top of page
നാലു മാസമായി ഇന്ത്യയുടെ തലസ്ഥാനനഗരിക്ക് ചുറ്റും തമ്പടിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഫലിപ്പിക്കുന്ന വികാരം ആത്മാഭിമാന ബോധത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെതുമാണ്. മതിയായ ചര്‍ച്ച നടത്താതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും കോവിഡ് നിയന്ത്രണങ്ങളുടെ സൗകര്യങ്ങളുപയോഗിച്ചും ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് പ്രധാനമായും കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെ വളഞ്ഞിരിക്കുന്നത്. ആ വിവാദനിയമങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ നാലു മാസത്തിനിടയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അതു സംബന്ധിച്ച ആവര്‍ത്തനം ഇവിടെ ആവശ്യമില്ല. കര്‍ഷക പ്രക്ഷോഭത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ അര്‍ത്ഥതലങ്ങളെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ പങ്കു വയ്ക്കാനാണിവിടെ ശ്രമിക്കുന്നത്.
കര്‍ഷകര്‍ നിസ്സഹായരും ഏതു ചൂഷണങ്ങളും സഹിക്കാന്‍ നിര്‍ബന്ധിതരുമായ ഒരു സമൂഹമാണെന്ന ധാരണയാണ് ഇതുവരെ ഉണ്ടായിരുന്നത്. സ്വന്തം പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍പോലും പ്രാപ്തി ഇല്ലാത്ത ഒരു സമൂഹം, ഇന്ത്യന്‍ കര്‍ഷകഗ്രാമങ്ങളിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ, പൊതുസമൂഹത്തിലെ അഭിപ്രായരൂപീകരണ രംഗങ്ങളിലെ പങ്കാളിത്തമില്ലായ്മ, പൊതുവിലുള്ള അസംഘടിതാവസ്ഥ, തൊഴില്‍ ജീവിതത്തിന്‍റെ ഭാഗമാണെന്നതിനാല്‍ അതില്‍നിന്ന് ഏറെനാള്‍ വിട്ടുനില്‍ക്കാനാവാത്ത സാഹചര്യം, ഇതെല്ലാം കര്‍ഷകസമൂഹത്തിന്‍റെ ചെറുത്തുനില്‍പ്പുശേഷിക്ക് പരിധി നിശ്ചയിക്കുന്ന ഘടകങ്ങളായി കരുതപ്പെട്ടിരുന്നു. ഈ വിധത്തിലുള്ള എല്ലാ മുന്‍വിധികളെയും അസാധുവാക്കുന്ന പ്രതികരണമാണ് കര്‍ഷകസമൂഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്.
അള മുട്ടിയാല്‍ ചേരയും കടിക്കും എന്നത് മലയാളത്തിലെ ഒരു നാടന്‍പ്രയോഗമാണ്. ഇന്ത്യന്‍ കര്‍ഷകന്‍ ഇന്നത്തെ പ്രക്ഷോഭപാതയില്‍ എത്തിപ്പെട്ടതും അതില്‍ വിട്ടുവീഴ്ചയില്ലാതെ ഉറച്ചു നില്‍ക്കുന്നതും വേറെ വഴിയില്ലാത്തതു കൊണ്ടുകൂടിയാണ്. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന ക്വിറ്റിന്ത്യാ സമരകാലത്തെ ഗാന്ധിയന്‍ മന്ത്രം പോലെ പൊരുതുക അല്ലെങ്കില്‍ കാര്‍ഷികജീവിതം അവസാനിപ്പിക്കുക എന്ന ഒരു പൊതുവികാരം രൂപപ്പെട്ടു വന്നിരിക്കുന്നു.
ഈ മാനസികാവസ്ഥയിലേക്ക് ഇന്ത്യന്‍ കര്‍ഷകന്‍ എത്തിച്ചേര്‍ന്നത് വിവാദമായ മൂന്നു നിയമങ്ങള്‍ വഴി മാത്രമല്ല. വ്യാവസായിക നാഗരികതയുടെ ഇന്നത്തെ ചക്രവര്‍ത്തിമാരായ വന്‍കിട കോര്‍പ്പറേറ്റുകളുടെ ചവിട്ടടിയിലേക്ക് കര്‍ഷകരെയും സാധാരണക്കാരെയും തള്ളിവിടുന്ന മൂന്ന് വിവാദനിയമങ്ങള്‍ യാദൃശ്ചികമായി ഉണ്ടായതല്ല. കാര്‍ഷികരംഗത്തെ, വ്യാവസായിക മേഖലയുടെ വാലാക്കി മാറ്റാനുള്ള പരിഷ്കാരങ്ങളും നയങ്ങളും കാലങ്ങളായി ഇവിടെ വന്നുകൊണ്ടാണിരിക്കുന്നത്. സാമ്പത്തിക ആസൂത്രണ രംഗത്തുള്ളവര്‍ കൃഷിയെ പ്രാഥമികമേഖലയായി വിശേഷിപ്പിക്കാറുണ്ടെങ്കിലും ഭരണകൂട നയങ്ങളില്‍ കൃഷിക്ക് ലഭിക്കുന്നത് പ്രഥമ പരിഗണന പോയിട്ട് ദ്വിതീയ പരിഗണന പോലുമല്ല.
രാജ്യത്തിന്‍റെ വ്യാവസായിക പുരോഗതി, സൈനികശേഷി വര്‍ദ്ധിപ്പിക്കല്‍, നഗരകേന്ദ്രീകൃതമായ വികസന പദ്ധതികള്‍ ഇവയ്ക്കൊക്കെയാണല്ലോ സര്‍ക്കാരുകളുടെ വിഭവവിനിയോഗത്തില്‍ മുന്‍ഗണന ലഭിക്കുന്നത്. ഇതിനിടയില്‍ കാര്‍ഷിക മേഖലയ്ക്ക് എന്ത് പരിഗണനയാണ് ലഭിച്ചിട്ടുള്ളത്.
വന്‍കിട വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്കായി നടപ്പിലാക്കപ്പെട്ട നയങ്ങളെല്ലാം തന്നെ ചെറുകിട ഗ്രാമവ്യവസായങ്ങളുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയിലാണ് കലാശിച്ചത്. വല്ലതും ആ രംഗത്ത് ബാക്കിയുണ്ടായിരുന്നെങ്കില്‍ നോട്ടുനിരോധനവും ജി. എസ്. ടി. യും പോലുള്ള തുഗ്ലക്ക് പരിഷ്കാരങ്ങള്‍ വഴി അതുമില്ലെന്നാക്കി. ഇന്ത്യന്‍ കാര്‍ഷികമേഖലയുടെ അനുബന്ധമായിരുന്ന ചെറുകിട ഗ്രാമവ്യവസായ മേഖലയുടെ തകര്‍ച്ച കാര്‍ഷികമേഖലയെത്തന്നെയാണ് നിരാലംബമാക്കിയത്. സര്‍ക്കാര്‍ പിന്‍ബലമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാവാത്ത വിധത്തില്‍ കാര്‍ഷികവൃത്തിയുടെ സ്വാശ്രയത്വം നഷ്ടപ്പെട്ടു. രക്ഷകനായി വരേണ്ട സര്‍ക്കാര്‍ നിര്‍ണ്ണായകഘട്ടത്തില്‍ നടത്തുന്ന ചതിയാണ് പുതിയ വിവാദനിയമങ്ങള്‍ എന്ന് പറയേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്.
കാര്‍ഷികവിളകളുടെ താങ്ങുവിലയും നിലവിലുള്ള വിപണന സംവിധാനങ്ങളും പ്രായോഗികമായി ഇല്ലാതാക്കുക, അവശ്യവസ്തുക്കളായ കാര്‍ഷികവിളകള്‍ യഥേഷ്ടം സംഭരിച്ച് വിപണിയെ നിയന്ത്രിക്കാനുള്ള അവസരം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുക, കൃഷിഭൂമിയെയും വിത്തുകളെയും കൃഷിരീതിയെയും കോര്‍പ്പറേറ്റ് നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന കരാര്‍കൃഷിയിലേക്ക് കര്‍ഷകരെ തള്ളിവിടുക തുടങ്ങിയ ഗൂഢലക്ഷ്യങ്ങള്‍ ഉള്ള നിയമങ്ങള്‍ കര്‍ഷകനെ സഹായിക്കാനാണെന്ന വ്യാഖ്യാനത്തോടെ അവതരിപ്പിക്കപ്പെട്ടത് തന്നെ വഞ്ചനയല്ലേ?
ഇങ്ങനെ നിസ്സഹായരാക്കപ്പെട്ട കര്‍ഷകന് മുമ്പില്‍ സമരമല്ലാതെ മറ്റെന്ത് വഴിയാണ് ഉള്ളത്? കര്‍ഷകപ്രക്ഷോഭത്തിന്‍റെ പശ്ചാത്തലം ഇതാണ്. ഇതു പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കര്‍ഷകന് ദീര്‍ഘനാള്‍ സമരം ചെയ്യാനാവുമോ? അവര്‍ക്ക് ഓരോ സീസനുകളിലും ചെയ്യേണ്ട കൃഷിപ്പണികള്‍ ഇല്ലേ? വളര്‍ത്തുമൃഗങ്ങള്‍ ഇല്ലേ? സ്വന്തം ഗ്രാമങ്ങളില്‍നിന്നു ദീര്‍ഘനാള്‍ വിട്ടു നില്‍ക്കാനാവാത്ത കുടുംബസാഹചര്യങ്ങള്‍ ഇല്ലേ? എന്നാല്‍ ഈ യാഥാര്‍ത്ഥ്യങ്ങളെ മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിയ തയ്യാറെടുപ്പുകള്‍ വഴിയും ഊഴംവച്ച് സമരത്തില്‍ പങ്കാളിത്തം ഉറപ്പുവരുത്തിയ ആസൂത്രണം വഴിയും അവര്‍ മറികടന്നു. ചൂടും തണുപ്പും മഴയും സഹിക്കാനുള്ള കര്‍ഷകരുടെ സഹജശേഷിയും തികച്ചും അഹിംസാത്മകമായ സമരരീതിയും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ അത്ഭുതകരമായ കര്‍ഷക ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുകയായിരുന്നു.
കര്‍ഷകപ്രക്ഷോഭത്തിന്‍റെ ശ്രദ്ധേയമായ മറ്റൊരു വശം സര്‍ക്കാരുമായി നടന്ന ഒരു ഡസനോളം ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ ഉടനീളം കര്‍ഷകര്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യമാണ്. മൂന്ന് വിവാദനിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞ ഒരു വിലപേശലിനും അവര്‍ വഴങ്ങിക്കൊടുത്തില്ല. ദീര്‍ഘനാള്‍ സമരംചെയ്ത് മടുത്തുകഴിയുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന ഉറപ്പുകള്‍ അംഗീകരിച്ച് മുഖം രക്ഷിച്ച് സമരത്തില്‍നിന്ന് തടിയൂരുന്ന പതിവ് സമരക്കാരില്‍ നിന്ന് കര്‍ഷകര്‍ വ്യത്യസ്തത പുലര്‍ത്തുന്നു. സമരത്തെ നിര്‍വീര്യമാക്കാന്‍ സര്‍ക്കാര്‍ അനുകൂല സംഘടനകളും സംവിധാനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വിപുലമായ പ്രചാരവേലകളെയും, പോലീസ് നടപടികളെയും, കോടതി വ്യവഹാരങ്ങളെയും, സമരക്കാര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ നിഷേധിക്കുന്ന ഭരണ നടപടികളെയും, സമരത്തെ ദേശവിരുദ്ധ നീക്കമായി ചിത്രീകരിക്കുന്ന തീവ്രവാദക്കാരുടെ അക്രമസമരമായി വിശേഷിപ്പിക്കാനുമുള്ള തന്ത്രപരമായ നീക്കങ്ങളെയും എല്ലാം അതിജീവിച്ചുകൊണ്ടാണ് കര്‍ഷകസമരം നിലപാടില്‍ ചാഞ്ചല്യമില്ലാതെ ഇത്ര നാളും മുന്നോട്ടു പോയത് എന്നത് ചെറിയ കാര്യമല്ല.
കര്‍ഷകപ്രക്ഷോഭം ഇന്ന് മറ്റൊരു മാനത്തിലേക്കു വളര്‍ന്നിരിക്കുകയാണ്. ഫാസിസ്റ്റ് സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തിനു മുമ്പില്‍ നിര്‍വീര്യമാക്കപ്പെട്ട പ്രതിപക്ഷത്തിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഊര്‍ജ്ജവും ദിശാബോധവും പ്രദാനം ചെയ്യുന്ന ഒരു ജനമുന്നേറ്റമായി കര്‍ഷകപ്രക്ഷോഭം മാറിയിരിക്കുന്നു. സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെ പാര്‍ലമെന്‍റിനകത്തും പുറത്തും ഫലപ്രദമായി നേരിടാന്‍ ത്രാണിയില്ലാത്ത വിധത്തില്‍ നിഷ്പ്രഭമായിപ്പോയ പ്രതിപക്ഷകക്ഷികളാണ് ഇന്ന് രാജ്യത്തുള്ളത്. അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊണ്ടും സര്‍ക്കാരിന് താക്കീത് നല്‍കിക്കൊണ്ടും ജനശ്ശക്തിയുടെ രാഷ്ട്രീയം ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. സര്‍ക്കാരുകള്‍ ജനതാല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍, അതിനെ നേരിടാന്‍ പ്രതിപക്ഷത്തിന് ഇച്ഛാശക്തിയും നിലപാടുമില്ലാതെ വരുമ്പോള്‍ ജനങ്ങളുടെ മുമ്പില്‍ വഴികളുണ്ടെന്ന സന്ദേശമാണ് ഇവിടെ മുഴക്കപ്പെടുന്നത്.
കര്‍ഷകസമരത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ബി.ജെ.പി. യെ വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള ആസന്നമായ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനുള്ള കര്‍ഷക സമരസമിതിയുടെ പ്രചരണം, കോര്‍പ്പറേറ്റുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനം, ബി. ജെ. പി. ജനപ്രതിനിധികള്‍ക്ക് ചില സംസ്ഥാനങ്ങളില്‍ ആരംഭിച്ചിട്ടുള്ള നിസ്സഹകരണം തുടങ്ങിയവ ജനങ്ങളുടെ മുമ്പില്‍ വേറിട്ട രാഷ്ട്രീയ-സാമ്പത്തിക പോരാട്ടവഴികളുണ്ടെന്ന സത്യം ചൂണ്ടിക്കാണിക്കുന്നവയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്‍റെ പ്രതിഫലനമുള്ള ഈ മുന്നേറ്റം ഗാന്ധിയന്‍ സമീപനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ്. ഈ കര്‍ഷക മുന്നേറ്റം വരുംനാളുകളില്‍ ഏതൊക്കെ വികാസപരിണാമങ്ങളിലൂടെ മുന്നോട്ടു പോകുമെന്നത് കാത്തിരുന്നു കാണാം.
Featured Posts
bottom of page