top of page

യാത്രയിലെ നൊമ്പരങ്ങള്‍

May 1, 2011

3 min read

സC
Image : Laborers working on the field.

ചരിത്രത്തിന്‍റെ ഏടുകള്‍ പരിശോധിക്കുമ്പോള്‍ മുതലാളിയും (മുതല്‍ ആളുന്നവര്‍) തൊഴിലാളിയും (തൊഴില്‍ ആളുന്നവര്‍) തമ്മിലുള്ള വര്‍ഗ്ഗസമരത്തിന്‍റെ, അവകാശവാദങ്ങളുടെ ഒരുതരം പാരസ്പര്യത്തിന്‍റെ നേര്‍ക്കാഴ്ചകളിലൂടെ നമുക്കു കടന്നുപോകേണ്ടിവരും. തൊഴിലാളികളോട് , വളരെ പ്രത്യേകമായി അഭയാര്‍ത്ഥികളും പരദേശികളുമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് മലയാളമണ്ണിലെത്തിയിരിക്കുന്ന കുടിയേറ്റ തൊഴിലാളികളോട് നീതിപുലര്‍ത്താന്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കെന്തു ചെയ്യാനാകും?... കേരളത്തിലെ സാമൂഹ്യപ്രതിബദ്ധതയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നെഞ്ചിലേറ്റണ്ട ഒരു ചോദ്യമാണിതെന്നു തോന്നുന്നു.

അണ്ണാച്ചി, പാണ്ടി, ബായി എന്നിങ്ങനെയുള്ള 'വിശിഷ്ടനാമ'ങ്ങളാല്‍ മലയാളികള്‍ മാര്‍ക്കിടുന്ന അന്യസംസ്ഥാനതൊഴിലാളികള്‍ അഞ്ച് ലക്ഷത്തിലേറെയുണ്ട് നമ്മുടെ നാട്ടില്‍. സൗത്ത് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികളുള്ള പെരുമ്പാവൂരിലാണ് ഇവരിലേറെപ്പേരും. ശുദ്ധമല്ലാത്ത കുടിവെള്ളവും വൃത്തിഹീനമായ താമസസൗകര്യങ്ങളും -വായു സഞ്ചാരമില്ലാത്ത ഷട്ടറുകള്‍ക്കുള്ളില്‍ കുട്ടയില്‍ അടുക്കിവച്ചിരിക്കുന്ന 'മത്തിക്കു' സമാനം അടയ്ക്കപ്പെട്ടിരിക്കുന്ന കുടുംബങ്ങളും യുവജനങ്ങളും - ഇതാണ് പരദേശികളും പ്രവാസികളുമായ ഈ തൊഴിലാളികള്‍ക്ക് ദൈവത്തിന്‍റെ സ്വന്തം നാട് ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍.

കന്യകാലയത്തിന്‍റെ സുരക്ഷിതത്വങ്ങള്‍ക്കുമപ്പുറം മനുഷ്യന്‍റെ ദൈന്യത ഉറഞ്ഞുകൂടിയ ചില ഇടങ്ങളിലേക്കുള്ള യാത്രയിലാണ് ഞാന്‍... മൂലമ്പിള്ളിയും കാതിക്കുടവും കാന്ദമാലും യാത്രക്കിടയിലെ ചില നൊമ്പരങ്ങള്‍... ഇതും ഒരു തീര്‍ത്ഥയാത്രതന്നെ എന്ന തിരിച്ചറിവിന്‍റെ ബലം മാത്രം കൂട്ടിന്; ഒപ്പം രാജവീഥിയുടെ വിശാലതയിലും ഒറ്റയടിപ്പാതകള്‍ക്ക് തനിമയും പ്രസക്തിയുമുണ്ടെന്നുള്ള അറിവും. വിലപേശാന്‍ ത്രാണിയില്ലാത്ത, അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ നിവൃത്തിയില്ലാത്ത പുറംനാട്ടുകാരായ മേല്‍വിലാസമില്ലാത്ത മനുഷ്യരോടൊപ്പമായിരുന്നു കഴിഞ്ഞ 2 വര്‍ഷക്കാലം. ഈ ലേബലിലാണ് കേരള ലേബര്‍ മൂവ്മെന്‍റ് (കെ. എല്‍. എം.) സംഘടിപ്പിച്ച അസംഘടിത മേഖലയിലുള്ള തൊഴിലാളികളേക്കുറിച്ചുള്ള പഠനശിബിരത്തില്‍ പങ്കെടുത്തത്. ഈ മേഖലയിലുള്ള തൊഴിലാളികളേക്കുറിച്ച് വളരെ സത്യസന്ധമായി നടത്തിയിട്ടുള്ള ആ പഠനത്തിന്‍റെ ഫലം കേരളത്തിന്‍റെയെന്നല്ല ഭാരതത്തിന്‍റെ മുഴുവന്‍ സുമനസ്സുകള്‍ക്കു മുന്‍പില്‍ ചില നഗ്നസത്യങ്ങള്‍ തുറന്നുവയ്ക്കുന്നുണ്ട്. ഒരു ദേശത്തിന്‍റെ വികസനത്തിന്‍റെ, ഒരു രാജ്യത്തിന്‍റെ പുരോഗതിയുടെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകം അവിടെ അധിവസിക്കുന്ന ജനതയുടെ workforce ആണ്. മൊത്തമുള്ള വിഭവസമ്പത്തിന്‍റെ 86% ഉം അസംഘടിതമേഖലയില്‍ നിന്നാണെന്നുകൂടി അറിയുമ്പോഴാണ് പാറമടയിലും ഇഷ്ടികക്കളങ്ങളിലും പ്ലാസ്റ്റിക്- പ്ലൈവുഡ് കമ്പനികളിലും റൈസ്മില്ലുകളിലുമായി ഉരുകിത്തീരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ചുരുളഴിയുന്നത്. സെബോത്തിയും കൊറേലിയും അര്‍ജ്ജുനനും യൂസഫും സുഗ്രീവും കിഷോറും ഇന്ന് ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ്. കാലത്തിനും ദേശത്തിനുമപ്പുറം ഹൃദയബന്ധങ്ങള്‍ കൊരുക്കുന്ന സ്നേഹചങ്ങലയിലെ കണ്ണികള്‍. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ അങ്കമാലി -പെരുമ്പാവൂര്‍ ആലുവ- എറണാകുളം റൂട്ടില്‍ ഒരുപാട് യാത്രചെയ്തിട്ടുണ്ട്. എന്നാല്‍ സ്റ്റേറ്റ്-പ്രൈവറ്റ് ബസ്സുകളിലെ ഹിന്ദി ലിപികളില്‍ കണ്ണുടക്കിത്തുടങ്ങിയിട്ട് മൂന്നുനാലു വര്‍ഷമേ ആയിട്ടുള്ളു. കണ്ണുകളുയര്‍ത്തി നോക്കുന്നവര്‍ക്ക് മാത്രം ഗോചരമാകുന്ന ചില ഉള്‍ക്കാഴ്ചകളിലേക്കതു വിരല്‍ചൂണ്ടുന്നുണ്ട്.

അന്യദേശത്ത് അറിയാത്ത ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ മനുഷ്യരെപ്പോലെയല്ല പുഴുക്കളെപ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. സൂര്യനുദിച്ച് 8 മണിവരെ നഗരങ്ങളിലെ പ്രധാന കവലകളിലെ കാഴ്ചകള്‍ പഴയനിയമത്തിലെ അടിമത്ത്വത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത്തിന്‍റെ ഓര്‍മ്മ നമ്മിലുണര്‍ത്തുന്നുണ്ട്. പച്ചക്കറിക്കട മുതല്‍ Mobile-textile shop കള്‍ വരെ കൊള്ളലാഭമുണ്ടാക്കാനായി പ്രവര്‍ത്തന നിരതമാകുന്ന പെരുമ്പാവൂര്‍ നഗരം ഞായറാഴ്ചകളിലും മറ്റ് അവധിദിനങ്ങളിലും 'ബംഗാളി മാര്‍ക്കറ്റ്' എന്നാണറിയപ്പെടുന്നത്. ഇവിടെ ലഭിക്കുന്ന കൂലിയുടെ കാര്യത്തില്‍ ഒരു പരിധിവരെ ഇവര്‍ സംതൃപ്തരാണെങ്കിലും ഒരു ശരാശരി തൊഴിലാളിക്കുള്ള മാന്യമായ അവകാശങ്ങളും മാനുഷിക പരിഗണനകളും ഒരു അന്യസംസ്ഥാന തൊഴിലാളിക്കിവിടെ ലഭിക്കുന്നില്ല. കൂടാതെ ഇവര്‍ക്കു ലഭിക്കുന്ന വേതനത്തിന്‍റെ നല്ലൊരു ഭാഗം മുതലാളിയും ഇടനിലക്കാരും പലരീതിയിലും കൈക്കലാക്കുന്നു എന്നതാണു സത്യം. ഇവരെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി ചൂഷണം ചെയ്യുന്നവരും കുറവല്ല. മെച്ചപ്പെട്ട വേതനം തേടി മലയാളമണ്ണിലേക്ക് കാലെടുത്തുവയ്ക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനകള്‍ നിരവധിയാണ്: നിശ്ചയിച്ചുറപ്പിച്ച വേതനം നല്‍കാതിരിക്കല്‍, നീണ്ട ജോലിസമയം, വൃത്തിഹീനവും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ തിങ്ങിഞെരുങ്ങിയുള്ള താമസം, ആരോഗ്യപരിരക്ഷയുടെ അഭാവം, അങ്ങനെ പട്ടിക നീളുന്നു. തൊഴിലുറപ്പോ, മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. വിനോദത്തിനും വിശ്രമത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുപോലുമോ സാധ്യതയില്ല. ഇവരുടെ ഇടയില്‍ ചില കുറ്റവാളികളുണ്ടെന്നുള്ളതുകൊണ്ട് സമൂഹം ഇവരെ ഒന്നാകെ വേര്‍തിരിച്ചുകാണുന്നു, അകറ്റിനിറുത്തുന്നു. നിര്‍മ്മാണ മേഖലയില്‍ പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളുടെയും പാലങ്ങളുടെയും താഴെ സിമന്‍റിനും കമ്പിക്കുമൊപ്പം കിടക്കാനുള്ള അനുവാദമേ പല നിര്‍മ്മാതാക്കളും ഇവര്‍ക്ക് നല്‍കാറുള്ളൂ. തങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രത്യേകിച്ചും സ്ത്രീജനങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ വിവരിച്ചാല്‍ സാക്ഷരകേരളത്തിനത് വലിയ അപമാനത്തിന് കാരണമാകും. 4-5 മാസമായി ശമ്പളം പിടിച്ചുവച്ചിരിക്കുന്ന പ്ലാസ്റ്റിക് കമ്പനി ഉടമയെ നേരിട്ടുകാണാന്‍ ലേബര്‍യൂണിയന്‍റെ പേരില്‍ കടന്നുചെന്ന ഞങ്ങള്‍ക്കു മുന്‍പില്‍ മാനേജര്‍ തുറന്നുവച്ച Muster Roleല്‍ പപ്പുവിന്‍റെ (തൊഴിലാളി) പേരുകണ്ട് ഞങ്ങളും അവനും ഒരുപോലെ ഞെട്ടി - "New one".

അങ്കമാലിക്കടുത്ത് എളവൂര്‍ കവലയില്‍ ഇക്കഴിഞ്ഞ ജനുവരി 23-ന് വര്‍ക്ക്സൈറ്റില്‍നിന്ന് പണി ആയുധങ്ങളുമായി കോണ്‍ട്രാക്ടറോടൊപ്പം യാത്രചെയ്തിരുന്ന നിര്‍മ്മാണ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. ബംഗാളില്‍ നിന്നുള്ള 5 തൊഴിലാളികളാണ് (30 വയസ്സിനു താഴെ) ഒറ്റദിവസംകൊണ്ട് കൊല്ലപ്പെട്ടത്. അങ്കമാലി എല്‍. എഫ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ ഏറ്റെടുക്കുവാന്‍ ആളില്ലാതെ 2 ദിവസത്തോളം അനാഥപ്രേതങ്ങളായി കിടന്ന ഈ 'സനാഥരു'ടെ മരണത്തിന്, ഇവരുടെയൊക്കെ ഉറ്റവരുടെ, കുഞ്ഞുമക്കളുടെ കണ്ണുനീരിന് ആര് ഉത്തരം പറയും?... സംഭവസ്ഥലത്തുനിന്ന് മുങ്ങിയ കോണ്‍ട്രാക്ടറോ, വോട്ടുബാങ്ക് മാത്രം ലക്ഷ്യംവയ്ക്കുന്ന രാഷ്ട്രീയക്കാരോ, സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് നടിക്കുന്ന പൊതുപ്രവര്‍ത്തകരോ?... ഒറീസ്സയില്‍ നിന്നുള്ള പത്തൊമ്പത് വയസ്സുകാരന്‍ ഉത്തമ് ഉഠാന്‍ സിംഗിനെ കണ്ടുമുട്ടിയപ്പോള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മലയാളിയായ മെഷീന്‍ ഓപ്പറേറ്ററുടെ അശ്രദ്ധമൂലം അയാളുടെ വലത്തുകൈപ്പത്തിയിലെ വിരലുകള്‍ മുറിഞ്ഞു തൂങ്ങിപ്പോയിരുന്നു.

അടിസ്ഥാനാവശ്യങ്ങള്‍ക്കായി പൊരുതാന്‍ നിവൃത്തിയില്ലാത്ത, പേരുകള്‍ പോലും അന്യമാകുന്ന, 'ശബ്ദ'മില്ലാത്ത, ഭാഷയില്ലാത്ത ഈ പുറം നാട്ടു ജോലിക്കാരെ ശാക്തീകരിക്കാന്‍ ആരിവര്‍ക്കുവേണ്ടി നിലകൊള്ളും? നിലകൊള്ളുന്നവരെയൊക്കെ നിശബ്ദരാക്കാനുതകുന്ന നയതന്ത്രങ്ങളാണ് ഇവിടുത്തെ പോലീസ് മേധാവികള്‍ക്കുള്ളത്. മുന്നിട്ടിറങ്ങുന്നവരെ മാവോയിസ്റ്റുകളെന്നും നക്സലൈറ്റുകളെന്നും മുദ്രകുത്തി മുട്ടുകുത്തിക്കുന്ന സംസ്കാരം. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഉന്നതശ്രേണിയിലുള്ള ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ നേരിട്ടുകണ്ട് സങ്കടം ബോധിപ്പിക്കാന്‍ ചെന്നപ്പോഴുള്ള അവരുടെ പ്രതികരണം വളരെ വിചിത്രമായി തോന്നി, "നിങ്ങളെന്തിനാ ഇവരുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്നത്; മറ്റ് സാമൂഹ്യ പ്രവര്‍ത്തനമേഖലകളൊന്നും ഇല്ലാഞ്ഞിട്ടാണോ?"... അസ്സാമിയും ബംഗാളിയും ബിഹാറുകാരനും ഒറീസ്സക്കാരനും അടിസ്ഥാനപരമായി മനുഷ്യരാണെന്നും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ക്ക് അര്‍ഹരായ ഭാരതീയരാണെന്നും തിരിച്ചറിയാതെപോയ നീതിപാലകരേ, നിങ്ങള്‍ക്ക് മാപ്പ്!

മാനസിക വിഭ്രാന്തിയിലമര്‍ന്നവര്‍ക്കും വഴിയോരങ്ങളിലലയുന്നവര്‍ക്കും ഉപജീവനത്തിന് ശരീരംവിറ്റും അന്നം കണ്ടെത്തുന്നവര്‍ക്കും ഉടുതുണിക്ക് മറുതുണിയില്ലാതെ അന്യനാട്ടില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്കും തൊഴില്‍തേടി അലയുന്ന പരദേശികള്‍ക്കുമൊക്കെ ഒരല്‍പ്പം തണലേകാന്‍ ഈ യാത്രയുടെ അലച്ചിലിനും കണ്ണുനീരിനുമാകട്ടെ എന്നാണെന്‍റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന... കാരണം "മരമായ മരമൊക്കെ കൊണ്ട വെയിലാണ് തണല്‍." മനുഷ്യനെത്തേടിവന്ന ദൈവത്തോടൊത്തുള്ള ഈ യാത്ര എന്നിലെ ആത്മീയ പരിസരത്തെ കൂടുതല്‍ സുവ്യക്തവും അനാവൃതവുമാക്കുന്നതിനാല്‍ മിഴിവിളക്ക് പൂട്ടുംവരെയും ഈ പ്രവാഹം നിലയ്ക്കാതിരിക്കട്ടെ.

Featured Posts

bottom of page