top of page

മൂന്നാമന്‍ (The Third Man)

Jul 16, 2022

2 min read

ഫാ. ഷാജി CMI
 person looking through a hole

"കടിച്ചുതിന്നാത്ത കടാക്ഷം മനുഷ്യനു ചിറകുകള്‍ നല്കുന്നു."അപരന്‍ എന്‍റെ നരകമാണ് -The other is a hell  എന്ന് ആവര്‍ത്തിക്കുന്ന നാടകമാണ് സാര്‍ത്രിന്‍റെ No Exit. ഒരു മുറിയില്‍ അകപ്പെട്ട മൂന്നുപേരുടെ സംഭാഷണങ്ങളിലൂടെയും ആത്മഗതങ്ങളിലൂടെയും 'പുറത്തേയ്ക്ക് വഴിയില്ല' എന്ന നാടകം വികസിക്കുന്നു.

"നാം ഇപ്പോള്‍, ഇവിടെ, ഈ മുറിയിലാണ്. ഇനി ഇവിടേക്ക് ആരും വരികയില്ല. നമ്മള്‍ മൂന്നുപേര്‍ മാത്രം ഇവിടെ ചിരകാലം വസിക്കും. പക്ഷേ ഒരാളുടെ കുറവുണ്ട്, ഒരു ഔദ്യോഗിക പീഡകന്‍റെ." നാടകത്തിന്‍റെ നാന്ദിയാണിത്. ഈ സമയം തന്‍റെ ഹാന്‍ഡ്ബാഗില്‍ പരതിയ സ്ത്രീ, താന്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച മുഖകണ്ണാടി ആരോ അടിച്ചുമാറ്റിയിരിക്കുന്നു എന്നു കണ്ട് അസ്വസ്ഥതയോടെ പറഞ്ഞു: "ഒരു കണ്ണാടിയില്ലാതെ എനിക്ക് അധിക കാലം ജീവിക്കാന്‍ കഴിയില്ല."

അവളുടെ തൊട്ടടുത്തിരുന്നവന്‍ അവളോട് പറഞ്ഞു: "ഞാന്‍ നിന്‍റെ കണ്ണാടിയായാലോ?"അവള്‍ക്കു സന്തോഷമായി. തന്‍റെ സങ്കടത്തിന് ഒരു പരിഹാരമായി. അയാളുടെ കണ്ണില്‍ അവള്‍ അവളുടെ പ്രതിബിംബം കണ്ടു. ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട എന്ന മലയാള പഴമൊഴി സാര്‍ത്ഥകമായ അനുഭവം. എന്നാല്‍ അടുത്ത ക്ഷണത്തില്‍ അവള്‍ അസ്വസ്ഥയായി. അവളുടെ ആഹ്ലാദം ആശങ്കയായി. അവള്‍ ചിന്തിച്ചു: "അയാളുടെ കണ്ണിന്‍റെ താത്പര്യം തനിക്ക് അനുകൂലമാകുമോ?"

"എനിക്കു നിന്നെ ഇഷ്ടമാണ്" പുരുഷന്‍ സ്ത്രീയോടു പറഞ്ഞു. എന്നാല്‍ സ്ത്രീ കൂടുതല്‍  ആകുലപ്പെട്ട് പുരുഷനോടു പറഞ്ഞു: "എനിക്കത്ര ഉറപ്പില്ല. നീ എന്നെ പേടിപ്പെടുത്തുന്നു. കണ്ണാടിയിലെ പ്രതിബിംബങ്ങള്‍ അങ്ങനെ പേടിപ്പെടുത്തുന്നില്ല."

പുരുഷന്‍ ചോദിച്ചു, "കണ്ണാടി നുണപറയാന്‍ തുടങ്ങിയാലോ? അല്ലെങ്കില്‍ ഞാന്‍ കണ്ണുകളടച്ചിരുന്നാലോ? നിന്നെ നോക്കാന്‍ വിസമ്മതിച്ചാലോ? അപ്പോള്‍ നിന്‍റെ സൗന്ദര്യംകൊണ്ട് ആര്‍ക്ക് ഉപകാരം?"

സ്ത്രീ പറഞ്ഞു, "നിന്‍റെ പ്രേമപൂര്‍വ്വമായ നോട്ടത്തില്‍ നമുക്കു പരസ്പരം ധാരണയിലെത്താം."

അങ്ങനെ അവര്‍ പരസ്പരം മിഴികളില്‍ നോക്കി എല്ലാം മറന്നിരിക്കുമ്പോള്‍ അവരുടെ പ്രേമപൂര്‍വ്വമായ കടാക്ഷത്തിലേക്ക് ഒരു വില്ലന്‍ കടന്നുവന്നു. അവരുടെ പ്രണയാര്‍ദ്രമായ നോട്ടങ്ങള്‍ മൂന്നാമതൊരാളുടെ നോട്ടത്തിനു വിഷയമായി. അത് അവര്‍ക്ക് അരോചകമായി. അവര്‍ അസ്വസ്ഥരായി. തങ്ങള്‍ മറ്റൊരാളാല്‍ സദാ നിരീക്ഷിക്കപ്പെടുന്നു എന്നത് തെല്ല് അലോസരപ്പെടുത്തുന്ന ചിന്തയായി. അങ്ങനെ അപരന്‍ നരകമായി. ഈ പീഡനപര്‍വ്വത്തെ മറികടക്കാന്‍ ഒരു ഒറ്റമൂലി അതിലെ പുരുഷകഥാപാത്രം നിര്‍ദ്ദേശിക്കുന്നു; അപരന്‍റെ നോട്ടം ഓരോരുത്തരും മറക്കാന്‍ ശ്രമിക്കുക.

എത്ര മറന്നാലും 'നോക്കപ്പെടുന്നു' എന്നുള്ള ബോധത്തിന്‍റെ പീഡയകറ്റാന്‍ പറ്റില്ല. മൂന്നാമത്തവന്‍റെ നോട്ടത്തില്‍ ഞാന്‍ വിധിക്കപ്പെടുന്നു, വധിക്കപ്പെടുന്നു, വശീകരിക്കപ്പെടുന്നു, കൊച്ചാക്കപ്പെടുന്നു, തള്ളപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു. അപരനുള്ളിടത്തോളം കാലം അപരന്‍റെ നോട്ടത്തില്‍നിന്ന് ഒഴിഞ്ഞുമാറാനോ, ഓടിയൊളിക്കാനോ എനിക്കു കഴിയില്ല. എന്‍റെ ജീവിതം അപരന്‍റെ നോട്ടത്തില്‍ നിര്‍വ്വചിക്കപ്പെടുന്നു. അപരനാല്‍ നോക്കപ്പെടുന്ന ഞാനും എന്‍റെ നോട്ടംകൊണ്ട് അപരനെ നിര്‍വ്വചിക്കുന്നു എന്നുള്ളതാണ് ഇവിടെ വൈരുദ്ധ്യാത്മകമായ അവസ്ഥ സംജാതമാകുന്ന കാര്യം. എന്നിലെ അഹവും അമര്‍ത്യതയുമാണ് എന്‍റെ രണ്ട് അക്ഷികള്‍. മുണ്ടകോപനിഷത്തും(3:1) ശ്വേതാശരോപനിഷത്തും(4:1) പറയുന്ന  കഥ ഇങ്ങനെ: സ്വര്‍ണ്ണത്തൂവലുകളുള്ള രണ്ടു പക്ഷികള്‍. അവര്‍ ഇണപിരിയാത്ത കൂട്ടുകാര്‍.  അവ പറന്നുവന്ന് നിറയെ പഴങ്ങളുള്ള ഒരു മരത്തിലിരിക്കുന്നു. അതിലൊരു കിളി അതിന്‍റെ പച്ചയും പഴുത്തതുമായ ഫലങ്ങള്‍ മാറിമാറി ഭുജിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു കിളി ഒന്നും തിന്നാതെ ശാന്തമായി നിരീക്ഷിക്കുന്നു.

അഹത്തിന്‍റെ ആര്‍ത്തി എല്ലാം തിന്നുതീര്‍ക്കാന്‍ വായ് പിളര്‍ക്കുമ്പോള്‍, ആത്മാവ് വായടച്ച് എല്ലാം നോക്കി ആസ്വദിക്കുന്നു.

"ആ വൃക്ഷത്തിന്‍റെ ഫലം ആസ്വാദ്യവും കണ്ണിനു കൗതുകകരവും ആണെന്നു കണ്ട് അവര്‍ അതു പറിച്ചുതിന്നുന്നു(ഉത്പത്തി 3:6). കണ്ണിനു കൗതുകകരമായതൊക്കെ പറിച്ചുതിന്നുന്ന ആര്‍ത്തിയുടെ ആദ്യപിഴ, കടാക്ഷിച്ചു കടന്നുപോകാന്‍ കഴിയാത്ത ആസക്തിയുടെ വീഴ്ച. ഒരു പാതിയില്‍ പൂക്കളൊക്കെ പറിച്ച് തലയില്‍ ചൂടാനുള്ള മോഹം. മറുപാതിയില്‍ അവ എല്ലാവരുടെയും സൗന്ദര്യാസ്വാദനത്തിനായി ബാക്കിവിടുന്ന അനാസക്തിയുടെ വളര്‍ച്ചയെത്തിയ അക്ഷികള്‍.

"കടിച്ചുതിന്നാത്ത കടാക്ഷം മനുഷ്യനു ചിറകുകള്‍ നല്കുന്നു."  


Featured Posts

bottom of page