top of page

വേറൊരാള്‍

Aug 1, 2010

4 min read

അപ
Drawing of a man walking with a child

ചെമ്പകത്തിന്‍റെ എല്ലാ ശാഖകളിലും പൂക്കള്‍ വിരിഞ്ഞു. കുഞ്ഞു ചിന്നുവിന് എല്ലാം നന്നായി കാണാനാവുന്നില്ല. പെരുവിരലില്‍ കുത്തിപൊങ്ങി നിന്നിട്ടും പൂക്കള്‍ പറിക്കാനും എത്തുന്നില്ല. ഈ ചെമ്പകത്തിനും ചിന്നുവിനും ഒരേ പ്രായമാണെന്ന് അമ്മ പറയാറുള്ളത് ചിന്നു ഓര്‍ത്തു. സമപ്രായക്കാരായിട്ടും താന്‍ ഇത്ര ചെറുതും ചെമ്പകം ഒത്തിരി വലുതുമായതില്‍ അവള്‍ അത്ഭുതം കൂറി.

ചുറ്റുമതിലിനു പൊക്കം മരത്തേക്കാള്‍ താഴെയാണ്. മതിലില്‍ കയറിയാല്‍ പൂക്കള്‍ പറിക്കാനായേക്കുമെന്ന് കുട്ടി കരുതി. മതിലില്‍ വലിഞ്ഞു കയറാന്‍ എളുപ്പത്തിന് കുറേ കല്ലുകള്‍ കൂട്ടിവച്ച് അതില്‍ കയറിനിന്നു. എന്നിട്ടും കഷ്ടിച്ച് വിരലുകളെത്തിക്കാനേ കഴിഞ്ഞുള്ളൂ.

കൃഷ്ണകുമാര്‍ ഗേറ്റു കടന്നു കയറിവരുമ്പോള്‍ കൈകള്‍ എത്തിപ്പടിച്ച് ചിന്നു വലതുവശത്തെ മതിലിന്മേല്‍ തൂങ്ങിക്കിടക്കുന്നതു കണ്ടു. അവള്‍ക്കു കയറാനും പറ്റുന്നില്ല, ഇറങ്ങാനും പറ്റുന്നില്ല. അയാള്‍ ഓടിച്ചെന്ന് കുട്ടിയെ എടുത്ത് ഉയര്‍ത്തിപ്പിടിച്ചു. ഒരു കുല പൂക്കള്‍ ഒടിച്ചെടുത്തു അവള്‍. അയാള്‍ താഴേയ്ക്കു നിര്‍ത്തവേ അവള്‍ ചോദിച്ചു. "അങ്കിള്‍, അമ്മ പറയുന്നു ഈ ചെമ്പകത്തിനും എനിക്കും ഒരേ പ്രായമാണെന്ന്, പിന്നെന്തേ ഞാനിത്ര ചെറുതായിരിക്കുന്നു? "

ചിന്നുവിന് പാല്‍ കുടിക്കാന്‍ ഇഷ്ടമില്ലെന്ന് കൃഷ്ണകുമാറിന് അറിയാമായിരുന്നു. അവളുടെ അമ്മ പാല്‍ കൊണ്ടുവരുമ്പോഴേയ്ക്കും വാതിലിനു പിന്നിലും കട്ടിലിന്നടിയിലുമൊക്കെയായി അവള്‍ ഒളിച്ചുകളി തുടങ്ങും. അതുകൊണ്ടുതന്നെ അയാള്‍ പറഞ്ഞു; "കുട്ടികള്‍ക്ക് ചാമ്പമരംപോലെ സാവധാനമേ പൊക്കം വയ്ക്കൂ. പക്ഷേ അവര്‍ പാല്‍കുടിക്കുകയാണെങ്കില്‍ എത്രവേഗം വളരുമെന്നോ!"

"ചാമ്പമരം പാല്‍കുടിക്കുമോ" കുട്ടിക്ക് വിശ്വാസമായില്ല. അവളുടെ കൈ പിടിച്ച് അകത്തേയ്ക്കു നടക്കവേ അയാള്‍ പറഞ്ഞു; "പാല്‍ കുടിച്ചു വളര്‍ന്നു വലുതായ ഒരു ചാമ്പമരത്തിന്‍റെ പഴങ്ങള്‍ ഞാന്‍ പിന്നീടു കാട്ടിത്തരാം."

"ആഹാ... എങ്കില്‍ ഞാനും ഇന്ന് പാല്‍കുടിക്കും" ജീവിതത്തിലെ വലിയൊരു രഹസ്യം കണ്ടുപിടിച്ചെന്ന പോലെ അവള്‍ ഓടി.

ഡ്രോയിംഗ് റൂമില്‍ വച്ചിരുന്ന പൂപ്പാത്രം ഒഴിഞ്ഞിരുന്നു. ആറുമാസം മുന്‍പുവരെ അതെന്നും ചിന്നുവിന്‍റെ അമ്മ പുതുപൂക്കള്‍ വച്ച് അലങ്കരിച്ചിരുന്നതാണ്. പറിച്ചെടുത്ത പൂക്കുലയില്‍നിന്നുള്ള കറ തന്‍റെ കൈത്തലം മുഴുവന്‍ വാര്‍ന്നൊഴുകിയിരുക്കുന്നതു കണ്ട ചിന്നു പറഞ്ഞു; "അമ്മേ, പൂക്കള്‍ കരയുകയാണ്." അവരാകട്ടെ ചിന്നുവിനേയും അവള്‍ മേശമേല്‍ വച്ച ഒടിഞ്ഞപൂങ്കുലയേയും നോക്കിയിട്ട് വേദനയോടെ കണ്ണുകളടച്ച് കസാലമേല്‍ ചാരിയിരുന്നു. കൃഷ്ണകുമാര്‍ മെല്ലെ ചിന്നുവിന്‍റെ പുറകില്‍ വന്നു നിന്നു. അയാളുടെ പാദപതനം കേട്ട് നിറകണ്ണുകള്‍ തുറന്ന് പാതിയെണീറ്റിട്ട് പതിഞ്ഞ സ്വരത്തില്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞു.

"ഒരു വശത്ത് വിധിയുടെ വിളയാട്ടവും മറുവശത്ത് കുഞ്ഞിന്‍റെ നിഷ്കളങ്കമായ ചോദ്യങ്ങളും. ഈ പൂക്കള്‍ കൊണ്ടുവന്നിട്ട് അവള്‍ പറയുന്നു ഇവ കരയുകയാണെന്ന്." അവരുടെ സ്വരം ദുഃഖഭാരത്താല്‍ കനത്തിരുന്നു.

"ചിന്നൂ, ഞാന്‍ പറഞ്ഞു തന്ന കാര്യം അമ്മയോടു പറയുന്നില്ലേ." അയാള്‍ കുട്ടിയോടു ചോദിച്ചു.

"അമ്മേ, അങ്കിള്‍ പറയുവാ കുട്ടികള്‍ ചാമ്പമരം പോലെയാണെന്ന് പാല്‍കുടിച്ചാല്‍ മാത്രമേ പെട്ടെന്നു വളരൂ. അതുകൊണ്ട് എനിക്കു കുറച്ച് പാല്‍ തരു."

അമ്മയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി മിന്നലാടി. ചിന്നുവില്‍ നിന്നു മാറി അവര്‍ കൃഷ്ണകുമാറിനെ നോക്കി. ഈ സമയത്ത് അയാള്‍ നല്‍കുന്ന പിന്‍തുണയ്ക്കും കരുതലിനും നന്ദിയെന്നപോലെ.

ശക്തി സംഭരിച്ച് എഴുന്നേറ്റ അവര്‍ ചിന്നുവിനോടു പറഞ്ഞു;"അമ്മ ഇപ്പോള്‍ പാല്‍കൊണ്ടുവരാം മോളേ"

"വരൂ ചിന്നൂ ഈ പൂക്കള്‍ക്കു കുറച്ചു വെള്ളവും കൊടുക്കേണ്ടേ, നമുക്ക് ഈ പൂപ്പാത്രം വൃത്തിയാക്കി വെള്ളമൊഴിച്ച് പൂക്കള്‍ വയ്ക്കാം." കൃഷ്ണകുമാര്‍ പറഞ്ഞു.

ഉമ്മറപ്പടിയില്‍ ഒന്നു മടിച്ചു നിന്ന സ്ത്രീ ഭിത്തിയിലുള്ള ഭര്‍ത്താവിന്‍റെ ചിത്രത്തിലേയ്ക്കു നോക്കി. തന്‍റെ ജീവിതത്തിലെ ഒടിഞ്ഞ മരമാണ് അദ്ദേഹം. ചിന്നുവാകട്ടെ അതില്‍ നിന്ന് പറിച്ചെടുത്ത പൂവും.

ആറുമാസമായി പൂക്കളൊഴിഞ്ഞിരുന്ന വാസെടുത്ത് അയാള്‍ കഴുകി വെള്ളം നിറച്ചു. കുട്ടി എടുത്തു കൊടുത്ത പൂക്കള്‍ വാങ്ങി മനോഹരമായി അതില്‍ വച്ചു. കൃഷ്ണകുമാര്‍ ചിന്നുവിനാരാണ്? മുറിച്ച പൂക്കുലയ്ക്ക് അല്പനേരത്തെയ്ക്കെങ്കിലും ജീവന്‍ നല്‍കുന്ന വെള്ളമല്ലേ അയാളിപ്പോള്‍? ചിന്നുവിന്‍റെ അമ്മ പാല്‍ ചൂടാക്കവേ ആലോചിക്കുകയായിരുന്നു. ചൂടായപാല്‍ മാറ്റിവച്ച് അവര്‍ ചായയുണ്ടാക്കാന്‍ തുടങ്ങി. തിളയ്ക്കുന്ന ഈ വെള്ളം പോലെ ഉള്ളിലും എന്തോ ഒന്നു തിളച്ചുമറിയുന്നുണ്ട്. ഒരാള്‍ മരിച്ചാല്‍ ദുഃഖം പങ്കുവയ്ക്കാന്‍ ആളുകള്‍ എത്രനാള്‍ കൂടെയുണ്ടാവും? ഒരു ദിവസത്തേയ്ക്ക്, കൂടിയാല്‍ ഒരാഴ്ച. അതിനുശേഷം എല്ലാവരും അകന്നുപോകും, എല്ലാം മറക്കും. കൃഷ്ണകുമാറോ? അയാള്‍ യാതൊരു രക്തബന്ധവുമില്ലാത്തയാള്‍, തന്‍റെ ഭര്‍ത്താവിന്‍റെ സുഹൃത്തായിരുന്ന വ്യക്തി. എന്നാലുമിപ്പോഴും ഇവിടെ വരികയും ക്ഷേമമന്വേഷിക്കുകയും ചെയ്യുന്നു. എത്രകാലം അയാളും ഇതു തുടരും? തിളച്ചവെള്ളം കൈയിലേയ്ക്ക് തെറിച്ചു വീണപ്പോള്‍ അവര്‍ ചിന്തകളില്‍ നിന്നും മടങ്ങിയെത്തി.

കുട്ടിക്കുള്ള പാലും രണ്ടുകപ്പു ചായയുമായി സ്വീകരണമുറിയിലേയ്ക്കു കടന്നുവരുമ്പോഴും പഴയകാല ഓര്‍മ്മകള്‍ നിറഞ്ഞൊരു വാടിയ മണം ആ മുറിയിലാകെ തങ്ങിനില്‍ക്കുന്നപോലെ അവര്‍ക്കുതോന്നി. ട്രേ മേശമേല്‍ വച്ചു.

"ഇത്രവേഗം ചിന്നു പാല്‍ കുടിക്കുന്നതു കണ്ടിട്ടേയില്ല" അവര്‍ പറഞ്ഞു. "അമ്മ ഒരിക്കലും എന്‍റെ കൂടെ കാര്‍ഡു കളിക്കാറില്ലല്ലോ, പപ്പയെപ്പോലെ. പക്ഷേ നോക്ക്, അങ്കിള്‍ പറഞ്ഞു ഇന്ന് എന്നോടൊപ്പം കളിക്കാമെന്ന്" വിശപ്പുതന്നെ നഷ്ടപ്പെട്ടിരുന്ന ആ സ്ത്രീയ്ക്ക് പെട്ടന്ന് കൈയിലിരുന്ന ചൂടുചായ മൊത്തിക്കുടിക്കാന്‍ അതിയായ ആഗ്രഹം തോന്നി.

ചിന്നുവിന് കാര്‍ഡുകൊണ്ടുള്ള ഒരു ഗെയിം മാത്രമേ അറിയാമായിരുന്നുള്ളൂ. പപ്പയുടെ കൂടെ കളിച്ച് എളുപ്പം ജയിച്ചിരുന്ന (ജയിപ്പിച്ചിരുന്ന) ഒരു കളി. അവള്‍ കാര്‍ഡുകളിക്കാനായി പപ്പയുടെ പിറകേയോടുമ്പോള്‍ അയാള്‍ രക്ഷപെടാനെന്നപോലെ ഓട്ടം അഭിനയിച്ചുകൊണ്ടു പറയും "ഞാന്‍ തോറ്റും പോകും, അതുകൊണ്ട് കളിക്കുന്നില്ല." എന്നിട്ട് അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയെന്നോണം വന്നിരിക്കും.

ഇത്തവണ അങ്കിളിന്‍റെ കൂടെ കളിക്കാനാരംഭിച്ചപ്പോള്‍ തന്‍റെ കൈയില്‍ വന്ന താഴ്ന്ന കാര്‍ഡുകള്‍ കണ്ടതേ ചിന്നുവിന്‍റെ മുഖം ദേഷ്യം കൊണ്ടു തുടുത്തു. കാര്യം മനസിലാക്കിയ അയാള്‍ പെട്ടെന്നു തന്നെ കളിവീണ്ടും പുതുതായി തുടങ്ങി, എയ്സ്, കിംഗ്, ക്വീന്‍ എന്നിങ്ങനെയുള്ളതെല്ലാം ചിന്നുവിന്, മറ്റുള്ളവ അയാള്‍ക്ക്, ആത്മവിശ്വാസം വീണ്ടുകിട്ടിയ കുട്ടി നല്ല മൂഡിലുമായി, പപ്പയുടെ കൂടെ കളിക്കുന്ന ചിന്നുവെന്ന പോലെ. തന്‍റെ പഴയ ചിന്നുവിനെ വീണ്ടും കാണുന്നതുപോലെ അവളുടെ അമ്മ നോക്കിയിരുന്നു.

"അങ്കില്‍ തോറ്റേ, അങ്കിള്‍ തോറ്റേ" ചിന്നുവിന്‍റെ വിജയഭേരി ദുഃഖമമര്‍ത്തി നിന്ന വീടിന്‍റെ ഭിത്തികളെപ്പോലും ഉണര്‍ത്തിയോ. പിന്നീടു പലപ്പോഴും ചിന്നു കൃഷ്ണകുമാറിന്‍റെ കൂടെ പലേടത്തും കറങ്ങാന്‍പോയി. ചിലപ്പോള്‍ ഐസ്ക്രീം കഴിക്കാന്‍, ഒരിക്കല്‍ സര്‍ക്കസ്സിന്, മറ്റൊരിക്കല്‍ പുതിയ ഷൂ വാങ്ങാന്‍ ഒക്കെ. അമ്മ അവളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയപ്പോഴും അങ്കില്‍ കൂടെ വരണമെന്ന് അവള്‍ ശാഠ്യം പിടിച്ചിരുന്നു.

വീടിനടുത്തുള്ള പാര്‍ക്കില്‍ അയല്‍വാസിയായ ഒരു കുട്ടിയോടൊപ്പം ചിന്നു കളിക്കാന്‍ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ് ആ സംഭവം ഉണ്ടാകുന്നത്. പാര്‍ക്കിന്‍റെ കോണിലുള്ള ഒരു താഴികക്കുടത്തിലേയ്ക്ക് പിടിച്ചുകയറിയപ്പോള്‍ താഴെവീണ് ചിന്നുവിന്‍റെ കാലൊടിഞ്ഞു. അത് തീരെ ചെറിയൊരു പട്ടണമായിരുന്നതിനാല്‍ ഒരു വൈദ്യന്‍ മാത്രമേ ഇത്തരം അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിനുണ്ടായിരുന്നുള്ളൂ. പൊട്ടലുണ്ടായിരുന്ന എല്ലിനെ ചേര്‍ത്തു പിടിച്ചിരുന്നത് കൃഷ്ണകുമാറായിരുന്നു. എന്നെ വിടൂ, എന്നു പറഞ്ഞു കരഞ്ഞ ചിന്നു അവള്‍ക്കറിയാവുന്ന ചീത്തയൊക്കെ അങ്കിളിനെ വിളിച്ചുകൊണ്ടിരുന്നു. അപ്പോഴും ഏറെ, സ്നേഹത്തോടെ, ക്ഷമയോടെ അയാള്‍ കുട്ടിയെ ആശ്വസിപ്പിച്ചു.

ഒരാഴ്ചയ്ക്കുശേഷം ചിന്നുവിന് മെല്ലെ എഴുന്നേറ്റു നില്‍ക്കാമെന്നായി. ഒരു ദിവസം അയാളുടെ മടിയിലിരിക്കവേ അവള്‍ പറഞ്ഞു, "അങ്കിള്‍ ഇപ്പോഴെന്‍റെ പപ്പയായല്ലോ."

കൃഷ്ണകുമാര്‍ അവളുടെ നെറ്റിത്തടത്തില്‍ മൃദുവായി ചുംബിച്ചു. അയാളാഗ്രഹിച്ചതെന്തോ കുട്ടി പറഞ്ഞതുപോലെ! എന്നിട്ട് തലയുയര്‍ത്തി കുട്ടിയുടെ അമ്മയെ നോക്കി.

പരുങ്ങിപ്പോയ അവര്‍ പെട്ടന്ന് ഭിത്തിയിലിരുന്ന ഫോട്ടോയിലേയ്ക്ക് ചൂണ്ടി പറഞ്ഞു, "മോള്‍ടെ അച്ഛന്‍ അതല്ലേ, ഇത് അങ്കിളാണ്." ചിന്നു അവിടേയ്ക്കൊന്നു നോക്കിയിട്ട് വീണ്ടും കൃഷ്ണകുമാറിനോട് പറ്റിച്ചേര്‍ന്നിരുന്നു പറഞ്ഞു. "ഇതും എന്‍റെ പപ്പയാണ്." അയാള്‍ അവളെ കെട്ടിപ്പിടിച്ചു.

യുദ്ധത്തിനിടയില്‍ പട്ടാളക്കാര്‍ മരണപ്പെട്ടാല്‍ വീടുവയ്ക്കാന്‍ പണവും ഭൂമിയും നല്‍കുക പതിവുണ്ട്. ഇതിനുള്ള ഫോം പൂരിപ്പിച്ചു നല്‍കാന്‍ ചിന്നുവിന്‍റെ അമ്മ പട്ടണത്തിലേയ്ക്കു പോയി. തിരികെ വന്നതു തനിച്ചായിരുന്നില്ല. അവരുടെ ഭര്‍ത്താവിന്‍റെ അതേ റാങ്കിലുള്ള ഓരോഫീസറും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീടു പലപ്പോഴും കൃഷ്ണകുമാര്‍ അവിടെ ചെല്ലുകയും ചിന്നുവിനോടൊപ്പം കളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസം അയാള്‍ ചിന്നുവിനോടു പറഞ്ഞു "ഇനിമുതല്‍ നമുക്കിവിടെ കളിക്കേണ്ട, നമുക്ക് പാര്‍ക്കില്‍ പോയി കളിക്കാം." എല്ലാ ദിവസവും കളികളില്‍ പതിവുപോലെ ചിന്നു തന്നെ ജയിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവള്‍ പറഞ്ഞു "അങ്കിള്‍ ഇപ്പോള്‍ ചിരിക്കാറേയില്ല; ഒരിക്കലും കളിയില്‍ ജയിക്കാനാവാഞ്ഞിട്ടാണോ?" ചിന്നുവിന്‍റെ ചോദ്യം കേട്ട് തന്‍റെ കണ്ണുകള്‍ നിറഞ്ഞത് അയാളറിഞ്ഞു. ഉള്ളിലെ വിങ്ങലുകള്‍ മിഴികളെ നനച്ചതാണ്. ചിന്നുവിനെ പുണര്‍ന്നുകൊണ്ട് അയാള്‍ മന്ത്രിച്ചു "ഒരു പക്ഷേ നമ്മള്‍ രണ്ടുപേരും തോറ്റുപോയിരിക്കുന്നു കുഞ്ഞേ."

ചുറ്റുപാടുമുള്ളവരൊക്കെ ചിന്നുവിന്‍റെ അമ്മയ്ക്ക് ഓഫീസറുമായുള്ള പുതിയ ബന്ധത്തെപ്പറ്റി അറിഞ്ഞുതുടങ്ങി. അവരുടെ വിവാഹവാര്‍ത്ത കൃഷ്ണകുമാറും അറിഞ്ഞു. അയാള്‍ വേദനയോടെ വിധിയെ സ്വീകരിച്ചു.

വളരെ ദിനങ്ങള്‍ക്കുശേഷം അയാളൊരിക്കല്‍ ചിന്നുവിന്‍റെ വീടിന്‍റെ സമീപത്തുകൂടി അടുത്തുള്ള മാര്‍ക്കറ്റിലേയ്ക്കു പോകവേ അവള്‍ തനിയെ പുറത്തു നില്‍ക്കുന്നതു കണ്ടു. അയാള്‍ക്കു തന്നെത്തന്നെ നിയന്ത്രിക്കാനായില്ല. ഓടിച്ചെന്ന് അവളെ കൈകളിലെടുത്തു ചോദിച്ചു, "ഈ തണുപ്പത്ത് ഇവിടെ മോളെന്തെടുക്കുകയാണ്?"

കുട്ടിയുടെ കൈയില്‍ ഒരു ഒരുരൂപത്തുട്ടിരുന്നു. അതുകാട്ടി അവള്‍ പറഞ്ഞു "ഇതു പപ്പ തന്നതാണ്. എന്നിട്ട് എന്നോടു പോയി മിഠായി വാങ്ങിക്കൊള്ളാന്‍ പറഞ്ഞു." കൃഷ്ണകുമാര്‍ അവളെയും കൂട്ടി കടയില്‍ പോയി കുറേ ചോക്ലറ്റുകള്‍ വാങ്ങിക്കൊടുത്ത് തിരിയെ വീട്ടിലേയ്ക്കു കൊണ്ടുവന്നു. കുട്ടിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് അയാള്‍ എത്രനേരം അവിടെ നിന്നെന്നറിയില്ല. മെല്ലെ കൈവിട്ട് ഇരുട്ടിലേക്ക് അകന്നുമാറുമ്പോള്‍ അയാള്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു "ഞാന്‍ പറഞ്ഞതല്ലേ ചിന്നൂ, നാമിരുവരും തോറ്റുപോയിരിക്കുന്നുവെന്ന്; ഒരിക്കലും ജയിക്കാനാവാത്തവണ്ണം." അയാള്‍ അകലേയ്ക്ക് മറയവേ, ചിന്നു കോമായിലേക്കു വീണുകഴിഞ്ഞിരുന്നു. അപ്പോഴും അവള്‍ ചോദിച്ചുകൊണ്ടേയിരുന്നു:" പപ്പാ എവിടെ, എന്‍റെ പപ്പ എവിടെയാണമ്മാ" പക്ഷേ അതൊന്നും കൃഷ്ണകുമാര്‍ അറിഞ്ഞതേയില്ല.

അവളുടെ അമ്മ തന്‍റെ പുതിയ ഭര്‍ത്താവിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു: "നോക്കൂ മോളേ, പപ്പാ ദാ ഇവിടെയുണ്ട്."

ചിന്നു നിഷേധഭാവത്തില്‍ തലയാട്ടി. അവള്‍ പറഞ്ഞു "ഇതല്ല എന്‍റെ പപ്പ. എന്‍റെ പപ്പാ വേറൊരാളാണ്."

അപ

0

0

Featured Posts

bottom of page