top of page

വിപ്ലവകാരിയായ യേശു

Feb 1, 2012

2 min read

ജക
The Crucified Jesus Christ

വിപ്ലവകാരിയായ യേശു'വിനെക്കുറിച്ച് നാം എന്തിന് അസ്വസ്ഥരാകുന്നു?

യേശു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു എന്നുപറയുന്നത് യുക്തിരഹിതമാണ്. എന്നാണ് യേശു വാര്‍ത്തയല്ലാതായിരുന്നത്? ഒരിക്കലും പാര്‍ട്ടിക്കുള്ളില്‍ പ്രഥമസ്ഥാനം കിട്ടാതിരുന്ന ഒരു പ്രശ്നത്തെ ഇപ്രാവശ്യത്തെ സി.പി.എം. സംസ്ഥാനസമ്മേളനം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പ്രശ്നമിതാണ്: യേശു ഒരു വിപ്ലവകാരിയാണോ? യേശുവിന് മറ്റു വിപ്ലവകാരികള്‍ക്കു കൊടുക്കുന്ന അതേ സ്ഥാനം തന്നെയാണോ കൊടുക്കേണ്ടത്? അതോ യേശുവെന്ന വിപ്ലവകാരി കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ 'വിശുദ്ധയിട'ത്തേയ്ക്ക് അതിക്രമിച്ച് കടക്കുകയാണോ?

ഏതൊരു ഇടതുപക്ഷപാര്‍ട്ടിയും പറയുന്നതിന്‍റെ നേര്‍വിപരീതം പറയുക എന്ന സ്ഥിരം ശൈലിയിലായിരുന്നു പ്രസ്തുത വാര്‍ത്തകളോടുള്ള പലരുടെയും പ്രതികരണങ്ങള്‍. യേശുവിനോട് അടുക്കാനോ, യേശുവിനെക്കുറിച്ച് നമ്മള്‍ പറയുന്നതില്‍നിന്ന് വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നതിനോ മറ്റുള്ളവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അറിയുക. മതത്തെ വിമര്‍ശിക്കുന്നവരില്‍നിന്നുപോലും മതത്തിന് ചിലതൊക്കെ പഠിക്കാനുണ്ടെന്നുള്ളതല്ലേ സത്യം?

യേശു ഒരു വിപ്ലവകാരിയായിരുന്നോ? ബൈബിള്‍ എന്താണ് പറയുന്നത്? ദരിദ്രനുവേണ്ടി പ്രവര്‍ത്തിക്കുകയും തൊട്ടുകൂടാത്തവരുമായി നിരന്തരം ഇടപഴകുകയും ശക്തന്മാരെ ചോദ്യം ചെയ്യുകയും ചെയ്യുന്നവനെ എന്താണ് വിളിക്കേണ്ടത്? എന്തുകൊണ്ട് അങ്ങനെയൊരാളെ വിപ്ലവകാരിയെന്നു വിളിച്ചുകൂടാ? 'വിപ്ലവകാരി' എന്ന വാക്ക് അത്ര കുഴപ്പംപിടിച്ച ഒന്നാണോ? കാര്യത്തിന്‍റെ സത്യാവസ്ഥ എവിടെ എന്ന് ചോദിച്ചാല്‍, ജാതി-വര്‍ണ-ലിംഗ അസമത്വങ്ങളും മറ്റ് പലവിധ വിവേചനങ്ങളും രൂഢമൂലമായ ഇടങ്ങളാണ് മിക്ക വിശ്വാസിസമൂഹങ്ങളും എന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ യേശുവെന്ന വിപ്ളവകാരി ഒരു ഭാരം തന്നെയാണ്.

മനുഷ്യകുലവുമായുള്ള യേശുവിന്‍റെ സഹവാസം തന്നെ അവനിലെ ദൈവികസത്തയുടെ എളിമപ്പെടലായിരുന്നു. ദൈവവും മനുഷ്യനുമായി സമ്പൂര്‍ണ്ണ ഐക്യത്തിലായിരുന്നവന്‍റെ ഏറ്റവും വിപ്ലവകരമായ എളിമപ്പെടുത്തലായിരുന്നു കുരിശുമരണം. മനുഷ്യചരിത്രമുടനീളം മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തമായതെല്ലാം നഷ്ടപ്പെടുത്തിയവരുടെ കഥകള്‍കൊണ്ട് സമ്പന്നമാണ്. നാട്ടിലെ ജനങ്ങളുമായി നിരന്തരം ഇടപഴകുന്നവനാണ് ഒരു നേതാവ്. ഏകാന്തതയില്‍ വിദൂരത്തിലിരിക്കുന്ന ദൈവസങ്കല്പവും ദൈവജനവുമായി ഒന്നായിരിക്കുന്ന ദൈവസങ്കല്പവും തമ്മില്‍ നിരന്തരം മാത്സര്യത്തിലാണ്. യേശുവിനെ മറ്റ് ഇടതുപക്ഷ വിപ്ലവകാരികളോടൊപ്പംവയ്ക്കുന്നതില്‍ വിശ്വാസിസമൂഹങ്ങള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കില്‍, യേശുവിന്‍റെ ആര്‍ദ്രഭാവങ്ങള്‍ പേറുന്ന മുഖങ്ങള്‍ ഈ സമൂഹങ്ങളുടെ പരിസരങ്ങളില്‍നിന്നും പുറത്താക്കപ്പെടുന്നതിനോടും പ്രതിഷേധിക്കാന്‍ തയ്യാറാകണം.

മതത്തിന്‍റെ വികസനം എന്നതു മതത്തിനുള്ളിലെ അനേകവിഭാഗങ്ങളുടെ ഘടനാപരമായ വികസനത്തില്‍ നിന്നുണ്ടാകുന്ന ഒന്നല്ല; മറിച്ച് നാട്ടിലെ ജനങ്ങള്‍ അതിനെ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ യേശുവിനോട് അടുക്കുന്നുവെങ്കില്‍ എന്തിന് പ്രതിഷേധിക്കണം? ക്രിസ്തീയത സമാധാനത്തിന്‍റെ മതമാണ്. സത്യത്തില്‍ അതു കാണിക്കാനുള്ള സമയമാണിപ്പോള്‍.

എല്ലാ മുന്നേറ്റങ്ങളിലും സോഷ്യലിസം അന്തര്‍ലീനമാണെന്നുള്ള കാര്യം നാം മനസ്സിലാക്കിയിരിക്കണം. കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫും മനസ്സിലാക്കണം, അവരുടേതും സോഷ്യലിസ്റ്റ് മൂല്യങ്ങളെ ഉള്‍ക്കൊണ്ടിരുന്ന, ഇപ്പോഴും അതിന്‍റെ ചില അവശിഷ്ടങ്ങളൊക്കെ നിലനിര്‍ത്തുന്ന, ഐക്യമുന്നണിയാണെന്ന്. ഈയര്‍ത്ഥത്തില്‍ എല്ലാ ഗവണ്‍മെന്‍റുകളും എല്ലാ മതങ്ങളും സോഷ്യലിസ്റ്റാണ്. യേശു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ലാത്തതുപോലെ, സോഷ്യലിസം മാര്‍ക്സിസ്റ്റുകളുടെ മാത്രം ആദര്‍ശമല്ല. ഒന്നറിയണം ഈ സംവാദങ്ങള്‍ മാധ്യമങ്ങളുടെയും, വിശ്വാസിസമൂഹങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും മാത്രം ചര്‍ച്ചകള്‍ക്കേ വിഷയമായിട്ടുള്ളൂ. വിപ്ലവകാരികളാകട്ടെ കുറച്ച് സംസാരിക്കുകയും, ഏറെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വിവാദത്തില്‍ മാധ്യമങ്ങളുടെ പങ്ക്

സത്യമറിയുക എന്നതു ജനങ്ങളുടെ അവകാശവും സത്യം പറയുക എന്നതു മാധ്യമങ്ങളുടെ ധര്‍മ്മവുമാണ്. അങ്ങനെ ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി വര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ സത്യമായ അറിവ് എത്തിക്കുന്ന തലം പിന്നിട്ട് വിദ്യാഭ്യാസ ഉപാധിയെന്ന കാലവുംകടന്ന് വാര്‍ത്താവിനോദത്തിലും വിദ്യാഭ്യാസവിനോദത്തിലും ഏര്‍പ്പെട്ടിരിക്കുകയാണ്. ശ്രോതാക്കളെ ആകര്‍ഷിക്കുക എന്നതാണ് ഇപ്പോഴത്തെ വാര്‍ത്താവിനോദ നിര്‍മ്മാണ മാധ്യമത്തിന്‍റെ പ്രധാന ജോലി. നോം ചോസ്കി ഈ ഗവണ്‍മെന്‍റ്-മാധ്യമ കൂട്ടുകെട്ടിനെ 'പൊതുസമ്മതത്തിന്‍റെ നിര്‍മ്മാണം' (Manufacturing of consent) എന്നു വിളിക്കുന്നു.

യാതൊരുവിധ കോലാഹലങ്ങളും സൃഷ്ടിക്കേണ്ടതല്ലാത്ത ഒന്നായ 'വിപ്ലവകാരിയായ ക്രിസ്തു' എന്ന പ്രയോഗമാണ് ഇന്ന് കേരളത്തില്‍ വാര്‍ത്താവിനോദ പരിപാടിയുടെ കേന്ദ്രസ്ഥാനത്ത്. 'വിപ്ലവത്തെ' തെറ്റായി വ്യാഖ്യാനിച്ച് ക്രിസ്ത്യാനികള്‍ക്ക് അസ്വീകാര്യമായ ഒന്ന് എന്ന നിലയിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്നു. 'വിപ്ലവം' എന്ന വാക്കിന് എന്താണ് പ്രശ്നം? എല്ലാ മതങ്ങളും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വിപ്ലവത്തിന്‍റെ സൃഷ്ടിയാണ്, അല്ലാതെ സ്വയം ഉരുത്തിരിഞ്ഞു വന്നതല്ല. ഇപ്പോഴത്തെ ഈ വിവാദം സൃഷ്ടിച്ചിരിക്കുന്നത് നന്മയും തിന്മയും തമ്മില്‍, മതവിശ്വാസവും മതരാഹിത്യവും തമ്മില്‍, വിശുദ്ധിയും അശുദ്ധിയും തമ്മില്‍, ക്രൈസ്തവികതയും അക്രൈസ്തവികതയും തമ്മില്‍, യു.ഡി.എഫ്. ഉം എല്‍.ഡി.എഫ്. ഉം തമ്മില്‍ ഒരു ചേരിതിരിവാണ് (രാഷ്ട്രീയമായ കക്ഷിചേരലുകള്‍). ഈ രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകളെ സൃഷ്ടിക്കുന്നത്. എന്നാല്‍ മതം അതിനെ അന്ധമായി പിന്‍ചെല്ലണമോ? 'വിപ്ലവം', 'വിപ്ലവകാരി' ഈ വാക്കുകള്‍ ഒരു പാര്‍ട്ടിയോടുമാത്രം ചേര്‍ത്തു വായിക്കേണ്ട ഒന്നാണോ?

അതിപ്രാചീനമതങ്ങളൊഴികെ എല്ലാ മതങ്ങളുടെയും സൃഷ്ടിലേയ്ക്കു നയിച്ചത് നിലനില്‍ക്കുന്ന ജീര്‍ണ്ണത ബാധിച്ച സാമൂഹിക ജീവിതക്രമങ്ങളോടുള്ള ഒരു എതിര്‍പ്പായിരുന്നു. എന്നാല്‍ സംഘടിതമാവുകയും നിയതമായ രൂപഘടന വന്നുചേരുകയും ചെയ്തുകഴിഞ്ഞപ്പോള്‍ അവയില്‍നിന്നെല്ലാം എതിര്‍പ്പിന്‍റെ അംശം പൊയ്പ്പോവുകയും അവ ജീര്‍ണ്ണതയുടെ ഭാഗമായിത്തീരാന്‍ തുടങ്ങുകയും ചെയ്തു.

മാധ്യമങ്ങള്‍ക്കും മതത്തിനും ദരിദ്രജനപക്ഷത്ത് നിലയുറപ്പിക്കാന്‍ ബാധ്യതയുണ്ട്. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കോ ഗ്രൂപ്പുകള്‍ക്കോ മാത്രം വിട്ടുകൊടുക്കേണ്ട ഒന്നല്ല. ക്രിസ്തു എന്നും വിമോചനം ആഗ്രഹിക്കുന്നവരോടും ദരിദ്രരോടുമൊപ്പമാണ്. 'ഗിരിപ്രഭാഷ'ണത്തില്‍ ക്രിസ്തു ദരിദ്രരുടെയും എളിയ മനുഷ്യരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും പക്ഷത്ത് തന്‍റെ നില വ്യക്തമായി ഉറപ്പിച്ചുകൊണ്ട് അവരെ 'അനുഗ്രഹീതര്‍' എന്നു വിളിക്കുന്നു.

ചര്‍ച്ചാവിഷയമാകേണ്ട സംഗതി ദരിദ്രര്‍ക്കുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ നിലപാടുകളും, അവരോട് അനീതിയും വിവേചനവും അക്രമവും കാണിച്ചവര്‍ക്കെതിരെയുള്ള എതിര്‍പ്പിന്‍റെ വിപ്ലവാത്മകമായ ശബ്ദവുമാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ കുത്തകയല്ല. കേട്ടുമടുത്ത വാചാടോപങ്ങള്‍ക്കും സ്വന്തം അധികാരവും വിശ്വാസങ്ങളും മറ്റുള്ളവരുടെ മുന്‍പില്‍ ഉറപ്പിച്ചെടുക്കാനുള്ള അര്‍ത്ഥരഹിതമായ ശ്രമങ്ങള്‍ക്കും അപ്പുറം ജനങ്ങള്‍ക്കു സത്യം എത്തിച്ചുകൊടുക്കേണ്ട സമയമായിരിക്കുന്നു. ഈ സത്യത്തിനു മാത്രമെ നമ്മെ സ്വതന്ത്രരാക്കാന്‍ കഴിയൂ.

ജക

0

0

Featured Posts

bottom of page