top of page

സമാധാനം പൂവിട്ട താഴ് വരയിൽ

Oct 3, 1994

3 min read

ജോസ് എടാട്ടുകാരൻ കപ്പൂച്ചിൻ

St. Francis of Assisi and Friars
St. Francis of Assisi and Friars

പോർസ്യുങ്കുല ദേവാലയത്തിൻറെ കൽഭിത്തിയിൽ ചാരി ഫ്രാൻസിസ് ഇരുന്നു. പുറത്ത് ഇരുട്ടിന് കനംവെച്ചുവരുന്നു. അങ്ങ് ദൂരെ അസ്സീസി പട്ടണത്തിൽ നിന്ന് വല്ലാത്ത ആരവം. യുദ്ധത്തിനുള്ള പുറപ്പാടാണ്. പ്രഭാതത്തിൽ ദിവ്യബലിയുടെ സമയത്താണ് ഫ്രാൻസിസും അതറിഞ്ഞത്. പരിശുദ്ധ സിംഹാസനത്തിൽനിന്ന് ആഹ്വാനം വന്നിരിക്കുന്നു. "തുർക്കികളുടെ കൈയിൽനിന്നും വിശുദ്ധസ്ഥലങ്ങൾ പിടിച്ചെടുക്കണം. ഈ പ്രാവശ്യം ശത്രുക്കളെ നിഗ്രഹിക്കാതെ മടങ്ങുന്ന പ്രശ്നമില്ല. അതുകൊണ്ട് എല്ലാ യുവാക്കളും കുരിശുയുദ്ധത്തിന് തയ്യാറാകുന്ന മറ്റ് പടയാളികളോട് ചേരണം." പറഞ്ഞുനിറുത്തുമ്പോൾ വൃദ്ധനായ പുരോഹിതൻ ആവേശത്താൽ വിറച്ചു. ദിവ്യപൂജ കഴിഞ്ഞപ്പോൾ, ആക്രോശിച്ചു കൊണ്ടാണ് പലരും പുറത്തിറങ്ങിയത്. "ഒന്നിനെയും വെറുതെ വിടരുത്... ചുട്ടുകൊല്ലണം എല്ലാറ്റിനെയും" കൈയിലിരുന്ന വാളൂരി ഒരു യുവാവ് ആഞ്ഞുവീശി. എല്ലാവരുടെയും മുഖത്ത് വന്യമായൊരാവേശം. നാളുകളായി മനസ്സിൽ എവിടെയോ ഒളിഞ്ഞുകിടന്ന വിദ്വേഷവും, അമർഷവും അണപൊട്ടി ഒഴുകുന്നതുപോലെ...

പട്ടണത്തിലെ ആരവത്തിന് ശക്തികൂടി വരുന്നു. അഗ്നിയിൽ പഴുപ്പിച്ച് വാളുകൾ മൂർച്ചകൂട്ടുന്നതിൻറെ ചിലമ്പുന്ന സ്വരം. കുതിരകൾ പ്രതിഷേധിച്ച് ഉച്ചത്തിൽ കരയുന്ന കാതുതുളപ്പൻ ശബ്ദം.

എന്തുചെയ്യണം. ഒന്നും വ്യക്തമാകുന്നില്ല... വല്ലാത്തൊരസ്വസ്ഥത... ഫ്രാൻസിസ് സാവധാനം എഴുന്നേറ്റു. മാതാവിൻറെ തിരുസ്വരൂപചിത്രത്തിനു മുമ്പിലെ വിളക്ക് മങ്ങി കത്തുന്നു. ഭിക്ഷയാചിച്ച് കിട്ടിയ എണ്ണയിൽ അല്പം ബാക്കിയുണ്ട്. വിളക്കിലേക്ക് എണ്ണ പകർന്നു. ജ്വലിച്ചുകത്തുന്ന തിരിനാളത്തിനുമുമ്പിൽ ഫ്രാൻസിസ് നിന്നു. തുകൽ പൊതിഞ്ഞ പഴകിയ വിശുദ്ധഗ്രന്ഥം കൈയിലെടുത്തു. ഏശയ്യാ പ്രവാചകൻറെ പുസ്തകം അധ്യായം 2. വാക്യം 4. "അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും, കുന്തങ്ങളെ കൊയ്ത്തരിവാളായും അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ വാളുയർത്തുകയില്ല. അവർ ഇനിമേൽ യുദ്ധപരിശീലനം നടത്തുകയില്ല."

വി. ഗ്രന്ഥം അടച്ച് സ്വസ്ഥാനത്ത് വെക്കുമ്പോൾ ഫ്രാൻസീസിൻറെ ചുണ്ടുകൾ വല്ലാത്തൊരാവേശത്തോടെ ഉരുവിട്ടു ... കർത്താവേ എന്നെ അങ്ങയുടെ സമാധാനത്തിൻറെ ദൂതനാക്കണമേ...

വിദ്വേഷമുള്ളിടത്ത് സ്നേഹവും; ദ്രോഹമുള്ളിടത്ത് ക്ഷമയും...

* * * *

ഒരിക്കൽ സഹസന്ന്യാസികൾക്കുള്ള അനുശാസനങ്ങളിൽ ഫ്രാൻസിസ് ഇപ്രകാരം കുറിച്ചിട്ടു. "ഈ ലോകജീവിതത്തിൽ എന്തെല്ലാം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നാലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി മനസ്സിലും, ശരീരത്തിലും ശാന്തി നിലനിറുത്തുന്നവരാണ് യഥാർഥത്തിൽ സമാധാനം സ്ഥാപിക്കുന്നവർ."

* * * *

ജ്വലിച്ചു നിൽക്കുന്ന സൂര്യൻ. ഒരു തണൽ വൃക്ഷത്തിൻറെ അരികുചേർന്ന് ഫ്രാൻസിസ് നിന്നു. വല്ലാത്ത ദാഹം. ഭിക്ഷയാചിച്ചു കിട്ടിയ ഒരു റൊട്ടിയും അല്പം വെള്ളവും ബാക്കിയുണ്ട്. വെള്ളമെടുത്ത് ഒറ്റവലിക്ക് കുടിച്ചുതീർത്തു. റൊട്ടിയിൽനിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് വിരലുകൾകൊണ്ട് ചെറുതുണ്ടുകളാക്കി. ആദ്യമായിട്ടാണ് ഇത്ര കൊടിയ ചൂട് അനുഭവിക്കുന്നത്. ചുറ്റും നരച്ച് ഉണങ്ങിയ മണൽപാടങ്ങൾ. അസ്സീസിയിലെ അൽവേർണ മലമുകളിൽ ചെലവഴിച്ച ദിനങ്ങളെക്കുറിച്ച് ഫ്രാൻസിസ് ഓർത്തു. മലനിരകളും, പച്ചപിടിച്ച കാടുകളും... അവിടെ പ്രാർത്ഥനയിൽ ചെലവിട്ട നാളുകൾ... പക്ഷികളും, പുഴകളും, കാട്ടുമരങ്ങളും... പ്രകൃതിയുമായി ഒന്നായ ദിവസങ്ങൾ. ഈ നാട് തികച്ചും വ്യത്യസ്തമാണ്. കണ്ണെത്താത്ത ദൂരത്തോളം തരിശുപിടിച്ചു മരിച്ച ഭൂമി. മുഹമ്മദ്നബിയെ ദൈവത്തിൻറെ അവസാന പ്രവാചകനായി കാണുന്ന മനുഷ്യരുടെ ലോകം.

ഇവിടെ എത്തിയിട്ട് നാളുകൾ ഏറെ കഴിഞ്ഞിരിക്കുന്നു. കുരിശുയുദ്ധത്തിന് പുറപ്പെട്ട പടയാളികളോടൊപ്പം കരയിലൂടെയും, കടലിലൂടെയും അനേക ദിവസത്തെ യാത്ര. അവരോടൊപ്പം താത്കാലിക കൂടാരങ്ങളിൽ ചെലവഴിച്ച ദിവസങ്ങൾ. യുദ്ധത്തെക്കുറിച്ചോർത്തപ്പോൾ ഫ്രാൻസിസിൻറെ മുഖം വിഷാദം കൊണ്ട് കനത്തു. എത്ര ക്രൂരമായാണ് പടയാളികൾ ഇവിടെയുള്ള മനുഷ്യരോട് പെരുമാറിയത്. സ്ത്രീകളെ, കുഞ്ഞുങ്ങളെപോലും അവർ വാൾത്തലയിൽനിന്ന് ഒഴിവാക്കിയില്ലല്ലോ.

മധ്യാഹ്നമായി കാണണം. ഗ്രാമത്തിലെ മുസ്ലീം ദേവാലയത്തിൽനിന്ന് ബാങ്കു വിളിയുയർന്നു. ഒപ്പം അല്ലാഹുവിലുള്ള വിശ്വാസം ഏറ്റുപറയുന്നതിൻറെ ഭക്തിനിറഞ്ഞ പ്രാർത്ഥനകളും. ക്രൂശിതനായ യേശുവിൻറെ ചിത്രം ഫ്രാൻസിസിൻറെ മനസ്സിൽ തെളിഞ്ഞു. ചുട്ടുപഴുത്ത മണലിൽ മുട്ടുകൾ അമർത്തി ഫ്രാൻസിസ് മന്ത്രിച്ചു. "കർത്താവേ..."

സുൽത്താനുമായി കണ്ടുമുട്ടിയ നിമിഷങ്ങൾ. ദൈവത്തിൻറെ ആത്മാവാണ് ആ സമയത്ത് തൻറെ നാവിലൂടെയും, ശരീരത്തിലൂടെയും ഒഴുകിയത്. ഫ്രാൻസിസ് ഓർക്കാൻ ശ്രമിച്ചു. മൂന്ന് പടയാളികളാണ് അലഞ്ഞുനടന്ന തന്നെ ബന്ധിച്ച് കൊട്ടാരത്തിൽ എത്തിച്ചത്. മുമ്പിൽ കുരിശാകൃതിയിൽ ചിത്രപ്പണി ചെയ്തൊരു പരവതാനി. സുൽത്താൻറെ സമീപത്ത് ചെല്ലണമെങ്കിൽ ആ കുരിശുരൂപത്തിൽ ചവിട്ടിവേണം മുന്നോട്ട് നീങ്ങാൻ. തന്നെ പരീക്ഷിക്കാൻ വേണ്ടി ബോധപൂർവ്വം സുൽത്താൻ ഒരുക്കിയ കെണി. ഫ്രാൻസിസ് വചനത്തിനായി കാതോർത്തു. "കർത്താവേ... എന്നെ അങ്ങയുടെ സമാധാനത്തിൻറെ ദൂതനാക്കണമേ..." ആ കുരിശുരൂപത്തിൽ ചുവടുകൾ ഉറപ്പിച്ച് ഫ്രാൻസിസ് സുൽത്താൻറെ സമീപത്തേക്ക് നടന്നു നീങ്ങി.

'നീ'... സുൽത്താൻറെ ശബ്ദം ഉയർന്നു. "യേശുവിൻറെ സ്നേഹഗായകൻ. ദൈവസ്നേഹത്തെക്കുറിച്ച് അങ്ങയുടെ പ്രജകളോട് സംസാരിക്കാൻ അനുവാദം തരണം."

"കുരിശുരൂപത്തെ ചവിട്ടി മലിനമാക്കിയ നിനക്ക് ക്രൂശിതനുമായി എന്തു ബന്ധം?"

യേശുവിനെ കൂടാതെ അനേകംപേർ മരക്കുരിശിൽ കൊല്ലപ്പെട്ടിട്ടുണ്ട് അവയിൽ ഒന്നിൽ ചവിട്ടിയാണ് ഞാൻ അങ്ങയെ സമീപിച്ചത്."

സുൽത്താൻറെ കണ്ണുകളിലെ ക്രോധം അത്ഭുതത്തിന് വഴിമാറി.

ദൈവസ്നേഹത്തെക്കുറിച്ചും, അവൻറെ വചനം ഭൂമിയിലേക്ക് ചൊരിഞ്ഞ സമാധാനത്തെക്കുറിച്ചും ഫ്രാൻസിസ് പാടി. ഗാനം നൃത്തമായി. ചുവടുകൾവച്ച് എല്ലാം മറന്ന് വിശുദ്ധൻ നൃത്തംചെയ്തു.

"അനുവാദം തന്നിരിക്കുന്നു... ഈശ്വര സ്നേഹത്തെക്കുറിച്ച് ആടുകയോ... പാടുകയോ ചെയ്തു കൊള്ളുക... പക്ഷേ ഇത് നിനക്ക് മാത്രമുള്ള നമ്മുടെ പ്രത്യേക അനുവാദമാണ്." സുൽത്താൻറെ ശബ്ദത്തിൽ കാരുണ്യത്തിൻറെ നനവ്.

* * * *

ദൈവം കാണുന്നതുപോലെ ലോകത്തെ കാണുന്നവരുടെ മുമ്പിൽ അവശേഷിക്കുന്നത് സമാധാനത്തിൻറെ പാത മാത്രമാണ്. സമ്പത്തിൻറെയും കുലീനതയുടെയും, മതത്തിൻറെയും പേരിൽ പരസ്പരം മുറിപ്പെടുത്തുന്നൊരു കാലഘട്ടത്തിൽ ജനിച്ച ഫ്രാൻസിസ് കുറഞ്ഞകാലംകൊണ്ട് ഈ സത്യം അറിഞ്ഞു. "സമാധാനം സ്ഥാപിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ, എന്തെന്നാൽ അവർ ദൈവപുത്രന്മാർ എന്നു വിളിക്കപ്പെടും." പിന്നീടുള്ള ജീവിതത്തിൽ വിശുദ്ധന് വെളിച്ചം പകർന്നത് ഈ ഉൾക്കാഴ്ചയായിരുന്നു. സമാധാനം എന്ന് ആർത്തുപാടികൊണ്ട്, സമൂഹം സൃഷ്ടിച്ച മുറിവുകളിൽ സൗഖ്യത്തിൻറെ തൈലം ചൊരിഞ്ഞുകൊണ്ട് അസ്സീസിയിലെ ഫ്രാൻസിസ് കടന്നുപോയി.

* * * *

ഫ്രാൻസിസിൻറെ ആദ്യകാലസുഹൃത്തായിരുന്ന ലിയോ, വിശുദ്ധൻറെ വാക്കുകൾ ശ്രദ്ധിച്ചു. നേർത്ത ശബ്ദത്തിൽ ഫ്രാൻസിസ് പറയാൻ തുടങ്ങി. "എൻറെ ദൈവമേ... എല്ലാ സൃഷ്ടജാലങ്ങളാലും, പ്രത്യേകിച്ച് സൂര്യ സഹോദരനാലും അങ്ങ് സ്തുതിക്കപ്പെടട്ടെ." ഫ്രാൻസിസ് പറഞ്ഞുകൊണ്ടിരുന്നു. ആ വാക്കുകൾ കുറിച്ചെടുക്കുമ്പോൾ ലിയോ സ്വയം പറഞ്ഞു. 'എന്തൊരത്ഭുതമനുഷ്യൻ...' കാഴ്ച പകുതിയും നഷ്ടമായി ഫ്രാൻസിസ് വേദന അനുഭവിച്ചു കൊണ്ടിരുന്ന നാളുകളായിരുന്നു അത്. സൂര്യപ്രകാശം പതിച്ചാൽ കഠിനമായ വേദനയുളവാകുന്നൊരു രോഗമാണ് ഫ്രാൻസിസിനെ ബാധിച്ചിരുന്നത്. എന്നിട്ടും എല്ലാം മറന്ന് സൂര്യസഹോദരനെ സൃഷ്ടിച്ചതോർത്ത് ഫ്രാൻസിസ് ദൈവത്തിന് കീർത്തനം രചിച്ചു.

നിർവചനങ്ങൾക്ക് അതീതമായ മനസ്സിൻറെ ഭാവമാണ് സമാധാനം. സ്നേഹിക്കപ്പെട്ട മനസ്സിൽ ഉണരുന്ന ശാന്തിയുടെ നിറവ്. അതുകൊണ്ടായിരിക്കണം സമാധാനത്തെക്കുറിച്ച് വാക്കുകൾകൊണ്ടൊരു വിശദീകരണത്തിന് ഫ്രാൻസിസ് മുതിരാതിരുന്നത്. എങ്കിലും ജീവിതംകൊണ്ട് ഫ്രാൻസിസ് സമാധാനമായി മാറി... സമാധാനം ഫ്രാൻസിസും.

Featured Posts

Recent Posts

bottom of page