top of page

പുതുജീവന്‍റെ പടികള്‍

Mar 1, 2011

1 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Image : Stairs across the lawn
Image : Stairs across the lawn

യോഹന്നാന്‍റെ സുവിശേഷം 5-ാമദ്ധ്യായത്തില്‍ ബഥ്സേദാ കുളത്തിന്‍റെ തീരത്തു കിടക്കുന്ന തളര്‍വാതരോഗിയെ നാം കാണുന്നു. "നീ സൗഖ്യപ്പെടുവാനാഗ്രഹിക്കുന്നുവോ?" എന്ന് യേശു ആ മനുഷ്യനോടു ചോദിക്കുന്നു. കര്‍ത്താവിന് അവനെ സൗഖ്യപ്പെടുത്തുവാന്‍ കഴിയും. പക്ഷേ അവനത് ആത്മാര്‍ത്ഥമായി ആഗ്രഹിക്കണം. ആത്മാര്‍ത്ഥമായി മാറ്റം ആഗ്രഹിക്കാത്തവന്‍റെ ജീവിതത്തില്‍ ദൈവത്തിന് ഇടപെടുവാന്‍ ബുദ്ധിമുട്ടാണ്. മദ്യപാനം ഉപേക്ഷിക്കണമെന്നാഗ്രഹിക്കുന്നവന്‍ മദ്യകുപ്പികള്‍കൊണ്ട് അലമാരകള്‍ നിറയ്ക്കരുത്. സാഹചര്യങ്ങളെപ്പോലും ഉപേക്ഷിക്കുന്ന വിധത്തിലുള്ള ആഗ്രഹം മനസ്സിലുണ്ടായിരിക്കണം. തളര്‍വാതരോഗിയെക്കൊണ്ട് അവന്‍റെ യഥാര്‍ത്ഥ ആഗ്രഹം പറയിപ്പിച്ചിട്ടാണ് യേശു സൗഖ്യത്തിലേക്കു നയിക്കുന്നത്.

എന്നെ സഹായിക്കുവാനാരുമില്ല എന്ന് അവന്‍ ഏറ്റുപറയുന്നു. എന്‍റെ ജീവിതം പ്രതീക്ഷയറ്റതും നിരാശാജനകവുമാണെന്ന് ബോദ്ധ്യപ്പെടുമ്പോള്‍ യേശു കടന്നുവരും. യേശു വരുമ്പോള്‍ പ്രതീക്ഷ ജനിക്കുന്നു. സ്വന്തം മനശ്ശക്തികൊണ്ടോ എന്തെങ്കിലും ചെയ്തതുകൊണ്ടോ ലഭിക്കുന്നതല്ല മാനസാന്തരം. ദൈവത്തിന്‍റെ ഇടപെടലുകൊണ്ടാണ് മാറ്റം സംഭവിക്കുന്നത്. 'ഞാന്‍ തീരുമാനിച്ചാല്‍ കുടി നിറുത്താം' എന്നു പറയുന്നവരുണ്ട്. പക്ഷേ അവര്‍ക്കതു സാധിക്കുന്നില്ല. കാരണം ഉന്നതത്തില്‍നിന്നുള്ള ശക്തി ലഭിക്കാതെ ആര്‍ക്കും ഒന്നും സാദ്ധ്യമല്ല. 'നിന്‍റെ കിടക്കയുമെടുത്തു പോവുക' എന്ന് യേശു അവനോടു കല്പിച്ചു. മുപ്പത്തിയെട്ടു വര്‍ഷമായി കിടന്നു മുഷിഞ്ഞ കിടക്ക എറിഞ്ഞിട്ടു പോകാനല്ല യേശു പറഞ്ഞത്. കിടക്കയുമെടുത്തു പോവുക. തളര്‍വാതരോഗിയുടെ കുഴപ്പങ്ങളുടെയും രോഗത്തിന്‍റെയും തളര്‍ച്ചയുടെയുമെല്ലാം പ്രതീകമാണ് ആ കിടക്ക. നീ സൗഖ്യപ്പെടുവാനാഗ്രഹിക്കുന്നുവെങ്കില്‍ നിന്‍റെ പ്രശ്നങ്ങളെ അംഗീകരിക്കുക. അവയെടുത്തുകൊണ്ടു നടക്കുക. അപ്പോള്‍ നിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഒരു സുപ്രഭാതത്തില്‍ എല്ലാ പ്രശ്നങ്ങളും മായാജാലം പോലെ പറന്നുപോകുമെന്നു കരുതരുത്. പ്രശ്നങ്ങളെ അംഗീകരിച്ചും അവയ്ക്കു നടുവില്‍ ജീവിച്ചും മുന്നേറുമ്പോള്‍ ഒരുവന് പ്രതിസന്ധികള്‍ക്കിടയില്‍ വീഴാതെ നടക്കാനാവും.

പിന്നീട് അവനെ യേശു ദേവാലയ പരിസരത്തുവച്ചു കണ്ടു. ഇനിയും പാപം ചെയ്തു പഴയതിലും മോശമായ അവസ്ഥയിലെത്തരുത് എന്നുപദേശിക്കുന്നു. ജീവിത വ്യതിയാനത്തിന് ഏറ്റവും പ്രധാനമായ ഒരുഘടകമാണ് ഉറച്ച തീരുമാനം. പഴയ കുഴികളിലേക്കു വഴുതിവീഴില്ലെന്ന് തീരുമാനമെടുക്കണം. ദൈവം നമ്മുടെമേല്‍ വര്‍ഷിക്കുന്ന കൃപകളെ പരിഹസിക്കരുത്. വളരെ ഗൗരവമേറിയ ഒരു സമ്മാനമായാണ് കര്‍ത്താവ് തന്‍റെ കൃപയെ നമുക്കു തരുന്നത്. ഫലിതരൂപത്തില്‍ അനുഗ്രഹങ്ങളെ കാണരുത്. ഒരിക്കല്‍ കൂടി പഴയതെറ്റ് ആവര്‍ത്തിച്ചു നോക്കി ദൈവത്തെ പരീക്ഷിക്കരുത്. പരീക്ഷകളെ അതിജീവിച്ച ദൈവപുത്രനെയാണ് നോമ്പുകാലത്തിന്‍റെ ആരംഭത്തില്‍ നാം കാണുക. ത്യാഗത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ഓര്‍മ്മകളുമായി അമ്പതുനോമ്പ് കടന്നുവരുമ്പോള്‍ ഒരു പുതുജീവിതത്തിനായി നമുക്കു ദാഹിക്കാം. ഇന്നലെകളില്‍ വന്നുപോയ വീഴ്ചകളെക്കുറിച്ച് കുറ്റബോധത്തോടെ ഓര്‍ക്കാതെ എല്ലാം നവീകരിക്കുന്ന കര്‍ത്താവിലേക്കു തിരിയാം. എന്‍റെ ജീവിതത്തില്‍ ഞാനെടുത്തുകൊണ്ടു നടക്കേണ്ട കിടക്കകള്‍ പലതുണ്ട്. അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ്, അപര്യാപ്തതാ ബോധം എന്നിവ എന്‍റെ പഴകി മുഷിഞ്ഞ കിടക്കകളാണ്. രോഗം, ആന്തരികമുറിവ് എന്നിവയും എന്നെ അലട്ടുന്നു. ഇവയില്‍ നിന്നെല്ലാം സൗഖ്യം പ്രാപിക്കണമെങ്കില്‍ ഞാനിവയെ അംഗീകരിക്കണം. അവയുമെടുത്ത് അവന്‍റെ പിന്നാലെ യാത്രയാകണം. നമ്മുടെ പാപങ്ങള്‍ വഹിച്ചവനും നമ്മുടെ രോഗങ്ങള്‍ ചുമന്നവനുമായ കര്‍ത്താവിന്‍റെ കൂടെ അനുദിന കുരിശുകളുമെടുത്ത് യാത്ര ചെയ്തു പുതുജീവന്‍റെ പടവുകളിലൂടെ മുന്നേറാം.

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

1

Featured Posts

Recent Posts

bottom of page