
ഇരുണ്ട മുറിയിലെ ജാലക വാതില്‍ മലര്‍ക്കേ തുറന്നിട്ടതാരെന്ന ചോദ്യമായിരുന്നു അമ്മയുടേത്.
അമ്മയുടെ ചോദ്യത്തില്‍ എല്ലാം ഉണ്ടായിരുന്നു. ദേഷ്യവും സങ്കടവും മഴവില്ല് തീര്‍ത്തതുപോലെ അമ്മ നിന്നു.
അമ്മയ്ക്ക് ആതിയായിരുന്നു, മഴക്കാലത്തിനു മുന്‍പേ മെഴുകിയ തറ അത്രയും കുതിര്‍ന്നു പോകുമെന്ന ആതി.
അതു വല്ലാതെ ഭയപ്പെടുത്തുന്നത് ഞാന്‍ കണ്ടു.
കാരണം അത് മഴയാണ്... കലാവര്‍ഷ മഴ.
മാഷ് അതിനെ ക്ലാസ്സില്‍ നിര്‍വചിച്ചത് മണ്‍സൂണ്‍ എന്നായിരുന്നു.
പക്ഷെ അത് എനിക്ക് മഴക്കാലവും. ഓര്‍മ്മകള്‍ ഇന്നുമുണ്ട്.
ചെറുപ്പത്തിലെ മഴക്കാലത്തെ കുറിച്ച്. ചേമ്പിലയില്‍ ഓടികളിക്കുന്ന മഴത്തുള്ളിയും, മഴ വിരുന്നെത്തിയെന്ന് അമ്പലകുളത്തില്‍ നിന്ന് ഉറക്കെ പറയുന്ന പച്ചതവളയും, നിറഞ്ഞൊഴുകുന്ന തോടും അമ്പല കുളവും, വീട്ടിലെ മുറിയിലെ പൊട്ടിയ ഓടിന്‍റെ വിടവിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളവും, കരുതിവച്ച ചക്കക്കുരുവും തുടങ്ങി എണ്ണി തീ ര്ക്കാനാകാത്ത എന്‍റെ മഴ ഓര്‍മ്മകള്‍. മഴയത്തു നനഞ്ഞു കുളിച്ച പള്ളിക്കൂടം ഓര്‍മ്മകള്‍ അതിലും ഒത്തിരി.
കാലാവര്‍ഷം ഒരു കാത്തിരിപ്പാണ്. പുതിയ പുലരിയുടെ, പുതിയ മണ്ണിന്‍റെ, പുതിയ കൃഷിയുടെ പുതിയ തെളിനീരിന്‍റെ, പുതിയ കാലത്തിന്‍റെ ഒക്കെ കാത്തിരിപ്പുകളുടെ ഉത്തരമാണ് അത്.
പെയ്യുന്ന മഴയില്‍ മണ്ണ് കുതിരുമ്പോള്‍ കുളിരുന്നത് കര്‍ഷകന്‍റെ ഹൃദയവുമാണ്.
അമ്മ വീണ്ടും ചോദിച്ച 'ആരെന്ന' ചോദ്യത്തിന് ഉത്തരം നല്‍കിയത് ഞാനായിരുന്നു.
പതിയെ ജനലുകള്‍ അടച്ചു ഞാന്‍ ഉമ്മറത്തിറങ്ങി, പഴയ നോട്ട് ബുക്കിലെ അവസാന തളുകള്‍ വലിച്ചുകീറി വള്ളമുണ്ടാക്കി മുറ്റത്തെ കെട് ടി കിടന്ന വെള്ളത്തില്‍ ഇട്ടു. അപ്പോഴും നിര്‍ത്താതെ മഴ പെയ്യുന്നുണ്ടാരുന്നു...