top of page

കളഞ്ഞുപോയ നാണയം

Apr 10, 2024

3 min read

ഫാ. ബോബി ജോസ് കട്ടിക്കാട്

woman with her lost coin

1

ദ ബോക്സ് (The Box), വലിയ ഒരു അളവില്‍ ഗുന്തര്‍ ഗ്രാസ്സിന്‍റെ ആത്മാംശം ഉള്ള കൃതിയാണ്. അയാളുടെ സഹായിയായി വീട്ടില്‍ തന്നെ പാര്‍ ക്കുന്ന മേരിഷെന്‍ എന്ന സ്ത്രീയാണ് പ്രധാന കഥാ പാത്രം. നിര്‍വ്വചിക്കാന്‍ പ്രയാസമുള്ള ഒരു അടു പ്പമാണത്. പഴഞ്ചന്‍മട്ടിലുള്ള ഒരു ബോക്സ് ക്യാമറ സദാ അവര്‍ കൂടെ കരുതിയിരുന്നു. ഒരു രൂപകമായാണ് അത് കഥയില്‍ ഇടം കണ്ടെത്തു ന്നത്. വീടിന്‍റെ ഓരോ ചലനവും അതില്‍ നിശ്ചല മായി.

ഭ്രമാത്മകമായ ഒരു മരണനേരമായിരുന്നു അവരുടേത്. ആകാശത്തിന്‍റെ അനന്തതയില്‍ ആ വ്യദ്ധ അലിഞ്ഞുചേരുമ്പോള്‍ ആ ക്യാമറ അടര്‍ന്നു വീഴുന്നു.

ഓര്‍മ്മയ്ക്കായി ഒന്നും അവശേഷിപ്പിക്കാത്ത ബന്ധങ്ങളെയും വീട്ടകങ്ങളെയും വിധിച്ചുകൊണ്ട് കണ്ണ് ചിമ്മാതെ ഒരു പഴഞ്ചന്‍ ക്യാമറ എല്ലായിട ത്തും ഉണ്ട് എന്ന് തോന്നുന്നു. യേശു പറഞ്ഞ വീടിനുള്ളില്‍ കളഞ്ഞുപോയ നാണയത്തിന്‍റെ കഥ ഓര്‍ക്കാതെ തരമില്ല.

റനിയേരെ കന്തലമാസ യു. എസിലെ ബിഷപ്പ്സിനെ ധ്യാനിപ്പിക്കുമ്പോള്‍ ഉപയോഗിച്ച കുറിപ്പുകളുടെ ആമുഖ വിചാരമതിനെക്കുറിച്ചായിരുന്നു. പിന്നീട് അതൊരു പുസ്തകമായി വന്നു: Shepherds and Fishermen: Spiritual Exercises for Bishops, Priests, and Religious. നാണയത്തിന്‍റെ അപ്പുറവും ഇപ്പുറവും ഉള്ള രണ്ടു കഥകളില്‍ ആല വിട്ടിറങ്ങിയ ആടും വീട് വിട്ടിറങ്ങി പോയ മകനും ഉണ്ട്.

എങ്ങോട്ടും ഇറങ്ങി പോകാതെതന്നെ മനുഷ്യര്‍ നഷ്ടമാകുന്ന ഇടങ്ങളെകുറിച്ചുള്ള കഠിനമായ മുന്നറിയിപ്പാണ് കളഞ്ഞുപോയ നാണയകഥയില്‍ മുഴങ്ങുന്നതെന്നാണ് അയാള്‍ വിചാരിക്കുന്നത്. അത് ഒരു വീടാണെന്നുള്ളത് അങ്ങ് ചുമ്മായാണോ?

കഥയിലെ സ്ത്രീയെപോലെ വിളക്കു കൊളുത്തി ഇരുള്‍മൂലകള്‍ അടിച്ചുവാരാതെ വേറെ വഴിയെന്താണ്.


2

ഇരുട്ടുമുറിയില്‍ കളഞ്ഞു പോയ നാണയത്തെ വിളക്കുകൊളുത്തി തിരയുന്ന സ്ത്രീയെപോലെ തന്നെയായിരുന്നു അയാള്‍. കൈവിട്ടുപോയ വിശ്വാസത്തിന്‍റെ മൂല്യത്തെക്കുറിച്ച് അയാള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു. വിശ്വാസിയാകാന്‍ അയാള്‍ തന്നോട് തന്നെ മല്‍പ്പിടുത്തത്തിലായിരുന്നു. തന്നാലാവുന്നതൊക്കെ അയാള്‍ ചെയ്തു നോക്കി.

കഠിന താപസരുടെ ഒരാശ്രമത്തില്‍ കുറച്ചു കാലം ചെന്ന് പാര്‍ത്തു.

ഒന്നും എളുപ്പമായിരുന്നില്ല. The Last Temptation of Christ എഴുതുമ്പോള്‍ തന്‍റെ തന്നെ ചിതറിപ്പോയ ഹൃദയം അയാള്‍ യേശുവിലേക്ക് തുന്നിക്കെട്ടുകയായിരുന്നു.. ആശങ്കകളും ഭീതിയും മാത്രമല്ല കുറ്റബോധം പോലും യേശുവിലേക്ക് സന്നിവേശിക്ക പ്പെട്ടു.

സ്വാഭാവികമായി അത്തരം ഒരു യേശുവിനെ സ്വീകരിക്കേണ്ട ബാധ്യത മതത്തിനില്ല. വത്തിക്കാന്‍റെ വായിക്കാനരുതാത്ത പുസ്തകങ്ങളുടെ പട്ടികയില്‍ (Index Librorum Prohibitorum) അത് പെട്ടു. അയാള്‍ ഒരു ടെലഗ്രാം മാത്രം ചെയ്തു. “I lodge my appeal at your tribunal, Lord”;

ദൈവത്തിന്‍റെ കോടതിയില്‍ അപ്പീലുപോകുമെന്ന ആ വരി മൗലികമല്ല. ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റ് ആയ ടെര്‍ത്തൂലിയന്‍റേതാണ്. തന്നെ തീപ്പൊയ്കയില്‍ വിട്ടുകൊടുത്ത എല്ലാവരോടും അയാള്‍ യേശുവിനെപ്പോലെ ഹൃദയാലുവായി,You gave me a curse, I give you a blessing: may your conscience be as clear as mine and may you be as moral and religious as I.

അതൊരു നിര്‍മലനായ അവിശ്വാസിയുടെ ക്ലാസിക്ക് ആശീര്‍വാദമാണ്. bene- 'well' + dicere- 'say', നല്ലതു പറയുക എന്നര്‍ത്ഥത്തിലാണ് ബെന ഡിക്ഷന്‍ രൂപപ്പെട്ടത്.

വിശ്വാസികള്‍ വിശ്രമിക്കുന്ന പള്ളിസെമിത്തേരി പോലും അയാള്‍ക്കുള്ളതല്ല.

I hope for nothing. I fear nothing. I am free, അയാളുടെ കല്ലറയില്‍ അങ്ങനെയാണ് എഴുതി വെച്ചിട്ടുള്ളത്. നികോസ് കസന്‍ദ്സാക്കീസാണയാള്‍.

ചെറിയ കാര്യമല്ല വിശ്വാസിയായിരിക്കുക എന്ന് ഇനിയും പിടുത്തം കിട്ടാത്ത ഒരാള്‍ വിശ്വാസി മാത്രമായിരിക്കും. ബോധത്തിന്‍റെ കൈവെള്ളയില്‍ ആ പൊന്‍ നാണയത്തിന്‍റെ സുകൃതം കിട്ടിയവര്‍ക്ക് എപ്പോഴും അതിന്‍റെ മൂല്യം മനസ്സിലാവണമെന്നില്ല. പൊടി പുരണ്ട അനുഷ്ഠാനങ്ങള്‍ക്കിടയില്‍ അത് കളഞ്ഞു പോയിട്ടുണ്ടാവുമോ എന്ന ആശങ്ക പോലും ഇല്ലാതെ ഇങ്ങനെ.


3

തിരുവനന്തപുരത്ത് വലിയതുറയില്‍ നമുക്കൊരാശ്രമമുണ്ട്. അതുകൊണ്ട് തന്നെ ആ കഥ പല തവണ കേട്ടിട്ടുണ്ട്. കടല്‍പ്പാലത്തില്‍ സംഭവിച്ചതാണ്.

1947- നവംബറിലെ ഒരു ഞായറാഴ്ചയായിരുന്നു. എസ്.എസ്. പണ്ഡിറ്റ് എന്നൊരു ചരക്കു കപ്പല്‍ തീരത്തോട് അടുക്കുന്നതു കണ്ടു കുട്ടികളും മുതിര്‍ന്നവരും പാലത്തിലേക്ക് ഓടിയെത്തി.

എന്നാല്‍ കാര്യങ്ങള്‍ കപ്പിത്താന്‍റെ കൈവിട്ടു പോയി. ഓടി മാറാനായി ജോലിക്കാര്‍ നില വിളിച്ചു പറഞ്ഞത് ദേശക്കാര്‍ക്ക് കേള്‍ക്കാനായില്ല.

കുപ്പായം ഊരി ചുഴറ്റി കാട്ടിയത് അപായ സൂചനയായി പിടുത്തം കിട്ടിയതുമില്ല. അത് അഭിവാദ്യ മായി തോന്നിയ കാണികള്‍ അവരുടെ വസ്ത്ര ങ്ങളും ഊരി വീശി.

അതിനിടയില്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്ന കാര്യങ്ങള്‍ തന്നെ സംഭവിക്കണം.

ഇരുപത് പേരാണ് മരിച്ചത്. അതിലൊരാള്‍ ഫിലിപ്പ് നേരി എന്ന ഒരു ബാലനായിരുന്നു. സണ്‍ഡേ സ്കൂള്‍ കഴിഞ്ഞ് വരുന്ന വഴിയായിരുന്നു.Tamed horses എന്ന കവിതാ സമാഹാരത്തില്‍ ജാസ്മിന്‍ ജയിംസ് അവനെ അടയാളപ്പെടുത്തുന്നുണ്ട്. അവരുടെ ചിറ്റപ്പനാണത്.

തെറ്റായി ട്രാന്‍സ്മിറ്റ് ചെയ്യപ്പെടുന്ന എല്ലാ സന്ദേശങ്ങളിലും എന്തൊക്കെ ദുരന്തങ്ങളാണ് അടക്കം ചെയ്തിരിക്കുന്നത്.

സ്നേഹം തിരയില്‍ കട്ടമരം പോലെ പിളര്‍ന്നു പോയത്.

എല്ലാവര്‍ക്കും എല്ലാ ഭാഷയും പിടുത്തം കിട്ടുന്ന കാലം വന്നുവെന്നാണ് തീരത്ത് നിന്ന് അയാള്‍ വിളിച്ചു പറയുന്നത് :The Kingdom of God Is at Hand.


4

മരങ്ങള്‍ക്കിടയിലൂടെ ഒരാള്‍ യേശുവിന്‍റെ കഠിന ദുഃഖം കാണും. പന്തങ്ങളും വാളുകളുമൊക്കെയായി എത്തിയ മനുഷ്യര്‍ അവനെ വലിച്ചുകൊണ്ട് പോകുമ്പോള്‍ കുറച്ച് ദൂരം കൂടെ പോയതുമാണ്.

അവര്‍ പിടികൂടിയപ്പോള്‍ അഴിഞ്ഞുപോയ വസ്ത്രമുപേക്ഷിച്ച് നഗ്നനായി അയാള്‍ ഇരുളിലേക്ക് മാഞ്ഞു.

ഇരുട്ടിലും അപമാനത്തിലും ഒരാളുടെയും കഥ അവസാനിച്ചു കൂടാ.

അയാള്‍ മടങ്ങി വരും.

ഒഴിഞ്ഞ കല്ലറയുടെ ചാരെ വെള്ളവസ്ത്രം ധരിച്ചു നില്‍ക്കുന്ന യുവാവ് അയാള്‍ തന്നെയാണ് എന്നൊരു പാരമ്പര്യ സങ്കല്പമുണ്ട്.

പ്രിയമുള്ളവരുടെ ദു:ഖത്തിലേക്ക് ഒരു താക്കോല്‍ക്കാഴ്ച കിട്ടിയവര്‍ക്ക് എന്നെങ്കിലും ഒരിക്കല്‍ മടങ്ങിയെത്താതെ തരമില്ല!

അലഞ്ഞുപോയ ആടും കളഞ്ഞുപോയ നാണയവും അകന്നുപോയ മകനും ഒക്കെ തിരികെ വരും എന്ന് മന്ത്രിച്ച് മറ്റൊരു ഉയിര്‍പ്പുകാലമായി..

ഒന്നും എന്നേക്കുമായി കളഞ്ഞുപോകുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ സംഭവിച്ച മുഴുവന്‍ നഷ്ടങ്ങളുടെയും സൂചന അവയിലുണ്ട്. ഓരോ നഷ്ടങ്ങള്‍ക്കും ഓരോ കാരണങ്ങളാണ്.

അജ്ഞതകൊണ്ട് നഷ്ടമായ ആട്, അശ്രദ്ധ കൊണ്ട് നഷ്ടമായ നാണയം, അഹന്ത കൊണ്ടിറ ങ്ങിപ്പോയ മകന്‍ എന്നൊക്കെ അതിനെ പരാവര്‍ ത്തനം ചെയ്യണം.

പുറത്തേക്ക് ഒരു വഴിയെ ഉള്ളൂ.

അജ്ഞതയെ ജ്ഞാനം കൊണ്ടും

അശ്രദ്ധയെ ധ്യാനം കൊണ്ടും

അഹന്തയെ വിനയം കൊണ്ടും അഭിമുഖീകരി ക്കുക!

വെളിച്ചം വരികയാണ്.

ഫാ. ബോബി ജോ��സ് കട്ടിക്കാട്

0

2

Featured Posts

Recent Posts

bottom of page