top of page

പ്രണയം

Jan 8, 2017

1 min read

ചിത്തിര കുസുമന്‍

full moon

ചെറുകാറ്റനക്കങ്ങളാണത്,

ചുവടൊച്ചകളല്ല

താക്കോല്‍ക്കൂട്ടമനങ്ങിയതാണ്,

തൊടിയിലെക്കല്ലില്‍ കാലിടറിയതല്ല

നിലാവാണു വീഴുന്നതാ വാഴക്കയ്യില്‍,

നീട്ടിയടിച്ച ടോര്‍ച്ച് ലൈറ്റല്ല

കൊന്നുപ്പൂവിറുന്നുവീഴുന്നതാണ്,

നിഴലനക്കങ്ങളല്ല

മുല്ലമൊട്ടൊക്കെ രിഞ്ഞതാണ്,

അതാരുടേയുമുടല്‍വാസനയല്ല

ദൂരെയേതോ പക്ഷി പാടുന്നതാണ്,

ചാരെക്കേള്‍ക്കാന്‍ ചൂളംവിളികളല്ല

മഴ മെല്ലെച്ചാറിയതാണ്,

പടിയിലാരും കാല്‍കഴുകിയതല്ല

വെറുതെയങ്ങനെ തോന്നുന്നതാണ്,

ആരുമാരും വിളിച്ചതല്ല

പടിവാതിലടച്ചേക്കുക,

ഇനിയിവിടെയാരും വരാനില്ല

വിളക്കുകള്‍ കെടുത്തുക,

വഴിയാര്‍ക്കും കാണിക്കാനില്ല

കണ്ണുകളിറുക്കെയടക്കുക,

ഉള്ളിലെ തിരി നീട്ടി വെക്കുക,

കേള്‍ക്കുക-അകത്തുനിന്നാരോ മൂളുന്നതാണത്,

പ്രണയം.


ചിത്തിര കുസുമന്‍

0

0

Featured Posts

Recent Posts

bottom of page