
ഞങ്ങളു രണ്ടച്ചന്മാര് ഒരു ഓര്‍ഡിനേഷനു പോകാനിറങ്ങിയതായിരുന്നു. പോകുന്നവഴി കൂടെയുണ്ടായിരുന്ന അച്ചന്‍റെ ഒരു പരിചയക്കാരന്‍റെ വീട്ടില്‍ കയറിയിട്ടു പോയാല്‍ കൊള്ളാമെന്നച്ചന്‍ പറഞ്ഞു. യാത്രയ്ക്കിടയില്‍ ആളെപ്പറ്റിയുള്ള ചുരുക്കം കാര്യങ്ങള്‍ അച്ചന്‍ പങ്കുവച്ചു. പല ബിസിനസ്സുമുള്ള വലിയൊരു സമ്പന്നന്‍, പള്ളിക്കും നാട്ടുകാര്‍ക്കുമൊക്കെ ഒരുപാടു സഹായംചെയ്യുന്ന മാന്യന്‍. അറിയിക്കാതെ ചെല്ലുന്നതുകൊണ്ട് ആളു വീട്ടിലുണ്ടാകുമോ എന്നുറപ്പില്ല. ആളുടെ ഏതോ പ്രസ്ഥാനത്തില്‍ ഒരാള്‍ക്കു ജോലികൊടുക്കാമോന്നു ചോദിക്കാനാണ് അച്ചന്‍ ആളെ കാണാന്‍ പോകുന്നത്. അച്ചന്‍ ചില നിര്‍ദ്ദേശങ്ങളും തന്നു. അവിടെച്ചെല്ലുമ്പോള്‍ സാധാരണ വീടുകളില്‍ ചെല്ലുമ്പോളത്തെപ്പോലെ ഒത്തിരി വാരിവലിച്ചു സംസാരിച്ചേക്കരുത്, പ്രത്യേകിച്ചു ഭാര്യ എന്തിയേ, മക്കളെന്തുചെയ്യുന്നു തുടങ്ങിയ വീട്ടുകാര്യങ്ങ ളൊന്നും ചോദിക്കരുത്. അതയാള്‍ക്കിഷ്ടമില്ല. എന്താണു പ്രശ്നമെന്നൊന്നും ഞാനൊട്ടന്വേഷി ക്കാനും പോയില്ല. അവിടെയെത്തി, വിശാലമായ മുറ്റത്തൊരു മൂലയ്ക്കു വണ്ടിപാര്‍ക്കുചെയ്തു. പോര്‍ച്ചില്‍ കിടന്ന വലിയകാര്‍, ഡ്രൈവര്‍ തുടച്ചു വൃത്തിയാക്കുന്നതുകണ്ടപ്പോള്‍ ആളുസ്ഥലത്തു ണ്ടെന്നൂഹിച്ചു. ഡ്രൈവറോടു ചോദിച്ചപ്പോള്‍, സ്ഥലത്തുണ്ട്, ഉടനെ എവിടെയോ പോവുകയാ ണെന്നു പറഞ്ഞു. ഏതായാലും അല്പസമയം കാത്തിരിക്കാം എന്നച്ചന്‍ പറഞ്ഞതുകൊണ്ട് ഞങ്ങള്‍ സിറ്റൗട്ടിലേയ്ക്കു കയറുമ്പോഴേയ്ക്കും കൈയ്യില്‍ ഒരു സ്യൂട്കേസുമായി ആളിറങ്ങിവന്നു. അപ്രതീക്ഷിതമായിട്ട് അച്ചനെക്കണ്ടപ്പോള്‍ ആളമ്പരന്നുപോയി.
"അച്ചനിതെന്താ ഒന്നു പറയാതെ വന്നത്? ഞാനൊരു യാത്രയ്ക്കിറങ്ങുകയായിരുന്നു."
"ഞാനീവഴി വന്നപ്പോള്‍ കയറിയതാണ്. എനിക്കൊരുമിനിറ്റുമതി, ഒരുകാര്യം ചോദിക്കാനാ?"
അയാള്‍ അച്ചനെയുംകൂട്ടി അല്പം മാറിനിന്നു. അവരെന്തോ സംസാരിച്ചുകഴിഞ്ഞ് അയാള്‍ ഡയറിയില്‍ എന്തൊക്കെയോ കുറിക്കുന്നതുകണ്ടു. ഉടനെതന്നെ ബാഗുമെടുത്തു പോകാന്‍ തിരിഞ്ഞു. ഡ്രൈവറു വണ്ടി സ്റ്റാര്‍ട്ടുചെയ്തു കഴിഞ്ഞിരുന്നു.
"അച്ചനൊന്നു വിളിച്ചാല്‍ പോരാരുന്നോ? ഇതിനായിട്ടിവിടെവരെ വരണ്ടായിരുന്നല്ലോ."
"ഞങ്ങളിതിനായിട്ടു വന്നതല്ല. ഞങ ്ങളൊരു ഓര്‍ഡിനേഷനു പോകുന്നവഴിയാ." അച്ചന്‍ ഞങ്ങളുപോകുന്ന സ്ഥലവും പള്ളിയും പറഞ്ഞു. അതുകേട്ടപ്പോള്‍ ആളു പെട്ടെന്നു തിരിഞ്ഞുനിന്നു.
"എന്‍റച്ചാ, ഞാനും അതിനുതന്നെയാ പോകുന്നത്."
"ബാഗുമൊക്കെക്കണ്ടപ്പോള്‍ ഞാനോര്‍ത്തു എങ്ങാണ്ടു ദൂരയാത്രയാണെന്ന്." അച്ചന്‍ പറഞ്ഞു.
"ഇന്നാളൊരുദിവസം ഒരമളിപറ്റി, ഹോട്ടലീന്നു ഷര്‍ട്ടില്‍ ചായവീണു. അച്ചന്മാരുടെ ഉടുപ്പേലാണേല്‍ അറിയത്തില്ല. അന്നു തുണിക്കടേന്ന് പുതിയ ഷര്‍ട്ടൊരെണ്ണം വാങ്ങിച്ചിട്ടോണ്ടാണു പോകാന്‍ പറ്റിയത്. അതില്‍പിന്നെ എപ്പോഴും ഞാനൊരുജോടി മുണ്ടും ഷര്‍ട്ടും ബാഗില്‍കരുതും. ഏതായാലും നമുക്കൊരു കാര്യം ചെയ്യാം. ഞാനൊറ്റയ്ക്കേയുള്ളു. നമുക്കൊരുമിച് ചു പോകാം, അച്ചന്മാര്‍ക്ക് തിരിച്ചിവിടെ വന്നിട്ടു വണ്ടിയെടുത്തു പോയാല്‍ പോരേ, അതുമതിയെന്നേ. എടാ അപ്പുക്കുട്ടാ, ഞാന്‍ വണ്ടിയെടുത്തോളാം. നീയിന്നീമുറ്റത്തെ പുല്ലെല്ലാം വെട്ടിക്കോ."
അപ്പുക്കുട്ടന്‍ വണ്ടി ഓഫാക്കി. ഞങ്ങടെ വണ്ടിയില്‍നിന്നും തോള്‍സഞ്ചിയെടുക്കാന്‍ പോകുന്നവഴി നമുക്കു നമ്മുടെ വണ്ടിയില്‍തന്നെ പോകാമെന്നച്ചനോടു ഞാന്‍പറഞ്ഞപ്പോള്‍, ആളെ പിണക്കാന്‍ കഴിയില്ല, പിന്നെ നല്ല കിണ്ണന്‍ വണ്ടിയേല്‍ ഇങ്ങനെയൊക്കെയല്ലെ യാത്രചെയ്യാന്‍ പറ്റുന്നതെന്നായി അച്ചന്‍.
"ഞാന്‍ പള്ളിപ്പരിപാടികള്‍ക്കു പോകുമ്പോള്‍ ഡ്രൈവറെ കൊണ്ടുപോകാറില്ല. ഇന്നിപ്പം ഇത്രയും ദൂരെയായതുകൊണ്ടാ ഡ്രൈവറെ കൂട്ടാനിരുന്നത്. അച്ചന്മാരു കൂട്ടുള്ളതുകൊണ്ട് അവനെ ഒഴിവാക്കിയതാ."