top of page

അതൊരു ക്രൂരദിനമായിരുന്നു - ഒരു തിരി തല്ലിക്കെടുത്തിയ ദിനം. കല്‍ക്കട്ട തെരുവുകളിലെ ദീപം അണഞ്ഞപ്പോള്‍ അവളെന്‍റെ ആരുമല്ലാതിരുന്നിട്ടും തൊണ്ടയിലെന്തോ കുരുക്കിപ്പിടിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ദേവാലയത്തിലെ മണി ശബ്ദിച്ചത്. വി. ബലിയില്‍ പക്ഷേ മറ്റൊന്നായിരുന്നു ചിന്ത. മദര്‍ തെരേസയുടെ വിയോഗത്തില്‍ വിങ്ങുന്ന ഹൃദയം എന്തുകൊണ്ട് അവള്‍ ആര്‍ക്കുവേണ്ടി ജീവിച്ചുവോ അവരെ കാണുമ്പോള്‍ അലിയുന്നില്ല?
തിരിച്ചിറങ്ങി വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ് റെയില്‍വേ സ്റ്റേഷനിലെ ഫ്ളാറ്റ് ഫോമില്‍ ഒരു കുഷ്ഠരോഗിയെ കണ്ടത്. കൈയിലുള്ള മിഠായി കൊടുത്തത് എന്തോ കാരണത്താല്‍ അയാള്‍ നിരസിച്ചു. ഒരുള്‍ പ്രേരണയാല്‍ വിശേഷമാരാഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് ഇന്നുമുണ്ട് മനസ്സില്‍. മൈക്കിള്‍ എന്നാണ് പേര്. പത്തുപന്ത്രണ്ടു കൊല്ലംമുമ്പ് തമിഴ്നാട്ടിലെ വീട്ടില്‍ നിന്നു പോന്നതാണ്. കുഷ്ഠമാണു രോഗമെന്നു അറിഞ്ഞ ആ രാത്രിയില്‍ ഇറങ്ങിയതാണ്. വീട്ടുകാര്‍ക്ക് ഭാരമാകരുതെന്ന ഒരു നിര്‍ബന്ധം അയാള്‍ കൊണ്ടുനടക്കുന്നു. ഒരു മകള്‍ അദ്ധ്യാപികയാണ് ഒരു മകന്‍ അച്ചനാകാന്‍ പഠിക്കുന്നു. എന്നാലും വേണ്ട, താന്‍ അവര്‍ക്കൊരു ബാദ്ധ്യതയാകേണ്ട. വീട്ടുകാര്‍ക്കു ഭാരമാകാതിരിക്കാന്‍ സ്വയം നാണം കെടാന്‍ തീരുമാനിച്ചു. അങ്ങനെ തെണ്ടാന്‍ തുടങ്ങി. ഇടയ്ക്ക് നെഞ്ചിനു കനം കൂടും. അപ്പോള്‍ ബസ് കയറി പോകും. ഒരു രാത്രി മുഴുവന്‍ വെട്ടുകാട്ടുപള്ളിയുടെ മുറ്റത്ത് തനിച്ചിരിക്കും. അവിടെ കനമിറക്കി വച്ച് പിറ്റേന്നു രാവിലെ വീണ്ടും ജീവിക്കാന്‍ തുടങ്ങും. എല്ലാം കേട്ട്, യാത്ര പറഞ്ഞു പിരിയുമ്പോള്‍ അയാള്‍ വാഗ്ദാനം ചെയ്തു: "ഞാന്‍ തമ്പിക്കു വേണ്ടി പ്രാര്‍ത്ഥിക്കും."
സുഹൃത്തുക്കളില്‍ ചിലരെ പിന്നീട് അയാളുമായി പരിചയപ്പെടുത്തിയിട്ടുണ്ട്. ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടി ആയിടെയാണ് ചില പ്രവര്‍ത്തനങ്ങളുമായി അവിടെയെത്തിയത്. വിമന്‍സ് ഹോസ്റ്റല്‍ റയില്‍വേ സ്റ്റേഷന് അടുത്താണ്. പ്രവര്‍ത്തനങ്ങളൊക്കെ കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ സന്ധ്യയാകും. ആ ദിവസങ്ങളിലൊക്കെ അവളുടെകൂടെ അയാളും ഹോസ്റ്റല്‍വരെ നടക്കും. പണ്ട് സ്വന്തം കുഞ്ഞുങ്ങളുടെകൂടെ അവര്‍ക്കു സംരക്ഷണമായി ഇങ്ങനെ നടന്നിട്ടുണ്ട്. ഇന്നും അയാള്‍ സംരക്ഷണം നല്‍കുന്നു, സ്വന്തം കുഞ്ഞുങ്ങള്‍ക്കല്ലെങ്കിലും.
Featured Posts
Recent Posts
bottom of page