top of page

ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്‍റെ ചിഹ്നമുള്ള ഒരാള്‍

Dec 25, 2002

1 min read

പെരുമ്പടവം ശ്രീധരന്‍
Jesus and a little lamb on the bank of a lake

സൂര്യവെളിച്ചം മാഞ്ഞ് ഇരുളുന്ന സന്ധ്യാകാശത്തിനു കീഴില്‍ എവിടെയോ ഉള്ള ഒരു കുന്നിന്‍ചെരുവില്‍ നിഴല്‍ക്കാടുകള്‍ക്കിടയില്‍ ഒരു കുഞ്ഞാട് തളര്‍ന്ന ശബ്ദത്തില്‍ കരയുന്നു. കുന്നിന്‍ചരിവിനെ മൂടിക്കിടക്കുന്ന കൊഴുത്ത നിശ്ശബ്ദതയില്‍ ആട്ടിന്‍കുട്ടിയുടെ വിലാപം കാടുകളുടെ നിഴലുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്നു. ഏതോ ഒരിടയന്‍റെ ആട്ടിന്‍പറ്റത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ ആട്ടിന്‍കുട്ടിക്ക് ആലയിലേയ്ക്കുള്ള വഴി അറിയില്ല. കാണാതെ പോയ കുഞ്ഞാടിനെ അന്വേഷിച്ച് ഇടയന്‍ വരുമെന്നു വിചാരിച്ച് ആട്ടിന്‍കുട്ടി സന്ധ്യ ഇരുളുംവരെ കാത്തു. സന്ധ്യയായി. കുന്നിന്‍ചെരിവിലേക്ക് ആകാശത്തുനിന്ന് ഇരുട്ടുകള്‍ ഇറങ്ങിവരാന്‍ തുടങ്ങിയപ്പോള്‍ ആട്ടിന്‍കുട്ടി പേടിച്ചു നിഴല്‍ക്കാടുകള്‍ക്കിടയില്‍നിന്ന് ഏതെങ്കിലും ചെന്നായ് തന്‍റെമേല്‍ ചാടിവീഴും.

കുന്നിന്‍മുടിയില്‍ നിന്ന് സൂര്യവെളിച്ചം നിശ്ശേഷം മാഞ്ഞു. കുന്നിന്‍ചെരിവു കുറെക്കൂടി ഇരുണ്ടു. സന്ധ്യയുടെ ഇരുട്ടില്‍ കുന്നിന്‍ചെരിവിലെ കാടുകളും മരങ്ങളും മുങ്ങിക്കഴിഞ്ഞു. ഹതാശനായ ആട്ടിന്‍കുട്ടി ജീവിതത്തിന്‍റെ വിളുമ്പില്‍ നിന്നെന്നപോലെ കുന്നിന്‍മുകളിലേയ്ക്കു നോക്കി. ആകാശവിതാനങ്ങളിലെ മേഘങ്ങളുടെ പടവുകളില്‍നിന്ന് ആരോ ഒരാള്‍ കുന്നിന്‍ചരിവിറങ്ങി വരുന്നു. നിഴല്‍ക്കാടുകള്‍ കടന്ന് ആ രൂപം തന്‍റെ നേര്‍ക്ക് നടന്നടുക്കുന്നത് ആട്ടിന്‍കുട്ടി കണ്ടു. ആട്ടിന്‍കുട്ടിയുടെ തൊണ്ണക്കുഴിയില്‍ ശേഷിച്ചിരുന്ന കരച്ചിലും നഷ്ടപ്പെട്ടിരുന്നു. തന്‍റെ നേര്‍ക്കു നടന്നടുക്കുന്ന നഗ്നപാദങ്ങള്‍ ആകാശത്തിന്‍റെ നിഴലില്‍ ആട്ടിന്‍കുട്ടി കണ്ടു. കുന്നിറങ്ങിവന്ന ആള്‍ ഭയാശങ്കകളോടെ നില്ക്കുന്ന ആട്ടിന്‍കുട്ടിയെ കുട്ടിയെ കുനിഞ്ഞെടുത്ത് നെഞ്ചോടു ചേര്‍ത്തു. അതിന്‍റെ നെറ്റിയില്‍  ചുംബിച്ചു. അതിനെ മൃദുവായി തഴുകി. ആട്ടിന്‍കുട്ടിയുടെ കണ്ണ് നിറഞ്ഞു. ആരാണിത്?

അവന്‍ പറഞ്ഞു: "ഞാന്‍ നിന്‍റെ ഇടയന്‍. ഇരുട്ടില്‍ നീ എവിടെയാണെന്നു ഞാന്‍ അന്വേഷിക്കുകയായിരുന്നു. എങ്ങനെയാണ് നീ കൂട്ടം തെറ്റിപ്പോയത്?"

ആട്ടിന്‍കുട്ടിക്ക് എന്നിട്ടും മനസ്സിലായില്ല അതാരാണെന്ന്. ഇത്ര സ്നേഹത്തോടെ... ഇത്ര മനസ്സലിവോടെ... ഇത്ര കാരുണ്യത്തോടെ...ആരാണിത്?

അതു ക്രിസ്തുവായിരുന്നു. ഇരുളുന്ന സന്ധ്യാകാശത്തിനു കീഴില്‍ കുന്നിന്‍ചെരുവില്‍ ഒറ്റപ്പെട്ടുപോയ ആട്ടിന്‍കുട്ടി ഞാനായിരുന്നു.

ഇങ്ങനെ ഒരു ഇരുളുന്ന സന്ധ്യയും കുന്നിന്‍ചെരിവും കുന്നിന്‍ ചരിവില്‍ നിഴല്‍ക്കാടുകള്‍ക്കിയില്‍ പേടിച്ചു നില്ക്കുന്ന ആട്ടിന്‍കുട്ടിയും അതിന്‍റെ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയാകുന്ന കരച്ചിലും കുന്നിന്‍ചെരിവിറങ്ങിവരുന്ന ഇടയനും എന്‍റെ മനസ്സില്‍ എപ്പോഴുമുണ്ട്.

ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്‍റെ ചിഹ്നമുള്ള ആ ഇടയന്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യാത്മാവുകളെതേടി ഇരുട്ടും മലയും കടന്നുവരും. ക്രിസ്മസ് എന്നെ എപ്പോഴും അത് ഓര്‍മ്മിപ്പിക്കുന്നു.

Featured Posts

bottom of page