top of page
ഫിലിം റോളിന്‍റെ നീളന്‍ ക്യാന്‍വാസില്‍ സംവിധായകന്‍ ആദിത്യഗുപ്ത രചിച്ച മാസ്റ്റര്‍ പീസാണ് 'ലേബര്‍ ഓഫ് ലൗ'. ഈ നിശബ്ദസിനിമയുടെ ഓരോ ഫ്രെയിമും ഓരോ ക്ലാസിക് പെയിന്‍റിംഗുകള്‍ പോലെ സുന്ദരമാണ്. അതുകൊണ്ടുതന്നെ ഒരു ആര്‍ട്ട് ഗാലറി ആസ്വാദകന് പകര്‍ന്നു കൊടുക്കുന്ന നിശബ്ദതയും ഏകാന്തതയും ഈ സിനിമയില്‍ വേണ്ടുവോളമുണ്ട്. ബംഗാളില്‍ നിന്നുള്ള നവതരംഗ സ്വതന്ത്ര സിനിമയായ 'ലേബര്‍ ഓഫ് ലൗ' അറുപത്തിരണ്ടാമത് നാഷനല്‍ അവാര്‍ഡില്‍ മികച്ച പുതുമുഖ സംവിധായകനും മികച്ച ശബ്ദലേഖനത്തിനുമുള്ള പുരസ്കാരങ്ങള്‍ നേടുകയും നിരവധി അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ബഹുമതികള്‍ കരസ്ഥമാക്കുകയും ചെയ്തു.
'ലേബര്‍ ഓഫ് ലൗവി'ന് കൂടുതല്‍ അനുഭവതീവ്രത നല്കുന്നത് സൂക്ഷ്മ-സുന്ദരമായ ശബ്ദലേഖനമാണ്. കൊല്‍ക്കത്തയുടെ ഗലികളുടെയും നഗരവീഥികളുടെയും രവിന്ദ്രസംഗീതത്തിന്‍റെയും ശബ്ദപ്രപഞ്ചം ശ്രദ്ധയോടെ ഒപ്പിയെടുത്ത് വളരെ ശ്രദ്ധയോടെ സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
വളരെ നാടകീയമായാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ രണ്ടുമിനിറ്റ് സ്ക്രീനില്‍ ഒന്നും തെളിയുന്നില്ല. എന്നാല്‍ പശ്ചാത്തലത്തില്‍ റേഡിയോയില്‍നിന്നോ മറ്റോ ഉള്ള വാര്‍ത്താപ്രക്ഷേപണം കേള്‍ക്കാം. ബംഗാളില്‍ അപ്രതീക്ഷിതമായി ഉണ്ടായ സാമ്പത്തിക ഞെരുക്കത്തില്‍ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഇതില്‍ നിരാശരായ ആളുകള്‍ തെരുവിലിറങ്ങി പ്രക്ഷോഭം അഴിച്ചുവിടുകയുണ്ടായി എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. വിഭജനത്തോടെ ആഴത്തില്‍ മുറിവേറ്റ ബംഗാളിന്‍റെ നഷ്ടങ്ങളാണ് ഇന്നവിടെ നിലനില്‍ക്കുന്ന സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണം. കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഭൂവിഭാഗം വെട്ടിമുറിച്ചപ്പോള്‍ കൃഷി നശിച്ചു. അതോടൊപ്പം ജ്യൂട്ടിന്‍റെ ഉത്പാദനവും വന്‍തോതിലുള്ള നെയ്ത്തും താറുമാറായി. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ യന്ത്രവത്കരണത്തോടുള്ള പിന്തിരിപ്പന്‍ മനോഭാവം വ്യാവസായിക മുരടിപ്പിനും കാരണമായി. ഇങ്ങനെ പരിഹാരം കാണാതെ അനവധി സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ധിച്ച് മനുഷ്യന്‍റെ സ്നേഹബന്ധങ്ങളെ, വികാരവിചാരങ്ങളെ എന്തിന് ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് 'ലേബര്‍ ഓഫ് ലൗവി'ലൂടെ സംവിധായകന്‍ നമ്മോടു പറയുന്നത്.
പരാധീനതകളുടെ കരിമേഘങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ ജീവിതം ആവര്‍ത്തനവിരസതകൊണ്ട് ഒരു മടുത്ത കളിയായി മാറി. ബൈക്കില്‍ ചങ്ങല പോലുള്ള ജീവിതത്തിന്‍റെ ചുറ്റിത്തിരിയിലേക്കാണ് ക്യാമറ മിഴിതുറക്കുന്നത്. അപ്പോള്‍ അതിരാവിലെ ജോലിസ്ഥലത്തേക്കു പുറപ്പെടുന്ന ഒരു സ്ത്രീയെ നാം കാണുന്നു. ബസും ട്രാമുമെല്ലാം മാറി മാറി അവര്‍ ജോലിസ്ഥലത്ത് എത്തുമ്പോള്‍ മടുപ്പിക്കുന്ന ഒരു തൊഴില്‍ ദിനം കൂടി ആരംഭിക്കുകയാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു സൈറണ്‍ മുഴങ്ങുന്നു. അതൊരു ബാഗ് നിര്‍മ്മാണക്കമ്പനിയാണ്. നമ്മള്‍ കണ്ട സ്ത്രീ അവിടുത്തെ സൂപ്പര്‍വൈസറും. തയ്യല്‍ യന്ത്രങ്ങളുടെയും ഫാനുകളുടെയും എലവേറ്ററിന്‍റെയും മറ്റും വാദ്യഘോഷമാണ് ആ ഫാക്ടറിയുടെ ഹൃദയതാളം.
തുടര്‍ന്ന് നാം കാണുന്നത് വീടിന്‍റെ ഏകാന്തതയില്‍ മ്ലാനമായ മുഖത്തോടെ നില്‍ക്കുന്ന ഒരു യുവാവിനെയാണ്. അയാള്‍ വളരെ ക്ഷീണിതനാണ്. കൈയിലിരിക്കുന്ന ചായക്കപ്പുമായി അയാള്‍ അടുക്കളയിലേക്ക് പോകുന്നു. അവിടെ ഭദ്രമായി അടച്ചുവച്ചിരിക്കുന്ന ചോറും മീന്‍കൂട്ടാനും അയാള്‍ തുറന്നുനോക്കുമ്പോള്‍ ആ വീട്ടില്‍ അയാളുടെ ഭാര്യയുടെ അസാന്നിധ്യം ഏകാന്തതയുടെ ഒരു കൊച്ചുനോവ് പ്രേക്ഷകനിലും ഉണ്ടാക്കുന്നു. ഈ ഘട്ടത്തില്‍ ഏകാകിയായ പുരുഷന്‍ ജോലികഴിഞ്ഞെത്തിയതേയുള്ളൂവെന്നും പുലര്‍ച്ചെ ജോലിസ്ഥലത്തേയ്ക്കു പോയ സ്ത്രീ അയാളുടെ ഭാര്യയാണെന്നും പ്രേക്ഷകന് ധാരണ കിട്ടുന്നു. ഘോര-ഘോരമായ ഡയലോഗ് പ്രഹസനങ്ങളില്ലാതെ ജീവിതാവസ്ഥകളെ പ്രേക്ഷകനോട് സ്വതന്ത്രമായ സംവാദത്തിന് വിട്ടുകൊടുക്കുകയാണ് ഈ സിനിമയില്‍ സംവിധായകന്‍. ഈ ചിത്രത്തിലെ മനുഷ്യര്‍ തങ്ങളുടെ ഏകാന്തതയുടെ വിരസതകളെ ധ്യാനിക്കുന്നു. ആ ബന്ധനത്തില്‍ നിന്ന് രക്ഷയില്ലെന്ന തിരിച്ചറിവില്‍ സാഹചര്യങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കുന്നു.
ന്യൂസ് പേപ്പര്‍ പ്രിന്‍റിംഗ് സ്ഥാപനത്തിന്‍റെ തൊഴിലാളിയായ ഭര്‍ത്താവിന്‍റെ ജോലിസമയം രാത്രി ഒന്‍പതുമണിക്ക് ആരംഭിക്കുന്നു. എന്നാല്‍ ഭാര്യയ്ക്കാകട്ടെ രാവിലെ ഒന്‍പതുമുതലാണ് ജോലി. അവര്‍ പരസ്പരം കാണുന്നതാകട്ടെ വളരെ വിരളമായിട്ടും. അവരുടെ ഫോണ്‍കോളുകള്‍ പോലും പൂര്‍ത്തീകരിക്കപ്പെടുന്നില്ല. അവരുടെ സ്വപ്നങ്ങളില്‍ പോലും അവര്‍ ഏകരാണ്. എങ്കിലും അവരുടെ പരിശ്രമങ്ങളിലെല്ലാമുള്ള സഹിഷ്ണുത ഒരു വിധത്തില്‍ അവരുടെ പ്രണയത്തിന്‍റെ (സ്നേഹത്തിന്‍റെ) കൊടുക്കല്‍ വാങ്ങലുകളാണ്. അവര്‍ ആരുടെയൊക്കെയോ തൊഴിലാളികളാണ്. അവര്‍ അധ്വാനം വിറ്റ് സുഖം സമ്പാദിക്കുന്നു. അല്ലെങ്കില്‍ സ്നേഹത്തിനുവേണ്ടി അധ്വാനിക്കുന്നു. ഇത് തികച്ചും യാന്ത്രികമായ പ്രവൃത്തിയാണ്. എന്നാല്‍ ഇതാണ് ജീവിതത്തിന്‍റെ സത്യം.
ഒരാള്‍ മറ്റൊരാളെ പൂര്‍ത്തിയാക്കുന്ന രസാവഹമായ ഒരു കുടുംബാന്തരീക്ഷമാണ് സിനിമയിലുള്ളത്. പരസ്പരം ചേര്‍ന്നിരുന്ന് കറങ്ങുന്ന രണ്ടു പല്‍ച്ചക്രങ്ങള്‍പോലെയാണ് ഇവിടെ ഭാര്യാഭര്‍ത്താക്കന്മാര്‍. തങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ പരസ്പരം ആശ്രയിച്ച് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ പ്രവൃത്തിയില്‍ നിന്നും അവര്‍ക്ക് കാര്യമായ വിശ്രമമോ സന്തോഷമോ ലഭിക്കുന്നില്ല.
ജോലികഴിഞ്ഞ് ഭര്‍ത്താവ് വീട്ടിലെത്തുന്നതോടെ ഒരു കുളി പാസാക്കിയ ശേഷം അയാള്‍ രാവിലെ ഭാര്യ അലക്കിപ്പിഴിഞ്ഞിട്ട വസ്ത്രങ്ങള്‍ വിരിച്ചിടുന്നു. ഭക്ഷണശേഷം മാര്‍ക്കറ്റില്‍ പോകുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങി തിരിച്ചെത്തുന്നു. ഊണു കഴിക്കുന്നു. തന്‍റെ വസ്ത്രങ്ങള്‍ അടുക്കിവെയ്ക്കുന്നു. ഉറങ്ങാന്‍ കിടക്കുന്നു. 5 മണിക്ക് ഫോണിന്‍റെ ബെല്ലടി കേട്ടുണരുന്നു. പൈപ്പില്‍ വെള്ളം വരുന്ന ശബ്ദം കേട്ട് കുളിമുറിയിലേക്കു പായുന്നു. വെള്ളം പിടിച്ചുവയ്ക്കുന്നു. കഴുകാനുള്ള തുണി മുക്കിവയ്ക്കുന്നു. ഭക്ഷണമെടുത്തു വയ്ക്കുന്നു. ജോലിക്കായി ഒരുങ്ങിയിറങ്ങുന്നു. അയാള്‍ പുറപ്പെട്ട് ഏതാനും മിനിറ്റുകള്‍ക്കു ശേഷം ഭാര്യ ജോലിസ്ഥലത്തുനിന്നും മടങ്ങിയെത്തുന്നു. പിറ്റേ ദിവസം പതിവുപോലെ ഭാര്യയെ ഉണര്‍ത്താന്‍ ഭര്‍ത്താവ് ഫോണ്‍ ചെയ്യുന്നു. കാലത്ത് പൈപ്പില്‍ വെള്ളം വരുന്നതോടുകൂടി ഭാര്യ ഞെട്ടിയെഴുന്നേല്ക്കുന്നു. തലേന്നു മുക്കിവെച്ച തുണികള്‍ കഴുകിയിടുന്നു. കുളിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നു. ഇരുവര്‍ക്കുമുള്ള ഭക്ഷണം വെവ്വേറെ ചോറ്റുപാത്രങ്ങളില്‍ മാറ്റിവയ്ക്കുന്നു. തുടര്‍ന്ന് ഭാര്യ ജോലിക്കു പുറപ്പെടുന്നു. ഈ വിധമായ പ്രവൃത്തിചക്രം അനുദിനം ആവര്‍ത്തിക്കുന്നു. കൃത്യമായ ഇടവേളകളില്‍ വരുന്ന പൈപ്പുവെള്ളം ഓരോ പുതിയ ദിവസത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലുകളാണ്. പൈപ്പില്‍ നിന്നും വീഴുന്ന വെള്ളത്തിന്‍റെ ശബ്ദം അവരെ സ്വപ്നങ്ങളില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് തള്ളിവിടുന്നു.
ഡബിള്‍കോട്ട് ബഡില്‍ ഒറ്റയ്ക്കു കിടക്കുമ്പോള്‍ ആ ഭാര്യയും ഭര്‍ത്താവും അനുഭവിച്ച ശൂന്യത മനുഷ്യന്‍റെ പ്രവൃത്തികളുടെ അര്‍ത്ഥശൂന്യത തന്നെയാണ്. അവരുടെ അര്‍ദ്ധാബോധാവസ്ഥയിലുള്ള നിദ്രയില്‍ ബാഹ്യലോകത്തുനിന്നുള്ള ശബ്ദങ്ങള്‍ പിശാചുക്കളും കൂളന്മാരുമായി രൂപമെടുത്ത് അവരെ ഭയപ്പെടുത്തുന്നു. ഒരു മില്‍ത്തൊഴിലാളിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട വിപ്ലവസ്വരങ്ങള്‍ ചിത്രത്തിലെ ഭര്‍ത്താവിന്‍റെ ഉറക്കം ഞെട്ടിക്കുന്നതായി നമുക്കു കാണാം. അപ്പോള്‍തന്നെ അയാള്‍ ജനാലകള്‍ കൊട്ടിയടച്ച് സ്വയം സുരക്ഷിതനാകുന്നു. ഈ അരക്ഷിതത്വബോധമായിരിക്കാം അയാളെ സ്വപ്നങ്ങളില്‍നിന്നും കാമനകളില്‍നിന്നും അകറ്റിനിര്‍ത്തിയത്.
പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരനായ ഇറ്റാലോ കാല്‍വിനോയുടെ ദ അഡ്വഞ്ചര്‍ ഓഫ് എ മാരിഡ് കപ്പിള്‍ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ലേബര്‍ ഓഫ് ലൗവിന്‍റെ മൂലകഥ രൂപപ്പെട്ടുവന്നത്. അതുകൊണ്ടായിരിക്കാം ഏകാന്തത മുഖ്യകഥാപാത്രമാകുന്ന കഥയില്‍ കാല്‍വിനോ സൃഷ്ടിച്ചെടുത്ത മ്ലാനമായ പരിസരങ്ങളും നരച്ചനിറങ്ങളും സഹഛായാഗ്രാഹകന്‍ കൂടിയായ സംവിധായകന്‍ സിനിമയിലേക്ക് ആവാഹിച്ചെടുത്തത്. സിനിമയില്‍ മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത അസബദത്ത ചാറ്റര്‍ജിയും ഋതിക് ചക്രവര്‍ത്തിയും മികച്ചപ്രകടനമാണ് കാഴ്ചവച്ചത്. എങ്കിലും ഋതിക് ചക്രവര്‍ത്തിയുടെ ഉചിതമായ ശരീരഭാഷയും മെത്തേഡ് ആക്ടിംഗും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഗംഭീരസിനിമയാണ് 'ലേബര്‍ ഓഫ് ലൗ'. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്ലാസിക്കുകളിലൊന്ന് എന്ന് ഈ സിനിമയെ വിശേഷിപ്പിച്ചാലും ഒട്ടും കൂടുതലാവുകയില്ല.
അഖില്‍ പ്രസാദ് കെ. ആര്‍., ഫിലിം ക്ലബ്, എസ്. ബി. കോളേജ് , ചങ്ങനാശ്ശേരി
Featured Posts
bottom of page