top of page

അതിജീവനം

Sep 10, 2017

3 min read

സി. ലിസാ ഫെലിക്സ്

sea and a boat

കൊതുമ്പു വള്ളങ്ങളില്‍ നിന്ന് മനുഷ്യര്‍ വഞ്ചിയിലേക്ക് കയറി...പിന്നെ വലിയ വഞ്ചികളിലേക്ക്.....

വഞ്ചികള്‍ക്ക് കടലിനോടെതിര്‍ക്കാനാവില്ലെന്നറിഞ്ഞ് മനുഷ്യര്‍ പായ്ക്കപ്പലുകളില്‍ പ്രവേശിച്ചു. കടലിന്‍റെ കരുത്തിനു മുമ്പില്‍ അവയും ദുര്‍ബലമാണെന്നറിഞ്ഞപ്പോള്‍ അവര്‍ കപ്പലുകള്‍ നിര്‍മ്മിച്ചു. പിന്നെ കുറേക്കൂടി വലിയ കപ്പലുകള്‍... കടലിനോടെതിര്‍ക്കാന്‍ മാത്രം അവ അത്ര ശക്തമായിരുന്നൊന്നുമില്ല,

അതുകൊണ്ട്... മനുഷ്യര്‍ കടല്‍യാത്ര വേണ്ടെന്നുവച്ചു... എന്നല്ല, ചരിത്രം.. അല്ലെങ്കില്‍ യാത്ര ചെയ്യാന്‍ വേണ്ടി അവര്‍ കടലിലെ 'മഞ്ഞുമലകള്‍' മുഴുവന്‍ ഉരുക്കിക്കളഞ്ഞു. എന്നുമല്ല, ചരിത്രം.

അവര്‍ കേടുകളെയും  കെടുതികളെയും നഷ്ടങ്ങളെയും ഒക്കെ സഹിച്ച്, പിന്നെയും യാത്ര  ചെയ്തു.  മഞ്ഞുമലകളുടെ സ്ഥാനം മുന്‍കൂട്ടി കണക്കാക്കാന്‍ അവര്‍ പഠിച്ചു. എന്നിട്ട് വഴിമാറി യാത്ര ചെയ്തു. അല്ലെങ്കില്‍ കാത്തിരിക്കാനും ഗതിമാറിപ്പോകാനും ഒക്കെ പഠിച്ചു.

" ഈ നാട്ടില്‍ ജീവിക്കാന്‍ എനിക്കു പറ്റുന്നില്ല, മടുത്തു, എനിക്കു മതിയായി,  വകതിരിവില്ലാത്തവരുടെ കൂടെ, ജീവിക്കണ്ട,..."എന്നൊക്കെപ്പറഞ്ഞു നിലവിളിച്ചുവന്ന ശിഷ്യനെ കൂട്ടി ഗുരു കാട്ടിലൂടെ നടക്കാന്‍ പോയി.

ശരിയാണ് അപവാദങ്ങളുടെ കൊടുങ്കാറ്റും, അനുഭവങ്ങളുടെ പെരുമഴയും സ്നേഹിതരുടെ അവഗണനയും ഒട്ടൊന്നുമല്ല അവനെ ഉലച്ചത്, ഗുരുവിനറിയാം...

"വിഷസര്‍പ്പങ്ങളും ഹിംസ്രമൃഗങ്ങളും ഒക്കെയുള്ള കാട്, ശ്രദ്ധ വേണം." ഗുരു ശിഷ്യനെ ഓര്‍മ്മപ്പെടുത്തി.

പിന്നെ ഓരോ കാലടിയും ശ്രദ്ധിച്ചുവച്ച്, ജാഗ്രതയോടെ പുഴുവിനെ മുതല്‍ ആനയെ വരെ പേടിച്ചുള്ള ഒരു നടപ്പ്. തലനാരിഴ ദൂരെ പാമ്പിഴഞ്ഞുപോയി... ഗുരു പറഞ്ഞു," ബഹളം വച്ച് ഒന്നിനെയും പ്രകോപിപ്പിക്കരുത്, അവ അതിന്‍റെ വഴിക്ക് പൊയ്ക്കൊള്ളും..." അങ്ങനെ ശിഷ്യന്‍ ഒരു ശ്വാസം പോലും ശ്രദ്ധയോടെ, പൂര്‍ണ്ണ അറിവോടെ എടുത്തു. ഒരു പാദം നിലത്തുനിന്ന് പറിക്കുന്നതും അടുത്തത് വയ്ക്കുന്നതും ഒക്കെ കൃത്യമായറിഞ്ഞു.

 "നിലത്ത് മാത്രം നോക്കി നടന്നാല്‍ പോരാ, ഇടയ്ക്ക് മരത്തിനുമുകളിലും നോക്കണം. താഴേയ്ക്കു ചിലപ്പോള്‍, പെരുമ്പാമ്പ് നീണ്ടിറങ്ങി വന്നേക്കും. അല്ലെങ്കില്‍ കാട്ടുമൃഗങ്ങള്‍ ഇര തേടി പതുങ്ങിയിരിപ്പു കാണും....അകലക്കാഴ്ച വേണം." ഗുരു ഓര്‍മ്മിപ്പിച്ചു.

കണ്ടിട്ടില്ലാത്ത തരം ജീവികള്‍, മരങ്ങള്‍, നല്ല ഭംഗിയുള്ള പൂക്കള്‍, ഒക്കെ കാണുന്നുണ്ട്. ശിഷ്യന് കൗതുകം...

 "എല്ലാ പൂവിനെയും തൊടണ്ട, ചിലത് വിഷപ്പൂക്കളാവും" ഗുരു പറഞ്ഞു. ശിഷ്യന്‍ പിന്നെയും ജാഗരൂകനായി. ഒരില ഉരുമ്മുന്നതുപോലും ശ്രദ്ധിച്ചു. കുഴപ്പമുണ്ടോ..? ഇല്ല..

"ചില ഇല തൊട്ടാല്‍ ചൊറിയും, സൂക്ഷിക്കണം." ഗുരു പറഞ്ഞു. ഇതൊക്കെ എങ്ങനെ മനസിലാക്കും....? ശിഷ്യന്‍റെ സംശയം.

" ഉള്ളിലൊരു മൗനം വേണം. അപ്പോള്‍ ജ്ഞാനം നിറയും, പിന്നെ ഒക്കെ നിന്‍റെ ഉള്ളില്‍ത്തന്നെ വെളിപ്പെട്ടു കിട്ടും".

അങ്ങനെ ഒരുവിധേന കാടുകടന്ന്, പുറത്ത് വന്നു.

നടക്കുന്നതിനിടയില്‍ ഗുരു ചോദിച്ചു, " കാട്ടിലൂടെ നീ നെഞ്ചു വിരിച്ചാണോ നടന്നത്?" ശിഷ്യന്‍ അമ്പരന്നു, ഇതെന്തു ചോദ്യം.

"നീ അതിലേ വളഞ്ഞും പുളഞ്ഞും ഇതിലെ ചരിഞ്ഞും ചാഞ്ഞും  കുനിഞ്ഞും പതുങ്ങിയും ചാടിയും ഒക്കെ നടക്കുന്നതു ഞാന്‍ കണ്ടു.".

"അതു പിന്നെ, കാടല്യോ?" ശിഷ്യന്‍ പറഞ്ഞു.

"ഞാന്‍ വരുന്നുണ്ട്, വേണമെങ്കില്‍ മാറിക്കോ...  എന്ന് അവറ്റകളോടൊന്നും പറയാന്‍ തോന്നിയില്ലേ..." : ഗുരു ചോദിച്ചു

"അതു പിന്നെ, കാടല്ലേ..." ശിഷ്യന്‍ പിന്നെയും,

"അത്രയ്ക്കായെങ്കില്‍ ഞാനങ്ങു മരിക്കാന്‍ പോവാ, അങ്ങു കൊല്ല്" എന്നൊന്നും പറയാന്‍ തോന്നിയില്ലേ?....."

"കാടല്ലേ..." എന്നു ശിഷ്യന്‍ പിന്നെയും.

 മറ്റൊരുത്തരം തിരഞ്ഞിട്ട് കിട്ടുന്നില്ല...

"അതിനോടൊക്കെ പ്രതികാരം ചെയ്യാനും തോന്നിയില്ലേ?"

" ഹെന്ത്..!! പ്രതികാരമോ...അതു കാടല്ലേ ?" പിന്നെയും ഉത്തരം തഥൈവ.

അപ്പോള്‍ ഗുരു തിരിഞ്ഞു നിന്നിട്ട് പറഞ്ഞു. "അതെ, കാടാണ്. കാട്ടിലെങ്ങനെ പെരുമാറണമെന്ന് നിനക്കറിയാം. അതിന് പ്രത്യേക ദീക്ഷയൊന്നും വേണ്ടി വന്നില്ല".

"അതിന് നമ്മളതു കടന്നു പോരുകയായിരുന്നല്ലോ, അവിടെ താമസിക്കുകയല്ലല്ലോ".

അപ്പോള്‍ ഗുരു ശിഷ്യന്‍റെ കണ്ണുകളിലേക്ക് നോക്കി.

"പിന്നെ എവിടെയാണ് നീ സ്ഥിരം താമസിക്കാന്‍ പോകുന്നത്".

അപ്പോള്‍ ശിഷ്യന് ജ്ഞാനോദയം ! അതെ, അപ്പോള്‍ ഏതും ഒരു കടന്നുപോകലാണല്ലോ.... ഒരുതരം കാട്ടിലൂടെ... ശിഷ്യന്‍ വല്ലാതെയാകുന്നു. ഒട്ടും സുഖമല്ലാത്ത ഒരു മൗനം...

ശിഷ്യന്‍ പറഞ്ഞു. "ഗുരോ മാപ്പ് ."

ഗുരു യാത്ര തുടര്‍ന്നുകൊണ്ട് സ്നേഹപൂര്‍വ്വം പറഞ്ഞു:

"ഭൂമിയില്‍ ഒത്തിരി തരം ജന്തുജീവികള്‍ ഉണ്ട്, വിഷമുണ്ടായിരിക്കുകയും ബോധമില്ലാതിരിക്കുകയും ചെയ്യുന്നവ. അവയെ പേടിച്ചാരും അന്യഗ്രഹത്തിലേക്ക് പോയിട്ടില്ല. താമസിക്കുന്ന വീടിനു താഴെക്കൂടി ഒരു വിഷപ്പാമ്പ് പോയെന്നും പറഞ്ഞ് നമ്മള്‍ വീടുവിട്ടു പോകുമോ? മരിച്ചുപോയാലോ എന്നു പേടിച്ച് വീട്ടില്‍ത്തന്നെ ഇരിക്കാറില്ലല്ലോ, ഒരു ദിവസത്തെ ആയുസ്സിന്‍റെ ഗ്യാരന്‍റി പോലുമില്ലാത്ത ഈ ജീവിതം ധൈര്യമായെങ്ങനെ കൊണ്ടു നടക്കുമെന്ന ആശങ്ക കൊണ്ട് ഇതാരെങ്കിലും മടക്കിക്കൊടുക്കുമോ ? അതുകൊണ്ട്, ജീവിക്കുക എന്നത് ഒരു കടക്കലാണ്. കാടിനു കുറുകെയുള്ള ഒരു യാത്ര...ആഴമുള്ളൊരു മൗനം കൊണ്ട് സ്വയം ബലപ്പെട്ട്, ഇത്തിരി ചാഞ്ഞും ചരിഞ്ഞും, ശ്രദ്ധിച്ചും ഒക്കെ...ഒരു സൂക്ഷത്തോടെ വേണം യാത്ര... മനസ്സിലായോ..?

നിന്‍റെ ഹൃദയം ജാഗ്രതയോടെ കാക്കുക."

യാത്ര പൂര്‍ത്തിയായപ്പോള്‍ ശിഷ്യനോട് ഗുരു ചോദിച്ചു.

"എന്തുതോന്നുന്നു."

"മന്വന്തരങ്ങള്‍ കടന്നപോലെ കുഞ്ഞു-

മണ്‍ചെരാതിന്‍റെ വെളിച്ചവുമായ് ".

അപ്പോള്‍ ഗുരു പറഞ്ഞു:

" തോന്നലാണുണ്ണീ, കടന്നതേതോ ചില

 കഷ്ടകാണ്ഡത്തിന്‍ വരികള്‍ മാത്രം".

പിന്നെ ശിഷ്യന്‍ ഉള്ളില്‍ ഇങ്ങനെ നിനച്ചു...'വല്ലാത്തൊരു കാടു കടക്കുകയാണ്. കാട്ടുപോത്ത്, കടുവ, സിംഹം, കഴുതപ്പുലി, കാട്ടാന, കാണ്ടാമൃഗം, പാമ്പ്, തേള്, ആദിയായവയുള്ള സാദാ കാടല്ല, ആ കാടിനെയൊന്നും അത്ര പേടിക്കാനില്ല. ആ മൃഗങ്ങള്‍ക്കൊക്കെ അതതിന്‍റെ സ്വഭാവമേ ഉള്ളൂ. ഇത് നമ്മുടെ കാലത്തെ മനുഷ്യരുടെ കാട്. ഈ പറഞ്ഞ എല്ലാ ജീവികളുടെയും ആക്രമണസ്വഭാവങ്ങള്‍ മാത്രമല്ല, മറ്റു ചില പ്രത്യേക വിശേഷാല്‍ കഴിവുകള്‍ കൂടി ഉള്ളവരുടെ കാട്. കേട്ടിട്ടില്ലേ, കവി പറഞ്ഞത്....ڇڈ  

"ഏഷണിക്കാരനാം പാമ്പിന്‍ വിഷം വിഷമമെത്രയും,

  കടിക്കുമൊരുവന്‍ കാതില്‍, മരിക്കും മറ്റൊരാളുടന്‍.."

'പ്രശ്നങ്ങളെ  ഇല്ലാതാക്കിയിട്ട് ഒരു ജീവിതമുണ്ടാവില്ല. ഒക്കെ തിരിച്ചറിയാനുള്ള ഒരു വിവേകം..., വിവേചനബുദ്ധി..., പിന്നെ വരുന്നതിനെയൊക്കെ നേരിടാനുള്ള തയ്യാറെടുപ്പ്...., സ്വീകരിക്കാനുള്ള വിനയം..., വഴിമാറിപ്പോകാനുള്ള വിവേകം. മുന്നോട്ടുതന്നെ യാത്ര ചെയ്യണം. അങ്ങനെ ഒരു ദിവസം ഈ സാഗരത്തിനു മീതെ അവിടുന്ന് നടന്നു വരുമ്പോള്‍, അതിജീവിച്ചവരായി കാണപ്പെടുക, കാത്തിരിക്കുന്നവരായി കാണപ്പെടുക, വിവേകവും സുബോധവും ഉള്ളവരായി കാണപ്പെടുക. അതിനാണ് ഈ അതിജീവനത്തിന്‍റെ കല പഠിക്കുന്നത്.'

ശരിയായി ജീവിക്കുന്നൊരാള്‍ ഭൂമിയില്‍ നിന്ന് ആകാശത്തേക്ക് നടക്കുന്നു... സാധാരണക്കാര്‍ ഭൂമിയിലൂടെ നടക്കുന്നു... ഭൂമിയില്‍നിന്നുള്ള ബദല്‍ യാത്രകളാണ് സ്വര്‍ഗ്ഗത്തിനാവശ്യം........ 


Featured Posts

Recent Posts

bottom of page