top of page

പുരോഹിതന്‍

Feb 1, 2009

2 min read

ഷാജി കരിംപ്ലാനിൽ
Pope Francis

പഴയനിയമത്തില്‍ അബ്രാഹത്തിന്‍റെ വിശ്വാസത്തിനു പ്രതിഫലമായി, മകന്‍ ഇസഹാക്കിനു പകരം, യഹോവ ഒരു ആടിനെ ബലിയര്‍പ്പിക്കാനായി അദ്ദേഹത്തിനു കൊടുക്കുന്നുണ്ട്. പക്ഷേ ഈ ആട്, ബലിയെയും ദൈവത്തെയുമൊക്കെ എങ്ങനെയായിരിക്കും നോക്കിക്കണ്ടത്? ഈ ആടിന്‍റെ പോലും വേദനയെ നെഞ്ചിലേറ്റിയവനായിരുന്നു പുതിയ നിയമത്തിലെ യേശു. അതുകൊണ്ടവന്‍ തീരുമാനിച്ചു: ഇനിമേല്‍ ദൈവത്തിനും സ്വര്‍ഗ്ഗത്തിനും വേണ്ടി ഒരാടിന്‍റെ പോലും ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല. ആടുകളെ ബലിയര്‍പ്പിക്കാതിരുന്നിട്ടും, ജന്മം കൊണ്ട് പുരോഹിത ഗോത്രത്തില്‍ പെടാതിരുന്നിട്ടും അവന്‍ മഹാപുരോഹിതനായത് അങ്ങനെയാണ് - ആടുകള്‍ക്കു പകരമായി ആത്മത്യാഗം ചെയ്ത്.

ഇടയസങ്കല്പവുമായി ബന്ധപ്പെടുത്തി പ്രചാരത്തിലിരിക്കുന്ന പൗരോഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ നമുക്കു സുപരിചിതമാണ്. പുരോഹിതന്‍ ഇടയനും ജനം അജഗണവുമായതുകൊണ്ട്, പുരോഹിതന്‍ ഭരിക്കേണ്ടവനും നയിക്കേണ്ടവനും പഠിപ്പിക്കേണ്ടവനുമാണ്. അപ്പോള്‍ അജഗണമോ? അവര്‍ ഭരിക്കപ്പെടേണ്ടവരും നയിക്കപ്പെടേണ്ടവരും പഠിപ്പിക്കപ്പെടേണ്ടവരും ആയി മാറുന്നു. അങ്ങനെയൊക്കെ സംഭവിച്ചു പോകുന്നതുകൊണ്ടാണ് ഒരു കോളേജദ്ധ്യാപകന്‍ വേദനയോടെ പറഞ്ഞത്, അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥിയായ ഒരു പുരോഹിതന്‍ ആ കോളേജിലെ തന്നെ പ്രിന്‍സിപ്പാളായപ്പോള്‍, അദ്ദേഹത്തെ പേരു വിളിച്ചാണു അഭിസംബോധന ചെയ്യുന്നതെന്ന്. യേശു പക്ഷേ ഭരിക്കുകയായിരുന്നില്ല, കാലു കഴുകുകയായിരുന്നു; നേതാവായി ചമയുകയായിരുന്നില്ല, ദാസനാകുകയായിരുന്നു; പഠിപ്പിക്കുക എന്നതിനെക്കാളുപരി ജീവിതം കൊണ്ട് വെല്ലുവിളിയുയര്‍ത്തുകയായിരുന്നു. ആടുകള്‍ ഇടയനു വേണ്ടിയായിരുന്നില്ല, ഇടയന്‍ ആടുകള്‍ക്കുവേണ്ടിയായിരുന്നു ജീവിച്ചത്. "നല്ലൊരു പള്ളിമുറി പോലുമില്ല" എന്ന പരാതിയോ, "മൊബൈല്‍ റേഞ്ചില്ലാത്ത കുഗ്രാമം" എന്ന പരിഹാസമോ അവനില്‍ നിന്നുയര്‍ന്നില്ല.

ഭരിക്കുക, പഠിപ്പിക്കുക, നയിക്കുക എന്നീ ത്രിവിധ ദൗത്യങ്ങളുടെ കാര്യത്തില്‍ പോലും എത്രമാത്രം സുസജ്ജരായിട്ടാണ് ഇന്നത്തെ പുരോഹിതര്‍ സെമിനാരികളില്‍ നിന്നു പുറത്തേയ്ക്കിറങ്ങുന്നതെന്നു ആത്മാര്‍ത്ഥമായ ഒരന്വേഷണം നടത്തേണ്ടിയിരിക്കുന്നു. കേരള സാംസ്കാരിക മണ്ഡലത്തില്‍ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി നില്‍ക്കാന്‍ മാത്രം ജ്ഞാനമുള്ള എത്ര വൈദികരുണ്ട്? ആത്മീയ ജീവിതത്തിന്‍റെ അരികുകളില്‍നിന്ന് ആഴങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ തക്കവിധം ആത്മീയ ദര്‍ശനമുള്ളവരാണോ എല്ലാ ആത്മീയ പാലകരും? 'നമുക്കു പ്രാര്‍ത്ഥിക്കാം' ഒന്നു മറന്നതിന്‍റെ പേരില്‍, സാരിത്തലപ്പ് ഒന്നൂര്‍ന്നുപോയതിന്‍റെ പേരില്‍ ക്ഷുഭിതരായിപ്പോകുന്ന വൈകാരിക പക്വതയില്ലാത്തവരുമില്ലേ പുരോഹിതരുടെ ഇടയില്‍?

വെറുതെ വിരല്‍ ചൂണ്ടുകയല്ല. ആരാലും അറിയപ്പെടാതെ, നിശ്ശബ്ദരായി യേശുവിന്‍റെ ജീവിതശൈലി പിന്‍തുടരുന്ന അനേകരുണ്ടിവിടെ. പക്ഷേ നമ്മള്‍ പൂജിച്ചുപോയ, ഇനിയും പൂജിക്കാനാഗ്രഹിക്കുന്ന ചില വിഗ്രഹങ്ങളെങ്കിലും പെട്ടെന്നുടഞ്ഞു പോകുന്ന കളിമണ്‍ വിഗ്രഹങ്ങളാണെന്നറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു വേദനയുണ്ട്. ഈ വേദന വെറുപ്പായി മാറുമ്പോഴാണ് മിമിക്രിക്കാരന്‍ "കുഞ്ഞാടുകളേ" എന്നു വിളിച്ചു വൈദികരെ പരിഹസിക്കുന്നത്.

ക്രിസ്തു മാറിനിന്ന ഒരിടയനായിരുന്നില്ല, അജഗണത്തിലൊരംഗം പോലെയായിരുന്നു. അതുകൊണ്ടാണ് സകലരാലും പരിഹസിക്കപ്പെട്ടിരുന്നവള്‍ക്ക് ഏമാന്‍റെ വീട്ടിലിരുന്നു വിരുന്നുണ്ണുന്ന യേശുവിന്‍റെയടുത്തു സധൈര്യം കടന്നു ചെല്ലാനായത്. മതപുരോഹിതന്മാര്‍ കുഷ്ഠരോഗത്തെ ദൈവനിയമമുപയോഗിച്ച് വ്യാഖ്യാനിച്ച് രോഗിയുടെമേല്‍ രോഗത്തിനു പുറമേ പാപംകൂടി വച്ചുകെട്ടിയപ്പോള്‍, അവന്‍ സകല നിയമവും മാറ്റി വച്ച് അവരെ സ്പര്‍ശിക്കുകയായിരുന്നു. ഒരുടുപ്പുണ്ടായിരുന്നത് അലക്കി, ഉണക്കാനിട്ടിട്ട് മറ്റൊന്നില്ലാതെയാണു "ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍" എന്നവന്‍ പഠിപ്പിച്ചത്.

വഴിപോക്കന്‍ കൈകൂപ്പി "ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ" ചൊല്ലുമ്പോള്‍ അതു വൈദികന് ഓര്‍മ്മപ്പെടുത്തലായി, വെല്ലുവിളിയായി മാറണം. താന്‍ ആരുടെ പകര്‍പ്പായാണ് നടക്കുന്നതെന്ന വിചാരം അയാളെ നിരന്തരം ശല്യപ്പെടുത്തട്ടെ. ഈ വൈദികവര്‍ഷം വൈദികരെ ആത്മവിമര്‍ശനത്തിനു പ്രേരിപ്പിക്കട്ടെ. പുറത്തുള്ളവരെക്കാള്‍ കൂടുതല്‍ ഒരു പ്രസ്ഥാനം ഭയക്കേണ്ടത് അകത്തുള്ളവരെയാണ്. യേശുവിന്‍റെ ശിഷ്യര്‍മൂലം യേശു പരാജയപ്പെട്ടുകൂടാ. യേശു സ്വന്തമെന്നു കരുതിയ കരുത്തു കുറഞ്ഞവര്‍ പരാജയപ്പെട്ടുകൂടാ. ഇന്നത്തെ ഇടയര്‍ അന്നത്തെ ഇടയനെ നെഞ്ചിലേറ്റി, അജഗണത്തിന്‍റെ ഭാഗമായിത്തീരുക

Featured Posts

Recent Posts

bottom of page