സംശയിക്കുന്ന തോമ്മാ

സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും കാരണഭൂതനുമായ ദൈവം, എന്തിനു തിന്മയ്ക്കു ജന്മം നൽകി? ഭൂത-ഭാവി-വർത്തമാന കാലങ്ങൾ എല്ലാം അറിയുന്ന ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പെ അറിഞ്ഞിരുന്നല്ലോ അവരിൽ കുറെ പേർ തിന്മ ചെയ്യുമെന്ന്. പിന്നെ എന്തിന് അവരെ സൃഷ്ടിച്ചു? അപ്പോൾ അവിടന്നു തന്നെയല്ലേ അവരുടെ പാപത്തിനും നാശത്തിനും ഉത്തരവാദി? അസ്സീസിയിലൂടെ ഉത്തരം പ്രതീക്ഷിക്കുന്നു.
Binoy George,
Ahmedi-61003,
Kuwait
(കഴിഞ്ഞ രണ്ടു ലക്കങ്ങളിൽ നിന്നു തുടർച്ച)
പ്രിയപ്പെട്ട ബിനോയ്,
തിന്മ എങ്ങനെ, എവിടെ നിന്നുണ്ടായി, എങ്ങനെ നമുക്കതിനോടു പ്രതീകരിക്കാനാവും എന്നതാണ് ഏറെ സങ്കീർണവും ഉത്തരം നൽകാൻ ഏറ്റം പ്രയാസമുള്ളതുമായ ചോദ്യം. ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ മനുഷ്യൻ വീണ്ടും വീണ്ടും ചോദിക്കുന്ന ചോദ്യമാണിതെന്നു പറയാം. തത്ത്വചിന്തകരും മതപണ്ഡിതരും ദൈവശാസ്ത്രജ്ഞരുമെല്ലാം ഈ ചോദ്യത്തിനുത്തരം നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ പൂർണമായി തൃപ്തികരമായ ഒരുത്തരം നൽകാൻ ഇതേവരെ ആർക്കും കഴിഞ്ഞിട്ടില്ല. ഇനിയൊട്ടു കഴിയുമെന്ന് തോന്നുന്നുമില്ല. ചില സൂചനകൾ നൽകാനും ഉൾകാഴ്ചകൾ പങ്കുവെക്കാനും മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ധാർമികമായ തിന്മയും ഭൗതികമായ തിന്മയും
തിന്മയെ ധാർമികമായ തിന്മയെന്നും ഭൗതികമായ തിന്മയെന്നും രണ്ടായി തരം തിരിക്കാമെന്നു കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. അറിവോടും സമ്മതത്തോടുംകൂടി മനുഷ്യനെടുക്കുന്ന അധാർമികമായ തീരുമാനവും തദനുസൃതമായ പ്രവർത്തിയോ അഥവാ ഉപേക്ഷയോ ആണെന്നു പറയാം ധാർമികമായ തിന്മ. പ്രകൃതിയിൽ നിന്നോ മറ്റു മനുഷ്യരിൽനിന്നോ സ്വന്തം തീരുമാനങ്ങളുടെ ഫലമായോ മനുഷ്യനു സഹിക്കേണ്ടിവരുന്ന ഹിതകരമല്ലാത്ത കാര്യങ്ങളെ ഭൗതിക തിന്മയെന്നു പൊതുവെ പറയാം. ഇവ രണ്ടും തമ്മിലുള്ള ബന്ധം വളരെയേറെ സങ്കീർണമാണ്.
ഒരുവൻ ചെയ്യുന്ന, അഥവാ ചെയ്‌തിട്ടുള്ള ധാർമിക തിന്മയും സഹിക്കുന്ന ഭൗതിക തിന്മയും തമ്മിൽ എപ്പോഴും ബന്ധമുണ്ടെന്നോ ഒരിക്കലും ബന്ധമില്ലെന്നോ പറയാനാവില്ല. അത് ദൈവത്തിൻ്റെ രഹസ്യമാണ്. ഇവ തമ്മിൽ എപ്പോഴും ബന്ധമുണ്ടെന്നതായിരുന്നു യഹൂദരുടെ ധാരണ. വി ബൈബിളിൽ ജോബിന്റെ പുസ്‌തകം ഈ ധാരണയെ തിരുത്തുന്നതായി നാം വായിക്കുന്നുണ്ട്. അതുപോലെതന്നെ യേശുനാഥനും ഈ സങ്കല്പത്തെ തിരസ്‌കരിക്കുന്നു. ജന്മനാ അന്ധനായിരുന്ന ഒരുവനെ കണ്ട് ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: "റബ്ബീ, ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവൻ്റെ മാതാപിതാക്കളുടെയോ? യേശു മറുപടി പറഞ്ഞു: ഇവൻ്റെയോ ഇവൻ്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ് (യോഹ 9, 2-3). പ്രകൃതിയുടെ കഠോരതയേറ്റുവാങ്ങി കുരുടരും ചെകിടരും മുടന്തരുമൊക്കെയായി പിറന്നവരോടും, പലതരത്തിലുള്ള രോഗങ്ങളാൽ പീഡിതരായിരുന്നവരോടും, മതവും സമുദായവും ഭ്രഷ്ടുകല്പിച്ച് അകറ്റിനിർത്തിയിരിക്കുന്നവരോടും അനീതി നിറഞ്ഞ സാമൂഹിക ഘടനകളുടെ ക്രൂരദംഷ്ട്രകൾക്കുള്ളിൽ അരഞ്ഞു ചതഞ്ഞ ദരിദ്രരും മർദിതരുമായ ജനവിഭാഗങ്ങളോടുമെല്ലാം യേശുവിന് പ്രത്യേകമായ ഒരു ഉള്ളടുപ്പമുണ്ടായിരു ന്നു. അവരുടെ യാതനകളും വേദനകളും അവരുടെ പാപത്തിന്റെ ഫലമല്ലെന്നും പലപ്പോഴും, മറ്റുള്ളവർ പ്രവർത്തിക്കുന്ന അനീതിയുടെ ബലിയാടുകളാണ് അവരെന്നും യേശുവിന് അറിയാമായിരുന്നു. അതു കൊണ്ടുതന്നെയാണ് മതവും സമുദായവും അനീതി നിറഞ്ഞ സാമൂഹിക - സാമ്പത്തിക ഘടനകളുമെല്ലാം മനുഷ്യന് കൂച്ചു വിലങ്ങിടുന്നതിനെ അവിടന്ന് അങ്ങേയറ്റം എതിർത്തതും, ഈ പതിതരെയും മർദിതരെയുമെല്ലാം മോപിപ്പിച്ച് സാകല്യമായ രക്ഷയിലേക്ക് ആനയിക്കാനും അവിടന്നു മുന്നോട്ടുവന്നതും തന്റെ ജീവിതം തന്നെ അതിനുവേണ്ടി ഉഴിഞ്ഞുവെച്ചതും.
പല നല്ലമനുഷ്യരും കണക്കില്ലാതെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിക്കുന്നതു നാം കാണാറുണ്ട് വിശുദ്ധർ പോലും സഹനത്തിൽനിന്ന് മോചിതരായിരുന്നില്ല എന്ന് നമുക്കറിയാം. ദൈവം സ്നേഹിക്കുന്നവരെ അവിടന്ന് സഹനത്തിന്റെ മൂശയിലുടെ ശുദ്ധീകരിച്ച് സ്നേഹത്തിൽ വളർത്തുന്നുവെന്ന് പല വിശുദ്ധരുടെയും ജീവിതം തെളിയിക്കുന്നു. പരിശുദ്ധ കന്യകാമറിയവും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുമൊക്കെ അതിനു ഉദാഹരണങ്ങളാണല്ലോ.
അതേസമയം, ഭൗതിക തിന്മ പാപത്തിനുള്ള ശിക്ഷയാകാമെന്ന സൂചനയും യേശു നൽകുന്നുണ്ട്. ജറൂസലേമിൽ ബേത്സ്‌ഥാ കുളത്തിനടുത്ത് 38 വർഷം രോഗിയായി കിടന്നിരുന്ന ഒരുവനെ യേശു സുഖപ്പെടുത്തിയ സംഭവം വി. യോഹന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നുണ്ടല്ലോ. സുഖമായവനെ പിന്നീട് ദേവാലയത്തിൽ വെച്ചു കണ്ടപ്പോൾ യേശു അവനോടു പറഞ്ഞു: "ഇതാ നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതൽ മോശമായതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത് " (യോഹ 5, 14). അയാൾക്കുണ്ടായ ദുരന്തം പാപത്തിനുള്ള ശിക്ഷയായിരുന്നുവെന്ന സൂചന ഈ വാക്യം ഉൾക്കൊള്ളുന്നുണ്ടല്ലോ. സമാന്തര സുവിശേഷങ്ങളിലും ഇങ്ങനെയൊരു സൂചന ചില ബൈബിൾ പണ്ഡിതന്മാർ കാണുന്നുണ്ട്. ഒരു തളർവാതരോഗിയെ കുറെപ്പേർ ചേർന്ന് ശയ്യയോടെ യേശുവിൻ്റെ മുമ്പിലേക്കു കൊണ്ടുവന്നു. ശാരീരിക സൗഖ്യമാണ് തളർവാതരോഗിയും അയാളെ സംവഹിച്ചിരുന്നവരും യേശുവിൽ നിന്നും പ്രതീക്ഷിച്ചത്. എന്നാൽ, അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോടു പറഞ്ഞു: "മകനേ, ധൈര്യമായിരിക്കുക, നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (മത്താ 9, 2 cfr; മർക്കോ 2, 1-12; ലൂക്ക 5, 17-26) അയാളുടെ രോഗത്തിനുള്ള അടിസ്ഥാനപരമായ കാരണം പാപമായിരുന്നതു കൊണ്ടായിരിക്കാം രോഗശാന്തി നൽകുന്നതിനു മുമ്പുതന്നെ യേശു പാപത്തിനു മോചനം നൽകുന്നതെന്നത്രേ ഈ ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
ശരീരവും മനസ്സും ആത്മാവും മനുഷ്യനിലുള്ള ഒറ്റപ്പെട്ടതും വ്യതിരിക്തങ്ങളുമായ പ്രതിഭാസങ്ങളല്ല ആന്തരികവും അതിഗാഢവുമായ ബന്ധമാണ് അവ തമ്മിലുള്ളത്. ആത്മാവിൻ്റെയും മനസ്സിന്റെയും അവസ്ഥാന്തരങ്ങൾ ശരീരത്തിലും പ്രതിഫലിക്കുന്നു. ആത്മാവിലും മനസ്സിലുമുള്ള പിരിമുറുക്കങ്ങൾ ശാരീരികമായ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയും കാര്യത്തിൽ ആത്‌മാവും മനസ്സും ശരീരവും തമ്മിലുമുള്ള പാരസ്പര്യം ഇന്ന് മനഃശാസ്ത്രം അംഗീകരിക്കുന്ന ഒരു വസ്തുതയാണ്.
ആത്മാവിനും മനസ്സിനും ലഭിക്കുന്ന സ്വാസ്ഥ്യം പലപ്പോഴും ശരീരത്തിൽ പ്രതിഫലിക്കുന്നതും അത്ഭുതകരമെന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗശാന്തികൾ തന്നെ സംഭവിക്കുന്നതും നാം ഇന്നു കാണുന്നുണ്ടല്ലോ. ഒരുവൻ ചെയ്യുന്ന ധാർമികമായ തിന്മയും സഹിക്കുന്ന ഭൗതികമായ തിന്മയും തമ്മിൽ ചിലപ്പോഴെങ്കിലും ബന്‌ധമുണ്ട് എന്ന് ഇതു സൂചിപ്പിക്കുന്നു. ഈ ബന്‌ധത്തെപ്പറ്റി താത്ത്വികമായ ഒരു പ്രതിപാദനത്തിനു മുതിരുന്നത് ബാലിശമായിരിക്കും. കാരണം അത് ദൈവത്തിൻ്റെ രഹസ്യമാണ്.
എങ്കിലും, അനുഭവത്തിൽ തെളിയുന്ന ചില ചിത്രങ്ങളിലേക്കു വിരൽ ചൂണ്ടുന്നതു തെറ്റായിരിക്കുമെന്നു തോന്നുന്നില്ല. ഈ ചിത്രങ്ങൾ അപൂർണങ്ങളാണെന്നും അവയുടെ വരകളും നിഴലുകളും ചെന്നവസാനിക്കുന്നത് ദൈവിക രഹസ്യത്തിലാണെന്നും ഓർത്തിരിക്കണമെന്നു മാത്രം
ചില അപൂർണ ചിത്രങ്ങൾ
ചിത്രം ഒന്ന്
മത്തായിച്ചേട്ടൻ്റെ മൂന്നുമക്കളിൽ മൂത്തവനാണ് ജോണി. ജോണിയുടെ അനുജത്തി ഗ്രേസി, ഗ്രേസിയുടെ ഇളയത് ജോയി. മത്തായിച്ചേട്ടൻ സാധാരണക്കാരനായ ഒരു കൃഷിക്കാരനാണ്. ജോണി പത്താം ക്ലാസ്സുവരെ പഠിച്ചു. അതിനുശേഷം അപ്പനെ സഹായിക്കാൻ വേണ്ടി പഠനം നിറുത്തേണ്ടി വന്നു. കൃഷിയിലും വീട്ടുജോലികളിലുടെയെല്ലാം അവൻ താല്പര്യപൂർവം സഹകരിച്ചു. ഗ്രേസിയെ പ്രീഡിഗ്രി വരെ പഠിപ്പിച്ചു. കൂടുതൽ പഠിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടു കാരണം കഴിഞ്ഞില്ല.
മൂന്നാലുകൊല്ലത്തിനുശേഷം സാമാന്യം തരക്കേടില്ലാത്ത ചുറ്റുപാടുകളിൽ അവളെ കല്യാണം ചെയ്തയച്ചു. ജോയിയെ എങ്ങനെയെങ്കിലും പഠിപ്പിച്ചു മിടുക്കനാക്കണമെന്നു മത്തായിച്ചേട്ടനും അയാളുടെ ഭാര്യക്കും അതുപോലെ തന്നെ ജോണിക്കും ഗ്രേസിക്കുമെല്ലാം വലിയ ആഗ്രഹമായിരുന്നു. വളരെ കഷ്ടപ്പെട്ടാണെങ്കിലും അവർ അവനെ കോളജിൽ വിട്ടു പഠിപ്പിച്ചു. ഡിഗ്രി ക്ലാസ്സിൽ കയറിയതോടെ കാമ്പസ് രാഷ്ട്രീയത്തിലും പാർട്ടി പ്രവർത്തനങ്ങളിലുമെല്ലാം മുഴുകിയ ജോയിക്ക് കോളജു പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്നുള്ള അയാളുടെ ജീവിതം യാതൊരു അടുക്കും ചിട്ടയുമില്ലാത്തതായിത്തീർന്നു. രാവിലെ ഏഴുമണി വരെ ഉറക്കം. പ്രഭാത ഭക്ഷണം കഴിഞ്ഞാൽ ഉച്ചവരെ പൈങ്കിളികഥകൾ വായന. ഉച്ചകഴിഞ്ഞാൽ കൂട്ടുകാരുമായി കവലകളിലും തീയറ്ററുകളിലും ചീട്ടു കളിയും മദ്യപാനവും മിക്ക ദിവസവും മുടക്കാറില്ല. രാത്രിയിൽ എല്ലാവരും കിടന്നു കഴിഞ്ഞാകും വരിക. അമ്മ മാത്രം ചോറും കറിയും വിളമ്പി വെച്ചു നോക്കിയിരിക്കും. മറ്റു ജോലികൾക്കൊന്നും സാധ്യതയില്ലെങ്കിൽ വീട്ടിൽനിന്ന് അപ്പനെയും ചേട്ടനെയും സഹായിക്കാൻ പലരും ഗുണദോഷിച്ചു. യാതൊരു ഫലവുമുണ്ടായില്ല. വർഷങ്ങൾ കടന്നുപോയി. മത്തായിച്ചേട്ടനും അയാളുടെ ഭാര്യയും കാലയവനികക്കുള്ളിൽ മറഞ്ഞു. ജോണി ഇപ്പോൾ സാമാന്യം നല്ല സാമ്പത്തികശേഷിയുള്ള ഒരു കൃഷിക്കാരൻ. ഭാര്യയും മക്കളുമെല്ലാം നല്ല ഉത്സാഹശാലികൾ, മക്കൾ കോളജിൽ പഠിക്കുന്നു. വീട്ടിൽ രാവിലെ അപ്പനെയും അമ്മയെയും സഹായിച്ചിട്ടാണ് അവർ കോളജിൽ പോകുന്നത്. പഠനത്തിലും എല്ലാവരും മിടുക്കർ.
ജോയിക്കും ജോണിയോടൊപ്പം കുടുംബസ്വത്തിന്റെ വീതം കിട്ടിയിരുന്നെങ്കിലും, അതിൻ്റെ നല്ല ഒരു ഭാഗം അയാൾ വിറ്റ് ധൂർത്തടിച്ചു. സാമ്പത്തികമായി അയാളുടെ കുടുംബം വല്ലാത്ത ഞെരുക്കത്തിലാണ്. ഭാര്യയും അഞ്ചുകുട്ടികളുമുണ്ടെങ്കിലും, കാര്യമായ ഒരു ജോലിയും അയാൾ ചെയ്യാറില്ല. കടം വാങ്ങിയതൊന്നും തിരിച്ചു കൊടുക്കാത്തതുകൊണ്ട് ഇപ്പോൾ ആരും കടം കൊടുക്കുകയില്ല. വീട്ടിൽ പലപ്പോഴും പട്ടിണിയാണ് എന്നാലും, രൂപാ ജോയിയുടെ കൈയിൽ കിട്ടിയാൽ അടുത്ത മദ്യഷാപ്പിൽ വെച്ചുതന്നെ പോക്കറ്റ് മിക്കവാറും കാലിയാകും. ഇപ്പോൾ ഏതോ മാറാരോഗവും അയാളെ ബാധിച്ചിരിക്കുന്നു.
**
ചിത്രം രണ്ട്
വറീച്ചനും കറിയാച്ചനും അയൽക്കാരും ഉറ്റമിത്രങ്ങളുമാണ്. രണ്ടുപേരും സാമാന്യം സാമ്പത്തികശേഷിയുള്ളവർ. പങ്കു ചേർന്ന് അവർ ബിസിനസ് ആരംഭിച്ചു. പരസ്പരവിശ്വാസവും സഹകരണവുമായിരുന്നു എല്ലാ പ്രവർത്തനങ്ങളിലും അവരെ നയിച്ചത്. ബിസിനസ് ലാഭകരമായിമാറി. രണ്ടുപേരുടെയും കുടുംബങ്ങളിൽ സമാധാനവും സന്തോഷവും കളിയാടി. കാലക്രമത്തിൽ വറീച്ചനു തോന്നിത്തുടങ്ങി. ഈ ബിസിനസ് പങ്കുചേരാതെ, സ്വന്തമായി നടത്തിയിരുന്നെങ്കിൽ, തനിക്ക് ഇരട്ടി ലാഭമുണ്ടായേനെ എന്ന്. തനിക്കും ഭാര്യക്കും മക്കൾക്കും വേണ്ടി വലിയ ഒരു തുക സമാഹരിക്കാൻ നിഷ്പ്രയാസം കഴിയുമെന്ന്. പയ്യെപ്പയ്യെ ബിസിനസ് സ്വന്തമാക്കുന്നതിന് ചില പദ്ധതികൾ അയാൾ ആവിഷ്കരിച്ചു. മൂത്തമകളെ കെട്ടിക്കുന്ന അവസരത്തിൽ കറിയാച്ചൻ വായ്പയെടുത്തിരുന്ന തുകയും ഭാര്യയെ ഓപ്പറേഷനു വെല്ലൂർക്കു കൊണ്ടുപോകേണ്ടി വന്നപ്പോൾ എഴുതിയെടുക്കേണ്ടിവന്ന തുകയുമെല്ലാം അയാൾ അതിനു കരുവാക്കി. പിന്നെ കണക്കിലും കുറെ കൃത്രിമമെല്ലാം നടത്തി തന്റെ പ്ലാൻ വറിച്ചൻ വിജയത്തിലെത്തിച്ചു.
കറിയാച്ചനു മിക്കവാറും വെറും കൈയോടെ ബിസിനസിൽനിന്നു പിരിയേണ്ടിവന്നു. ബിസിനസ് മുഴുവൻ വറീച്ചന്റെ സ്വന്തമാകുകയും ചെയ്തു. കാലം കടന്നുപോയി. ബിസിനസ് പരാജയപ്പെട്ട കയ്പേറിയ അനുഭവവും ഉറ്റമിത്രം തന്നെ ചതിച്ചുവെന്ന ചിന്തയും കറിയാച്ചനെ നിരാശയിലാഴ്ത്തി. അർഥവും ലക്ഷ്യവും കാണാതെ പലയിടത്തും അയാൾ അലയുന്നു. കൂടുംബം പട്ടിണിയിലുഴലുന്നതുകണ്ട് കണ്ണിർ പൊഴിക്കാനേ അയാൾക്കു കഴിയുന്നുള്ളു. മക്കളെ പഠിപ്പിച്ച് മിടുക്കരാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവരെ കോളജിലയക്കാൻ സാമ്പത്തികമായ പരാധീനത അനുവദിച്ചില്ല ഇളയ രണ്ടു പെൺമക്കൾ വിവാഹപ്രായം കഴിഞ്ഞിട്ടും വെറുതെ വീട്ടിൽ കഴിയുന്നു. അവരെ കാണുമ്പോൾ അയാളുടെ നെഞ്ചിൽ തീയാണ്. ആൺമക്കൾ രണ്ടുപേർ എന്തെങ്കിലും ജോലികിട്ടാൻ വേണ്ടി കയറാത്തപടികളോ മുട്ടാത്ത വാതിലുകളോ ഇല്ല.
വറിച്ചനാകട്ടെ സ്‌ഥലത്തെ വലിയ ഒരു മുതലാളിയും പ്രമാണിയുമാണിന്ന്. രാഷ്ട്രീയമായും നല്ല സ്വാധീനമുണ്ട്. പക്ഷേ, ഭാര്യ തീരാരോഗിണിയായി കിടപ്പിലാണ്. മൂത്തമകൻ അവറാച്ചൻ കല്യാണം കഴിച്ച് ഭാര്യയും മക്കളുമായി വേറെ താമസിക്കുന്നു വീട്ടിലേക്ക് അവരാരും തിരിഞ്ഞുനോക്കാറേയില്ല. അവറാച്ചനും അപ്പനും തമ്മിൽ മിണ്ടിയിട്ട് വർഷങ്ങളായി. രണ്ടാമത്തെ മകൻ ചെറിയാച്ചൻ കോളജിൽ പഠിക്കുന്ന കാലത്ത് അപ്പനുമായി പിണങ്ങി വിടുവിട്ടു പോയതാണ്. എവിടെയാണെന്ന് യാതൊരറിവുമില്ല. മൂന്നാമൻ റോയി കല്യാണം കഴിച്ച് വീട്ടിൽ തന്നെ താമസിക്കുന്നു. അപ്പന്റെ ബിസിനസിൽ അയാൾക്കു യാതൊരു താല്പര്യവുമില്ല. അപ്പൻ സമ്പാദിച്ചുകൂട്ടിയ സ്വത്ത് ധൂർത്തടിക്കയാണ് അയാളുടെ ഹോബി. മദ്യവും മയക്കുമരുന്നും ഉപയോഗിക്കരുതെന്ന മാതാപിതാക്കളുടെയും ഭാര്യയുടെയും ഉപദേശം അയാൾ തെല്ലും കൂട്ടാക്കാറില്ല. മക്കൾക്കു വേണ്ടി ഇത്രയും സമ്പാദിച്ചു കൊടുത്തിട്ടും, അവർ തന്നെ സ്നേഹിക്കുകയോ വകവെക്കുകയോ ചെയ്യുന്നില്ലെന്നതാണ് വറിച്ചൻ്റെ പരാതിയും വേദനയും.
**
ചിത്രം മൂന്ന്
അലക്സ് വലിയ ഒരു ഗവൺമെൻ്റ് ഉദ്യോഗസ്‌ഥനാണ്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ ജനിച്ചു വളർന്നവൻ, ഉന്നത ബിരുദധാരി. കുടുംബത്തിനു സാമ്പത്തികശക്തിയും ഉന്നതങ്ങളിൽ പിടിപാടും ഉണ്ടായിരുന്നതുകൊണ്ട് ബിരുദമെടുത്തു പുറത്തുവന്നയുടനെ ഉയർന്ന ഗവൺമെൻ്റ് ഉദ്യോഗം കിട്ടി. കുബേര കുടുംബത്തിൽ നിന്നു തന്നെ അയാൾ വിവാഹം കഴിച്ചു. കുടുംബസ്വത്തായി ലഭിച്ച ലക്ഷങ്ങളും ഭാര്യ ഷെയറായി കൊണ്ട വന്ന ലക്ഷങ്ങളും മാസംതോറും ശമ്പളമായി കിട്ടുന്ന പതിനായിരങ്ങളുമൊക്കെ ബാങ്കു നിക്ഷേപങ്ങളായും കമ്പനി ഷെയറുകളായും സൂക്ഷിക്കുന്നുണ്ടെങ്കിലും അലക്സിനു ഒരു നിർബന്ധമുണ്ടായിരുന്നു, ആർക്കെങ്കിലും വേണ്ടി തന്റെ ഉദ്യോഗ സംബന്‌ധമായ ജോലി ചെയ്തു കൊടുക്കണമെങ്കിൽ, അവർ കവറുമായി വീട്ടിൽ വന്ന് തന്നെ കണ്ടുകൊള്ളണമെന്ന്. കവറിൻറെ കനമനുസരിച്ചിരിക്കും ചെയ്തു കൊടുക്കുന്ന ജോലിയും അതിന്റെ വേഗതയും. പാവപ്പെട്ടവനെന്നോ പണക്കാരനന്നോ അദ്ദേഹത്തിനു പരിഗണനയുണ്ടായിരുന്നില്ല. സേവനം വേണമെങ്കിൽ കവർ ലഭിച്ചിരിക്കണം. അതിനയാൾക്ക് ഒരു നീതിമത്കരണവുമുണ്ടായിരുന്നു: പണം ചെലവാക്കിയാണ് താൻ പഠിച്ച് ബിരുദമെടുത്തതെന്ന്. അദ്ദേഹത്തിന്റെ സേവനമാവശ്യമുള്ള ചില പാവപ്പെട്ടവർ കടം വാങ്ങിയും ഭാര്യയുടെ കെട്ടുമാല പണയംവെച്ചും റേഷനരി വാങ്ങാനുള്ള രൂപായുമൊക്കെയായിട്ടാണ് അയാളെ സമീപിച്ചത്. പക്ഷേ അതൊന്നും അയാൾക്കു പ്രശ്നമായിരുന്നില്ല.
വർഷങ്ങൾ കടന്നുപോയി. സർവീസിൽ നിന്നു വിരമിക്കാനുള്ള സമയമായി അയാൾക്ക്. തനിക്കും ഭാര്യക്കും മക്കൾക്കും വേണ്ടി ധാരാളം സമ്പാദിച്ചിട്ടുണ്ടല്ലോ എന്ന സംതൃപ്‌തിയോടെയാണ് സർവിസിൽനിന്നു വിരമിക്കുന്നതിനെ നേരത്ത തന്നെ അയാൾ വിഭാവന ചെയ്തിരുന്നത്. അതുവരെ ഔദ്യോഗിക ജോലി തിരക്കുകളും ഭാര്യക്കും മക്കൾക്കും വേണ്ടി സ്വത്തു സമ്പാദിക്കലും മാത്രമായിരുന്നല്ലോ. അന്നൊന്നും അവരോടുകൂടി ചെലവഴിക്കാനുള്ള നേരം അയാൾക്കുണ്ടായിരുന്നില്ല. ഉദ്യോഗത്തിൽനിന്നു വിരമിച്ചു കഴിഞ്ഞങ്കിലും ഭാര്യയോടും മക്കളോടും കൂടി സുഖമായി സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിയുകയും ജീവിതം ആസ്വദിക്കയും ചെയ്യാമല്ലോ എന്ന സങ്കല്പം നേരത്തെ തന്നെ അയാളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അപ്പൻ്റെ ശ്രദ്ധയും സ്നേഹവും കിട്ടാത്ത മക്കൾ മുമ്പേ തന്നെ അവരുടെ വഴികൾ തെരഞ്ഞെടുത്തിരുന്നു. വീട്ടിൽ കിട്ടാഞ്ഞത് പുറത്ത് അവർ തേടി. അപ്പൻ്റെ സമ്മതമോ സഹകരണമോ ഇല്ലാതെ, എതിർപ്പുകൾ വകവെക്കാതെ തങ്ങൾ തെരഞ്ഞെടുത്ത ജീവിതപങ്കാളികളുമായി അവർ ഡൽഹിയിലും ബോംബെയിലും ജീവിക്കുന്നു. അവധിക്കു പോലും വീട്ടിൽ വരാറില്ല. വന്നാൽ വീട്ടിൽ കേറ്റുകയില്ലെന്നാണ് അപ്പന്റെ താക്കീത്. രോഗിയായ ഭാര്യ മാത്രം വീട്ടിൽ. വേലക്കാരും ജോലിക്കാരും ന്യായമായ കൂലി കിട്ടാത്തതിന്റെ പേരിൽ നേരത്തെ പിരിഞ്ഞു പോയിരുന്നു. ഉദ്യോഗത്തിൽ നിന്നു വിരമിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോൾ അലക്‌സിനു വല്ലാത്ത ഒരു തളർച്ച. ഡോക്ടറെ കണ്ടു പരിശോധന നടത്തിയപ്പോഴാണ് അറിയുന്നത്, പ്രഷറും പ്രമേഹവുമുണ്ടെന്നും രണ്ടും വളരെ കൂടുതലാണെന്നും കൂട്ടത്തിൽ ഹാർട്ടിനു നിസ്സാരമല്ലാത്ത ഒരു തകരാറും . അഞ്ചാറു തരം മരുന്നും കടുംപത്യവും വിധിച്ച ഡോക്ടറോട് ഉള്ളിൻ അലക്സിന് അമർഷം തോന്നി. പക്ഷേ എന്തു ചെയ്യാൻ?
**
ചിത്രം നാല്
ഡോളി ഒരു പ്രൈമറി സ്‌കൂൾ അധ്യാപികയാണ്. വിവാഹിത. മൂന്നു കുഞ്ഞുമക്കൾ. ഭർത്താവ് ജയിംസ് പത്തുമൈലോളം ദൂരെയുള്ള ഒരു കൊച്ചു കമ്പനിയിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. ഡോളിക്കു വീട്ടിൽനിന്ന് ഒരു കിലോമീറ്റർ നടന്നാൽ മതി സ്കൂളിലേക്ക്. ഡോളി അതിരാവിലെ എണീറ്റ് പ്രഭാതഭക്ഷണവും ഉച്ചയ്ക്കത്തേക്കു പൊതികെട്ടി കൊണ്ടുപോകാനുള്ള ചോറും കറിയുമെല്ലാം തയ്യാറാക്കുന്നു. ജയിംസ് ജോലിക്കു പോകുന്നതിനു മുമ്പ് അയാളാൽ കഴിയുന്നതു പോലെ ഡോളിയെ വീട്ടു ജോലികൾക്കു സഹായിക്കും. അധ്വാനമേറെയുണ്ടെങ്കിലും സംതൃപ്തമായ കൊച്ചു കുടുംബം. ഒരു ദിവസം സ്‌കൂളിൽവെച്ച് ഡോളി എന്തോ പറഞ്ഞത് മേലധികാരിക്ക് ഇഷ്ടപ്പെട്ടില്ല. മനഃപൂർവം ആക്ഷേപിക്കാനോ ധിക്കാരമായോ ഒന്നും പറഞ്ഞതല്ല. ഒരാഴ്‌ച കഴിഞ്ഞു ഡോളിക്ക് ഇതാ വന്നിരിക്കുന്നു ട്രാൻസ്‌ഫർ ഓർഡർ. 40 കിലോമീറ്റർ അകലെയുള്ള ഒരു സ്‌കൂളിലേക്ക്. രണ്ടു ബസ് മാറിക്കേറി പോകണം. മേലധികാരിയുടെ അടുത്തു ചെന്നു ഡോളി കരഞ്ഞ് മാപ്പു ചോദിച്ചു. അദ്ദേഹത്തിൻ്റെ കരളിൽ കനിവിൻ്റെ കണികപോലും പൊടിഞ്ഞില്ല. മൂന്നാം ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന കുഞ്ഞുങ്ങളെ കൈയിൽ പിടിച്ചും കൈക്കുഞ്ഞിനെ എളിയിൽ വെച്ചുകൊണ്ടും ഡോളി വീണ്ടും അദ്ദേഹത്തിൻ്റെ അടുത്തുചെന്നു സങ്കടമുണർത്തിച്ചു. യാതൊരു ഫലവുമുണ്ടായി. വർഷങ്ങൾ അധികം കഴിഞ്ഞില്ല. ഇന്നു മേലധികാരി കരളിനു ക്യാൻസർ ബാധിച്ച് ആസ്‌പത്രിയിലാണ്. ഡോളിയെ അടുത്തറിയുന്ന ചിലർ പറയുന്നു അവളുടെ ശാപമേറ്റതാണെന്ന്. പക്ഷേ, ഡോളി ഒരിക്കലും ശപിക്കയുണ്ടായില്ല. എങ്കിലും അന്ന് രണ്ടു കുഞ്ഞുങ്ങളെ കൈയിൽ തൂക്കിയും കൈക്കുഞ്ഞിനെ എളിയിൽ വെച്ചും മേലധികാരിയുടെ അടുത്തുപോയി തൻ്റെ നിസ്സഹായവസ്‌ഥ വിവരിച്ചു കഴിഞ്ഞിട്ടും നിരാശയോടെ മടങ്ങേണ്ടി വന്നപ്പോൾ, ഡോളി കരൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
**
ചില നിഗമനങ്ങൾ
ചരിത്രത്തിന്റെ ചുവരിൽ കാലം വരയ്ക്കുന്നതും തലമുറകളുടെ ജീവിതാനുഭങ്ങളുടെ ചക്രവാളങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്നവയുമായ ചില അസ്പഷ്ട ചിത്രങ്ങളാണ് ഇവയെല്ലാം. താത്വികമായി ഇങ്ങനെയുള്ള സംഭവങ്ങളെ വിലയിരുത്താൻ നമുക്കാവില്ല. എങ്കിലും, ചില നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ നമുക്കു കഴിയുന്നില്ല.
ഒന്ന്, മറ്റുള്ളവർക്കെതിരായി ഒരാൾ ച െയ്യുന്ന അനീതിയും വഞ്ചനയും അതിന്റെ കൈപ്പുനിറഞ്ഞ ഫലങ്ങളും കാലത്തിന്റെ മുന്നേറ്റത്തിൽ സമീകരണവും സന്തുലിതാവസ്ഥയും തേടുന്നു. എങ്ങനെ, എപ്പോൾ അതു സംഭവിക്കുമെന്ന് നമുക്കാർക്കും ഊഹിക്കാനാവില്ല. അത് കാലത്തിൻ്റെ രഹസ്യമാണ്. ചിലപ്പോൾ തലമുറകളിലൂടെ അതു നീണ്ടുപോയെന്നും വരാം. കാലത്തിനു സമയം പ്രശ്നമല്ലല്ലോ.
രണ്ട്, ഒരാൾ ചെയ്യുന്ന ധാർമികമായ തിന്മയുടെ ഫലമായുണ്ടാകുന്ന ഭൗതികമായ തിന്മ അയാൾ ദ്രോഹിക്കുന്ന ആളെ മാത്രമല്ല, ആ ആളുടെ കുടുംബത്തെയും കുഞ്ഞുങ്ങളെയുമെല്ലാം ബാധിക്കുന്നുണ്ട്. എന്നാൽ, അതിലും കൂടുതലായി ഈ ധാർമികമായ തിന്മയുടെ ദുരന്തഫലങ്ങൾ അതു ചെയ്‌തയാളെയും അയാളുടെ കുടുംബത്തെയും മക്കളെയും മക്കളുടെ മക്കളെയുമെല്ലാം പല തലമുറകളിലുടെ ബാധിക്കാറുണ്ട്. മനുഷ്യകുലത്തിലെ അംഗങ്ങൾ തമ്മിലുള്ള ഗാഢമായ ബന്‌ധവും ഐക്യവും പരസ്‌പരമുള്ള ഉത്തരവാദിത്വവുമാണ് ഇവിടെ സ്പഷ്ടമാകുക. നന്മയിലും തിന്മയിലും മനുഷ്യൻ ഒറ്റപ്പെട്ട വ്യക്തികളല്ല, കൂട്ടുത്തരവാദിത്വമുള്ള സമൂഹാംഗങ്ങളാണ്. 'ജന്മപാപമെന്നു പറയുന്ന ദൈവശാസ്ത്രപരമായ ആശയത്തിൻ്റെ അടിവേരുകൾ ഇവിടെയാണ് നാം കാണുക. കുറ്റം ഒരു വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഒരിക്കലും പകരുകയില്ലെങ്കിലും, കുറ്റത്തിൻ്റെ ഫലമായുണ്ടാകുന്ന ഭൗതികമായ തിന്മ പകർച്ചവ്യാധി പോലെ വ്യാപിച്ചുകൊണ്ടിരിക്കും. അതിൻ്റെ വ്യാപനത്തെ തടയാൻ കുറ്റം ചെയ്തയാൾക്കെന്നതുപോലെ അയാളുടെ മക്കൾക്കും അനന്തരാവകാശികൾക്കും ധാർമികമായ ഉത്തരവാദിത്വമുണ്ട്; വിശിഷ്യ, അയാളുടെ ഗുണഭോക്താക്കളായ അനന്തരാവകാശികൾക്ക്. ഈ യാഥാർഥ്യത്തിനാണ് 'ഉത്തരിപ്പുകടം' എന്നു നാം പറയുക. അതെപ്പറ്റി അടുത്ത കാലത്ത് ഈ പംക്തിയിൽ എഴുതിയിരുന്നല്ലോ?