
ആമുഖം
ക്രിസ്തീയ വിശ്വാസത്തിന്‍റെ ഹൃദയഭാഗമാണ് യേശുവിന്‍റെ ത്രിദിന രക്ഷാകര രഹസ്യം(Paschal Mystery). യേശുവിന്‍റെ പീഡാസഹനം, മരണം, ഉയിര്‍പ്പ് എന്നിവയിലൂടെ മാനുഷരാശിക്കു മുഴുവന്‍ ദൈവം രക്ഷ നല്‍കിയതിന്‍റെ ഓര്‍മ്മയാണ് ഓരോ വലിയ ആഴ്ചയിലും ക്രിസ്തീയ സമൂഹങ്ങള്‍ ഓര്‍ക്കുന്നതും ധ്യാനിക്കുന്നതും. മനുഷ്യരക്ഷ സാധിച്ച ഈ "ദൈവിക യോജനയെ" (Divine Economy) സൂചിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ രഹസ്യത്തിന്‍റെ അര്‍ത്ഥം പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചില ക്രൈസ്തവര്‍ ഇതിനെ വെറും പ്രായശ്ചിത്ത പ്രക്രിയയായി കാണുകയും യഥാര്‍ത്ഥ ക്രൈസ്തവ മൂല്യങ്ങളില്‍ നിന്ന് അകന്നു പോകുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ സുവിശേഷങ്ങള്‍ ശരീരത്തെ നശിപ്പിക്കുവാനല്ല പഠിപ്പിക്കുന്നത്. മറിച്ച്, അപരനോടുള്ള സ്നേഹത്തിനായി ജീവിതം സമര്‍പ്പിക്കുകയാണ് യഥാര്‍ത്ഥ ക്രിസ്തീയ സന്ദേശം. ഇവിടെ സ്വന്തം ശരീരത്തെ നശിപ്പിക്കുന്ന ആത്മീയതയ്ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്; മറിച്ച്, അപരനെ രക്ഷിക്കുന്ന സ്നേഹത്തിനായി സ്വന്തം ജീവിതം ഹോമിക്കുകയാണ്.
സഹനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയും ക്രിസ്തുവിന്‍റെ പ്രതികരണവും
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്‍റെ 'ഛായയിലും സാദൃശ്യത്തിലും' (ഉല്പത്തി 1:27) ആണെങ്കിലും, പാപത്തിന്‍റെ ഫലമായി മനുഷ്യ ശരീരത്തെയും ലോകത്തെയും 'ശിക്ഷാ സാധനം' (Instrument of Punishment) എന്ന നിലയില്‍ മധ്യകാലഘട്ട ക്രിസ്ത്യന്‍ സമൂഹം കണക്കാക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള ചിന്തയുടെ ഫലമായി സ്വാഭാവിക മതമര്‍ദ്ദനങ്ങളില്‍ നിന്ന് വിടുതല്‍ നേടിയ സഭയ്ക്കും പ്രത്യേകിച്ച് സഭയിലെ ചില സന്യാസികള്‍ക്ക് ക്രിസ്തുവിന്‍റെ സഹനത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രായശ്ചിത്തങ്ങള്‍ ചെയേണ്ട തായി തോന്നി. ഇത്തരത്തിലുള്ള പ്രായശ്ചിത്തം ശരീരത്തെ നശിപ്പിക്കുന്നതാണന്നുള്ള അവ ബോധം അവര്‍ക്കുണ്ടായിരുന്നെങ്കിലും, ദൈവത്തെ പ്രസാദിപ്പിക്കാന്‍ സാധിക്കും എന്ന ആശയം മൂലം പല ക്രിസ്ത്യന്‍ സംസ്കാരങ്ങളിലും മറ്റ് മതങ്ങളിലെപോലെ പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ക്രിസ്തുവിന്‍റെ സുവി ശേഷം ഈ ആശയത്തെ എപ്പോഴും നിരാകരിച്ചു. ജീവിതം ഹോമിക്കേണ്ടത് ദൈവപ്രസാദത്തിനല്ല, മറിച്ച് ദൈവഹിതത്തിനാണ്. ദൈവഹിതം നിറവേറ്റുന്നവന് തീര്‍ച്ചയായും തന്‍റെ ജീവിതം ഹോമിക്കേണ്ടിവരും. (റോമാ 12:1, മത്താ 16:24-25). മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ "ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേ പടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും." (യോഹന്നാന്‍ 12:24). ഈ ഉപമയില്‍, ജീവന്‍റെ സാരാംശം സ്വാര്‍ത്ഥതയുടെ മരണത്തിലൂടെ മറ്റുള്ളവര്‍ക്ക് വിളമ്പുന്നതിലാ ണെന്ന് ജീവിതമെന്നു ക്രിസ്തു വ്യക്തമാക്കുന്നു. ക്രിസ്തു തന്‍റെ ജീവിതത്തിലുടനീളം ഈ തത്വം പ്രവര്‍ത്തിച്ചു കാണിച്ചു: 'സ്വയം ശൂന്യമാക്കി' (ഫിലി പ്പിയര്‍ 2:7), ദാസനായി മാറി, എല്ലാവര്‍ക്കുമായി തന്‍റെ ജീവന്‍ നല്‍കി.
ദൈവദാനമായ ശരീരം: ഒരു ദൈവിക ദായകത്വം (Divine Generosity)
ചില സന്യാസിമാരുടെ പക്കല്‍നിന്നു പാഠങ്ങള്‍ സ്വായത്തമാക്കിയ ചില സാധാരണ വിശ്വാസിക ളുടെ ഇടയിലും ഇത്തരത്തിലുള്ള ശാരീരിക ശിക്ഷാനടപടികള്‍ പ്രായശ്ചിത്തത്തിന്‍റെ 'സാധന യായും' ദൈവപ്രസാദത്തിന്‍റെ 'ഉപകരണമായും' കാണപ്പെട്ടു. എന്നാല്‍, വിശുദ്ധ ഇഗ്നേഷ്യസ് ലയോള മനസാന്തരത്തിനു ശേഷമുള്ള ജീവിത കാലത്തിന്‍റെ ആരംഭത്തില്‍ ഈ രീതിയില്‍ പ്രായ ശ്ചിത്തം ചെയ്തിട്ടും, പിന്നീട് പല അവസര ങ്ങളിലും തന്‍റെ സഭാംഗങ്ങളെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചുകൊണ്ടു അദ്ദേഹം പോര്‍ച്ചുഗലിലെ ഈശോസഭാ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച കത്തില്‍ പറയുന്നത് വളരെ പ്രസക്തമാണ്: 'ക്രിസ്തുവിനെ അനുകരിക്കുക വളരെ പ്രധാനപ്പെട്ടതാണ്. എന്നിരിക്കെ, നിങ്ങളുടെ ശരീരത്തെ നശിപ്പിക്കലല്ല, മറിച്ച് ക്രിസ്തുവിന്‍റെ സ്നേഹം മനസ്സിലാക്കി നിങ്ങളെ ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാ ക്കുക എന്നതാണ് യഥാര്‍ത്ഥ സഹനവും പ്രായശ്ചിത്തവും' (റോം, മേയ് 7, 1547). പൗലോസ് പറയുന്നു: 'നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.' (1 കൊറിന്ത്യര്‍ 6:19). ഈ ശരീരത്തെ നശിപ്പിക്കാനുള്ള അനുവാദം ദൈവം ഒരിക്കലും ഒരു മനുഷ്യനും നല്‍കിയിട്ടില്ല. പകരം, നമ്മുടെ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് നമ്മുടെ ശരീരത്തിന്‍റെ പരിപൂര്‍ണ്ണതയിലേക്കുള്ളദൈവ ത്തിന്‍റെ ഛായയിലും സദൃശ്യത്തിലേക്കുള്ളഈ യാത്രയില്‍, അയല്‍ക്കാരനെ സ്നേഹിക്കുക, ദൈവസ്നേഹം മനസ്സിലാക്കുക, അവന്‍റെ ഹിത മനുസരിച്ച് സ്നേഹവും സേവനവും വഴികാട്ടി യാക്കി മുന്നേറുക എന്നതാണ് ഓരോ മനുഷ്യ ന്‍റെയും വിളിയും ദൗത്യവും.
ക്രിസ്തുവിന്‍റെ സഹനം: സ്നേഹത്തിന്‍റെ പ്രതീകം
ക്രിസ്തുവിന്‍റെ സഹനം ദൈവനിയോഗത്തോ ടുള്ള (Will of God) വിധേയതയില്‍ നിന്ന് ഉടലെടു ത്തതാണ്. 'പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്‍റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ!' (ലൂക്കോസ് 22:42) എന്ന ഗെത്സെമനേ തോട്ടത്തിലെ പ്രാര്‍ത്ഥന, മറ്റുള്ളവര്‍ക്കായി ജീവിക്കുന്നതിന്‍റെ ഉച്ചസ്ഥായിയായിരുന്നു. ക്രിസ്തു ഒരു സജീവമായ സമര്‍പ്പണമായി മാറി. അതുകൊണ്ടുതന്നെ, ക്രിസ്ത്യാനികളുടെ വിളി: സാമൂഹ്യ അന്യായങ്ങള്‍ ക്കെതിരെ നിലനില്‍ക്കുക അവ തന്‍റെ സമൂഹത്തി ലുള്ളവര്‍ ചെയ്താല്‍പോലും, സമാധാനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുക, മതഭേദമന്യേ ദൈവ സ്നേഹം പകരുക എന്നിവയാണ്. തീര്‍ച്ചയായും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അധികാര വര്‍ഗത്തിന്‍റെ എതിര്‍പ്പിന് കാരണമാകും. തന്‍റെ സ്വന്തം മതത്തിലെ പുരോഹിതരും നിയമജ്ഞരും ക്രിസ്തുവിനെതിരായതുപോലെ, ക്രിസ്തുശിഷ്യ ന്മാരും എതിര്‍ക്കപ്പെടും. ഇവിടെ മറ്റൊരു ക്രിസ്തു വാകുക എന്നതാണ് വിളി. ക്രിസ്തുവിനെപ്പോലെ, യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ 'ലോകത്തിന്‍റെ പ്രകാശമായി' (മത്തായി 5:14) ജീവിക്കുന്നു.
മതതീവ്രവാദത്തിനെതിരെയുള്ള ക്രിസ്തു വിന്‍റെ സഹനം
സമരിയത്തിലെ സ്ത്രീയുമായുള്ള സംഭാഷണം (യോഹന്നാന്‍ 4), റോമാപടയാളിയുടെ ഭൃത്യനെ സുഖപ്പെടുത്തല്‍ (ലൂക്കോസ് 7), വിജാതീയരു മായുള്ള സമ്പര്‍ക്കം (മര്‍ക്കോസ് 7:24-30), പുരോഹിതരും നിയമജ്ഞരുമായുള്ള സംവാദങ്ങള്‍ എന്നിവ ക്രിസ്തുവിന്‍റെ മതാതീത സ്നേഹത്തെ ഊന്നിപ്പറയുന്നു. 'എല്ലാവരും ഒന്നാകണം' (യോഹന്നാന്‍ 17:21) എന്ന് യേശു പഠിപ്പിച്ചു. ഈ സന്ദേശമാണ് മതതീവ്രവാദികള്‍ക്ക് ക്രിസ്തുവിനെ ശത്രുവാക്കിയത്. അവര്‍ അവനെ വിദേശാധിപത്യ ത്തിന് വിട്ടുകൊടുത്ത് കുരിശില്‍ തറച്ചുകൊല്ലാന്‍ കാരണമായി. അവിടെയും ക്രിസ്തു ക്ഷമയുടെ പാഠം പഠിപ്പിച്ചു. സിറിയയില്‍ ജോലി ചെയ്തിരുന്ന ഈശോസഭയിലെ പൗലോ ദല്ലോജിയോയുടെയും, ഫ്രാന്‍സ് വാന്‍ ഡെര്‍ ലുഗ്ട്ടിന്‍റെയും ജീവിതം ക്രിസ്തീയ സഹനത്തിനുള്ള ഒരു ഉത്തമ ഉദാഹരണമാണ്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങ ള്‍ക്കും ഇടയിലെ സഹോദര്യവും സമാധാനവും പ്രചരിപ്പിച്ച ഈ പുരോഹിതന്‍മാരെ തീവ്രവാദികള്‍ ഇഷ്ടപ്പെട്ടില്ല. തീവ്രവാദികള്‍ക്ക് എപ്പോഴും തങ്ങളുടെ മതത്തെ മറ്റ് മതങ്ങള്‍ക്കെതിരെ നിര്‍ത്തുക എന്നതാണ് ലക്ഷ്യം. ഈ പുരോഹിത ര്‍ക്കെതിരെ ഈ തീവ്രവാദ സംഘടന (IS) വധഭീഷ ണികളും നടത്തി. എന്നിട്ടും അവര്‍ യേശുസഭയുടെ പ്രൊവിന്‍ഷ്യലിനോട് 'ഞങ്ങളുടെ സഹോദരന്മാര്‍ ഇവിടെയുണ്ട്. ഞങ്ങള്‍ അവരെ വിട്ടുപിരിയില്ല' എന്ന് ഒരുപോലെ പ്രതികരിച്ചു. ഇതായിരുന്നു സഭാംഗങ്ങള്‍ കേട്ട അവരുടെ അവസാന വാക്കു കള്‍. കാരണം അവര്‍ ജീവിച്ചത് യഥാര്‍ത്ഥ ഇസ്ലാമി കരും ക്രൈസ്തവരുമായ വിശ്വാസികള്‍ക്കു വേണ്ടിയായിരുന്നു. അവര്‍ ഇപ്പോഴും ഈ പുരോഹി തരുടെ കൂടെ നിന്നു ദൈവസ്നേഹം അനുഭവിച്ചു. 2013-ല്‍ ഇസ്ലാമിക തീവ്രവാദികള്‍ പൗലോ ദല്ലോജിയോയെ തട്ടിക്കൊണ്ടുപോയി. ഇന്നും പൗലോ ദല്ലോജിയോയുടെ ശരീരം കണ്ടെത്തി യിട്ടില്ല. പിന്നീട്, കൂടെ ജീവിച്ചിരുന്ന ഫ്രാന്‍സ് വാന്‍ ഡെര്‍ ലുഗ്ട്ട് എന്ന ഡച്ച് ജെസ്യൂട്ട് പുരോഹിതനെ കൊന്ന് യേശുസഭയുടെ ഭവനത്തിന്‍റെ മുന്‍പില്‍ കൊണ്ടിട്ടു. സിറിയയിലെ മുസ്ലിങ്ങള്‍ക്ക് ഈ പൂരോഹിതര്‍ എന്നും തീവ്രവാദികളുടെ നിരയില്‍ നിന്ന് തങ്ങളെ രക്ഷിക്കുന്ന രക്ഷകരായി അനുഭവ പെട്ടു. ഇസ്ലാമിക തീവ്രവാദത്തോടൊപ്പം, ഇത്തര ത്തിലുള്ള ക്രൈസ്തവ, യഹൂദ തീവ്രവാദങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലും വിഷം വിതയ്ക്കു ന്നുണ്ട്. ഈ പുരോഹിതരെ പോലെയുള്ള സമാധാ നപ്രിയരായ ജീവിതങ്ങലാണ് ക്രിസ്തുവിന്‍റെ രക്ഷാകര രഹസ്യം പ്രതിഫലിപ്പിക്കുന്നതും അവ പല മത തീവ്രാവാദികള്‍ക്ക് വെല്ലുവിളിയാകുന്നതും. അവരെകൊന്നാലും അവര്‍ ഉത്ഥാനംചെയ്യും കാരണം സ്വാര്‍ഥതയുടെ മരണവും സ്നേഹ ത്തിന്‍റെ ജീവിതവുമാണ് അവരുടെ യഥാര്‍ത്ഥ ഉയിര്‍പ്പ്.
ഉപസംഹാരം
രക്ഷാകര രഹസ്യം ഒരു 'സംഭവം' മാത്രമല്ല; ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തില്‍ ദൈനംദിനം നിറവേറ്റേണ്ട ഒരു ദിശാബോധമാണ്. ശരീരത്തെ നശിപ്പിക്കലല്ല, മറിച്ച് സ്നേഹത്തിനായി ജീവിക്കുക എന്നതാണത്. ക്രിസ്തുവിന്‍റെ സന്ദേശം ഹിംസയല്ലസ്വന്തം ശരീരത്തോടോയാലും അന്യരുടെ ശരീരത്തോടോയാലും. 'സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍' (മത്തായി 5:9) എന്നതാണ് അവന്‍റെ സന്ദേശം. യഥാര്‍ത്ഥ ക്രിസ്ത്യാനി മതവിവേചനമില്ലാതെ എല്ലാവരോടും സ്നേഹം പ്രകടിപ്പിക്കുന്ന ഒരാളാണ്. 'ലോക ത്തിന്‍റെ ഉപ്പും പ്രകാശവും' ആയി മാറുമ്പോള്‍ മാത്രമേ അവരുടെ വിളി നിറവേറ്റപ്പെടൂ. ക്രിസ്തു വിന്‍റെ സഹനത്തോട് ചേരുന്നതിന്‍റെ അര്‍ത്ഥം ഇതാണ്: സ്വാര്‍ത്ഥതയുടെ ഗോതമ്പുമണിയായി മരിക്കുന്നവര്‍ മാത്രമേ ജീവന്‍റെ വിളവെടുക്കൂ.