ വീട്ടില്‍ എത്തുന്നതോടെ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുകയാണ്. ഈ ആഘോഷമാണ് ആവശ്യത്തിനു ജാഗരൂകത പുലര്‍ത്താതിരുന്ന അഞ്ചു കന്യകമാര്‍ക്കു നഷ്ടപ്പെടുന്നത്.


സുവിശേഷത്തിലെ ഉപമകള്‍ക്ക് അക്കാലത്തെ ചില നടപ്പുരീതികളുമായി സമാനതകളുണ്ടെങ്കിലും, ഇവ കഥകളായതുകൊണ്ടു തന്നെ, ഏതെങ്കിലും സംഭവത്തിന്‍റെ യഥാതഥ വിവരണമല്ല എന്നത് ഓര്‍ക്കേണ്ടതാണ്. ഉദാഹരണത്തിന്, കൂലിക്കാരെ തെരുവില്‍ നിന്നു പണിക്കു വിളിക്കുന്ന പതിവ് അക്കാലത്തുണ്ട്. എന്നാല്‍ ആരെങ്കിലും പല തവണ പോയി പണിക്കാരെ കൊണ്ടുവരില്ലല്ലോ. എന്നാല്‍, മത്തായി 18 ലെ ഉപമയില്‍ അങ്ങനെയാണ് നടക്കുന്നത് - അതു ഉപമയുടെ സന്ദേശത്തിന് അവശ്യം വേണ്ടതാണുതാനും. ഇതേ രീതിയില്‍, പത്തു കന്യകമാരുടെ ഉപമ അക്കാലത്തെ കല്യാണ സമ്പ്രദായവുമായി ബന്ധമുള്ളതാണെങ്കില്‍കൂടി, അതൊരു യഥാര്‍ഥ കല്യാണത്തിന്‍റെ വിവരണമല്ല എന്നതു നാം ഓര്‍ക്കേണ്ടതാണ്. വരന്‍ എത്താന്‍ എന്തുകൊണ്ടാണു താമസിച്ചത്, വധുവിനെക്കുറിച്ച് ഒരു ചെറിയ പരാമര്‍ശംപോലുമില്ലാത്തത് എന്തുകൊണ്ടാണ്, രാത്രിയില്‍ എണ്ണ വാങ്ങാന്‍ പോയവര്‍ക്കുവേണ്ടി ആരാണു കട തുറന്നു വയ്ക്കുക തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉപമയെ ഉപമയായി കാണാത്തതുകൊണ്ട് ഉന്നയിക്കപ്പെടുന്നതാണ്.


മറ്റൊരു കാര്യമുള്ളത്, ഏതൊരുപമയും എല്ലാ കാര്യങ്ങളും പഠിപ്പിക്കാനുള്ളതല്ല, ഏതെങ്കിലും ഒരു കാര്യം പ്രധാനമായും പഠിപ്പിക്കാനുള്ളതാണ് എന്നതാണ്. മത്തായി 18 ലെ ഉപമ ദൈവത്തിന്‍റെ കാരുണ്യത്തെ കുറിച്ചുള്ളതായതുകൊണ്ട് പണിക്കാര്‍ അലസരായാലും കുഴപ്പമില്ല. എന്നാല്‍, മത്തായി 25 ലെ താലന്തുകളുടെ ഉപമയില്‍ അലസനാണു പുറന്തള്ളപ്പെടുന്നത്. പത്തു കന്യകമാരുടെ ഉപമയില്‍, വിവേകമതികളായ കന്യകമാര്‍ സ്വാര്‍ഥ മതികളല്ലേ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കാരണം നിസ്വാര്‍ഥതയെകുറിച്ചു പഠിപ്പിക്കാനല്ല, ജാഗരൂകതയെകുറിച്ചു പഠിപ്പിക്കാനാണ് ഈ ഉപമ പറയപ്പെട്ടത്. വിവേകമതികള്‍ നിസ്വാര്‍ഥരായാല്‍, ജാഗരൂകതയെക്കുറിച്ച് ഈ ഉപമക്ക് ഒന്നും പറയാനില്ലാതെവരും. (നിസ്വാര്‍ഥതയെക്കറിച്ചു പഠിപ്പിക്കാന്‍ പല ഉപമകളുമുണ്ടല്ലോ.)

ഈ ഉപമയിലെ മര്‍മപ്രധാനമായ കാര്യം വരന്‍ പ്രതീക്ഷിച്ചതിലും താമസിച്ചാണ് എത്തിയത് എന്നതാണ്. വിവേകമതികളും വിവേകശൂന്യകളും ഒരേ പോലെ ഉറങ്ങിപ്പോകുന്നുണ്ട്. അപ്പോള്‍ ഇരുവരെയും വേര്‍തിരിക്കുന്നത് വേണ്ട തയ്യാറെടുപ്പ് ജാഗരൂകതയോടെ നടത്തിയോ ഇല്ലയോ എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഇതേകണക്ക് മനുഷ്യപുത്രന്‍റെ മടങ്ങി വരവ് എത്ര താമസിച്ചാലും തയ്യാറെടുപ്പോടെ കാത്തിരിക്കേണ്ടവരാണു ക്രിസ്തുശിഷ്യര്‍.


ഉപസംഹാരം


"നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരു മെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂക രായിരിക്കുവിന്‍" (മത്തായി 24 : 42) എന്ന് ഭൃതന്മാ രുടെ ഉപമയ്ക്കു തൊട്ടുമുമ്പു നാം വായിക്കുന്നു. "ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണി ക്കൂറോ നിങ്ങള്‍ അറിയുന്നില്ല" (മത്തായി 25 : 13) എന്ന് കന്യകമാരുടെ ഉപമയ്ക്കു തൊട്ടു ശേഷവും നമ്മള്‍ വായിക്കുന്നു. മനുഷ്യപുത്രന്‍റെ മടങ്ങിവരവു പ്രതീക്ഷിച്ചതിലും നേരത്തെയോ താമസിച്ചോ ആകാം. അപ്പോള്‍ നമുക്കു വേണ്ടത് അലസതയോ ആവേശമോ അല്ല, ജാഗരൂകതയാണ്. ഒപ്പം, അവന്‍ ഭരമേല്‍പിച്ചവയുടെ വിശ്വസ്തമായ നിര്‍വഹണവും വേണം. ബൈബിളിന്‍റെ കാഴ്ചപ്പാടില്‍ വിവേകമെ ന്നതിന് അര്‍ഥം, അവശ്യം സംഭവിക്കാന്‍ പോകുന്ന ദൈവരാജ്യത്തിലെ പൗരനാകാന്‍ വേണ്ട തയ്യാറെ ടുപ്പ് അവധാനതയോടെ നടത്തുക എന്നാണ്.

ഷക

0

125

Featured Posts

bottom of page