top of page
ക്രിസ്തുമസ്സ് ഒരര്‍ത്ഥത്തില്‍ അഭയാര്‍ത്ഥിപ്രയാണത്തിന്‍റെ അനുസ്മരണം കൂടിയാണ്. ഭൂമിയിലെ മനുഷ്യരോടൊപ്പം വസിക്കാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവം ഒരു അഭയാര്‍ത്ഥിയെപോലെ അലഞ്ഞുനടന്നതിന്‍റെ അനുസ്മരണം. മറ്റു നിവൃത്തിയില്ലാതെ അഭയാര്‍ത്ഥികളായി അന്യനാട്ടില്‍ എത്തിയ ജോസഫിന്‍റെയും ഭാര്യ മേരിയുടെയും ഒട്ടുംതന്നെ അഭിമാനാര്‍ഹമല്ലാത്ത ജീവിതാനുഭവങ്ങളുടെ തുടക്കമായിരുന്നു അന്ന് ബത്ലഹേം കാലിത്തൊഴുത്തില്‍ നിന്നുയര്‍ന്ന നവജാതശിശുവിന്‍റെ കരച്ചിലിന്‍റെ ശബ്ദം. അപ്പത്തിന്‍റെ വീട് എന്നര്‍ത്ഥമുള്ള ബത്ലഹേം ജോസഫിനോ മേരിക്കോ അത്രയൊന്നും ആത്മബന്ധമുള്ള ഒരു സ്ഥലം ആയിരുന്നില്ല. അവരവിടേക്ക് ആട്ടിപ്പായിക്കപ്പെടുകയായിരുന്നു. ബത്ലഹേമില്‍ അവര്‍ക്കൊരു വീടോ അടുത്ത ബന്ധുജനങ്ങളോ ഉണ്ടായിരുന്നില്ല. ഒരു സത്രത്തില്‍ മാന്യമായി രാത്രി കഴിക്കാനുള്ള സാമ്പത്തിക ശേഷിയോ സാമൂഹ്യ അന്തസോ ജോസഫ്മേരി ദമ്പതികള്‍ക്കുണ്ടായിരുന്നില്ല എന്നുകൂടി ലൂക്കോസ് 2 :1 -20 ഭാഗത്തുനിന്നു നമ്മള്‍ വായിക്കേണ്ടതുണ്ട്. ഇതുകൊണ്ടൊക്കെകൂടിയാണ് അവര്‍ക്കു കാലിത്തൊഴുത്ത് ഈറ്റില്ലമായും പുല്‍ത്തൊട്ടി നവജാതശിശുവിന്‍റെ തൊട്ടിലായും ഉപയോഗിക്കേണ്ടി വന്നത്.
സുവിശേഷത്തില്‍ സൂചിപ്പിക്കുന്ന ലോകവ്യാപകമായ സെന്‍സസ് ചരിത്രത്തിലെ ഒരു കീറാമുട്ടിയായിരുന്നു. ഇതിന്‍റെ ചരിത്രപശ്ചാത്തലം അര്‍ക്കെലയോസ് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും പലസ്തീന്‍ നേരിട്ടു റോമിന്‍റെ കീഴില്‍ വന്നുചേരുകയും ചെയ്ത ചരിത്രസാഹചര്യമായിരുന്നു. ഇസ്രയേല്‍ജനതയ്ക്കു ഈ നടപടിക്കെതിരെ കടുത്ത അമര്‍ഷമുണ്ടായിരുന്നു. എരിവുകാര്‍ (zealots) എന്നറിയപ്പെട്ടിരുന്ന യഹൂദമതതീവ്രവാദികളുടെ വിപ്ലവത്തിന് ഇത് വഴിയൊരുക്കുക കൂടി ചെയ്തു. (അപ്പ: പ്ര: 5 : 37). ഇപ്രകാരം നാടും വീടും ഉപേക്ഷിച്ച് തലചായ്ക്കാന്‍ ഇടം തേടി അലയുന്നതിനിടയില്‍ തെരുവോരത്തു സ്ത്രീകള്‍ പ്രസവിക്കുന്നതും മാതാപിതാക്കളെ വേര്‍പിരിഞ്ഞ കുട്ടികള്‍ നിസ്സഹായരാക്കപ്പെടുന്നതും ഒന്നും ലോകചരിത്രത്തിലെ ആദ്യത്തെയോ അവസാനത്തെയോ സംഭവം ആയിരുന്നില്ല. ബൈബിളില്‍തന്നെ അഭയാര്‍ത്ഥിപ്രവാഹത്തിന്‍റെ നീണ്ട ഒരു പരമ്പര നമുക്കു കാണാം. അബ്രഹാം മുതല്‍ റൂത്തു വരെ വ്യാപിച്ചു കിടക്കുന്ന പഴയനിയമ സാഹിത്യം അഭയാര്‍ത്ഥിപ്രവാഹത്തിന്‍റെ കരളലിയിക്കുന്ന കഥകളുടെ ഒരു സമാഹാരം കൂടിയാണ്. ബൈബിളില്‍നിന്നു സമകാലിക ലോകചരിത്രത്തിലേക്കു വരുമ്പോഴും നിലയ്ക്കാത്ത അഭയാര്‍ത്ഥിപ്രവാഹത്തിന്‍റെ കാതടപ്പിക്കുന്ന നിലവിളി നമ്മള്‍ നാലുഭാഗത്തുനിന്നും കേള്‍ക്കുന്നു.
ലോകവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വാര്‍ത്താമാധ്യമങ്ങളിലൂടെ ഒന്നു കണ്ണോടിക്കൂ. അല്ലെങ്കില്‍ ഏതെങ്കിലും വെബ്സൈറ്റുകളില്‍ നിങ്ങളുടെ മൗസൊന്നു ക്ലിക്കു ചെയ്തു നോക്കൂ. എത്രയെത്ര ഹൃദയഭേദകമായ ചിത്രങ്ങളാണ് കണ്‍മുമ്പില്‍ തെളിയുന്നത്. ലബനോന്‍റെ തെരുവുകളില്‍ കുറഞ്ഞത് 1510 കുട്ടികളെങ്കിലും മാതാപിതാക്കളില്‍ നിന്നു വേര്‍പെട്ട നിലയില്‍ ബാലവേല ചെയ്യുന്നു. അവരില്‍ മുക്കാല്‍ പങ്കും സിറിയയില്‍നിന്നു അഭയാര്‍ത്ഥികളായി എത്തിയവരുടെ മക്കളാണ്. അവരും അവരുടെ മാതാപിതാക്കളും സുരക്ഷിതമായ താവളങ്ങള്‍ തേടി യൂറോപ്പിലേക്കു കുടിയേറാന്‍ വേണ്ടിവന്നേക്കാവുന്ന പ്രാഥമിക ചെലവുകള്‍ക്കുള്ള ഡോളറുകള്‍ സമ്പാദിക്കാന്‍ കഷ്ടപ്പെട്ടു പണിയെടുക്കുന്നവരാണെന്നാണ് ഒരു ലേഖകന്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ഈ അഭയാര്‍ത്ഥിപ്രവാഹത്തിനു കാരണമായത് മദ്ധ്യപൂര്‍വ്വേഷ്യന്‍ പ്രദേശങ്ങളിലെ ഐ.എസ് തീവ്രവാദികളുടെ ആക്രമണവും ഈ നാടുകളിലെ മറ്റ് ആഭ്യന്തരസംഘര്‍ഷങ്ങളുമാണ്. എന്നാല്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്കു ലോകചരിത്രത്തോളംതന്നെ പഴക്കമുണ്ട്. സ്വന്തമായി ഒരു നാടില്ലാത്തവര്‍, ഒരു നാട് സ്വന്തമാക്കാന്‍ ഇറങ്ങി പുറപ്പെടുന്നതും അവിടെ എത്തിച്ചേര്‍ന്നാല്‍ തദ്ദേശീയജനതയുമായി കലഹിച്ചു തമ്മില്‍ത്തല്ലി ചാകുന്നതും ഒന്നും പുതിയ സംഭവവികാസങ്ങളല്ല. വന്നവരും നിന്നവരും എന്ന നിലയിലുള്ള വേര്‍തിരിവ് എക്കാലത്തും ഉണ്ടായിരുന്നു. ഗോമാംസം ഭക്ഷിക്കുന്നവര്‍, ഭാരതമാതാവിനെ വണങ്ങാത്തവര്‍, അവരൊക്കെ ഇന്ത്യവിട്ട് പൊയ്ക്കൊള്ളണം എന്നു ജല്പിക്കുന്ന ഹിന്ദുമതമൗലികവാദികള്‍ പശ്ചിമേഷ്യയിലെ ഐ. എസ് തീവ്രവാദികളുടെ ഇന്ത്യന്‍ പതിപ്പാണെന്നു പറയേണ്ടി വരും. ഭാഗ്യവശാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരുടെ ഉള്ളിലിരുപ്പിനെ പ്രതിരോധിക്കാന്‍ പാകത്തില്‍ ഇവിടുത്തെ രാഷ്ട്രീയപ്രബുദ്ധത സജീവമായതുകൊണ്ട് ഇന്ത്യാചരിത്രത്തില്‍ വീണ്ടും ദാരുണമായ ഒരഭയാര്‍ത്ഥി പ്രവാഹം ഉടനെയെങ്ങും സംഭവിക്കുകയില്ലെന്നു നമുക്കു പ്രതീക്ഷിക്കാം. കേരളംപോലെയുളള വികസനതുരുത്തുകളില്‍ സ്വന്തം അദ്ധ്വാനം വിറ്റ് ഉപജീവനം തേടി ചേക്കേറുന്ന ഉത്തരേന്ത്യന്‍ യൗവ്വനങ്ങളെ നമുക്കു തത്ക്കാലം അഭയാര്‍ത്ഥി പട്ടികയില്‍നിന്നു മാറ്റിനിര്‍ത്താം. അവര്‍ക്കു മാന്യമായ തൊഴിലിടങ്ങളും സുരക്ഷിതമായ താമസസൗകര്യങ്ങളും സജ്ജമാക്കാന്‍ നമ്മുടെ ഭരണകൂടസംവിധാനങ്ങള്‍ അവരാല്‍ ആകുന്നതൊക്കെ ചെയ്യുമെന്നു പ്രതീക്ഷിക്കാം. അല്ലാത്തപക്ഷം അനതിവിദൂരഭാവിയില്‍ കേരളം മറ്റൊരു ഭൂരിപക്ഷ-ന്യൂനപക്ഷ സംഘര്‍ഷത്തിനും വിലപേശലിനും എന്തിനു രക്തച്ചൊരിച്ചിലിനുതന്നെ വേദിയാകും എന്നു കൂടി കരുതിയിരിക്കാം.
അഭയാര്‍ത്ഥികളായി എത്തിയ ദേവന്മാരും ആദിവാസികളായ അസുരന്മാരും
യൂറോപ്പ് മാത്രമല്ല ഇന്ത്യയും ഒരു കാലത്ത് അഭയാര്‍ത്ഥികളായെത്തിയ ഭിന്നജനവിഭാഗങ്ങളുടെ സംഗമഭൂമിയായിരുന്നു എന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ചാല്‍ പലരും പ്രകോപിതരായി എന്നു വരും. ഇത്തരം ധാരാളം പഠനങ്ങള്‍ സമീപകാലത്ത് പുറത്തുവന്നുകൊണ്ടാണിരിക്കുന്നത്. നാഗ്പ്പൂരിലെ, ദേശീയഭ്രാന്തുപിടിപെട്ട ചിന്തകന്മാര്‍ പലപ്പോഴും ചിന്തയുടെ അന്തകന്മാരായി ഇത്തരം പഠനങ്ങള്‍ക്കെതിരെ കത്തിയും കൊടുവാളും എടുക്കാന്‍ മടിക്കാത്തവരാണെന്ന കാര്യം നമ്മെ ഭയപ്പെടുത്തുന്നു.
ശ്രീ അമീഷ്ത്രിപാഠി എന്ന യുവആംഗ്ലോഇന്ത്യന്‍ എഴുത്തുകാരന്‍റെ ഇക്ഷ്വാകുവംശം (scion of ikshvaku) എന്ന നോവല്‍ ഇന്ത്യന്‍ പുരാവൃത്തങ്ങളെ ആസ്പദമാക്കി ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്കു പിന്നിലെ ഇന്ത്യന്‍ ദേശീയതയുടെ അന്തര്‍ധാരകളെ അവലോകനം ചെയ്യുന്നു. പുരാണത്തിലെ ദേവാസുരയുദ്ധത്തെ പണ്ട് ഇന്ത്യയില്‍ നടന്ന ഒരു ആഭ്യന്തര ലഹളയായി നോവലില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇത് ഒരു കാലത്ത് അസുരന്മാരുടെ നാടായിരുന്നു. അവരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. ദേവന്മാര്‍ ഇങ്ങോട്ട് അഭയാര്‍ത്ഥികളായി എത്തിയവരായിരുന്നു. ദേവന്മാരുടെ നാട് സ്വര്‍ഗ്ഗവും അസുരന്മാരുടേത് പാതാളവും എന്നൊക്കെയുള്ള പരികല്പനകള്‍ പില്‍ക്കാലത്ത് സ്വരൂപിച്ച തെറ്റായ നിഗമനങ്ങളായിരുന്നു. അസുരഗുരുവായ ശുക്രാചാര്യരും ദേവഗുരുവായ ബൃഹസ്പതിയും ദേവാസുരയുദ്ധത്തിന്‍റെ ബുദ്ധികേന്ദ്രങ്ങളായിരുന്നു. നാടിന്‍റെ ഏതെങ്കിലും കോണില്‍ ഒരസുര രാജാവെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ അയാളുടെ കഥകഴിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട വിഷ്ണു, വാമനവേഷം ധരിച്ച് കേരളത്തിലെത്തി ഇവിടെ നാടു വാണിരുന്ന മഹാബലി എന്ന അസുരചക്രവര്‍ത്തിയെ പാതാളത്തിലേക്കു ചവുട്ടി താഴ്ത്തിയതിന്‍റെ കഥ മധുരം പുരട്ടിയ ഒരു വിഷഗുളിക പോലെ നമ്മള്‍ ആണ്ടുതോറും സേവിച്ചുപോരുന്നു. അതാണല്ലോ നമ്മുടെ ഓണാഘോഷത്തിന്‍റെ പൊരുള്‍. ഈ ദേവാസുര സംഘര്‍ഷത്തിന്‍റെ മറ്റൊരു പേരായിരുന്നു ഇന്ത്യന്‍ ദൈവശാസ്ത്രചരിത്രത്തിലെ ശൈവ-വൈഷ്ണവ സംഘര്‍ഷം. രാഷ്ട്രീയചരിത്രത്തിലേക്കു വരുമ്പോള്‍ അത് ആര്യദ്രാവിഢ സംഘര്‍ഷമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ചരിത്രം കീഴടക്കിയവന്‍റെയും കീഴടക്കപ്പെട്ടവന്‍റെയും കഥകൂടിയാണെന്നു കൂടിയാണ.് കീഴടക്കിയവന്‍റെ തെറ്റുകള്‍പോലും പിന്നീട് ശരികളായി കൊണ്ടാടപ്പെടുമ്പോള്‍ കീഴടക്കപ്പെട്ടവന്‍റെ ശരികള്‍പോലും തെറ്റുകളുടെ മൂലമാതൃകകളായി അംഗീകരിക്കപ്പെടുന്നു.
ഇന്ന് അഭയാര്‍ത്ഥികള്‍ക്കെതിരെ വാതിലുകള്‍ കൊട്ടിയടച്ച് സ്വന്തം അതിര്‍ത്തികളെ ഭദ്രമാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുന്നില്ല ഒരുകാലത്ത് തങ്ങളും ഇതുപോലെ അഭയം തേടി ഇവിടെയെത്തി ഇവിടുത്തെ മണ്ണ് സ്വന്തമാക്കിയവരാണെന്ന കാര്യം. ഇതെല്ലാം മറന്ന് ദേശീയതയെക്കുറിച്ചുള്ള ഊറ്റംകൊള്ളലും അവകാശവാദങ്ങളും എല്ലാം ശുദ്ധ ഭോഷ്ക്കാണ്. ഈ ഭൂമി സകല മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. ഇതിനെ തുണ്ടുകളായി മുറിച്ച് സ്വന്തമാക്കാന്‍ ആര്‍ക്കും അവകാശമില്ല. മറിച്ചുള്ള എല്ലാ അവകാശവാദങ്ങളും സ്വന്തം മെയ്ക്കരുത്ത് പ്രകടമാക്കുന്ന വെറും തിണ്ണമിടുക്കുകള്‍ മാത്രമാണെന്നു നമ്മള്‍ ഇനിയും ഗ്രഹിക്കാനിരിക്കുന്നതേയുള്ളു.
രാജ്യസ്നേഹത്തിന്‍റെ തോളിലേറിവന്ന കൊളോണിയലിസം
സാധാരണഗതിയില്‍ പൊതുവായ ഭാഷ, സംസ്ക്കാരം, വര്‍ഗ്ഗലക്ഷണം, ചരിത്രം എന്നിങ്ങനെയുള്ള സവിശേഷതകളാല്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ് ദേശം (nation) എന്ന ആശയം. ഈ അര്‍ത്ഥത്തില്‍ ഒരേ ദേശീയതയില്‍പ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന സ്റ്റേറ്റിനെയാണ് ദേശീയരാഷ്ട്രം എന്നു പറയുന്നത്. ഇത്തരം ഒരു സങ്കല്പം സ്വന്തം ദേശസങ്കല്പങ്ങളില്‍ അഭിമാനം കൊള്ളാനും അന്യന്‍റെ ദേശബോധത്തെ നിന്ദിക്കാനും ആണ് വഴിയൊരുക്കിയത്. ഈ ദേശബോധം കുടത്തില്‍നിന്നു പുറത്തുവിട്ട ഭൂതമായിരുന്നു രാഷ്ട്രങ്ങള്‍ തമ്മില്‍ തമ്മില്‍ നടത്തിക്കൊണ്ടിരുന്ന യുദ്ധവും യുദ്ധസന്നാഹങ്ങളും. 18ഉം 19ഉം നൂറ്റാണ്ടുകളുടെ ആദ്യദശകങ്ങളില്‍ യൂറോപ്യന്‍ ദേശീയപ്രസ്ഥാനങ്ങള്‍ ഒരുതരം ഭ്രാന്തമായ രാജ്യസ്നേഹത്തിനു വഴിമാറി. ആധുനികയുഗത്തിലെ രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കു കാരണമായി ഭവിച്ചത് ഈ കൊട്ടിഘോഷിക്കപ്പെട്ട ദേശീയവാദവും രാജ്യസ്നേഹവും ആയിരുന്നു. പിന്നീട് ദുര്‍ബ്ബല രാജ്യങ്ങള്‍ക്കുമേല്‍ അധിനിവേശം പുലര്‍ത്തിയ കൊളോണിയലിസം എന്ന പ്രതിഭാസം അതിന്‍റെ ജൈത്രയാത്ര തുടര്‍ന്നത് ദേശീയതയുടേയും രാജ്യസ്നേഹത്തിന്‍റെയും തേരുരുട്ടിക്കൊണ്ടായിരുന്നു. അതിനെതിരായി ആഫ്രിക്കയിലും ഏഷ്യയിലും വളര്‍ന്നു വന്ന സ്വാതന്ത്ര്യസമരങ്ങള്‍ക്കു പ്രചോദനമായി ഭവിച്ചതും ഈ ദേശീയതാബോധമായിരുന്നു. അത് പിന്നീട് വംശീയവും വര്‍ഗ്ഗപരവും പ്രാദേശികവും ഒക്കെയായ സങ്കുചിതവാദങ്ങളിലേക്കു വഴിതെറ്റിപ്പോയി. അപ്പോഴൊന്നും സ്വന്തം അധിവാസകേന്ദ്രങ്ങളില്‍നിന്നു പറിച്ചെറിയപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ പരക്കംപാച്ചില്‍ നിലച്ചില്ല.
പിറന്നു വളര്‍ന്ന മണ്ണില്‍നിന്നും തന്‍റേതല്ലാത്ത കാരണങ്ങളാല്‍ ആട്ടി ഓടിക്കപ്പെട്ടവരാണ് അഭയാര്‍ത്ഥികള്‍ അഥവാ സ്ഥാനഭ്രഷ്ട്രര്‍ (displaced persons). മദ്ധ്യകാലഘട്ടങ്ങളിലും മതനവീകരണത്തിനുശേഷവും മതവുമായി ബന്ധപ്പെട്ട അഭയാര്‍ത്ഥികള്‍ യൂറോപ്പിലെ സാമൂഹിക സാമ്പത്തിക ചരിത്രത്തില്‍ ഒരു വലിയ പ്രശ്നമായി ഉയര്‍ന്നുവന്നിരുന്നു. പശ്ചിമയൂറോപ്പില്‍നിന്ന് യഹൂദന്മാരും പ്രൊട്ടസ്റ്റന്‍റ് രാജ്യങ്ങളില്‍ നിന്ന് കത്തോലിക്കരും കത്തോലിക്കാരാജ്യങ്ങളില്‍ നിന്ന് പ്രൊട്ടസ്റ്റന്‍റുകാരും നിഷ്ക്കാസിതരായി. രണ്ടാം ലോകമഹായുദ്ധകാലത്ത് സ്വന്തം നാടും വീടും ഉപേക്ഷിച്ചുപോകാന്‍ നിര്‍ബ്ബന്ധിതരായ ദശലക്ഷക്കണക്കിനു ജനങ്ങള്‍ ചരിത്രത്തിലെ അഭയാര്‍ത്ഥി പ്രവാഹത്തിന്‍റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നു പാക്കിസ്ഥാനിലേക്കു ഓടിപ്പോകാന്‍ നിര്‍ബ്ബന്ധിതരായ മുസ്ലീംങ്ങളും പാക്കിസ്ഥാനില്‍ നിന്നു ഇന്ത്യയിലേക്കു വന്ന ഹിന്ദുക്കളും അഭയാര്‍ത്ഥികളുടെ പട്ടികയിലാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. അഭയാര്‍ത്ഥിപ്രവാഹം പോലെതന്നെ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കലും എക്കാലത്തും ലോകരാഷ്ട്രങ്ങള്‍ക്കൊരു തലവേദനയായിരുന്നു. ടിബറ്റ് വിട്ടുപോകേണ്ടി വന്ന ദലൈലാമ അനുകൂലികള്‍, ജര്‍മ്മനിയുടെ വെട്ടിമുറിക്കലും പിന്നീട് നടന്ന ബര്‍ലിന്‍ മതില്‍ പൊളിച്ചു മാറ്റലും സോവ്യറ്റു യൂണിയന്‍റെ തകര്‍ച്ചയെ തുടര്‍ന്നു ജനങ്ങള്‍ക്കു അഭിമുഖീകരിക്കേണ്ടി വന്ന കൂടുവിട്ടുള്ള കൂടുമാറലും എല്ലാം ചില ഉദാഹരണങ്ങളാണ്.
അഭയാര്‍ത്ഥി പ്രശ്നവും ഐക്യരാഷ്ട്രസഭയുടെ ഇടപെടലും
അഭയാര്‍ത്ഥികളെ സംബന്ധിച്ചുള്ള അമേരിക്കന്‍ സമിതിയുടെ കണക്കനുസരിച്ച് 16 ലക്ഷം ആളുകള്‍ 1968 നു ശേഷവും അഭയാര്‍ത്ഥികളായി ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ 1951 ലെ കണ്‍വന്‍ഷന്‍ അഭയാര്‍ത്ഥിപ്രശ്നം സജീവ പരിഗണനയ്ക്കു വിധേയമാക്കുകയുണ്ടായി. കണ്‍വന്‍ഷന്‍റെ നിര്‍വചനമനുസരിച്ച് താഴെപ്പറയുന്ന പ്രകാരത്തിലുള്ള രണ്ട് കൂട്ടരാണ് അഭയാര്‍ത്ഥികളായി പരിഗണിക്കപ്പെടുന്നത്. 1. വംശം, മതം ദേശീയത്വം ഏതെങ്കിലും തരത്തില്‍പ്പെട്ട സാമൂഹിമോ രാഷ്ട്രീയമോ ആയ സംഘത്തിലെ അംഗത്വം എന്നിവ കാരണമായി പീഡനങ്ങള്‍ക്കിരയാക്കപ്പെടും എന്ന ഭീതി നിമിത്തം സ്വന്തം രാജ്യം വിട്ടുപോകണമെന്നും രാജ്യത്തിനു വെളിയില്‍ സംരക്ഷണം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവര്‍. 2. ദേശീയത്വം അവകാശപ്പെടാന്‍ ഒരു രാജ്യം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ വരുന്നവരും മുമ്പെങ്ങോ പൂര്‍വ്വികര്‍ വസിച്ചിരുന്നതായി കേട്ടുകേള്‍വി മാത്രം ഉണ്ടായിരുന്ന രാജ്യത്തേക്കു തിരിച്ചു പോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവര്‍. അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനായി ഐക്യരാഷ്ട്രസഭ മുന്‍കയ്യെടുത്ത് ഒട്ടേറെ പരിശ്രമിച്ചിട്ടുണ്ട്. നല്ലയൊരു വിഭാഗം അഭയാര്‍ത്ഥികള്‍ പുനരധിവസിക്കപ്പെട്ടു, എങ്കിലും ഒട്ടേറെപ്പേരുടെ പ്രശ്നം ഇനിയും ബാക്കി നില്‍ക്കുന്നു.
ചരിത്രം - ബാബിലോണ്‍ പ്രവാസം മുതല്‍ സിയോണിസത്തിന്‍റെ ശക്തിപ്പെടല്‍വരെ
ബി. സി. 586 ല്‍ നെബുക്കദ്നെസ്സര്‍ ജറുസലേം നശിപ്പിച്ചതിനെ തുടര്‍ന്നു ബലമായി പിടിച്ചുകൊണ്ടുപോയ ജൂതന്മാരായിരുന്നു ചരിത്രത്തില്‍ രേഖപ്പെത്തപ്പെട്ടിട്ടുള്ള അഭയാര്‍ത്ഥി പ്രതിഭാസത്തിന്‍റെ ആദ്യത്തെ ഇരകള്‍. ബാബിലോണിയന്‍ പ്രവാസം/ അടിമത്തം ( babilonian exila) എന്നൊക്കെയാണിതറിയപ്പെട്ടത്. ബി. സി. 538 ല്‍ പേര്‍ഷ്യന്‍ രാജാവ് മഹാനായ സൈറസ് ബാബിലോണിയ പിടിച്ചെടുക്കുകയും ജൂതന്മാര്‍ക്കു പലസ്തീനിലേക്കു മടങ്ങുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ പലരും അവിടെത്തന്നെ തുടരാന്‍ താത്പര്യപ്പെട്ടു. അതോടെ ജൂതന്മാരുടെ ലോകമെങ്ങുമുള്ള ചിതറിപ്പോകലിനു തുടക്കംകുറിച്ചു. ലോകത്തെയാകെ ഏകദൈവവിശ്വാസത്തിന്‍റെ കൊടിക്കീഴില്‍ അണിനിരത്താന്‍ വേണ്ടി മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട ഒരു ദൈവികപദ്ധതിയായിരുന്നു ഈ ചിതറിപ്പോകല്‍ എന്നു വരെയുള്ള വ്യാഖ്യാനവും പില്‍ക്കാലത്ത് സിയോണിസ്റ്റുകളും ഇവാഞ്ചലിസ്റ്റുകളും ഇതിനു നല്‍കുകയുണ്ടായി. വാദത്തിനുവേണ്ടി ഇതംഗീകരിച്ചാല്‍പോലും ബൈബിള്‍ സംഭവങ്ങള്‍ക്കുശേഷം പിന്നെയും നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ജൂതന്മാര്‍ അവരുടെ പിതൃഭൂമി തേടി മടക്കയാത്ര തുടങ്ങിയതിനും അവര്‍ ലക്ഷ്യമാക്കിയ സ്ഥലത്ത് ജീവിതത്തിന്‍റെ വേരുകള്‍ പായിച്ച പാലസ്തീനികളെ അവിടെനിന്ന് ആട്ടിയോടിച്ചതിനും എന്തു ദൈവശാസ്ത്ര ന്യായീകരണമാണിവര്‍ക്കു പറയാനുള്ളത് എന്നറിയില്ല.
16 ഉം 17 ഉം നൂറ്റാണ്ടുകളിലാണ് സിയോണിസം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്. കിഴക്കന്‍ യൂറോപ്പില്‍ ജൂതന്മാര്‍ക്കെതിരായി അഴിച്ചുവിട്ട കൂട്ടക്കൊലകള്‍ സിയോണിയന്‍ സ്നേഹിതര്‍ എന്ന ഒരു അന്താരാഷ്ട്രസംഘടനയുടെ രൂപവല്‍ക്കരണത്തിലേക്കു നയിക്കുകയും ഇത് പാലസ്തീനിലേക്കുള്ള ജൂതകര്‍ഷകരുടെയും വിദഗ്ദകൈത്തൊഴിലുകാരുടെയും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരന്തരമായി ഉയര്‍ന്നുവന്നിരുന്ന ജൂതവിരുദ്ധ ചിന്തകളെ നേരിട്ടുകൊണ്ടുതന്നെ തിയോഡോര്‍ഹേഴ്സല്‍ പാലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശവാദവുമായി രംഗപ്രവേശം ചെയ്യുകയായിരുന്നു. 1897ല്‍ അദ്ദേഹം ആദ്യത്തെ സിയോണിസ്റ്റ് കോണ്‍ഗ്രസ്സ് വിളിച്ചുകൂട്ടി. ഒന്നാം ലോകയുദ്ധാനന്തരം സിയോണിസ്റ്റു പ്രസ്ഥാനത്തിനു ആക്കം വര്‍ദ്ധിച്ചു. അതോടെ പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം മൂര്‍ച്ചിച്ചു. അറബിജനത ഒന്നടങ്കം സിയോണിസ്റ്റ് പ്രസ്ഥാനത്തെ എതിര്‍ക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ജൂതരുടേയും അറബികളുടേയും അവകാശങ്ങള്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്തു. 1948ല്‍ ഇസ്രയേലിന്‍റെ രൂപവല്‍ക്കരണത്തോടെ സിയോണിസം അതിന്‍റെ ലക്ഷ്യം കൈവരിച്ചു. അതിനു വിലകൊടുക്കേണ്ടി വന്നത് ഒരു ഭൂപ്രദേശം ഒന്നാകെ ആയിരുന്നു. എണ്ണിത്തീര്‍ക്കാനാകാത്തത്ര പാലസ്തീനികള്‍ക്കു അവരുടെ ജീവനും സ്വത്തും വിലകൊടുക്കേണ്ടി വന്നു. പാലസ്തീന്‍ വിമോചനപ്പോരാളികള്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടവരുടെ പുനരധിവാസത്തിനായി തീവ്രവാദപ്രവര്‍ത്തനങ്ങളില്‍പ്പോലും മുഴുകി. അതോടെ തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഒക്കെ സ്വാതന്ത്ര്യദാഹികളായ മനുഷ്യരുടെ ദൃഷ്ടിയില്‍ മാന്യതയുടെ പരിവേഷം ലഭിച്ചു.
പാലസ്തീന്‍ അഭയാര്‍ത്ഥികളും പാശ്ചാത്യശക്തികളുടെ കുത്തിത്തിരുപ്പുകളും
ഒരുകാലത്ത് സ്വര്‍ഗ്ഗരാജ്യത്തിന്‍റെ പര്യായം എന്ന് കണക്കാക്കപ്പെട്ടിരുന്ന കാനാന്‍നാട് തന്നെയായിരുന്നു പാലസ്തീന്‍ എങ്കില്‍ ഇന്നത് ജീവിതദുരിതങ്ങളുടെ വിളഭൂമിയാണ്. ജൂതമതത്തിനും ക്രിസ്തുമതത്തിനും ഇസ്ലാംമതത്തിനും ഒരുപോലെ പുണ്യനഗരമായിരുന്നു പാലസ്തീന്‍. ചരിത്രാതീതകാലം മുതല്‍ ജനജീവിതത്തെ സമ്പുഷ്ടമാക്കിയതിന്‍റെ രേഖാചിത്രങ്ങള്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നമുക്കു ദര്‍ശിക്കാം. ബൈബിള്‍ കാലഘട്ടത്തില്‍ ഇസ്രയേല്‍, ജൂഡാ (ജൂഡിയാ) തുടങ്ങിയ രാജവംശങ്ങള്‍ ഇവിടുത്തെ ഭൂപ്രദേശങ്ങള്‍ അധീനപ്പെടുത്തി. അസ്സീറിയരും, പേര്‍ഷ്യരും, റോമും, ബൈസാന്‍റിയരും പിന്നാലെ യൂറോപ്പിലെ കത്തോലിക്കാരാജ്യങ്ങളില്‍ നിന്നെത്തിയ കുരിശുയുദ്ധക്കാരും ഓട്ടോമന്‍ തുര്‍ക്കികളും എന്നു വേണ്ട മദ്ധ്യകിഴക്കന്‍ പ്രദേശങ്ങളില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന എല്ലാ രാഷ്ട്രീയശക്തികളും പാലസ്തീന്‍ ഭൂപ്രദേശങ്ങള്‍ കയ്യടക്കിവെയ്ക്കുകയുണ്ടായിട്ടുണ്ട്. 1-ാം ലോകയുദ്ധത്തിന്‍റെ അവസാനകാലം തൊട്ട് 1948 വരെ ഐക്യരാഷ്ട്രസംഘടനയുടെ അനുശാസനപ്രകാരം ബ്രിട്ടന്‍റെ അധീനതയിലായി പാലസ്തീന്‍.
മനുഷ്യാധിവാസത്തിനു ചുരുങ്ങിയത് ലക്ഷം വര്‍ഷത്തിന്‍റെയെങ്കിലും പഴക്കമുള്ള ഇന്നത്തെ ഇസ്രയേല്‍ ഭൂപ്രദേശത്ത് ജൂത ദേശീയതയ്ക്കു പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഒരു ദേശീയരാഷ്ട്രം സ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ 19-ാം നൂറ്റാണ്ടിന്‍റെ അവസാനം തുടങ്ങിയതാണ്. ബ്രിട്ടന്‍ സിയോണിസത്തെ പിന്തുണയ്ക്കുകയും 1923ല്‍ അന്നത്തെ പാലസ്തീന്‍റെ രാഷ്ട്രീയസംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. നാസി പീഡനകാലത്ത് ജൂതന്മാരുടെ ഇങ്ങോട്ടുള്ള കുടിയേറ്റം വര്‍ദ്ധമാനമായി. ഇത് തദ്ദേശീയ അറബികളുമായുള്ള സംഘര്‍ഷം മൂര്‍ച്ചിപ്പിച്ചു. കാര്യങ്ങള്‍ വഷളായി തുടങ്ങി. അറബ്-ജൂത ഏറ്റുമുട്ടലുകളും ചോരപ്പുഴ ഒഴുകലും മാധ്യമങ്ങളില്‍ നിറഞ്ഞു. പരിഹാരം എന്ന നിലയില്‍ യു. എന്‍. ഇടപെട്ട് ഈ പ്രദേശത്തെ വ്യത്യസ്ത ജൂത- അറബ് രാഷ്ട്രങ്ങളായി വിഭജിച്ചു. ഇതിനെ അറബ് വംശജര്‍ എതിര്‍ത്തു. 1948ല്‍ ഇസ്രയേല്‍രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടതതോടെ ഈജിപ്ത്, ട്രാന്‍സ്ജോര്‍ദ്ദാന്‍, സിറിയ, ലെബാനോന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
പാശ്ചാത്യശക്തികളുടെ തന്ത്രപരമായ ഇടപെടലുകളിലൂടെ ഭൂരിപക്ഷം അറബ് രാജ്യങ്ങളെയും ഇസ്രയേലിനെതിരായ പടനീക്കത്തില്‍നിന്നു പിന്തിരിപ്പിച്ചു. പാലസ്തീനികള്‍ ഏറെക്കുറെ ഒറ്റപ്പെട്ടു. അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ പാലസ്തീന്‍ വിമോചന സംഘടന മാത്രം അവശേഷിച്ചു. ഒളിപ്പോര്‍യുദ്ധം, തീവ്രവാദം, ഭീകരപ്രവര്‍ത്തനം ഇത്തരം വാക്കുകള്‍ക്കു വ്യക്തമായ രാഷ്ട്രീയമാനം കൈവരിച്ചു തുടങ്ങിയത് ഇക്കാലത്തായിരുന്നു.
കുടഞ്ഞെറിയുക എന്ന അര്‍ത്ഥത്തിലുള്ള ഇന്തിഫാദാ (intifada) എന്ന പ്രസ്ഥാനം, ഇസ്രയേലി അധിനിവേശത്തിനെതിരെ 1987-93 കാലഘട്ടത്തില്‍ പാലസ്തീന്‍കാര്‍ നടത്തിയ പ്രക്ഷോഭമാണ് ഈ പേരിലറിയപ്പെട്ടത്. പണിമുടക്കുകള്‍, ബഹിഷ്ക്കരണങ്ങള്‍, ഇസ്രയേലിസേനയുമായുള്ള സംഘട്ടനങ്ങള്‍ ഇതായിരുന്നു അവരുടെ സമരതന്ത്രങ്ങള്‍. ലോകശ്രദ്ധ പ്രത്യേകിച്ചും പാശ്ചാത്യലോകം പാലസ്തീന്‍ പ്രശ്നത്തിന്‍റെ ഗൗരവത്തിലേക്കു ശ്രദ്ധ തിരിക്കുന്നത് ഈ കാലയളവിലായിരുന്നു. ഇസ്രായേലി സുരക്ഷസേന 1990 വരെയുള്ള കാലയളവില്‍ 16 വയസ്സില്‍ താഴെ പ്രായമുള്ള 200 ലധികം പേരുള്‍പ്പെടെ 2000 പാലസ്തീന്‍കാരെ വധിച്ചതായി അന്താരാഷ്ട്ര റെഡ്ക്രോസ് സംഘടന കണ്ടെത്തി. പാലസ്തീന്‍റെ സ്വയംഭരണത്തെക്കുറിച്ചുള്ള 1993ലെ ഇസ്രായേല്‍ പി. എല്‍ ഒ കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇന്തിഫാദാ പ്രക്ഷോഭത്തിന്‍റെ സമ്മര്‍ദ്ദം സഹായകമായി.
ഇന്ന് ഈജിപ്ത്, സിറിയ, ഇറാന്‍, ഇറാക്ക് പ്രദേശങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തരകലാപങ്ങളുടെയും ക്രമാതീതമായ അഭയാര്‍ത്ഥി നെട്ടോട്ടങ്ങളുടെയും മുഖ്യസ്രോതസ്സ് ഇവിടെ പരാമര്‍ശിച്ച ഇസ്രയേലിന്‍റെ പുനസ്ഥാപനവും ആ പേരില്‍ തദ്ദേശവാസികള്‍ക്കെതിരെ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണങ്ങളുമായിരുന്നു. ഇവിടെ ഇസ്രായേല്‍ ഒരു കരു മാത്രമായിരുന്നു. ഒരര്‍ത്ഥത്തില്‍ ഇതൊരു പുത്തന്‍കുരിശു യുദ്ധമായിരുന്നു. പാശ്ചാത്യശക്തികള്‍ക്ക് എണ്ണസമ്പന്നമായ അറബ്രാജ്യങ്ങള്‍ക്കുമേല്‍ അധീശത്വം സ്ഥാപിച്ചെടുക്കാനുള്ള ഒരു രാഷ്ട്രീയതന്ത്രം. ഏതൊരു പവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനം സ്വാഭാവികമാണല്ലൊ. അക്രമം രൂക്ഷമാകുമ്പോള്‍ പ്രതിരോധവും ശക്തിപ്പെടും. അങ്ങനെ രൂപപ്പെട്ടതാണ് ഇന്നത്തെ പല മുസ്ലീം ഭീകരപ്രവര്‍ത്തനസംഘങ്ങളും.1988-ല്‍ഹമാസ് രൂപപ്പെട്ടു. ഈ അറബി വാക്കിന്‍റെ മലയാളമൊഴിമാറ്റം ഇസ്ലാമിക പ്രസ്ഥാനം എന്നാണ്. ഇസ്രായേലിന്‍റെ നാശത്തിനും ഇസ്ലാമിക പാലസ്തീന്‍ രാജ്യത്തിന്‍റെ നിര്‍മ്മിതിക്കും സമര്‍പ്പിക്കപ്പെട്ട ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനം ആയിരുന്നു ഇത്. പല രൂപത്തില്‍ പല വേഷത്തില്‍ ഈ മേഖലയിലാകെ ഇത് ആവിര്‍ഭവിച്ചു. ഷെയ്ക് അഹമ്മദ് യാസിന്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. മുസ്ലീം സാഹോദര്യം എന്ന ആകര്‍ഷണീയമായ മുദ്രാവാക്യം ഉയര്‍ത്തിയാണ് അത് ഈ മേഖലയില്‍ ജനപിന്തുണ നേടിയത്. പലസ്തീന്‍ അമുസ്ലീംങ്ങള്‍ക്കു കീഴടങ്ങുകയില്ല എന്ന നിലപാട് മാത്രമല്ല ലോകത്തെയാകെ അമുസ്ലീംങ്ങളില്‍ നിന്നു മോചിപ്പിക്കുക എന്ന സ്വപ്നവും അവര്‍ പ്രചരിപ്പിച്ചു. നീക്കുപോക്കുകളും ഒത്തുതീര്‍പ്പുകളും അവര്‍ക്കു അന്യമായിരുന്നു. പാലസ്തീന്‍ വിമോചനസംഘടനയും ഇസ്രായേലും തമ്മിലുള്ള 1999-ലെ സമാധാന ഉടമ്പടിപോലും അവര്‍ അംഗീകരിച്ചില്ല. 2001 സെപ്റ്റംബര്‍ 11 നു ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് അല്‍ഖ്വയിദാ നേതാവ് ബിന്‍ലാദന്‍ ആസൂത്രണം ചെയ്ത വ്യോമാക്രമണം-വേള്‍ഡ് ട്രെയിഡ് സെന്‍റര്‍ തകര്‍ത്തുതരിപ്പണമാക്കിയതോടെയാണ് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇസ്ലാമിക് ഭീകരവാദം എന്ന യാഥാര്‍ത്ഥ്യത്തിലേക്കു കണ്ണു തുറന്നത്. അതുവരെ അവര്‍ക്കു സ്വന്തം ലക്ഷ്യപ്രാപ്തിക്കായി തട്ടിക്കളിക്കാവുന്ന ഒരു കളിക്കോപ്പു മാത്രമായിരുന്നു ഏത് മതമൗലികവാദവും ഭീകരപ്രവര്‍ത്തനങ്ങളും. ഇപ്പോള്‍ ഇസ്രയേല്‍ അധിനിവേശവും ജറുസലേമിലെ ഇസ്ലാമിക് ആരാധനാകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേല്‍സൈന്യം നടത്തിവരുന്ന ആക്രമണവും അതിനെതിരായ പാലസ്തീനികളുടെ ചെറുത്തുനില്പും ഒരു ഇന്തിഫാദാ (intifada) എന്നാണ് രാഷ്ട്രീയ ലേഖകര്‍ വിലയിരുത്തുന്നത്.
2015ലെ മദ്ധ്യപൂര്‍വ്വേര്‍ഷ്യയുടെ ചിത്രം മുമ്പു നടന്ന രണ്ട് ഇന്തിഫാദാ പ്രക്ഷോഭങ്ങളുടേതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. അന്നതൊരു രാഷ്ട്രീയപ്രക്ഷോഭമായിരുന്നെങ്കില്‍ ഇന്നതിനൊരു മതപരമായ പരിപ്രേക്ഷ്യം ലഭിച്ചിരുന്നു. ഇപ്പോഴത്തെ രൂപത്തില്‍ സിയോണിസം തികച്ചും മതപരമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. പണ്ട് പാണ്ഡവകൗരവ യുദ്ധത്തില്‍ പാണ്ഡവര്‍ക്കു സൂചികുത്താന്‍ പോലും സ്ഥലം അനുവദിക്കില്ലെന്നു ദുര്യോധനന്‍ വാദിച്ചതുപോലെ ബൈബിള്‍ കഥയിലെ നായക കഥാപാത്രങ്ങളായ ഇസഹാക്കിന്‍റെയും ഇസ്മായേലിന്‍റെയും സന്തതിപരമ്പരകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ നിന്നുകൊണ്ട് സ്വന്തം പിതൃസ്വത്തുക്കള്‍ക്കുമേല്‍ അവകാശം ഉന്നയിക്കുകയാണ്. ഒന്ന് വാഗ്ദത്തസന്തതിയും മറ്റേത് ദാസിയുടെ സന്തതിയും. ദാസിയുടെ പുത്രന് ഭാര്യയുടെ പുത്രനോടൊപ്പം അവകാശങ്ങള്‍ക്കര്‍ഹതയില്ലെന്നാണ് മതത്തെയൊ ദൈവത്തെയൊ ഒന്നും കാര്യമായി പരിഗണിക്കാത്ത ഇസ്രായേലിന്‍റെ അവകാശവാദം. ഇതില്‍ കഴമ്പില്ലെന്നും ഈ നാട് ദൈവം തങ്ങളുടെ പൂര്‍വ്വപിതാവായ ഇസ്മായേലിനു അവകാശമായി നല്‍കിയതാണെന്നും തങ്ങളാണ് ശരിയായ ദൈവികപാതയില്‍ സഞ്ചരിക്കുന്നതെന്നും മറ്റേത് വഴിതെറ്റിപ്പോയ ധൂര്‍ത്തുപുത്രന്മാരാണെന്നുമാണ് ഇസ്ലാമിക് ദൈവശാസ്ത്രം സമര്‍ത്ഥിക്കുന്നത്. ഈ അവകാശതര്‍ക്കത്തില്‍ തത്ക്കാലം ദൈവം കക്ഷിചേരാത്ത നിലയില്‍ കണ്‍മുന്നില്‍ക്കാണുന്ന നീതിയുടെ പക്ഷത്തുനില്‍ക്കാനെ സാമാന്യജനങ്ങള്‍ക്കു കഴിയൂ. യഹൂദകൊളോണിയലിസ്റ്റുകള്‍ വെസ്റ്റുബാങ്കിലെ പിഞ്ചുകുഞ്ഞുങ്ങളെപോലും അവരുടെ തൊട്ടിലിനോടൊപ്പം പിച്ചിചീന്തുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും പ്രകടിപ്പിക്കുന്നില്ല. മറുവശത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍റ് ദി ലവന്‍റെ എന്ന സ്വയം പ്രഖ്യാപിത ഭരണകൂടം അവരുടെ ദൈവത്തെ സാക്ഷി നിറുത്തി മനുഷ്യശിരസ്സുകള്‍ വളരെ ലാഘവത്തോടെ അറുത്തു മാറ്റുന്നു. അതില്‍ ഇസ്ലാമിക് അനിസ്ലാമിക് ഭേദമൊന്നുമില്ല. തങ്ങളെ അംഗീകരിക്കാത്തവരൊക്കെ അവര്‍ക്കു കൊല്ലപ്പെടാന്‍ യോഗ്യരായ കാഫിറുകളാണ്. മതത്തിന്‍റെ ഏറ്റവും ദുഷിച്ച രണ്ടു ചിത്രങ്ങളാണ് നമ്മളിവിടെ കാണുന്നത്. ഏതു നിമിഷത്തിലും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ മനുഷ്യനിര്‍മ്മിതമായ ഒരഗ്നിപര്‍വ്വതം ഈ മേഖലയില്‍ രൂപപ്പെടുകയാണ്. ഒറ്റപ്പെട്ട ചെന്നായ്ക്കള്‍ ( തദലാ ദൈതനാ) എന്നു സ്വയം വിളിക്കുന്ന പ്രാദേശിക സംഘങ്ങള്‍ ഒന്നു ചേര്‍ന്ന് ആക്രമണപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.(gulfnews october 24 2015) വ്യവസ്ഥാപിതമായ ഒരു സംഘടനാനേതൃത്വം പോലും ഇത്തരം ചാവേര്‍സംഘങ്ങളെ നയിക്കുന്നില്ല. ഇവര്‍ എപ്പോള്‍ ആരുടെമേല്‍ ചാടിവീഴുമെന്നു ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ഈയിടെ മുഴുവന്‍ യാത്രക്കാരോടൊപ്പം തകര്‍ന്നു വീണ ഈജിപ്ഷ്യന്‍ വിമാനത്തെ തങ്ങളാണ് തകര്‍ത്തതെന്ന ഐ. എസ് അവകാശവാദം ഇപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഭയാനകമാണ് കാര്യങ്ങള്‍! അതില്‍പ്പിന്നെ അപകടമുണ്ടായാല്‍ എങ്ങനെ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും എമര്‍ജന്‍സി എക്സിറ്റുകളിലൂടെ എങ്ങനെ രക്ഷപ്പെടണമെന്നും യാത്രയുടെ ആമുഖമായി നല്‍കുന്ന നിയമാനുസൃത മുന്നറിയിപ്പുകളെപ്പോലും ഉള്‍ക്കിടിലത്തോടെയാണ് യാത്രക്കാര്‍ ശ്രവിക്കുന്നത്. തീവ്രവാദികളുടെ ഭീഷണി ഈ മേഖലയിലെ ടൂറിസത്തെയാകെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വിവിധ ടൂറിസം ഏജന്‍സികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏകദേശം വരുന്ന 185 വര്‍ഷത്തോളം മനുഷ്യവാസത്തിനു യോഗ്യമല്ലാത്ത വിധമുള്ള റേഡിയോ ആക്ടീവ് സമതലങ്ങളായി ന്യൂയോര്‍ക്കും വാഷിംഗ്ടണും പോലുള്ള നഗരങ്ങളെപോലും മാറ്റാന്‍ ശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ എങ്ങനെ നിര്‍മ്മിക്കണമെന്നു പരിശീലിപ്പിക്കുന്ന പാഠപദ്ധതികള്‍ അല്‍ഖ്വയിദ ഇന്‍റര്‍നെറ്റു വഴി പ്രചരിപ്പിക്കുന്നതായിട്ട് സി. ഐ. എ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്ലാമിക് രാജ്യങ്ങളിലേക്കു പടരുന്ന മതതീവ്രവാദം കെട്ടഴിച്ചു വിട്ട ആഭ്യന്തരയുദ്ധം അവിടങ്ങളിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ഒരുകാലത്ത് മനുഷ്യസംസ്ക്കാരത്തിന്‍റെ സിരാകേന്ദ്രങ്ങളെന്നു കൊണ്ടാടപ്പെട്ട ഈജിപ്ത്, ഇറാന്‍, ഇറാക്ക് ഏറ്റവും ഒടുവില്‍ സിറിയ ആകെ മൊത്തം ശിഥിലീകരിക്കപ്പെട്ടിരിക്കുനില്‍ക്കുന്ന മനുഷ്യര്‍ അവിടെ തടവറയിലടയ്ക്കപ്പെട്ടതിനു തുല്യമായ ജീവിതമാണ് നയിക്കുന്നതെന്നു വാഷിംഗ്ടണ്‍ പൊസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പലരും അവരുടെ ജീവിതകാലത്തെ സമ്പാദ്യം അത്രയും കോഴയായി കൊടുത്ത്, പുറം ലോകത്തേക്കു രക്ഷപെടാന്‍ മാര്‍ഗ്ഗമൊരുക്കി കൊടുക്കുന്ന ഏജന്‍സികളുടെ കബളിപ്പിക്കലിനു വിധേയമാകുന്നതായും വാഷിംഗ്ടണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിലെ ഹോംസ് പട്ടണത്തില്‍ മാത്രം ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സുരക്ഷിതതാവളങ്ങള്‍ തേടി പലായനം ചെയ്തത് ഏതാണ്ട് ഇരുപത് ലക്ഷം പേരെങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടുത്തെ ഒരു പ്രധാന സുറിയാനിസഭയുടെ പാത്രിയര്‍ക്കീസ് തന്‍റെ ആസ്ഥാനമന്ദിരം അടച്ചുപൂട്ടി ലെബാനോനില്‍ അഭയം തേടിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ പല സഹായമെത്രാന്മാരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിക്കുകയോ വധിക്കുകയോ ചെയ്തുകൊണ്ട് അവരുടെ ജീവന്‍വെച്ച് വിലപേശല്‍ നടത്തുന്നു. ഇവിടുത്തെ സുറിയാനിസഭാമക്കള്‍ ഇതൊന്നും അറിഞ്ഞതായി നടിക്കാതെ സ്വസ്ഥമായി ഉറങ്ങുന്നു. അവര്‍ സുഖമായി ഉറങ്ങട്ടെ. സ്വന്തം മേല്‍ക്കൂരയ്ക്കു തീ പിടിക്കുമ്പോള്‍ മാത്രമെ അവരൊക്കെ കണ്ണു തുറക്കൂ. ദൈവം അവരെ അനുഗ്രഹിക്കട്ടെ.
മിക്ക ഹോംസ് നിവാസികളും, സ്വീഡന്‍, ജര്‍മ്മനി, ഈജിപ്ത്, ഗള്‍ഫ്രാജ്യങ്ങള്‍ ഇവിടങ്ങള്‍ ലക്ഷ്യമാക്കിയാണ് പലായനം ചെയ്തിരിക്കുന്നത്. അവരില്‍ എത്ര പേര്‍ ലക്ഷ്യങ്ങളില്‍ എത്തിച്ചേരും എത്രപേര്‍ പാതിവഴിയില്‍ തിരോഭവിക്കും ഇതൊന്നും കൃത്യമായി അറിയാന്‍ നമുക്കു മുമ്പില്‍ മാര്‍ഗ്ഗങ്ങള്‍ കുറവാണ്. ഇതുതന്നെയാണ് സിറിയയിലെ ഒട്ടു മിക്ക പ്രധാന പട്ടണങ്ങളുടെയും അവസ്ഥ. ജനനിബിഡമായിരുന്ന മിക്ക സ്ഥലങ്ങളും വിജനമായിരിക്കുന്നു. യുദ്ധത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രങ്ങളായി മിക്ക വിദ്യാലയങ്ങളും മാറിയിരിക്കുന്നു. സര്‍വ്വകലാശാലകളും സൈനികകേന്ദ്രങ്ങള്‍പോലും തീവ്രസ്ഫോടനശേഷിയുള്ള ബോംബാക്രമണങ്ങള്‍ക്കിരയാക്കപ്പെട്ടിരിക്കുന്നുഎന്നാണ് ലോസ്എഞ്ചല്‍ടൈംസ് എന്ന പത്രത്തിന്‍റെ ലേഖകന്‍ നല്‍കുന്ന ദൃക്സാക്ഷി വിവരണം.
തങ്ങളുടെ സ്വാധീന മേഖലകളില്‍ ആദ്യം ആഭ്യന്തരസംഘര്‍ഷങ്ങളുടെ തീ ഊതിക്കത്തിക്കുക. നിയന്ത്രണാതീതമാകുമ്പോള്‍ തങ്ങളെ സഹായത്തിനു വിളിക്കാന്‍ പാകത്തിലുള്ള പാവഭരണാധികാരികളെ ഉയര്‍ത്തിക്കൊണ്ട് വരുക, ഒടുവില്‍ അവരും തങ്ങള്‍ക്കെതിരാകുമ്പോള്‍ അന്താരാഷ്ട്രമര്യാദകളെ ലംഘിച്ചുകൊണ്ട് അങ്ങോട്ട് കടന്നുകയറുക,കീഴടക്കുക, സ്വന്തമാക്കുക ഇതാണല്ലൊ നവകൊളോണിയന്‍ തന്ത്രം. അമേരിക്ക ആദ്യം ഇത് ഇറാനിലും പിന്നീട് ഇറാക്കിലും പ്രയോഗിച്ചു. സദ്ദാംഹുസൈന്‍റെ അതേ ഗതി തന്നെ ആയിരിക്കുമൊ ഇപ്പോള്‍ സിറിയ ഭരിക്കുന്ന അല്‍ അസാദിനും സംഭവിക്കുക. ആകാശത്തില്‍ റഷ്യന്‍ വിമാനങ്ങള്‍ ഭൂമിയില്‍ ഇറാന്‍റെ സൈന്യം. ഇതിനു മദ്ധ്യത്തില്‍ അല്‍അസ്സാദും അയാളുടെ അനുകൂലികളും. തീവ്രവാദികള്‍ സങ്കേതമാക്കിയിരിക്കുന്ന പ്രദേശങ്ങള്‍ എന്ന സംശയത്തില്‍ മിക്ക സ്ഥലങ്ങളില്‍ നിന്നും വിട്ടുപോകാന്‍ സാധാരണജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ താണുപറക്കുന്ന ഹെലികോപ്റ്ററുകളില്‍നിന്നും ലഘുലേഖകളുടെ രൂപത്തില്‍ താഴേക്കു വര്‍ഷിക്കുന്നു. വരാന്‍പോകുന്ന ബോംബാക്രമണത്തെ ഭയന്നു ജനം ഭയപരവശരായി നാടും വീടും വിട്ട് യാത്രയാകുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 7.5 മില്യന്‍ ജനങ്ങളാണ് സ്വന്തം രാജ്യം ഉപേക്ഷിച്ച് സ്ഥലം വിട്ടത്. തീ പിടിച്ച ഈ പുരയില്‍ നിന്ന് എന്തെല്ലാം അടിച്ചു മാറ്റാമെന്നു ഒരു വശത്ത് യു. എസ്സും മറുവശത്ത് റഷ്യയും ഇറാനും ഇപ്പോള്‍ സഹായിക്കാനെന്ന ഭാവത്തില്‍ അങ്ങോട്ടടുക്കുകയാണ്. അഭയാര്‍ത്ഥിപ്രവാഹത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായിരുന്നു കുടിയേറിയവരില്‍ ഭൂരിഭാഗവും ലക്ഷ്യമാക്കിയത്. ഏതാണ്ട് രണ്ട് മില്യന്‍ പേരെങ്കിലും യൂറോപ്പിലേക്കുള്ള സഞ്ചാരപഥത്തില്‍ ടര്‍ക്കിയില്‍ തമ്പടിച്ചിരിക്കുന്നു. മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യകാര്യങ്ങളുടെ വിശകലന വിദഗ്ദനും വാഷിംഗ്ടണിലെ അന്തര്‍ദേശീയ രാഷ്ട്രീയപഠനകാര്യാലയത്തിന്‍റെ വക്താവും ആയ ശ്രീ. ആന്‍റണികോര്‍ഡ്സ്മാന്‍ പറയുന്നത് സിറിയ ഇനി ഒരിക്കലും പുനര്‍ജ്ജീവിക്കപ്പെടുകയില്ലെന്നാണ്. പകുതിയിലധികം ജനങ്ങളും രാജ്യത്തുനിന്ന് ബഹിഷ്ക്കൃതരാക്കപ്പെട്ടിരിക്കുന്നു. അവശേഷിക്കപ്പെട്ടവര്‍ തന്നെ യുദ്ധമേഖലകള്‍ വിട്ട് സുരക്ഷിത താവളങ്ങള്‍ തേടി അലയുന്നു. അവരില്‍ മിക്കവര്‍ക്കും വരുമാനമുള്ള ജോലിയൊ വാസസ്ഥലങ്ങളൊ ഇല്ല. അഭയാര്‍ത്ഥികള്‍ക്കു മുമ്പില്‍ തുര്‍ക്കിയും റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്. അഭയാര്‍ത്ഥികള്‍ക്കായി ഒരുക്കപ്പെട്ട സംരക്ഷിത ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും വിതരണം ചെയ്യാനെത്തുന്ന റെഡ്ക്രോസ് വാളണ്ടിയറന്മാരും കുരിശുചിഹ്നം പതിച്ച വാഹനങ്ങള്‍ പോലും അഭയാര്‍ത്ഥികളുടെ ആക്രമണത്തിനിരയാകുന്നതായി വാര്‍ത്തയുണ്ട്. അവര്‍ക്കു കുരിശ് ഒരു രക്ഷാചിഹ്നമല്ല, ആക്രമണസൂചനയാണ്. ശത്രുവാരെന്നും മിത്രമാരെന്നും തിരിച്ചറിയാനാകാത്ത സന്ദിഗ്ദ സാഹചര്യങ്ങളിലേക്കാണ് ചില നേരങ്ങളില്‍ ചില മനുഷ്യര്‍ വലിച്ചെറിയപ്പെടുന്നത്. ആര്‍ക്കെന്തു ചെയ്യാന്‍ പറ്റും?
ചരിത്രത്തില്‍ നിന്നു നമ്മള്‍ ഒന്നും പഠിക്കുന്നില്ലെന്നതാണ് നമ്മള്‍ ഇതിനകം പഠിച്ച ഒരേയൊരു പാഠം. മതം ഒരിക്കല്‍ ഒരു നല്ല ആപ്പിള്‍ പഴം ആയിരുന്നു. പിന്നീട് എന്നൊ അതിലൊരു പുഴു കടന്നുകൂടി. മൗലികതാവാദം എന്ന പുഴു അവിടെയിരുന്നു മുട്ടയിട്ടു പെരുകി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീവ്രവാദവും ഭീകരപ്രവര്‍ത്തനവും ഉള്‍പ്പെടെയുള്ള സകലമാന വിഷസര്‍പ്പങ്ങളും അതില്‍നിന്നു പുറത്തുവന്നു. മതവും മറ്റ് മാനവികതാമൂല്യങ്ങളും ജന്മം നല്‍കിയ സകല നല്ലതുകള്‍ക്കെതിരെയും ആ വിഷസര്‍പ്പം ഫണം ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ചയാണ് ഇന്നു നമ്മള്‍ സര്‍വ്വത്ര കാണുന്നത്. ഇതില്‍ ജൂത, ക്രൈസ്തവ, ഇസ്ലാം, ഹിന്ദു ഭേദങ്ങളൊന്നുമില്ല.
പുരാണത്തിലെ പരീക്ഷിത്ത് രാജാവിന്‍റെ കഥയാണ് ഓര്‍മ്മവരുന്നത്. തക്ഷകദംശനമേറ്റ് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്ന മുനിശാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ രാജാവ് സര്‍വ്വസന്നാഹങ്ങളുമായി കൊട്ടാരത്തിലെ പ്രത്യേകം സജ്ജമാക്കിയ മാളികമുറിയില്‍ അഭയം തേടി. ഒരു സര്‍പ്പത്തിനും കടന്നുവരാനാകാത്ത തരത്തിലുള്ള കാവലും ഏര്‍പ്പെടുത്തി. അഥവാ എങ്ങാനും കടിയേറ്റു പോയാല്‍ തല്‍ക്ഷണം ചികിത്സിച്ചു സുഖപ്പെടുത്താന്‍ പ്രാപ്തരായ കശ്യപ്യന്‍ ഉള്‍പ്പെടെയുള്ള ഭിഷഗ്വരന്മാരേയും ഏര്‍പ്പാടു ചെയ്തു. തക്ഷകന്‍ കൊട്ടാരത്തിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ കശ്യപ്യന്‍ എന്ന പ്രസിദ്ധ വിഷചികിത്സകനെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. വരാനുള്ളതുണ്ടോ വഴിയില്‍ തങ്ങു. രാജഭക്തന്മാരായ ബ്രാഹ്മണര്‍ രാജാവിനു സമര്‍പ്പിക്കാന്‍ കൊണ്ടുവന്ന ആപ്പിള്‍ പഴങ്ങളില്‍ ഒന്നില്‍ തക്ഷകന്‍ കണ്ണു വെട്ടിച്ച് ഒരു കുഞ്ഞു കീടമായി കടന്നുകൂടി. ഏഴു ദിവസത്തെ വിശപ്പിന്‍റെ കാഠിന്യം അലട്ടിയപ്പോള്‍ ആ ആപ്പിള്‍ പഴങ്ങളില്‍ ഒന്ന് രാജാവ് കടിച്ചു പൊട്ടിക്കാന്‍ ഭാവിച്ചു. തത്ക്ഷണം അതിലൊളിച്ചിരുന്ന തക്ഷകന്‍ തന്‍റെ തനിസ്വരൂപം കാണിച്ചു. ഉഗ്രവിഷം വര്‍ഷിച്ചുകൊണ്ട് പരീക്ഷിത്തിനെ കടിച്ചുകൊന്നു. ഇതു തന്നെയാകാം മനുഷ്യവംശത്തെ തുറിച്ചുനോക്കുന്ന അന്തിമവിധി. സര്‍വ്വമതസമഭാവനയെ അംഗീകരിക്കാത്ത ബഹുസ്വരസംസ്കൃതിയെ നിഷേധിക്കുന്ന ഏതു മതക്കാരായാലും ഏതുരാജ്യക്കാരായാലും നമ്മളെ കടിച്ചുകൊല്ലാന്‍ നമ്മള്‍ താലോലിക്കുന്ന മതമൗലികതാവാദം എന്ന, പുറമെ മനോഹരമായ ആപ്പിള്‍പ്പഴത്തില്‍ ഒരു തക്ഷകന്‍ കീടരൂപത്തില്‍ ഒളിച്ചിരിക്കുന്നു.
Featured Posts
bottom of page