
സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്ക് പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിന്റെയും സ്രഷ്ടാവും കാരണഭൂതനുമായ ദൈവം, എന്തിന് തിന്മക്ക് ജന്മംനൽകി.? ഭൂതഭാവി വർത്തമാനങ്ങൾ എല്ലാം അറിയുന്ന ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പേ അറിഞ്ഞിരുന്നല്ലോ അവരിൽ കുറേപ്പേർ തിന്മ ചെയ്യുമെന്ന്. പിന്നെ എന്തിന് അവരെ സൃഷ്ടിച്ചു ? അപ്പോൾ അവിടന്നു തന് നെയല്ലേ അവരുടെ പാപത്തിനും നാശത്തിനും ഉത്തരവാദി? അസ്സീസിയിലൂടെ ഉത്തരം പ്രതീക്ഷിക്കുന്നു.
Binoy George,
Ahmedi -61003
Kuwait
കഴിഞ്ഞ മൂന്നു ലക്കങ്ങളിലെ തുടർച്ച...
തിന്മ എങ്ങനെ, എവിടെനിന്ന്, ഉണ്ടായി എന്ന ചോദ്യത്തിന് വിശുദ്ധഗ്രന്‌ഥം നൽകുന്ന ഉത്തരമാണ് ഉൽപത്തിയുടെ പുസ്തകം മൂന്നാമധ്യായത്തിൽ നാം വായിക്കുന്നത്. സർവനന്മസമ്പൂർണനായ ദൈവം തന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ കിഴക്ക് ഏദനിൽ ഒരു നോട്ടം നിർമിച്ച് അവിടെ താമസിപ്പിച്ചു. ഏദൻതോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും മനുഷ്യനെ ചുമതലപ്പെടുത്തിയ ശേഷം, ദൈവമായ കർത്താവ് അവനോടു കല്പിച്ചു: "തോട്ടത്തിലെ എല്ലാമരങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും" (ഉൽപ 2, 16-17). എന്നാൽ, ആദിമനുഷ്യനും അവന് ഇണയും തുണയുമായി ദൈവം നൽകിയ സ്ത്രീയും സർപ്പത്തിൻ്റെ പ്രലോഭനത്തിനുവശംവദരായി ദൈവത്തിൻ്റെ കല് പന ലംഘിച്ച് വിലക്കപ്പെട്ടിരുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. അതോടെ ഇരുവരുടെയും കണ്ണുകൾ തുറക്കപ്പെടുകയും തങ്ങൾ നഗ്നരാണെന്ന് അവരറിയുകയും ചെയ്തു. ദൈവമായ കർത്താവിൻ്റെ മുമ്പിൽനിന്നുമാറി, അവർ തോട്ടത്തിലെ മരങ്ങൾക്കിടയിലൊളിച്ചു. ആദിമാതാപി താക്കളുടെ ഈ പാപത്തിന് അവർക്കു ലഭിച്ച ശിക്ഷയും അതിന്റെ പരിണതിഫലവു മായിട്ടത്രേ ആയുഷ്ക്കാലം മുഴുവനും കാലയാപനത്തിനുവേണ്ടി മനുഷ്യർ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നനും, മണ്ണു ഫലശൂന്യമായിത്തീർന്ന് അവനുവേണ്ടി മുള്ളും മുൾച്ചെടിയും മുളപ്പിക്കുന്നതും, മണ്ണിൽ നിന്ന് എടുക്കപ്പെട്ടവനായ അവൻ മണ്ണിലേക്കും മടങ്ങിപ്പോകേണ്ടിവരുന്നതും. അതുപോലെതന്നെ സ്ത്രീ ഗർഭാരിഷ്ടതകൾ സഹിക്കേണ്ടിവരുന്നതും വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വരുന്നതുമെല്ലാമെന്ന് വിശുദ്ധ ഗ്രന്ഥകാരൻ തുടർന്നു പറയുന്നു. പാപത്തിന്റെ ഫലമായി മനുഷ്യനും മണ്ണും തമ്മിൽ അന്യതയുണ്ടായതു പോലെ തന്നെ മനുഷ്യനും ജന്തുലോകവും നമ്മിലുണ്ടായ അന്യതയാണ് പാമ്പും മനുഷ്യനും തമ്മിലുണ്ടായ ശത്രുത സൂചിപ്പിക്കുന്നത്.
അങ്ങനെ, തിന്മയുണ്ടായത് സർവനന്മസമ്പൂർണനായ ദൈവത്തിൽനിന്നല്ല, പ്രത്യുത മനുഷ്യൻ്റെ പാപത്തിൽനിന്നാണ് എന്ന സത്യമത്രേ ഈ സങ്കല്പകഥയിലൂടെ വിശുദ്ധഗ്രന്ഥകാരൻ ഊന്നിപ്പറയുന്നത്. മനുഷ്യൻറെ സ്വാതന്ത്ര്യം അത്യുദാത്തമായ ഒരു ദൈവികദാനമാണ്. എന്നാൽ, അതിൻ്റെ ദുരുപയോഗം ഭയാനകമായ ഭവിഷ്യത്തുകൾ ഉളവാക്കുമെന്നതു വിശുദ്ധഗ്ര ന്‌ഥത്തിൻ്റെ മുഴുവൻ ആഴമേറിയ ബോധ്യമത്രേ. ഇസ്രായേൽ ജനത്തിൻറെയും മറ്റു വിജാതീയ ജനതകളുടെയും അനുഭവത്തെ മുൻ നിർത്തിയാണ് ക്രിസ്‌തുവിനുമുമ്പ് ഒൻപതാംനൂറ്റാണ്ടിൽ വിശുദ്ധഗ്രന്ഥകാരൻ വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ സൃഷ്ടിയൂടെയും ആദിപാപത്തിന്റെയും ഈ കഥയെഴുതിയത്. പാപം പലതരത്തിലുള്ള തിന്മ കൾ ലോകത്തിൽ ഉളവാക്കുന്നുവെന്ന് ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ ആരംഭത്തിലും അതങ്ങനെതന്നെയായിരുന്നിരിക്കണ മെന്നതും അന്നു മുതലുള്ള തിന്മകൾക്കെല്ലാം കാരണം പാ പം തന്നെയാണെന്നതും വിശ്വാസത്തിന്റെ വെളിച്ചത്തിൽ ചിന്തിക്കുന്ന വിശുദ്ധഗ്രന്ഥകാരൻ്റെയും അദ്ദേഹമുൾപെടുന്ന ഇസ്രായേൽ ജനതയുടെയും ബോധ്യമാണ്. ഈ ബോധ്യമത്രേ കാവ്യാത്മകമായി ഒരു കഥയിലൂടെ അദ്ദേഹം വിവരിക്കുന്നത്. കാലികവും കഥാപരവുമായ പല അംശങ്ങളും ഈ വിവരണത്തിലുണ്ടെങ്കിലും അതിലൂടെ വിശുദ്ധഗ്രന്ഥകാരൻ നൽകുന്ന സന്ദേശം ദൈവാവിഷ്‌കൃതമായ ഒരു സനാതന സത്യംതന്നെയാണ്. മനുഷ്യൻറെ പാപമാണ് എല്ലാ തിന്മകളുടെയും ആദികാരണം. പാപം ചെയ്യുന്ന വ്യക്തിയെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുവ്യക്തികളെയും പാപത്തിന്റെ പരിണിനഫലങ്ങൾ ബാധിക്കുന്നു. മനുഷ്യകുലത്തിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള പരസ്പരബന്ധവും കൂട്ടായ്മയുമാണ് ഇതിനുകാരണം.
തിന്മയിലേക്കുള്ള ആസക്‌തി എവിടെനിന്ന്?
വേദനയും ദുരിതങ്ങളും മരണവും മാത്രമല്ല, പാപത്തിലേക്കുള്ള ആസക്തിയും പ്രലോഭനവും പാപത്തിന്റെ പരിണിതഫലമാണ്. നല്ലവനായിട്ടാണ് ദൈവം മനുഷ്നെ സൃഷ്ടിച്ചതെങ്കിലും, വളർന്നുവലുതാ കുന്നതോടുകൂടി പാപത്തിലേക്കുള്ള ആകർഷണവും പ്രലോഭനവും അവന് അനുഭവപ്പെടുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്നതിലേക്കു വിരൽ ചൂണ്ടുന്ന കഥാംശമാണ്ആ ദിമാതാപിതാ ക്കളുടെ പതനത്തിൽ പാമ്പു വഹിക്കുന്ന പങ്ക്. ആദിമാതാപിതാക്കളെ പാപത്തിലേക്കു പ്രലോഭിപ്പിച്ചതു പാമ്പാണ്. മുഖ്യമായും രണ്ടുലക്ഷ്യങ്ങളോടുകൂടിയാണെന്നു പറയാം
ഉൽപത്തികഥയുടെ കർത്താവ് പാമ്പിനെ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇസ്രായേൽക്കാരുടെ അയൽവാസികളായ കാനാന്യർ പാമ്പിനെ ജീവന്റെയും സന്താനപുഷ്ടിയുടെയും പ്രതീകമായി കരുതുകയും ദേവനായി വണങ്ങുകയും ചെയ്തിരുന്നു. ലൈംഗികമായ അനാചാരങ്ങളും 'വിശുദ്ധവേശ്യാവൃത്തി' (Sacred prostitution) യുമൊക്കെ ഈ വണക്കത്തിൻ്റെ ഭാഗമായിരുന്നു. ഇസ്രായേൽക്കാരും അയൽക്കാരുടെ ഇത്തരം അന്‌ധവിശ്വാസങ്ങളിലേക്ക് ആകർഷിക്കപ്പെടുക സ്വാഭാവികമാണല്ലോ. ഈ അന്‌ധവിശ്വാസത്തിൽ നിന്ന് അവരെ അകറ്റിനിർത്തുക യായിരുന്നു വിശുദ്ധഗ്രന്ഥകാരൻ്റെ ഒരു ലക്ഷ്യം. പാമ്പ് ദേവനല്ല, പാപത്തിലേക്കു പ്രലോഭിപ്പിക്കുന്ന നീചസൃഷ്ടിയും ശപിക്കപ്പെട്ട ജീവിയുമാണെന്ന അവബോധം ഇത്തരം അപകടങ്ങൾക്കെതിരെ മുൻകരുതലുള്ളവരാക്കുമല്ലോ.
തിന്മക്കെല്ലാം കാരണം സ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗവും പാപവുമാണെന്നു പറഞ്ഞു. എന്നാൽ, സ്വാതന്ത്ര്യത്തിൽ മനുഷ്യൻ നന്മയോ, തിന്മയോ, പുണ്യമോ, പാപമോ, തെരഞ്ഞെടുക്കുന്നതിനുമുമ്പു തന്നെ തിന്മയിലേക്കുള്ള ആസക്‌തി, പാപത്തിലേക്കുള്ള പ്രലോഭനം, അവന് അനുഭവപ്പെടുന്നു. മനുഷ്യൻ നല്ലവനായിട്ടാണ് സൃഷ്ടിക്കപ്പെട്ടതെങ്കിൽ, ഈ ആസക്തിയും പ്രലോഭനവും അവന്റെ ഉള്ളിൽനിന്നു വരികയില്ലല്ലോ. അങ്ങനെയെങ്കിൽ, അതു വരുന്നത് അവനു ബാഹ്യമായ എന്തിൽനിന്നോ ആണ്. സർവനന്മസ്വരൂപിയായ ദൈവത്തിൽനിന്ന് അതുവരികയില്ലെന്നു വ്യക്തമാണ്. പിന്നെ എവിടെനിന്നാണ് അതുവരുന്നത്.? തിന്മയിലേക്കുള്ള ഈ ആസക്തിയുടെ, പാപത്തിലേക്കുള്ള ഈ പ്രലോഭനത്തിന്റെ ഉറവിടമായി ഉൽപത്തി പുസ്തകത്തിൻ്റെ കർത്താവു കാണുന്ന യാഥാർഥ്യമാണ് പാമ്പ്. (പിശാചാണു പാമ്പിൻ്റെ രൂപത്തിൽവന്ന് ഹവ്വായെ പ്രലോഭിപ്പിച്ചതെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. ഇതു ശരിയല്ലയല്ല ഉൽപത്തിപുസ്തകത്തിൻ്റെ കർത്താവിന് അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല പാപത്തിനും തിന്മകൾക്കുമെല്ലാം പിന്നിൽ വ്യക്തിസ്വഭാവത്തോടു കൂടിയ പിശാചെന്ന ഒരു യാഥാർഥ്യമുണ്ടെന്ന സങ്കല്പം പല നൂറ്റാണ്ടുകൾ കഴിഞ്ഞാണ് യഹൂദരുടെയിടയിലേക്കു കടന്നുവന്നത്. )
'തിന്മയുടെ ശക്തി'
എന്താണ് യഥാർഥത്തിൽ പാമ്പ് സൂചി പ്പിക്കുന്നത്? ഉൽപത്തിയുടെ പുസ്തക അതിൽ ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല. എന്നാൽ, ദൈവശാസ്ത്രചിന്ത ചില ഉൾക്കാഴ്ചകൾ നമുക്കു നൽകുന്നുണ്ട്. സ്വതന്ത്രമായ തീരുമാനത്തോടെ നന്മയോ തിന്മയോ തെരഞ്ഞെടുക്കുന്നതിനു മുമ്പുതന്നെ പാപത്തിലേക്ക് ആകർഷിക്കുന്ന തിന്മയുടെ ഒരു ശക്തി'യെ റോമാ ക്കാർക്കുള്ള ലേഖനത്തിൽ വി. പൗലോസ് ശ്ലീഹാ വളരെ തന്മയത്വത്തോടെ വർണിക്കുന്നുണ്ട്. 'ഞാൻ പാപത്തിന് അടിമയായി വില്ക്കപ്പെട്ട ജഡികനാണ്. ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാൽ, ഞാൻ ഇച്ഛിയ്ക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ പ്രവർത്തിക്കുന്നത്... എന്നാൽ, ഇപ്പോൾ അങ്ങനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ കുടികൊള്ളുന്ന പാപമാണ്..... നന്മ ഇച്ഛിക്കാൻ എനിക്കു സാധിക്കും, എന്നാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല. ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതു ഞാൻ ചെയ്യുന്നുവെങ്കിൽ, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല എന്നിൽ വസിക്കുന്ന പാപ മാണ്. അങ്ങനെ നന്മ ചെയ്യാനാഗ്രഹി ക്കുന്ന എന്നിൽത്തന്നെ തിന്മയുണ്ട് എന്നൊരു തത്ത്വം ഞാൻ കാണുന്നു.... എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്സിന്റെ നിയമത്തോടു പോരാടുന്ന വേ റൊരു നിയമം ഞാൻ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിൻ്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു" (റോമാ 7, 14-23). താൻ ചെയ്യുന്ന പാപകർമങ്ങളെപ്പറ്റിയല്ല, പിന്നെയോ തനിക്കും മറ്റു മനുഷ്യർക്കും അനുഭവപ്പെടുന്ന തിന്മയിലേക്കുള്ള ശക്തമായ ആകർഷണത്തെയും രക്ഷയില്ലാത്ത അവസ്‌ഥയെയും പറ്റിയാണ് പൗലോസ് ശ്ലീഹാ ഇവിടെ പറയുന്നതെന്നു വ്യക്‌തമാണല്ലോ. യേശുവിലൂടെ ദൈവം നൽകുന്ന കൃപാവരത്തിൻറെ സഹായത്താൽ മാത്രമേ തിന്മയുടെ ഈ ശക്തിയെ നിരുപദ്രവകരമാക്കാൻ സാധിക്കു എന്നത്രേ പൗലോസ് ശ്ലീഹാ ഊന്നിപ്പറയുന്നത്. സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്‍ഞമാരും മാത്രമല്ല. ഹൈഡഗറിനെ (Heidegger) പോലുള്ള ആധുനിക തത്വചിന്തകരും സ്വതന്ത്രമനുഷ്യൻ്റെ തീരുമാനങ്ങളെയും തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുകയും വിനാശത്തിലേക്കു ചായ്ക്കുകയും ചെയ്യുന്ന തിന്മയുടെയും അധഃപതനത്തിന്റെയും ഒരു ശക്തിയെപ്പറ്റി (Verfallenheit Fallenness) പറയുന്നുണ്ട്. ദൈവശാസ്ത്രജ്ഞന്മാർ ഈ ശക്തിയെ കാണുന്നത് 'ജന്മപാപം' എന്നു പറയപ്പെടുന്ന ദൈവശാസ്ത്രപരമായ ആശയവുമായി ബന്ധപ്പെടുത്തിയാണ്. മനുഷ്യകുലത്തിലെ എല്ലാ അംഗങ്ങളും തമ്മിൽ നന്മയിലേതെന്നതുപോലെതന്നെ തിന്മയിലും ഗാഢമായ ബന്ധവും കൂട്ടായ്മയുമാണുള്ളത്. തൽഫലമായി ലോകത്തിലെ ആദിമനുഷ്യൻ മുതൽ ഇങ്ങോട്ട് ഇന്നു ജീവിക്കുന്നവർ വരെ ചെയ്യുന്ന എല്ലാ അധർമ്മത്തിന്റെയും പാപത്തിന്റെയും വിനാശകരമായ ശകതിയെല്ലാം ഒന്നുചേർന്ന് ഭീകരരൂപം പ്രാപിച്ചിരിക്കുന്ന യാഥാർഥ്യമാണ് ഈ 'തിന്മയുടെ ശക്തി യെന്നു പറയാമെന്നു തോന്നുന്നു. ഈ ശക്തിയെയാവാം ഉൽപത്തിയുടെ പുസ്തകം പ്രലോഭകനായ പാമ്പായി ചിത്രീകരിച്ചിരിക്കുന്നത്.
ഉത്തരവാദിത്വം നിലനില്ക്കുന്നു
ഇങ്ങനെ പാപത്തിലേക്കു പ്രലോഭിപ്പിക്കുന്ന ഒരു 'പരീക്ഷകൻ' അഥവാ തിന്മയുടെ ശക്തിയുണ്ടെങ്കിലും, തിന്മ തിരസ്കരിക്കാനും നന്മ തെരഞ്ഞെടുക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അത് ഇല്ലാതാക്കുന്നില്ല. പ്രലോഭനത്തെ പരാജയപ്പെടുത്തിക്കൊണ്ട് ദൈവകല്പന പാലിക്കാൻ ആദിമാതാപിതാക്കൾക്കു കഴിയുമായിരു ന്നു. അതിനാൽ പ്രലോഭകനെ വിശ്വസിച്ചുകൊണ്ട് ദൈവകല്പന ലംഘിച്ചതിന് അവർ ഉത്തരവാദികളും കുറ്റക്കാരുമായി. ഇന്നും തിന്മയിലേക്ക് ആകർഷിക്കുന്ന പല ഘടകങ്ങളുമുണ്ടെങ്കിലും, സ്വതന്ത്രമായ മനസ്സോടും പൂർണമായ അറിവോടും സമ്മതത്തോടുംകൂടി ഒരുവൻ അധർമം പ്രവർത്തിക്കുമ്പോൾ, അവൻ അതിന് ഉത്തരവാദിയും കുറ്റക്കാരനുമാണ്. (സ്വാതന്ത്ര്യത്തിന്റെയോ അറിവിന്റെയോ സമ്മതത്തിന്റെയോ തോതു കുറയുന്നതനുസരിച്ച് ഉത്തരവാദിത്വവും കുറ്റത്തിന്റെ ഗൗരവവും കുറയുമെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ)
ഭൗതികതിന്മ: ചില പരിചിന്തനങ്ങൾ
തിന്മയുടെ പ്രശ്നത്തെപ്പറ്റി ചിന്തിക്കുമ്പോൾ, ലോകത്തിലുള്ള ഭൗതികതിന്മയാണ് പലരുടെയും മനസ്സിൽ ഏറ്റവും വലിയ ചോദ്യചിഹീനമായി ഉയർന്നുവരുന്നതെന്നു പറയാം. എന്തിന് ലോകത്തിൽ ഈ വേദനയും രോഗങ്ങളും മരണവും? എന്തിന് ദുരിതങ്ങളും കഷ്ടപ്പാടുകളും? എന്തിന് പ്രകൃതിക്ഷോഭങ്ങൾ? എന്തിന് കരച്ചിലും കണ്ണീരും? എന്തിന് പട്ടിണിയും മരണങ്ങളും ?.... ഈ ചോദ്യങ്ങൾക്കൊന്നും പൂർ ണമായും തൃപ്തികരമായ ഉത്തരങ്ങളിലെങ്കിലും, ഭാഗികമായ ചില ഉൾക്കാഴ്ചകൾ ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ
1. വേദന അതിൽതന്നെ ഒരു തിന്മയാണെന്നു പറയാനാവില്ല. വേദന ഒരു ലക്ഷണമാണ്, മുന്നറിയിപ്പാണ്. നമുക്കു രോഗമുണ്ട് ഡോക്ടറുടെ അടുത്തുപോകണമെന്ന് അതു നമ്മെ അറിയിക്കുന്നു. വേദനയില്ലായിരുന്നെങ്കിൽ പലപ്പോഴും രോഗങ്ങളെപ്പറ്റി നാം അറിയുകയേ ഇല്ലായിരുന്നു, അവയ്ക്കു പ്രതിവിധി നേടുകയുമില്ലായിരുന്നു.
2. മരണം പലർക്കും ദുഃഖമുണ്ടാക്കുന്നു. ആ അർഥത്തിൽ ഒരു തിന്മയാണെന്നതു ശരിതന്നെ. എന്നാൽ, മരണമില്ലായ്‌മ അതിലൊക്കെ എത്രയോ വലിയ തിന്മയായിരുന്നേനെ അവനവനും മറ്റുള്ളവർക്കും. ഈ ലോകത്തിന ്റെ അവസ്ഥയിൽ മരണം ഒരാവശ്യമത്രേ.
3. രോഗങ്ങൾ ഒന്നുമില്ലെങ്കിൽ, മരണവും അസാധ്യമായിത്തീരുമല്ലോ.
4. ദുരിതവും ദാരിദ്ര്യവും പട്ടിണിയുമെല്ലാം ചിലപ്പോൾ സ്വന്തം അലസതയിൽനിന്നും ഉത്തരവാദിത്വമില്ലായ്മയിൽനിന്നും വരാം. ചിലപ്പോൾ അവ മറ്റുള്ളവർ ചെയ്യുന്ന അനീതിയിൽനിന്നും വരാം. ഇങ്ങനെയുള്ള തിന്മകളെ ഭൂമുഖത്തു നിന്നു തുടച്ചുമാറ്റി, കൂടുതൽ നീതിപൂർവകവും മനുഷ്യയോഗ്യവുമായ ഒരു സ്ഥിതി സൃഷ്ടിക്കാൻ മനുഷ്യന് ദൈവം നൽകുന്ന ക്ഷണവും ഉത്തരവാദിത്വവുമാണ് ഈ ഭൗതികതിന്മകൾ. ദൈവത്തോടു സഹകരിച്ചുകൊണ്ട് ഇങ്ങനെയുള്ള തിന്മകൾക്കെതിരായി പോരാടി നന്മയും നീതിയും സ്നേഹവും പുനഃസ്ഥാപിക്കാനും , അങ്ങനെ ദൈവത്തോടും സ്വസഹോദരങ്ങളോടുമുള്ള സ്നേഹവും ഉത്തരവാദിത്വവും തെളിയിക്കാനുമാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അല്ലാതെ സകലപൂർണതകളോടുംകൂടി സൃഷ്ടിക്കപ്പെട്ട ഒരു ലോകത്തിൽ കൈയുംകെട്ടിയിരുന്നു സുഖിക്കാനും ആനന്ദിക്കാനുമല്ല.
5. വേദനയും കണ്ണീരും കഷ്‌ടപ്പാടുമൊക്കെയാണ് മനുഷ്യരുടെ സർഗശക്തിയെ ഉണർത്തി ഭാവനയെ ഉജ്‌ജീവിപ്പിച്ച് അത്യുദാത്തമായ അനവധി നേട്ടങ്ങളിലേക്കും കണ്ടുപിടുത്തങ്ങളിലേക്കും കലാസൃഷ്ടികളിലേക്കുമെല്ലാം നയിച്ചിട്ടുള്ളതെന്ന് നമുക്കറിയാം. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊന്നുമില്ലാതെ സുഖസമൃദ്ധിയിൽ കഴിയുന്ന ജീവിതങ്ങൾ മുരടിച്ച് അധഃപതിക്കുന്നതും നാം കാണാറുണ്ട്.
6 . പ്രകൃതിക്ഷോഭങ്ങൾപോലെ ലോകത്തിലുണ്ടാകുന്ന ഏതെങ്കിലും ഒരു തിന്മ ഇല്ലാതാകണമെന്നു നാം വാദിക്കുമ്പോൾ, പ്രപഞ്ചത്തിൻ്റെ ഇന്നത്തെ സ്ഥിതിയിൽ മറ്റനേകം മാറ്റങ്ങൾ വരുത്തണമെന്നും നമുക്കു വാദിക്കേണ്ടിവരും. ഒരിടത്തു മാറ്റം വരുത്തുമ്പോൾ മറ്റൊരിടം കുഴപ്പത്തിലാകുന്ന ഒരു യന്ത്രം പോലെയാണെന്നു പറയാം ഈ പ്രപഞ്ചം. പ്രപഞ്ചത്തിൻ്റെ ആകപ്പാടെയുള്ള ഒരു തകിടം മറിക്കലായിരിക്കും ഈ മാറ്റത്തിലൂടെ സംഭവിക്കുക. അത് ഇപ്പോഴത്തേതിലും വലിയ വിപത്തുകളിലേക്കു നയിക്കുകയും ചെയ്യും.
7. നിരപരാധികൾക്ക് (വിശിഷ്യ നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്കും മറ്റും) സഹിക്കേണ്ടിവരുന്ന നിഷ്‌ഠൂരപീഡകളും മരണവുമാണ് തിന്മയുടെ പ്രശ്നത്തിനുമുമ്പിൽ നമ്മെ ഏറ്റവും കൂടുതൽ അസ്വസ്ഥചിത്തരാക്കുന്നത്. ദൈവത്തിലും മരണാനന്തരജീവിതത്തിലും വിശ്വാസമുള്ളവർക്കു മാത്രമേ ഇവിടെ
വെളിച്ചത്തിൻ്റെ നേരിയ രേഖകളെങ്കിലും ദർശിക്കാനാവൂ. മനുഷ്യകുലത്തിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ബന്ധവും കൂട്ടായ്മയും വിശ്വസത്തിന്റെ വെളിച്ചത്തിൽ കാണുമ്പോൾ, നിരപരാധികളുടെ സഹനം അതുല്യ വിലയുള്ളതായി തീരുന്നു. മറ്റുള്ളവർക്കു വേണ്ടിയുള്ള (Vicarious) വേദനയും സഹനവും മനുഷ്യ ജീവിതത്തിലെ പല മണ്ഡലങ്ങളിലും നാം കാണുന്നുണ്ടല്ലോ. ആ സഹനത്തിലൂടെയാണ് പലപ്പോഴും സത്യവും നീതിയും സ്നേഹവുമെല്ലാം വിജയത്തിലെത്തിച്ചേരുക. നന്മ തിന്മയുടെമേൽ അന്തിമമായ വിജയം വരിക്കുമെന്ന പ്രത്യാശയോടെ തിന്മയ്‌ക്കെതിരായി സംഘടിക്കാനും പൊരുതാനും സഹിക്കാനും മരിക്കാനും പലർക്കും ഇതു പ്രചോദനവും ശക്തിയും നൽകുന്നു.
ലക്ഷ്യവും അർഥവുമില്ലാത്ത സഹനങ്ങളോ ?
എന്നാൽ , ഇങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും മുന്നിൽ കാണാനില്ലാതെ, പ്രത്യക്ഷത്തിൽ അർഥമില്ലാത്തതെന്നു തോന്നിക്കുന്ന വേദനകളും ദുഃഖങ്ങളും നിരപരാധികൾക്കും പലപ്പോഴും സഹിക്കേണ്ടതായിവരാം. അപ്പോൾ വിധിയുടെ ക്രൂരതയെ പഴിക്കാനും ദൈവത്തിനെതിരായി പ്രതിഷേധിക്കാനുമൊക്കെ പ്രലോഭനമുണ്ടായെക്കാം. ദൈവം കണ്ണില്ലാത്തവനാണോ, കാതില്ലാത്തവനാണോ എന്നൊക്കെ ചോദിച്ച് മുഷ്ടി ചുരുട്ടുന്നവരെ നാം കണ്ടിട്ടുണ്ട്. നീതിമാനും നിഷ്കളങ്കനുമായിരുന്നിട്ടും വളരെയേറെ സഹിക്കേണ്ടിവന്ന ജോബിന് അദ്ദേഹത്തിന്റെ ഭാര്യ നൽകിയ ഉപദേശം നാം ഓർക്കുന്നുണ്ടാകും. "ഇനിയും ദൈവ ഭക്തിയി ൽ ഉറച്ചുനില്ക്കുന്നോ? ദൈവത്തെ ശപിച്ചിട്ടു മരിക്കുക" (ജോബി 2, 9).
ഈ പ്രലോഭനം മറ്റു പലർക്കുമുണ്ടാകാം. അങ്ങനെ ചെയ്യുന്നവന് എന്തെങ്കിലും അർഥമോ ആശ്വാസമോ കണ്ടെത്താനാവുമോ ? ഒരിക്കലുമില്ല. അയാളുടെ വേദനക്ക് ഒന്നുകൂടി തീവ്രത കൂടുകയേയുള്ളൂ. നേരെമറിച്ച് വേദനയുടെയും ദുഃഖത്തിൻ്റെയും നടുവിലും ദൈവത്തിനു വിധേയരാവുന്നവർക്ക് പയ്യെപ്പയ്യെ അർഥത്തിൻ്റെ ചിലതലങ്ങളെങ്കിലും കണ്ടെത്താനാവും. അത് അവരുടെ വേദനക്കു കുറേശ്ശേ ശമനംവരുത്തി അവസാനം അവരുടെ ഉപരിനന്മയിലേക്കു നയിക്കുകയും ചെയ്യും.
താത്ത്വികമായി ഇങ്ങനെ പറയാൻ സാധിക്കുമെങ്കിലും, തീവ്രമായ വേദനയിലും ദുഃഖത്തിലുമാഴ്ന ്നിരിക്കുന്ന ഒരു വ്യക്തിക്ക് ഉപദേശത്തെക്കാൾ ആവശ്യം നമ്മുടെ വ്യക്തിപരമായ സാന്നിധ്യവും സഹാനുഭുതിയുമാണ്. അതുവഴി മാത്രമേ നമുക്ക് അയാളെ അല്പമെങ്കിലും ആശ്വസിപ്പിക്കാനാവൂ അതുപോലെതന്നെ, നിരപരാധിയും നിഷ്കളനുമായിരുന്നിട്ടും, കാൽവരിയിൽ ചോരചീന്തി, തീവ്രമായ വേദനയോടെ, ഇഞ്ചിഞ്ചായി മരിക്കുന്ന ക്രൂശിതനെ ചൂണ്ടിക്കാണിക്കാൻ നമുക്കു കഴിയും. സ്വാഭാവികമായി വീക്ഷിക്കുമ്പോൾ അത് അർഥമില്ലാത്ത വേദനയും സഹനവുമായിരുന്നു. എങ്കിലും, ഉയിർപ്പിന്റെ മഹത്ത്വത്തിൽ അത് അന്തിമവിജയം കൈവരിച്ചു എന്ന് നമുക്കറിയാം.
ഭൗതികതിന്മയുടെ നേർക്ക് മൂന്നുതരത്തിലുള്ള പ്രതികരണം കാൽവരിയിൽ തന്നെ നമുക്കു കാണാൻ കഴിയും - യേശുവിൻ്റെ പ്രതികരണവും, യേശുവിനോടുകൂടി കുരിശിൽ തൂങ്ങി മരിക്കുന്ന രണ്ടു കള്ളന്മാരുടെ പ്രതികരണവും. ഇടതുവശത്തെ കള്ളന് കള്ളനായിരുന്നിട്ടും യാതൊരു കുറ്റബോധവുമില്ല. തനിക്കു സഹിക്കേണ്ടി വന്നിരിക്കുന്നത് തൻ്റെ അകൃത്യങ്ങൾക്കുള്ള നീതിപൂർവകമായ ശിക്ഷയായി കാണുന്നതിനുപകരം ഈ ശിക്ഷയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടുന്നതിനെ പറ്റി മാത്രമേ അയാൾ ചിന്തിക്കുന്നുള്ളു. കൂട്ടത്തിൽ ക്രൂശിതനായ യേശുവിനെ പഴിക്കുകയും പരിഹസിക്കുകയും കൂടി ചെയ്യുന്നു അയാൾ. വലതുവശത്തെ കള്ളനാകട്ടെ, തൻറെ കുറ്റത്തെപ്പറ്റി ബോധവാനാണ്. താൻ സഹിക്കുന്ന വേദന തൻ്റെ കുറ്റത്തിനുള്ള ന്യായമായ ശിക്ഷയായി അയാൾ സ്വീകരിക്കുന്നു. അങ്ങനെ തൻ്റെ പാപത്തിനു പരിഹാരം ചെയ്യാനുള്ള അവസരമാക്കി ആ ശിക്ഷയെ അയാൾ രൂപാന്തരപ്പെടുത്തുന്നു. തങ്ങൾക്കൊപ്പം കുരിശിൽതൂങ്ങി വേദനിച്ചു മരിക്കുന്ന യേശുവിനെ രക്ഷകനായി അയാൾ സ്വീകരിക്കുന്നു. ആഴമേറിയ അയാളുടെ പശ്ചാത്താപത്തിലും പരിഹാരാരൂപിയിലും വിശ്വാസത്തിലും സംപ്രീതനായ യേശു അയാൾക്കു സ്വർഗീയസൗഭാഗ്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ഭൗതികതിന്മയോടുള്ള യേശുവിന്റെ പ്രതികരണമാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. താൻ നിരപരാധിയും നിഷ്കളങ്കനുമാണെന്ന പൂർണമായ ബോധ്യത്തിൽത്തന്നെ പിതാവായ ദൈവത്തിൻ്റെ നേർക്കുള്ള സമ്പൂർണമായ വിധേയത്വത്തോടെ കുരിശിലെ വേദനയും സഹനവുമെല്ലാം അവിടുന്നു സ്വീകരിക്കുന്നു. അതിന്റെയെല്ലാം അർഥം മനുഷ്യനെന്ന നിലയിൽ ഒരുപക്ഷേ അവിടത്തേക്കു പൂർണമായി വ്യക്തമായിരുന്നില്ല. "എൻ്റെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു!" (മത്താ. 27, 46) എന്ന കുരിശിൽ കിടന്നുകൊണ്ടുള്ള നിലവിളി അതാണല്ലോ സൂചിപ്പിക്കുന്നത്. എങ്കിലും, "പിതാവേ, അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്‌മാവിനെ ഞാൻ സമർപ്പിക്കുന്നു" (ലൂക്കാ 23, 46) എന്നുപറഞ്ഞ് സമ്പൂർണമായ വിധേയത്വത്തിലും സമർപ്പണത്തിലും പിതാവിന്റെ കൈകളിലേക്ക് അവിടന്നു മരിക്കുന്നു. ആ മരണമാണ് ഉയിർപ്പിന്റെ മഹത്ത്വത്തിൽ കലാശിച്ചതും ലോകത്തിനുമുഴുവൻ രക്ഷയായിത്തീർന്നതും. നിരപരാധിയും നിഷ്കളങ്കനുമായിരുന്ന യേശുവിന്റെ പീഡാസഹനവും മരണവും മറ്റുള്ളവരുടെ പാപത്തിനു പരിഹാരവും രക്ഷക്കു നിദാനവുമായിത്തീർന്നതുപോലെ, വിശ്വാസത്തിന്റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ നിരപരാധികളുടെയും നിഷ്കളങ്കരുടെയും വേദനയും കണ്ണീരും കഷ്ടപ്പാടുകളുമൊന്നും വൃഥാവിലാവില്ല. അവയും യേശുവിൻ്റെ പീഡാനുഭത്തോടു ചേർന്ന്, മറ്റുള്ളവരുടെ നന്മയ്ക്കു നിദാനമായിത്തീരും എന്ന ഒരു ഉൾപ്രേരണ നമുക്കനുഭവപ്പെടുന്നു. മാനവസമൂഹത്തിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധവും കൂട്ടായ്മയും ഈ യാഥാർഥ്യത്തിലേക്കാണു വിരൽ ചൂണ്ടുക. എന്നാൽ, ഇതൊന്നും ബുദ്ധികൊണ്ടോ യുക്തികൊണ്ടോ തെളിയിക്കാനാവില്ല. വിശ്വാസവും പ്രതീക്ഷയും മാത്രമാണ് പ്രസക്തമായിട്ടുള്ളത്.
അവസാനിച്ചു.
അസ്സീസി മാസിക, ഒക്ടോബർ 1994